വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഭൂരിപക്ഷ സമുദായമായ മെയ്തേയി വിഭാഗക്കാരും നാഗ, കുക്കി ഗോത്രവർഗക്കാരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രണവിധേയമായി എന്നുപറയാമെങ്കിലും മേഖലയിൽ ഭീതിയൊഴിഞ്ഞിട്ടില്ലെന്നുതന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡസനിലധികം പേർ കൊല്ലപ്പെടുകയും പതിനായിരത്തോളം ആളുകളെ പലായനത്തിന് നിർബന്ധിതരാക്കുകയും ചെയ്ത സംഘർഷം നിയന്ത്രിക്കാൻ അധികാരികൾക്ക് കടുംപ്രയോഗങ്ങൾതന്നെ വേണ്ടിവന്നു. അത്യാവശ്യ ഘട്ടങ്ങളിൽ അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻപോലും ഗവർണർ ഉത്തരവിടുന്നതിലേക്കുവരെ കാര്യങ്ങളെത്തി. സൈന്യത്തെ വിന്യസിക്കുന്നതിനൊപ്പം, സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും റദ്ദാക്കി. എന്നിട്ടും, സമാധാനം പുനഃസ്ഥാപിച്ചു എന്നു തീർത്തുപറയാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല; അസ്വസ്ഥതയുടെ പുകച്ചുരുൾ താഴ്വരയിലെങ്ങും നീറിപ്പുകയുക തന്നെയാണ്. സംസ്ഥാനത്തെ 16 ജില്ലകളിൽ ഒമ്പതിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. കലാപബാധിത മേഖലകളിൽനിന്നും കൂടുതൽ ആളുകൾ പലായനം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ പുതിയ വാർത്തകളും വന്നുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ സംഘർഷത്തിനു നേരിട്ടുള്ള കാരണമായി പറയപ്പെടുന്നത്, ഹിന്ദു ജനവിഭാഗമായ മെയ്തേയി വിഭാഗക്കാരെ പട്ടികവർഗമായി പരിഗണിക്കണമെന്ന ഹൈകോടതി ഉത്തരവാണ്. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയി സമുദായക്കാർക്ക് സംവരണാനുകൂല്യമുൾപ്പെടെ നൽകാൻ ഒരുമാസത്തിനുള്ളിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണമെന്നായിരുന്നു ഏപ്രിൽ 20ന് പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനോട് ഹൈകോടതി നിർദേശിച്ചത്. സംസ്ഥാന ജനസംഖ്യയിൽ 53 ശതമാനം വരും മെയ്തേയി ജനത. ഭൂമിശാസ്ത്രപരമായി പർവത മേഖല, താഴ്വര എന്നിങ്ങനെ രണ്ടായി തിരിക്കാവുന്ന മണിപ്പൂരിന്റെ താഴ്വരയിലെ ഭൂരിപക്ഷ ജനവിഭാഗം മെയ്തേയി സമുദായമാണ്. സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വാരത്താണ് എന്നതുകൊണ്ട് ഭരണമേഖലയിലും മെയ്തേയ്ക്കാർക്ക് നിർണായക സ്വാധീനമുണ്ട്. സ്വാഭാവികമായും, ഭരണവർഗത്തിന് ഏറെ താൽപര്യമുള്ള ഈ ജനവിഭാഗത്തിന് സവിശേഷമായ പരിഗണന ലഭിക്കുമ്പോൾ അത് മേഖലയിലെ യഥാർഥ ഗോത്രവർഗ വിഭാഗങ്ങളെ പ്രകോപിതരാക്കും. ന്യൂനപക്ഷ ജനവിഭാഗങ്ങൾകൂടിയായ ഇവർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലയിലുണ്ടായ നാമമാത്ര മുന്നേറ്റങ്ങളെ ഈ നീക്കം തകർത്തുകളയുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. ഈ ആശങ്കകളുടെ തുടർച്ചയിലാണ്, ബുധനാഴ്ച മലയോര മേഖലകളിൽ ഗോത്ര ഐക്യ റാലി നടന്നത്. മേഖലയിലെ പ്രബല ഗോത്രവർഗ സമുദായക്കാരായ നാഗ, കുക്കി വിഭാഗങ്ങളാണ് അതിന് നേതൃത്വം നൽകിയത്. റാലിക്കിടെ, ചുരാചന്ദ്പുർ ജില്ലയിൽ സായുധരായ ആൾക്കൂട്ടം മെയ്തേയി വിഭാഗത്തെ ആക്രമിച്ചുവെന്നാണ് പറയപ്പെടുന്നത്; മെയ്തേയികൾ തിരിച്ചടിച്ചതോടെ അക്രമം സംസ്ഥാനമാകെ വ്യാപിക്കുകയും ചെയ്തുവത്രെ. ഒരുപക്ഷേ, ഇതുതന്നെയായിരിക്കാം ഇപ്പോഴത്തെ സംഘർഷത്തിന്റെ അടിയന്തര കാരണം. എന്നാൽ, ഒരു റാലിക്കിടെയുണ്ടായ കേവല സംഘർഷം മാത്രമായി ഇതിനെ ചുരുക്കിക്കാണാനും കഴിയില്ല. രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ ഒട്ടേറെ ഘടകങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് വിഷയത്തെ പ്രാഥമികമായി വിലയുത്തുമ്പോൾതന്നെ മനസ്സിലാകും.
ഭൂരിപക്ഷവും ക്രൈസ്‍തവ വിശ്വാസികളായ കുക്കികളും നാഗകളുമുൾപ്പെടെ മണിപ്പൂരിൽ 35 ഗോത്രവർഗ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്. ഇക്കൂട്ടത്തിലേക്ക്, സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തേയി സമുദായത്തെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെതന്നെയുള്ളതാണ്. 2017ൽ, ബിരെൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽവന്നതോടെ ഇതുസംബന്ധിച്ച നീക്കങ്ങൾക്ക് വേഗംവെച്ചു. മറുവശത്ത്, മേഖലയിലെ ഗോത്രവർഗ വിഭാഗക്കാരുടെ, വിശേഷിച്ചും ന്യൂനപക്ഷ ക്രൈസ്തവ മതവിഭാഗത്തിന്റെ ജീവിതം കൂടുതൽ അരക്ഷിതമാവുകയും ചെയ്തു. സംവരണ നഷ്ടം മാത്രമല്ല, മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി ലഭിക്കുന്നതോടെ അവശേഷിക്കുന്ന ഭൂമിപോലും തങ്ങൾക്ക് നഷ്ടപ്പെടുമെന്നാണ് ഐക്യറാലി സംഘടിപ്പിച്ച ആൾ മണിപ്പൂർ ട്രൈബൽ യൂനിയന്റെ പ്രധാന വാദം. സംസ്ഥാനത്തെ സ്വകാര്യ ഭൂമികളിൽ 60 ശതമാനത്തിലേറെയും കൈയടക്കിവെച്ചിരിക്കുന്നവരാണ് മെയ്തേയി ജനതയെന്നും ഇതോടൊപ്പം ചേർത്തുവായിക്കണം. ഇതിനപ്പുറം, കുക്കികളും നാഗകളുമുൾപ്പെടെയുള്ള ഗോത്രവർഗ വിഭാഗക്കാരുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുംവിധമുള്ള പല നടപടികളും ബി.ജെ.പി സർക്കാറിന്റെ ഭാഗത്തുനിന്ന് ഈയടുത്തകാലത്തുണ്ടായി. അനധികൃത കുടിയേറ്റം എന്നുപറഞ്ഞ്, മലയോര മേഖലകളിൽ വലിയ തോതിലുള്ള കുടിയിറക്കൽ നടപടികൾ സംസ്ഥാനത്ത് തുടരുകയാണ്. മ്യാന്മറിൽനിന്നും ബംഗ്ലാദേശിൽനിന്നുമെല്ലാം കുക്കി വിഭാഗക്കാർ അതിർത്തിയിലേക്ക് നുഴഞ്ഞുകയറിയെന്നും തദ്ദേശീയരായ കുക്കികൾ ഇവരെ വനത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്നുമുള്ള ആൾ മെയ്തേയി കൗൺസിൽ അടക്കമുള്ള സംഘടനകളുടെ ആരോപണം കൂടി കണക്കിലെടുത്താണ് ഈ ഒഴിപ്പിക്കൽ. മലയോരത്തുനിന്നും കുക്കികൾ താഴ്വരയിലേക്ക് അധിനിവേശം നടത്തുകയാണത്രെ. ഇതൊഴിവാക്കാൻ, കുടിയൊഴിപ്പിക്കൽ അല്ലാതെ മറ്റു മാർഗമില്ലെന്നാണ് ഭരണകൂട ഭാഷ്യം.
ഇതിനുപുറമെ, സംസ്ഥാനത്ത് എൻ.ആർ.സി നടപ്പാക്കണമെന്ന ആവശ്യവും ഇക്കൂട്ടർ ഉയർത്തിയിട്ടുണ്ട്. കുടിയിറക്കിന്റെയും പൗരത്വ നിഷേധത്തിന്റെയും ഭീതിയിൽ കഴിയുന്ന ജനവിഭാഗത്തെ ചവിട്ടിപ്പുറത്താക്കാനുള്ള ഹിന്ദുത്വയുടെ പരിപാടിയാണ് ഇപ്പോഴത്തെ ഈ സംവരണ നീക്കമെന്ന ആശങ്ക മുഖവിലക്കെടുക്കേണ്ടിവരുന്നത് ഈ പശ്ചാത്തലം കൂടി മനസ്സിലാകുമ്പോഴാണ്. ക്രൈസ്തവരുമായി സമുദായസമ്പർക്കവും ആഘോഷ ആശംസ കൈമാറ്റവുമൊക്കെ നടന്നുകൊണ്ടിരിക്കെ തന്നെ ന്യൂനപക്ഷ മതവിഭാഗക്കാരും ഗോത്രവർഗക്കാരുമായവരുടെ അവകാശങ്ങൾ കവരുന്നതിനും അവരെ ആട്ടിപ്പായിക്കുന്നതിനും സംഘ്പരിവാർ അവധിയൊന്നും കൊടുത്തിട്ടില്ലെന്നു കൂടി വെളിപ്പെടുത്തുന്നുണ്ട് മണിപ്പൂരിലെ തീ. സംഘ്പരിവാറിൽ അഭയം കാണുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാർ ഈ തീ കാണാതെ പോകില്ല എന്നു കരുതുക. തന്ത്രപ്രധാനമായ വടക്കുകിഴക്കിലെ വംശീയ തീക്കളി അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാനഭരണകൂടങ്ങൾ എത്രയും വേഗം ഇടപെട്ടേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.