വിദ്വേഷക്കുറ്റങ്ങൾ: ജുഡീഷ്യൽ കമീഷൻ വേണം

വിദ്വേഷകുറ്റകൃത്യങ്ങൾ തടയുന്നതിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ പരാജയപ്പെടുന്നു എന്നപരാതിയിൽ സുപ്രീംകോടതി ശക്തമായി ഇടപെടുന്നു. കുറ്റകൃത്യങ്ങൾ തടയാൻ സുപ്രീംകോടതി നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ശഹീൻ അബ്ദുല്ല സമർപ്പിച്ച ഹരജിയിലാണ് നടപടി. വിദ്വേഷപ്രസംഗങ്ങൾ നടത്തിയവർക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് വിശദീകരിക്കാൻ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് പൊലീസ് മേധാവികളോട് ജസ്റ്റിസ് കെഎം. ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു. വിദ്വേഷക്കുറ്റങ്ങൾ മതംനോക്കാതെ തടയാൻ അധികൃതർക്ക് ബാധ്യതയുണ്ട്. പരാതി കിട്ടിയില്ലെങ്കിലും പൊലീസ് സ്വമേധയാതന്നെ കേസെടുക്കണം. ഇത് ചെയ്യാത്തവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വർഗീയവിദ്വേഷം തടയുന്നതിൽ ഇന്ത്യൻഭരണകൂടം നിഷ്ക്രിയമാണെന്ന ആശങ്കതന്നെ രാജ്യാന്തരസമൂഹവും പങ്കുവെക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞദിവസം വിദ്വേഷപ്രചാരണത്തെ ഇന്ത്യ തുറന്നപലപിക്കണമെന്നാവശ്യപ്പെട്ടു. യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗമായ ഇന്ത്യയുടെ ശബ്ദം ആധികാരികവും വിശ്വസനീയവുമാകണമെങ്കിൽ രാജ്യത്തിനകത്തും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം.

രാജ്യത്തെ ദുരവസ്ഥയെ ഗുരുതരമാക്കുന്നത് വിദ്വേഷപ്രചാരണവും അക്രമങ്ങളും തടയാൻ ഭരണകർത്താക്കൾ ഒന്നും ചെയ്യുന്നില്ല എന്നതാണ്. പലപ്പോഴും മൗനംകൊണ്ടും നിഷ്ക്രിയത്വംകൊണ്ടും അവർ വിഭാഗീയഹിംസക്ക് കൂട്ടുനിൽക്കുകകൂടി ചെയ്യുന്നു. വംശീയവിദ്വേഷം പടർത്തുന്നത് ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടവരാണെന്നതും അവരെ തടയാനോ ശിക്ഷിക്കാനോ അപലപിക്കാൻപോലുമോ ഭരണത്തിന്റെ ഉന്നതങ്ങളിലുള്ളവർവരെ തയാറാകുന്നില്ല എന്നതും പ്രശ്നത്തി​ന്റെ മർമമാണ്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് കൂട്ടമാനഭംഗവും കൂട്ടക്കൊലയും നടത്തിയവർക്ക് ആജീവനാന്ത തടങ്കലിൽനിന്ന് ഈയിടെ മോചനം നൽകിയത് കേന്ദ്രസർക്കാറിന്റെ അനുമതിയോടെയാണെന്ന വെളിപ്പെടുത്തൽ ന്യൂനപക്ഷത്തോടു മാത്രമല്ല, നീതിയോടും നിയമവാഴ്ചയോടും സർക്കാർ പുലർത്തുന്ന സമീപനത്തെ തുറന്നുകാട്ടുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രിയടക്കം 'ഫോളോ' ചെയ്യുന്ന പലരും വെറുപ്പുപടർത്തിയപ്പോൾ വിയോജിപ്പിന്റെ നേർത്ത സൂചനപോലും നേതാക്കളിൽനിന്നുണ്ടായില്ല. പ്രമുഖ ചാനലുകൾ മറയില്ലാതെ വർഗീയവിദ്വേഷം പലകുറി ആഘോഷിച്ചപ്പോഴും ശക്തമായ നടപടി ഉണ്ടായില്ലെന്നു മാത്രമല്ല, ഭരണപക്ഷത്തുനിന്നുള്ളവർ വർഗീയവിഷത്തിന് വീര്യംകൂട്ടുകയാണ് ചെയ്തത്. നിയമനടപടികളിൽ സർക്കാറുകൾ പുലർത്തിയ വിവേചനവും പഠനങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അക്രമങ്ങൾക്കും വിദ്വേഷത്തിനുമെതിരെ നിസ്സാര കേസുകൾ ചുമത്തുകയും പ്രതിഷേധങ്ങൾക്കെതിരെ ജാമ്യമില്ലാ കേസുകളെടുക്കുകയും ചെയ്യുന്നരീതി വ്യാപകമാണ്.

ബഹിഷ്‍കരണത്തിനും കൂട്ടക്കൊലക്കും ആഹ്വാനങ്ങൾ പ്രചരിക്കുമ്പോൾ മന്ദഗതിയിലാണ് സർക്കാറിന്റെ നടപടികൾ. വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി വ്യംഗ്യമായ സൂചനകൾ പ്രയോഗിക്കുന്നത് സാധാരണക്കാർ മാത്രമല്ല; പിടിക്കപ്പെടാത്ത രൂപത്തിൽ, അതേസമയം ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്ന തരത്തിലുള്ള ഇത്തരം ധ്വനിപ്രയോഗങ്ങൾ (ഡോഗ് വിസിൽ) വംശഹത്യ നടന്ന സമൂഹങ്ങളിൽ പ്രചരിച്ചിരുന്നതായി മുമ്പേ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 'വസ്ത്രം കണ്ടാൽ തിരിച്ചറിയാവുന്ന' എതിരാളികളെപ്പറ്റി പ്രസംഗിച്ചത് പ്രധാനമന്ത്രിയാണ്. 'ചിതലുകളെ'ന്ന് ഒരുവിഭാഗത്തെ വിളിച്ചയാൾ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. ഭരണകൂടത്തെയും അതിനെ നയിക്കുന്നവരെയും തിരുത്താനും ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുമുള്ള ശേഷി മുൻകാലങ്ങളിൽ തെളിയിച്ചിട്ടുണ്ട് ജുഡീഷ്യറി. ഇനിയും അതിന് കഴിയും.

വിദ്വേഷപ്രചാരണം രോഗമല്ല, രോഗലക്ഷണമാണ്. അതിന്റെ മൂലകാരണങ്ങൾ കണ്ടെത്തി ചികിത്സിക്കാൻ കഴിയേണ്ടതുണ്ട്. അത് ജുഡീഷ്യറിയെക്കൊണ്ടുമാത്രം ചെയ്യാനാവുന്നതല്ല. പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും പൗരസഞ്ചയത്തിനുമെല്ലാം അതിൽ പങ്കുണ്ടാകണം. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെയും വിചാരധാരകളെയും തിരിച്ചറിഞ്ഞ് ചെറുക്കണം. അത്തരമൊരു രാഷ്ട്രനിർമിതിക്ക് മണ്ണൊരുക്കാൻ ഏതായാലും ജുഡീഷ്യറിക്ക് കഴിയും. വിദ്വേഷവും വിഭാഗീയതയും അനിയന്ത്രിതമായി പടർന്ന കഴിഞ്ഞവർഷങ്ങളിലെ സംഭവങ്ങൾ സമഗ്രമായി പഠിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും നിയമപാലന സംവിധാനങ്ങളുടെയും വീഴ്ചകൾ കണ്ടെത്താൻ ഒരു ജുഡീഷ്യൽ കമീഷനെ സുപ്രീംകോടതി നിയോഗിക്കുന്നത് നന്നായിരിക്കും. സുപ്രീംകോടതിയുടെ ഇടപെടൽ മൗലികവും സമഗ്രവുമായ തിരുത്തലിലേക്ക് നയിക്കണമെന്ന് ഈ നാടും ലോകംതന്നെയും ആഗ്രഹിക്കും. ഗുട്ടെറസ് സൂചിപ്പിച്ചപോലെ, ബഹുസ്വരതയുടെ കരുത്ത് ഗാന്ധിജിയുടെ നാട് വീണ്ടെടുക്കുകതന്നെ വേണം.

Tags:    
News Summary - Madhyamam Editorial 24 October 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.