കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പാർലമെന്റംഗത്വം റദ്ദാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധം പങ്കുവെക്കുന്ന അപൂർവ സന്ദർഭത്തിൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി മത്സരിക്കാനുള്ള ആവേശവും താൽപര്യവും പലേടത്തുനിന്നായി ഉയരുന്നുണ്ട്. ബി.ജെ.പിയെയും കോൺഗ്രസിനെയും സമദൂരത്തിൽ നിർത്തി ഒറ്റക്ക് മത്സരിക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച തൃണമൂൽ സുപ്രീമോ മമത ബാനർജി കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ജനാധിപത്യ ധ്വംസനമായി രാഹുലിനെതിരായ നടപടിയെ അപലപിച്ചതും പാർലമെന്റിലെ പ്രതിഷേധത്തിൽ തൃണമൂൽ എം.പിമാർ പങ്കുചേർന്നതും പുതിയ വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു.
സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രതിഷേധത്തോട് മുഖംതിരിഞ്ഞുനിന്നില്ല. ഏറ്റവും ഒടുവിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മൗനം ഭഞ്ജിച്ചു, രാഹുൽ വിരുദ്ധ നടപടിയെ അപലപിച്ചു. തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് മേധാവിയുമായ ചന്ദ്രശേഖര റാവുവുമുണ്ട് പ്രതിഷേധക്കാരിൽ. ഡി.എം.കെയും എൻ.സി.പിയും ശിവസേന ബാൽതാക്കറെ വിഭാഗവും മുസ്‍ലിംലീഗും നേരത്തേതന്നെ കോൺഗ്രസിനൊപ്പമാണ്; രാഹുലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുമാണ്. അപ്രകാരം 17 പ്രതിപക്ഷ പാർട്ടികളുടെ സ്ഥിരമോ താൽക്കാലികമോ ആയ പിന്തുണ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട രാഹുൽഗാന്ധിക്ക് ലഭിച്ചതോടെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് ഹിന്ദുത്വശക്തികൾ ആശങ്കിക്കേണ്ട സാഹചര്യമാണ് പൊടുന്നനെ സംജാതമായിരിക്കുന്നത്.
ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ കക്ഷികളുമായി പാർലമെന്റിനകത്തും പുറത്തും സഹകരണം വ്യാപിപ്പിക്കാൻ കോൺഗ്രസ് നീക്കങ്ങൾ ആരംഭിച്ചിരിക്കെ, പ്രതിപക്ഷ ഐക്യത്തിനായി എന്തു വിട്ടുവീഴ്ചക്കും തയാറാണെന്ന് രാഹുൽഗാന്ധിയും വ്യക്തമാക്കിയിരിക്കുന്നു. പ്രധാനമന്ത്രിപദത്തിൽ കോൺഗ്രസ് അവകാശവാദമുന്നയിക്കുകയില്ലെന്ന് നേരത്തേതന്നെ അദ്ദേഹം അറിയിച്ചിരുന്നതാണ്. പ്രധാനമന്ത്രിപദം സ്വപ്നംകാണുന്ന വിവിധ പ്രാദേശിക കക്ഷി നേതാക്കൾക്ക് കോൺഗ്രസുമായി സഖ്യം ചേരാനോ ധാരണയിലേർപ്പെടാനോ ഉള്ള ഒരു പ്രധാന തടസ്സമാണ് ഇതുമൂലം ഇല്ലാതായത്.
കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ അതിസാഹസികമായ ഭാരത് ജോഡോ യാത്ര രാഹുലിന് സമ്പാദിച്ചുകൊടുത്ത പിന്തുണ നരേന്ദ്ര മോദി-അമിത് ഷാ ടീമിനെ വല്ലാതെ വെകിളി പിടിപ്പിച്ചിട്ടുണ്ടെന്ന് ധരിക്കാൻ വഴിയൊരുക്കുന്നതാണ് തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ. ചില അഭിപ്രായ സർവേ റിപ്പോർട്ടുകൾ ആസന്നമായ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയസാധ്യത ശരിവെക്കാത്തതും അങ്കലാപ്പിന് കാരണമാണ്. ദിനേനയെന്നോണം ബി.ജെ.പി പ്രമുഖർ കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറുന്നതും പാർട്ടിയെ അലോസരപ്പെടുത്തുന്നു. പാർലമെന്റിനെ നിരന്തരം സ്തംഭിപ്പിച്ചുകൊണ്ടിരിക്കുന്ന മോദി-അദാനി കൂട്ടുകെട്ടിന്റെ ദുരൂഹ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷ പ്രതിഷേധം പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നുമുണ്ട്. ഇതെല്ലാം പ്രയോജനപ്പെടുത്തി ഒറ്റക്കെട്ടായി ഇലക്ഷനെ നേരിടാൻ പ്രതിപക്ഷം തയാറായാൽ രാജ്യത്ത് ജനാധിപത്യത്തെ ആവരണം ചെയ്തിരിക്കുന്ന കാളരാത്രിക്ക് അവസാനമുണ്ടാവുമെന്ന പ്രതീക്ഷ ചിലരെയെങ്കിലും ഉത്തേജിപ്പിച്ചേക്കാം.
പക്ഷേ, കടമ്പകൾ നിസ്സാരമല്ല. രാഹുലിന്റെ നേരെയുള്ള പ്രതികാര നടപടികളെ തുറന്നപലപിച്ച സി.പി.എം അതിൽനിന്ന് പിറകോട്ട് പോവാതെതന്നെ ദേശീയതലത്തിൽ കോൺഗ്രസിനോടൊപ്പം നിൽക്കാൻ തയാറല്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും സംസ്ഥാനതലത്തിലുള്ള ധാരണകളാണ് രൂപപ്പെടുകയെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി വ്യക്തമാക്കിക്കഴിഞ്ഞു. അത് സ്വാഭാവികവുമാണ്. ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫാണ് എൽ.ഡി.എഫിന്റെ മുഖ്യ പ്രതിയോഗി. ഇവിടെ ബി.ജെ.പിയെ രണ്ടു മുന്നണികളും മുഖ്യശത്രുവായി കാണുന്നില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 19ഉം നേടിയ കോൺഗ്രസ് മുന്നണിക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിടാതെ സി.പി.എമ്മിന് നഷ്ടമായ സീറ്റുകൾ തിരിച്ചുപിടിക്കാനാവില്ല.
മുഖ്യപ്രതിയോഗിയും സംസ്ഥാനത്തെ ഭരണകക്ഷിയുമായ സി.പി.എമ്മിനോട് മൃദുസമീപനം സ്വീകരിക്കുക നഷ്ടക്കച്ചവടമായി കോൺഗ്രസ് കരുതുന്നു. മറ്റിടങ്ങളിൽ ഇരുകൂട്ടർക്കും ധാരണക്ക് പറയത്തക്ക തടസ്സങ്ങളില്ലെങ്കിലും കാര്യമായ വോട്ട് ലാഭമൊന്നും പ്രതീക്ഷിക്കാൻ വയ്യ. പശ്ചിമബംഗാളിലെ കോൺഗ്രസ്-എൽ.ഡി.എഫ് കൂട്ടുകെട്ട് മതേതര പാർട്ടി തന്നെയായ തൃണമൂലിനെതിരെയാണ്. അതിനാലാണ് മമത ബാനർജി കോൺഗ്രസുമായി കൂട്ടുചേരാനാവില്ല എന്ന് പ്രഖ്യാപിച്ചതും. യു.പിയിൽ അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിയെ പിന്നാക്ക സമുദായമായ യാദവരും മുസ്‍ലിംകളുമാണ് മുഖ്യമായും പിന്തുണക്കുന്നത്. സവർണരുടെ പിന്തുണ കൂടുതലായി പ്രതീക്ഷിക്കുന്ന കോൺഗ്രസിന് അവരെ എഴുതിത്തള്ളി പിന്നാക്ക വിഭാഗങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും വോട്ട്ബാങ്ക് രാഷ്ട്രീയം തടസ്സമാണ്. ഇമ്മാതിരി വൈരുധ്യങ്ങൾ പരമാവധി മൂർച്ഛിപ്പിച്ച് പ്രതിപക്ഷ വോട്ടുകൾ ശിഥിലമാക്കുന്നതിലാണ് ബി.ജെ.പിയുടെ കുതന്ത്രശാലികൾ എപ്പോഴും വിജയിക്കാറ്. പ്രതിപക്ഷ പാർട്ടികൾക്കിതൊന്നും മനസ്സിലാവില്ല എന്നു കരുതാൻ വയ്യ.
തീർച്ചയായും എല്ലാം അറിഞ്ഞുകൊണ്ടുതന്നെ രാജ്യം മൊത്തം നേരിടുന്ന മഹാവിപത്തിനെ ചെറുക്കാനും തോൽപിക്കാനും പരമാവധി വിട്ടുവീഴ്ചകൾ ചെയ്യണമെന്ന ആഗ്രഹമാണ് ചിലർക്കെങ്കിലുമുള്ളത്. രാഹുൽഗാന്ധി അക്കൂട്ടത്തിൽ ഉൾപ്പെടുന്നു എന്ന് ധരിക്കാനാണ് ന്യായം. ഹിന്ദുത്വപക്ഷം ജയിക്കാനിടയുള്ള ഓരോ മണ്ഡലത്തിലും അവരെ തോൽപിക്കാൻ പ്രാപ്തനായ ഒരു മതേതര സ്ഥാനാർഥി എന്ന ഫോർമുല എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാൻ സാധിച്ചാലേ ഈ വിഷമവൃത്തത്തിൽനിന്ന് പുറത്തുകടക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ. അദാനി പ്രഭൃതികളുടെ അപാര സ്രോതസ്സുകൾ സർവസ്വം തുറക്കാൻ പോവുന്ന തെരഞ്ഞെടുപ്പായിരിക്കും 2024ലേത് എന്നും മറന്നിട്ട് കാര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.