കള്ളക്കടത്തുകാരുടെ പറുദീസയാവുന്ന കേരളം

ഒരുവശത്ത് സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ വികാസത്തെയും ഇതര സംസ്ഥാനങ്ങളെ പിന്നിലാക്കുന്ന പുരോഗതിയെയും കുറിച്ച അവകാശവാദങ്ങളെക്കൊണ്ട് മുഖരിതമായ കേരളത്തിൽ മറുവശത്ത് യഥാർഥത്തിൽ വളരുന്നതും ശീഘ്രഗതിയിൽ ശക്തിപ്രാപിക്കുന്നതും കള്ളക്കടത്ത്-കുഴൽപണ സാമ്രാജ്യമല്ലേ എന്ന് സഗൗരവം ചിന്തിപ്പിക്കുന്നതാണ് ദിനേന പുറത്തുവരുന്ന വാർത്തകൾ. യുവാക്കളിൽ ഗണ്യമായ വിഭാഗം ഏർപ്പെട്ടുകഴിഞ്ഞതും അനുദിനം കൂടുതൽ പേരെ ആകർഷിക്കുന്നതുമായ സമ്പാദന-ഉപജീവന മാർഗം സ്വർണം, മയക്കുമരുന്ന് കടത്തും അനുബന്ധ അധോലോക ഇടപാടുകളുമാണെന്ന് പറയേണ്ടിവരുന്നു.

പ്രവാസികൾ എല്ലുമുറിയെ പണിയെടുത്തും സ്വാസ്ഥ്യവും സ്വാതന്ത്ര്യവും പണയംവെച്ചും സമാഹരിച്ചയക്കുന്ന വിദേശനാണ്യമാണ് കേരളത്തെ കുത്തുപാളയെടുക്കുന്നതിൽനിന്ന് തടുത്തുനിർത്തുന്നത് എന്നത് വാസ്തവമായിരിക്കെത്തന്നെ, കള്ളക്കടത്തുകാരുടെ ഗൾഫ് ബന്ധവും ജീവിതവും നാടിന്റെ സമ്പദ്‍വ്യവസ്ഥയെത്തന്നെ തകിടംമറിക്കുന്ന സ്ഥിതിയോളം അപകടകരമാവുന്നുണ്ടെന്ന സത്യം മറച്ചുവെക്കാനാവില്ല. നമ്മുടെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചു ദിനേന നടക്കുന്ന സ്വർണക്കടത്തിൽ പത്തിലൊരംശംപോലും പിടികൂടപ്പെടുന്നില്ലെന്നതാണ് വാസ്തവം. ഖരമായും ദ്രവമായും സ്വർണം കടത്തിക്കൊണ്ടുവരുന്ന കൂലിത്തൊഴിലാളികളെ പിടികൂടിയാൽതന്നെ അവരെ ഉപയോഗിച്ച് ബിസിനസ് നടത്തുന്ന അധോലോക നായകർ പൂർണമായും സുരക്ഷിതരാണ്. നിയമത്തിന്റെ കരങ്ങൾ അവരിലേക്ക് നീളുന്നില്ല. നീണ്ടാലും അവർ പ്രതികളായ കേസുകളിൽ ബഹുഭൂരിഭാഗവും തെളിയിക്കപ്പെടാതെപോവുന്നു. മിക്ക കേസുകളിലും സാക്ഷികളില്ല. പൊലീസ് സംഘടിപ്പിച്ചെടുക്കുന്ന സാക്ഷികൾ കൂറുമാറുന്നതോടെ കേസുകൾക്ക് തുമ്പില്ലാതാവുന്നു.

അതിക്രൂരവും മനുഷ്യത്വരഹിതവുമായ മർദനങ്ങളും പീഡനങ്ങളും നിഷ്ഠുര കൊലപാതകങ്ങളുമാണ് അടുത്തകാലത്തായി കള്ളക്കടത്ത് സംഘങ്ങളുടെ നിരന്തര സംഭാവനകൾ. പാവപ്പെട്ട കുടുംബങ്ങളിലെ യുവാക്കളെ വൻതുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ഗൾഫിലേക്ക് കൊണ്ടുപോവുന്ന സംഘങ്ങൾ, തങ്ങളുടെ ഉരുപ്പടികൾ ലക്ഷ്യസ്ഥാനത്ത് എത്താതിരിക്കുകയോ മറ്റു അധോലോക സംഘങ്ങൾ തട്ടിയെടുക്കുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും പിടികൂടുക കൂലിക്കടത്തുകാരെയാണ്. ഭീകര ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് അവരെ തട്ടിക്കൊണ്ടുപോയി അതിക്രൂര മർദനങ്ങൾക്കിരയാക്കി ഒടുവിൽ ശവങ്ങളായോ ജീവച്ഛവങ്ങളായോ ഉപേക്ഷിച്ചുപോവുന്ന സംഭവങ്ങളാണ് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദിന്റെ കൊലപാതകമോ ദാരുണ മരണമോ ആണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ഞെട്ടിക്കുന്ന സംഭവം.

ആ ഹതഭാഗ്യന്റെ കൈകളിൽ സ്വർണം കൊടുത്തുവിട്ടവർ സാധനം ലക്ഷ്യസ്ഥാനത്തെത്തിയില്ലെന്നുകണ്ടപ്പോൾ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് അയാളെ തട്ടിക്കൊണ്ടുപോകവേ കൊന്ന് പുഴയിൽ തള്ളിയതോ അയാൾ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുങ്ങിമരിച്ചതോ എന്ന സംശയമാണിപ്പോൾ നിലനിൽക്കുന്നത്. അതിനിടെ മൃതദേഹം ആൾമാറി സംസ്കരിച്ചതും വാർത്തയായി. ഏതാനുംപേരെ പൊലീസ് പിടികൂടിയെങ്കിലും മുഖ്യ പ്രതികൾ ഇപ്പോഴും ഗൾഫ് രാജ്യത്ത് സുരക്ഷിതരാണ്. അതിജാഗ്രതയോടെ അവരെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി നേരാംവണ്ണം വിചാരണ നടക്കുകയെന്ന മഹാത്ഭുതം നടന്നാൽപോലും മതിയായ തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തിൽ കേസ് തുമ്പില്ലാതെപോവുകയാണ് സാധാരണ നിലയിലെ പരിണതി. 2021 ജൂണിൽ രാമനാട്ടുകരയിൽ ജീപ്പ് ലോറിയിലിടിച്ചു അഞ്ചുപേർ മരിച്ച സംഭവം സ്വർണക്കടത്തുമായി ബന്ധപ്പെട്ട അധോലോക സംഘങ്ങളുടെ വിളയാട്ടവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമായിട്ടും വർഷം പിന്നിട്ടിട്ടും കേസ് വഴിമുട്ടിനിൽക്കുന്നു.

പൊലീസിന്റെ നിസ്സംഗതയും നിഷ്ക്രിയത്വവും വിധേയത്വവുമാണ് മിക്ക കേസുകളും തുമ്പില്ലാതെപോവുന്നതിന്റെ പിന്നിലെന്ന പരാതി വ്യാപകമാണ്. സംഭവമുണ്ടാവുമ്പോൾ മൂന്നോ നാലോ പേരെ കസ്റ്റഡിയിലെടുത്ത് മാസങ്ങൾ കഴിയുന്നതോടെ അന്വേഷണം വഴിമുട്ടുന്നതും കേസിന് തുമ്പില്ലാതാവുന്നതും സർവസാധാരണമാണ്. പരാതിക്കാർ സഹകരിക്കുന്നില്ല, വേണ്ടത്ര തെളിവുകളില്ല എന്നതാണ് നിയമപാലകരുടെ സ്ഥിരം പല്ലവി. ഇതിലൊന്നും വാസ്തവമില്ലെന്ന് ആരോപിക്കാനുമാവില്ല. പരാതിക്കാർക്ക് തുമ്പ് ലഭിച്ചാലും പലപ്പോഴും അവർ നിശ്ശബ്ദരാവുകയോ പിന്തിരിയുകയോ ചെയ്യുന്ന പതിവുണ്ട്. പക്ഷേ, അപ്രതിരോധ്യമെന്ന് തോന്നാവുന്നവിധം കള്ളക്കടത്തും അനുബന്ധ ക്രൂരകൃത്യങ്ങളും കൊലപാതകങ്ങളും തഴച്ചുവളരവേ നിയമപാലകരുടെ നിഷ്ക്രിയത്വം സമൂഹത്തിന് മൊത്തം ശാപവും വെല്ലുവിളിയുമായി മാറുകയാണ്.

ഇതേപ്പറ്റി ജാഗരൂകരാവേണ്ട രാഷ്ട്രീയ നേതൃത്വങ്ങളും സർക്കാറുമാവട്ടെ, അവരും പ്രതിക്കൂട്ടിലാണ്. രാമനാട്ടുകര ദുരന്തത്തെക്കുറിച്ച അന്വേഷണം സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ കണ്ണൂർ അഴീക്കോട് സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ അർജുൻ ആയങ്കിയിലേക്കാണ് നീണ്ടത്. സവിസ്തരവും കാര്യക്ഷമവുമായ അന്വേഷണം പാർട്ടി സിരാകേന്ദ്രങ്ങളിലേക്ക് പടരുമെന്നായപ്പോൾ സി.പി.എം നേതാക്കൾ അയാളെ തള്ളിപ്പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്കുവരെ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നു. ഇതിനർഥം സി.പി.എം മാത്രമാണ് ഇമ്മാതിരി ക്രിമിനൽ സംഘങ്ങളുമായി ബന്ധം പുലർത്തുന്നത് എന്നല്ല. പാർട്ടിക്കു വേണ്ടിയോ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയോ ആരുടെ സഹായവും സ്വീകരിക്കാം, ഏത് ക്രിമിനലിനെയും രക്ഷപ്പെടുത്താം, അന്വേഷണ ഉദ്യോഗസ്ഥരുടെ സത്യസന്ധമായ ജോലി തടസ്സപ്പെടുത്താം എന്ന അധോലോക സംസ്കാരം കേരളത്തിന്റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കെ ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്, ആ സത്യം ചൂണ്ടിക്കാട്ടുന്നവർ വെറും പിന്തിരിപ്പന്മാരും. ഇവർക്കെല്ലാം വേണ്ടി കൊടിപിടിക്കുന്ന ജനങ്ങൾ മാറിച്ചിന്തിക്കേണ്ട സമയം കഴിഞ്ഞു.

Tags:    
News Summary - Madhyamam Editorial on kerala Under world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.