ജർമനിയിലും ഇറ്റലിയിലും ഫാഷിസം നിയമാനുസൃത ഭരണകൂടമെന്ന നിലക്ക് അധികാരം പിടിച്ചത് ജനാധിപത്യത്തിലൂടെയാണ്. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം സ്ഥാപനവത്കരിക്കപ്പെട്ടതും ജനാധിപത്യത്തിലൂടെതന്നെ. അടുത്തകാലത്തായി അനേകം രാജ്യങ്ങളിൽ വർഗീയ-വംശീയ ശക്തികൾ ജനാധിപത്യ പ്രക്രിയ വഴി നിയമസാധുത നേടിക്കൊണ്ടിരിക്കുന്നു. ഇന്ന്, യു.എസ്.എയിൽ ജനവിരുദ്ധ അമിതാധികാരത്തിന്റെ കുതിച്ചുവരവിനുമുണ്ട് ജനാധിപത്യമെന്ന മുദ്ര.
അമേരിക്കയിൽ കുറച്ചായി പിടിമുറുക്കിവരുന്ന വലതുപക്ഷ ശക്തികൾ തങ്ങളുടെ നിർണായക അധികാരപ്രവേശനമായിട്ടാണ് ഡോണാൾഡ് ട്രംപിന്റെ രണ്ടാംവരവ് ആഘോഷിക്കുന്നത്. അതിസമ്പന്നരുടെ കൂട്ടമാണ് ട്രംപിന്റെ വകുപ്പുതലവന്മാർ. ജനഹിതത്തോട് പരസ്യപുച്ഛം പേറുന്ന ഇലോൺ മസ്ക് അദ്ദേഹത്തിന്റെ വലംകൈയാണ്. ട്രംപിന്റെ രണ്ടാമൂഴത്തെ മസ്ക് വിശേഷിപ്പിച്ചത് ‘രാജാവിന്റെ തിരിച്ചുവരവ്’ എന്നാണല്ലോ. രാജാധിരാജനും പ്രജകളുമെന്ന നിലയിലേക്ക് അമേരിക്കൻ ‘ജനാധിപത്യം’ രൂപം മാറുകയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെന്നല്ല, ഭരണസംവിധാനങ്ങളോ നിയമവാഴ്ചയോ പോലും ഈ രാജാവിനും കൊട്ടാര ഉപദേഷ്ടാക്കൾക്കും വിഷയമേ അല്ല. ട്രംപ് തോറ്റ മുൻ തെരഞ്ഞെടുപ്പിനുശേഷം കാപിറ്റളിൽ ജനാധിപത്യവിരുദ്ധ കലാപം നടത്തിയ 1500 സ്വന്തക്കാർക്ക് മാപ്പുനൽകിയാണ് ഭരണത്തുടക്കം.
കുടിയേറ്റനയം, പൗരത്വം തുടങ്ങിയ പ്രധാനപ്പെട്ട അനേകം വിഷയങ്ങളിൽ ആദ്യ ആഴ്ച തന്നെ പരിഷ്‍കാരങ്ങൾ വരുത്തി ഉത്തരവുകളിറക്കി ട്രംപ്. സാമൂഹികനീതി സംവിധാനങ്ങൾ പൊളിച്ചെഴുതാൻ തുടങ്ങി. വിദ്യാഭ്യാസവകുപ്പ് പോലുള്ളവ ഒഴിവാക്കാൻ നീക്കം നടക്കുന്നു. തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തി. അമേരിക്ക എങ്ങോട്ടാണ് പോകുന്നതെന്ന പരിഭ്രാന്തമായ ചോദ്യം പലേടത്തും കേട്ടുതുടങ്ങിയിരിക്കുന്നു.
അമേരിക്കയുടെ ആഭ്യന്തര പ്രശ്നമെന്ന് കരുതി തള്ളാൻ പറ്റാത്തതരത്തിൽ ട്രംപിന്റെ ഉന്മത്ത ചിന്തകൾ ആഗോള സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കൂടി അപായപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. അമേരിക്കയുടെ രാജാവു മാത്രമല്ല ലോകത്തിന്റെ ചക്രവർത്തിയുമാണ് താനെന്ന് ബോധ്യപ്പെടുത്താൻ തിടുക്കംകൂട്ടുകയാണദ്ദേഹം. നൂറ്റാണ്ടുകൾക്ക് മുമ്പ് തദ്ദേശീയരെ പിഴുതുമാറ്റി നാടും അധികാരവും പിടിച്ചെടുത്ത വെള്ളവർഗ കുടിയേറ്റക്കാരുടെ പിന്മുറക്കാരൻ, കുടിയേറ്റക്കാരെയും അഭയാർഥികളെയും സംഹരിക്കാനിറങ്ങുന്നു. സാമ്രാജ്യത്വത്തിന്റെ ജ്വരം ബാധിച്ച്, കാനഡയും പനാമയും ഗ്രീൻലൻഡും ഗസ്സയുമൊക്കെ പിടിച്ചെടുക്കുമെന്ന് പറയുന്നു. പുതിയ ആഗോള വ്യാപാരയുദ്ധത്തിന് പെരുമ്പറ മുട്ടുന്നു. ലോകരാജ്യങ്ങൾ വർഷങ്ങളായി കൂടിയാലോചിച്ച് അഭിപ്രായ സമന്വയത്തിലൂടെ ഉണ്ടാക്കിയ പാരിസ് കരാറിൽനിന്ന് പിന്മാറിക്കൊണ്ട് കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ മുഖംതിരിക്കുന്നു- ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്ന, ഏറ്റവും കൂടുതൽ യുദ്ധങ്ങൾക്ക് പ്രേരണയും ആയുധവും നൽകുന്ന, ‘വൻശക്തി’ രാജ്യത്തെ ഭൂമിയുടെതന്നെ എതിർപക്ഷത്ത് നിർത്തുന്നു. ആഗോളതലത്തിൽ മാരകമാരികൾ പരക്കുമ്പോൾ ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻമാറിക്കൊണ്ട് സ്വന്തം രാജ്യത്തെയും മറ്റു രാജ്യങ്ങളെയും അപകടത്തിൽപെടുത്തുന്നു. ഇപ്പോളിതാ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി)ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്നു.
അമേരിക്കയും റഷ്യയും ഇസ്രായേലും ചൈനയും ഇന്ത്യയുമടക്കം ഏതാനും രാജ്യങ്ങൾ ഐ.സി.സിയുടെ ആധാരമായ റോം സ്റ്റാറ്റ്യൂട്ടിൽ ഒപ്പുവെച്ചിട്ടില്ലെങ്കിലും ആഗോള നീതിതേടുന്നവരുടെ ആശ്രയവും പ്രതീക്ഷയുമാണത്. ഐ.സി.സിയുടെ അധികാരം അംഗീകരിക്കുന്ന 125 രാജ്യങ്ങളിലെങ്കിലും വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കുമെതിരായ ഗാരന്റിയാണത്. ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും ചെയ്തതായി ദീർഘമായ അന്വേഷണങ്ങൾക്കും അന്താരാഷ്ട്ര നിയമജ്ഞരുടെ പരിശോധനകൾക്കുംശേഷം കണ്ടപ്പോൾ മൂന്നു രാജ്യങ്ങളിലെ ജഡ്ജിമാരുടെ തീരുമാനപ്രകാരം ഇസ്രായേലി നേതാക്കൾക്ക് കോടതി അറസ്റ്റ് വാറന്റ് ഇറക്കി. ഇസ്രായേലി നേതാക്കളുടെ വാക്കുകളും പ്രവൃത്തിയും ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്; എന്നിട്ടും അമേരിക്കയിലെ ബൈഡനുംട്രംപും അവർക്ക് പൂർണസ്വാതന്ത്ര്യം നൽകുകയാണ് ചെയ്തത്. ബൈഡന്റെ ഭീഷണി ഇപ്പോൾ ട്രംപ് നടപ്പാക്കുകയാണ്. ഐ.സി.സിയുമായി ബന്ധപ്പെട്ട എല്ലാവർക്കും വിസനിഷേധവും സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തുകയാണത്രെ.
അനേകം അന്താരാഷ്ട്ര ഏജൻസികളും നിയമജ്ഞരും ഇസ്രായേൽ കുറ്റവാളിയാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. അമേരിക്കയുടെതന്നെ രണ്ട് ഔദ്യോഗിക ഏജൻസികളെങ്കിലും റിപ്പോർട്ട് നൽകിയതാണ്, ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തിക്കാൻ ഇസ്രായേൽ അനുവദിക്കുന്നില്ലെന്ന്. പക്ഷേ, അമേരിക്കയുടെയും അവർക്കൊപ്പം ചേരുന്ന ഇറ്റലി, പോളണ്ട്, ഫ്രാൻസ് പോലുള്ള ഐ.സി.സി അംഗങ്ങളുടെയും മനോഭാവം അടിസ്ഥാനപരമായി വംശീയമാണ്. ഐ.സി.സിക്കെതിരായ അവരുടെ നിലപാട് ലോകത്തോടും ആഗോള നിയമവാഴ്ചയോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. കൈയൂക്ക് കാട്ടുന്ന ഏതാനും രാജ്യങ്ങളുടെ താൽപര്യത്തിനൊത്ത് ലോകം മുഴുവൻ ആടിക്കൊള്ളണമെന്ന നിലപാട് അനുവദിക്കാമോ എന്ന നിർണായ ചോദ്യം ലോകത്തിനു മുമ്പാകെ ഉയർത്തപ്പെട്ടിരിക്കുന്നു. നീതിയും നിയമവും വേണോ അതോ അധികാരോന്മാദത്തിന്റെ വാഴ്ച മതിയോ എന്ന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.