തെരഞ്ഞെടുപ്പുകാല വരവറിയിക്കലിന്റെ അനിവാര്യ പ്രവണതയായിത്തീർന്നിരിക്കുന്നു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പായി ഭരണാധികാരികൾ നടത്തുന്ന ജനപ്രിയ പ്രഖ്യാപനങ്ങൾ. ഈ തന്ത്രം പയറ്റുന്നതിൽ ഏറെ മുൻപന്തിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്നയാഴ്ചകളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനും വേണ്ടി 7200 കോടിയുടെയും 5400 കോടിയുടെയും പദ്ധതികളാണ് ആഘോഷപൂർവം വിളംബരം ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും ഇതേ തന്ത്രം ആവർത്തിച്ചിരുന്നു. അവിടങ്ങളിലത് വോട്ടുസമാഹരണത്തിന് സഹായകരമായെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. സ്വാഭാവികമായി തെരഞ്ഞെടുപ്പുകാല ധനസഹായവും വികസനപ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ, അധികാര തുടർച്ചയുടെ പ്രധാന ആയുധങ്ങളാക്കി മാറ്റിയിരിക്കുന്നു ഭരണവർഗം. നിലവിലെ ഭരണത്തിലെ വീഴ്ചകളെ താൽക്കാലികമായി മറയ്ക്കാനും ജനങ്ങളെ സ്വാധീനിക്കാനും ഇത്തരം കണ്ണിൽ പൊടിയിടലല്ലാതെ മറ്റുപോംവഴികളൊന്നും അവർക്കില്ല. ഇപ്പോഴിതാ കേരളത്തിലെ മുഖ്യമന്ത്രിയും തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ജനപ്രിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നു.
രാഷ്ട്രീയ ഗിമ്മിക്കുകളെന്ന് പരിഹസിക്കപ്പെടുന്ന ഇത്തരം ജനപ്രിയ ക്ഷേമ പ്രഖ്യാപനത്തിന് പ്രകടന പത്രികകളിലെ വാഗ്ദാനങ്ങളെക്കാൾ സാധാരണക്കാരെ സ്വാധീനിക്കാനാവുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പറയുന്നത്. സാമൂഹികനീതി, ക്ഷേമപദ്ധതികൾ, സ്ത്രീശാക്തീകരണം തുടങ്ങിയ പേരുകളിൽ ‘വെൽഫെയർ പോപ്പുലിസം’ എന്ന് വിമർശിക്കപ്പെടുന്ന പദ്ധതികൾ ഭരണത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ ലഘൂകരിക്കാനും വോട്ടുകൾ അനുകൂലമാക്കാനും കഴിയുന്നെന്നത് സത്യമാണ്. ഇത്തരത്തിലുള്ള ജനക്ഷേമ പോപ്പുലിസവും ക്ഷേമ പ്രഖ്യാപന സംസ്കാരവും പുതിയ കാര്യമൊന്നുമല്ല. വോട്ടിനുവേണ്ടിയുള്ള ഔദ്യോഗിക അഴിമതിയെന്ന് വിളിക്കാമെങ്കിലും പലപ്പോഴും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ സാമൂഹിക പദ്ധതികളായും സാധാരണക്കാരുടെ സമഗ്ര മാറ്റത്തിന്റെ കാരണമായും വികസിക്കാറുണ്ട്.
തെരഞ്ഞെടുപ്പുകാല വാഗ്ദാനങ്ങൾക്ക് അൽപായുസ്സേ ഉണ്ടാകാറുള്ളൂവെങ്കിലും വോട്ട് സമാഹരണത്തിന് ഇപ്പോഴും അത് മികച്ച ഉപാധിയാണ്. വളരെ പെട്ടെന്നുതന്നെ പൊട്ടുന്ന രാഷ്ട്രീയ കുമിളകളായ തെരഞ്ഞെടുപ്പുകാല ഉത്സവബത്തകൾ അധികാരത്തിലേക്കുള്ള കുറുക്കുവഴികളാണ് പലപ്പോഴും. അതുകൊണ്ടാണ്, നൈതികമായി ശരിയാണോ എന്ന സന്ദേഹവും ജനാധിപത്യത്തിന്റെ അട്ടിമറിയാണോ എന്ന ഗൗരവതരമായ ചോദ്യവും ഉന്നയിക്കുന്ന രാഷ്ട്രീയ പാർട്ടികളും അവസാന സമയ പദ്ധതിഘോഷണങ്ങൾ പ്രിയത്തോടെ സ്വീകരിക്കുന്നത്. ജനങ്ങൾക്കായി ക്ഷേമപദ്ധതികൾ കൊണ്ടുവരിക എന്നതും കാര്യക്ഷമമായവ നടപ്പാക്കുക എന്നതും ജനാധിപത്യ സർക്കാറുകളുടെ അടിസ്ഥാന ചുമതലകളുടെ ഭാഗമാകുകയാണ് ക്ഷേമ പദ്ധതികളുടെ അന്തസ്സത്ത സാക്ഷാത്കരിക്കാനുള്ള ശരിയായ വഴി. അതൊരു തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല, മറിച്ച് അധികാര നിർവഹണത്തിന്റെ, വികസന വീക്ഷണത്തിന്റെ അടിപ്പടവും സംസ്കാരവുമായി വികസിക്കുകയാണ് വേണ്ടത്. ഇത്തരം പദ്ധതികളിൽ സാമ്പത്തിക ഉത്തരവാദിത്തവും രാഷ്ട്രീയ നിഷ്പക്ഷതയും നിലനിർത്താൻ സാധിക്കുമ്പോഴാണ് ജനാധിപത്യത്തിൽ ജനങ്ങളുടെ ക്ഷേമമാണ് പ്രഥമം എന്ന സങ്കൽപം ബലവത്താകുക. മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ ജനക്ഷേമ രാഷ്ട്രീയ സംസ്കാരത്തിന്റെ ഈ തുടർച്ചയായി വികസിപ്പിക്കാൻ കഴിഞ്ഞാൽ ജനങ്ങളുടെ മുഖത്ത് പ്രത്യാശയുടെ ശോഭ പരക്കും. എല്ലാ മാസവും നൽകാനുള്ള ഫണ്ട് ഉറപ്പുള്ളതാണോ എന്ന ആശങ്കയുണ്ടെങ്കിലും 63 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുന്ന പെന്ഷന് വര്ധന പോലുള്ളവ സാമൂഹികനീതിക്ക് അനിവാര്യവുമാണ്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ 50 ശതമാനം വിഹിതവും വെട്ടിക്കുറക്കേണ്ടിവന്നത്ര ഞെരുക്കത്തിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം. അതിനുപുറമെയാണ് 50000 കോടിക്കടുത്ത കേന്ദ്രത്തിന്റെ വിഹിതം നിഷേധവും വെട്ടിക്കുറവും. പക്ഷേ, ധനമന്ത്രി ബാലഗോപാൽ ആത്മവിശ്വാസത്തിലാണ്. അതിനുള്ള വഴികൾ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം തറപ്പിച്ചുപറയുന്നത്. എന്നാൽ, ഇലക്ഷൻ കാമ്പയിൻ കോർപറേറ്റ് ഈവന്റും വോട്ട് സമാഹരണം സോഷ്യൽ എൻജിനീയറിങ് നിർവഹണവുമായി രൂപാന്തരപ്പെട്ട കാലത്ത് വോട്ടിനുവേണ്ടിയുള്ള തന്ത്രപരമായ നീക്കമാണിതെങ്കിൽ ഇടതുപക്ഷം കനത്ത വിലയതിന് നൽകേണ്ടിവന്നേക്കും. വെൽഫെയർ (ജനക്ഷേമം) വോട്ട്-ഫെയർ (തെരഞ്ഞെടുപ്പ് വാഗ്ദാനം) ആയി മാറുമ്പോൾ രാഷ്ട്രത്തിന്റെ ധനശാസ്ത്രവും ജനാധിപത്യത്തിന്റെ ആത്മാവുമാണ് നഷ്ടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.