ലക്ഷ്യം ന്യൂനപക്ഷ ഉന്മൂലനം?

ദേശീയ തലസ്ഥാനത്തിന് തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിലെ നൂഹ് ജില്ലയിൽ ജൂലൈ ഒടുവിൽ പൊട്ടിപ്പുറപ്പെട്ട മുസ്‍ലിം വിരുദ്ധ വർഗീയാക്രമണങ്ങളിൽ 350ഓളം വീടുകളും ചെറുകടകളും അമ്പതോളം കെട്ടിടങ്ങളും സർക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തുകൊണ്ടാരംഭിച്ച നശീകരണ യജ്ഞം പഞ്ചാബ്-ഹരിയാന ഹൈകോടതി സ്വമേധയാ നടത്തിയ ഇടപെടലിൽ തൽക്കാലം നിർത്തിവെച്ചിരിക്കുന്നു. കഴിഞ്ഞ വർഷം രാമനവമി-ഹനുമാൻ ജയന്തി ഘോഷയാത്രകളോടനുബന്ധിച്ച് ഒമ്പതോളം സംസ്ഥാനങ്ങളിൽ നടന്ന വർഗീയാക്രമണങ്ങൾക്കുശേഷം ഇപ്പോൾ ഹരിയാനയിൽ ആവർത്തിച്ചതും ഒരു മതഘോഷയാത്രയെത്തുടർന്ന് ആസൂത്രിതമായി നടന്ന വംശീയ ഉന്മൂലന പരിപാടിതന്നെ. കഴിഞ്ഞ ഫെബ്രുവരിയിൽ രാജസ്ഥാനിൽ കാലിക്കടത്ത് ആരോപിച്ച് രണ്ടുപേരെ ആൾക്കൂട്ടക്കൊല നടത്തിയ ഭീകര സംഭവത്തിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയുടെ ആസൂത്രണമാണ് മേവാത്ത് മേഖലയിൽ നടന്ന ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയും പള്ളി ഇമാമടക്കം ആറുപേരുടെ കൊലയും തദനന്തര ബുൾഡോസർ രാജുമെന്ന് വ്യക്തമായിരിക്കുന്നു.

എന്നുവെച്ചാൽ ആയുധമേന്തി അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച് കൊട്ടും കുരവയുമായി മുസ്‍ലിം ജനവാസ കേന്ദ്രങ്ങളിലൂടെത്തന്നെ നടന്നുനീങ്ങുന്ന ഘോഷയാത്രകൾ, തുടർന്ന് അതിനുനേരെ കല്ലേറുണ്ടായി എന്ന പ്രചാരണം, ഒടുവിൽ കൊലപാതകം, വ്യാപകമായ തീവെപ്പ്, കൊള്ള, സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളുടെ പലായനം, ആരാധനാലയങ്ങൾ തകർക്കൽ-ഒരേ പാറ്റേണിൽ സ്ഥിരമായി ആവർത്തിക്കുന്നതാണ് ഈ പരിപാടി. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിനുനേരെ പ്രയോഗിക്കപ്പെടുന്ന ആസൂത്രിത ഉന്മൂലന പദ്ധതിയാണിതെന്ന് പകൽവെളിച്ചംപോലെ വ്യക്തമായിട്ടും സർക്കാറുകളോ പൊലീസോ ഇടപെടുന്നില്ലെന്ന് മാത്രമല്ല, ആക്രമണകാരികളെ സഹായിക്കുകകൂടി ചെയ്യുന്നുവെന്നത് കഴിഞ്ഞകാല അന്വേഷണ കമീഷനുകൾ അനാവരണം ചെയ്ത വസ്തുതയാണ്. 1993ലെ ബോംബെ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷൻ അക്കാര്യം അടിവരയിട്ട് ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ, നാളിതുവരെ ഒരു തിരുത്തൽ പരിപാടിയും അക്കാര്യത്തിൽ ഉണ്ടായില്ല. കൂടുതൽ കൂടുതൽ നശീകരണ പരിപാടികൾക്ക് ഈ നിഷ്ക്രിയത്വം പ്രേരകമായിത്തീരുന്നു. യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാറും മധ്യപ്രദേശിൽ ശിവരാജ്സിങ് ചൗഹാനും തുടങ്ങിവെച്ച ബുൾഡോസർ പ്രയോഗം ഇവിടത്തെ ബി.ജെ.പി സർക്കാറും ഏറ്റുപിടിച്ചു. അനധികൃത കെട്ടിടങ്ങളാണ് തങ്ങൾ തകർക്കുന്നതെന്ന് ഈ സർക്കാറും അവകാശപ്പെടുന്നു.

എങ്കിൽ കലാപത്തിനുമുമ്പ് അനധികൃത കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകാതിരുന്നതെന്താണ് എന്ന ചോദ്യത്തിന് മറുപടിയില്ല. വർഗീയാക്രമണങ്ങൾ നടക്കുന്നതുവരെ വീടുകളും കടകളും കെട്ടിടങ്ങളും പൊളിക്കാനും തകർക്കാനും കാത്തിരുന്നതെന്തിന് എന്ന ചോദ്യവും വെറുതെ. ഹരിയാനയിലെ ഗുരുഗ്രാമിൽ 350 കുടിലുകളും ഹോട്ടലുകളും റസ്റ്റാറന്റുകളും ഒറ്റയടിക്ക് തകർത്തെറിയുന്നതിനുമുമ്പ് അവയുടെ ഉടമകൾക്കും പ്രായോജകർക്കും ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നാണ് വിശ്വസനീയമായ വിവരം. 50 കോൺക്രീറ്റ് കെട്ടിടങ്ങളും ബുൾഡോസറിനിരയായിട്ടുണ്ട്. ഹൈകോടതി സ്വമേധയാ ഇടപെട്ടിരുന്നില്ലെങ്കിൽ നശീകരണ പരിപാടി നിർവിഘ്നം തുടരുമായിരുന്നുവെന്നാണ് കരുതേണ്ടത്. സംസ്ഥാന ആഭ്യന്തര മന്ത്രി ഈ നടപടികളെയത്രയും ന്യായീകരിക്കുമ്പോൾ തീവ്ര ആർ.എസ്.എസുകാരനായ മുഖ്യമന്ത്രി മനോഹർ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സർക്കാറിൽനിന്ന് മനുഷ്യത്വപരമായ ഇടപെടലൊന്നും പ്രതീക്ഷിക്കുന്നതിൽ അർഥമില്ലെന്നും വ്യക്തമാണ്.

2.54 കോടി ജനസംഖ്യയുള്ള ഹരിയാനയിൽ വെറും 20,30,730 അതായത് 7.03 ശതമാനമാണ് മുസ്‍ലിംകൾ. നൂഹ് മാത്രമാണ് മുസ്‍ലിം ഭൂരിപക്ഷ ജില്ല. മേവാത്ത് മേഖലയിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും തീരെ പിന്നാക്കമായ ന്യൂനപക്ഷ വിഭാഗം മേവ് മുസ്‍ലിംകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. കാലി വളർത്തലും തത്സംബന്ധമായ വ്യാപാരവുമാണ് ഗണ്യമായ വിഭാഗത്തിന്റെ തൊഴിൽ. ചെറുകിട വ്യവസായങ്ങളിലും വ്യാപാരങ്ങളിലും അവർ ഉപജീവനം തേടുന്നു. ഒരു മൂന്നുനില വ്യാപാര സ്ഥാപനം തകർക്കാൻ കാരണമായി പറയുന്നത്, അതിന്റെ മുകളിൽനിന്ന് വി.എച്ച്.പി ഘോഷയാത്രയുടെ നേരെ കല്ലേറുണ്ടായി എന്നാണ്. ആ കല്ലേറാവട്ടെ, ആസൂത്രിതമായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്തായാലും 2002 ഫെബ്രുവരിയിലെ ഗുജറാത്ത് കലാപംപോലെ ഇതും ഇരകളുടെ പേരിൽ കേസ് ചുമത്തിക്കൊണ്ടും യഥാർഥ കലാപകാരികളെ രക്ഷിച്ചുകൊണ്ടും കലാശിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം, ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി 2024 ലോക്സഭ തെരഞ്ഞെടുപ്പിനെ കാത്തിരിക്കുകയാണ് സംഘ്പരിവാർ. അപ്രകാരം ന്യൂനപക്ഷ മുക്ത, മതേതരമുക്ത ഭാരതമാണ് അവരുടെ ലക്ഷ്യം. മതേതര പ്രതിപക്ഷം ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടാൻ പഴുതടച്ച തീവ്രശ്രമം നടത്തിയാൽ മാത്രമേ സംഘ്പരിവാർ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ പോവൂ.

Tags:    
News Summary - Madhyamam editorial on hariyana violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.