കൊടുക്കാതിരുന്നതിലെ ശരിയും കൊടുത്തതിലെ ശരികേടുമാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തെ ശ്രദ്ധേയമാക്കുന്നത്. സമ്മാനത്തിനുവേണ്ടി സ്വന്തം നിലക്കും സ്തുതിപാഠകരായ ഏതാനും രാഷ്ട്രനേതാക്കൾ മുഖേനയും കാമ്പയിൻ നടത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അത് കൊടുക്കാതിരുന്നതിലൂടെ നൊബേലിന്റെ അന്തസ്സ് ഉയർത്തിയ പുരസ്കാര കമ്മിറ്റിതന്നെ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മറിയ കൊറീന മച്ചാദോക്ക് അത് നൽകിക്കൊണ്ട് ആ മികവ് ഇല്ലാതാക്കി എന്ന അഭിപ്രായം ഉയർന്നിരിക്കുന്നു. പുരസ്കാരങ്ങൾ-സമാധാന നൊബേൽ വിശേഷിച്ചും-വിവാദങ്ങൾക്കിടയാക്കുന്നത് ആദ്യമൊന്നുമല്ലെങ്കിലും, സമാധാനത്തെപ്പറ്റിയുള്ള അടിസ്ഥാനധാരണയിൽ തന്നെ പിഴച്ചോ എന്ന സംശയം നിസ്സാരമായി തള്ളേണ്ടതല്ലല്ലോ. വെനിസ്വേലയിലെ പ്രമുഖ ജനാധിപത്യ പ്രവർത്തകയാണ് മറിയ മച്ചാദോ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ജനാധിപത്യ പ്രവർത്തനത്തെ പുറംകരാർ പണിയാക്കുന്നത് എങ്ങനെ അന്തിമമായി സമാധാനത്തെയോ ജനാധിപത്യത്തെതന്നെയോ സഹായിക്കുമെന്ന ചോദ്യമുണ്ട്. സോഷ്യലിസ്റ്റ് ഏകാധിപതിയായ നികളസ് മദുറോക്കെതിരെ പ്രതിപക്ഷത്തെ ഒരുമിച്ച് അണിനിരത്തുന്നതിൽ മറിയ വിജയിച്ചിട്ടുണ്ട്. കുറേകാലം ഒളിവിൽ കഴിയേണ്ടിവന്നിട്ടുമുണ്ട്. അതേസമയം, അമേരിക്കയുടെ ഇടപെടലിനെ അവർ സ്വാഗതം ചെയ്തു; ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് പരസ്യമായി സഹായം തേടിയിട്ടുണ്ട്. സോഷ്യലിസ്റ്റ് ഏകാധിപത്യത്തിന് ബദലായി അവർ തേടുന്നത് മുതലാളിത്ത സാമ്രാജ്യത്വമാണ് എന്ന വിമർശനവും അടിസ്ഥാനരഹിതമല്ല. ശക്തിയുപയോഗിച്ച് എതിരാളികളെ അടിച്ചമർത്തുന്നത് ജനാധിപത്യ പ്രവർത്തനമാകില്ല എന്നതുപോലെ, നീതി സമാധാനത്തിന്റെ മുന്നുപാധിയാണെന്നും മറിയക്ക് ബോധ്യപ്പെട്ടതായി തോന്നുന്നില്ല. സമാധാനത്തിന് വർത്തമാനകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ഫലസ്തീൻ പ്രശ്നത്തിൽ അവരുടെ നിലപാട് വംശീയവും സമാധാനവിരുദ്ധവുമാണ്. തികഞ്ഞ ഇസ്രായേൽ പക്ഷപാതിയായ അവർ, തനിക്ക് അധികാരം കിട്ടിയാൽ വെനിസ്വേലൻ എംബസി ജറൂസലമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
സമാധാന പരിശ്രമങ്ങൾ, നിരായുധീകരണ പ്രവർത്തനം, അന്താരാഷ്ട്ര സംഘാടനം എന്നിവയാണ് സമാധാന നൊബേലിന്റെ മൂന്ന് യോഗ്യതാ മാനദണ്ഡങ്ങൾ. അത് തത്ത്വം. കംബോഡിയയിൽ ബോംബിട്ടുകൊണ്ടിരിക്കെ ഇതേ സമ്മാനം നേടിയ ഹെന്റി കിസിഞ്ജറും ഡ്രോൺ യുദ്ധങ്ങൾ വ്യാപകമാക്കിയിട്ടും അത് നേടിയ ബറാക് ഒബാമയുമെല്ലാം പറഞ്ഞുതരുന്നത് നൊബേൽ സമാധാനക്കമ്മിറ്റിയുടെ സമാധാനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിനെപ്പറ്റിയാണ്. പാശ്ചാത്യ കാഴ്ചപ്പാടുമായി ചേരുന്നവർക്കാണ്, നൊബേൽ സമ്മാനങ്ങളിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയമാനമുള്ള ഇനമായ സമാധാന പുരസ്കാരം പൊതുവെ നൽകിപ്പോന്നിട്ടുള്ളത്. സമാധാനത്തിനുവേണ്ടി ഏറ്റവും കൂടുതൽ ആത്മാർഥശ്രമം നടത്തുന്ന വ്യക്തികളും സംഘങ്ങളും ഈ ചായ്വനുസരിച്ച് അവഗണിക്കപ്പെടാറാണ് പതിവ്. അതുകൊണ്ടുതന്നെയാണ് ട്രംപിന് കൊടുക്കാനാകാതെ പോയ സമ്മാനം ‘സമാധാന’ക്കാര്യത്തിൽ അദ്ദേഹത്തോട് പൂർണമായി യോജിക്കുന്ന മറ്റൊരാൾക്ക് കൊടുത്തത്. ഇവിടെ വിലയില്ലാതാകുന്നത് സമാധാനമടക്കമുള്ള മൂല്യങ്ങൾക്കും അവക്കുവേണ്ടി സമർപ്പിത പ്രവർത്തനം നടത്തുന്ന ഒട്ടനേകം വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമാണ്. പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രഡ് നൊബേലിന്റെ ലക്ഷ്യംകൂടി വഞ്ചിക്കപ്പെടുകയാണ്.
മെറിയ മച്ചാദോ നടത്തുന്ന ജനാധിപത്യ പ്രവർത്തനങ്ങൾ സദുദ്ദേശ്യത്തോടെയാണെങ്കിൽ പോലും, സമാധാനത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ജനാധിപത്യമല്ല, നീതിയാണ്. നീതിയോടുള്ള മറിയയുടെയും നൊബേൽ കമ്മിറ്റിയുടെയും സമീപനം അന്യൂനമല്ലതാനും. ഇസ്രായേലിലെ വംശീയ പാർട്ടിയായ ലിക്കുഡിനോടുള്ള മറിയയുടെ പ്രതിബദ്ധത ജനാധിപത്യത്തിന്റെയോ നീതിയുടെയോ അടിസ്ഥാനത്തിൽ ന്യായീകരിക്കപ്പെടില്ല. ഇക്കൊല്ലം അവർ പങ്കെടുത്ത യൂറോപ്യൻ ഫാഷിസ്റ്റുകളുടെ ഒരു കോൺഫറൻസിൽ (അതിൽ വംശവെറിയന്മാരായ ഗീർട്ട് വിൽഡേഴ്സ്, മാരീലെ പെൻ തുടങ്ങിയവരുമുണ്ടായിരുന്നു) പ്രധാനമായി ഉയർന്നത് 1500 കളിൽ നടന്ന സ്പാനിഷ് വംശഹത്യപോലുള്ളതിനായുള്ള ആഹ്വാനമായിരുന്നു. സ്വദേശത്ത് ജനാധിപത്യം പറയുകയും വിദേശങ്ങളിലെ എല്ലാതരം വംശവെറിയന്മാർക്കും പിന്തുണ നൽകുകയും ചെയ്യുന്നതാണ് സമാധാന പ്രവർത്തനമെങ്കിൽ മറിയ മച്ചാദോക്ക് പുരസ്കാരത്തിന് അർഹതയുണ്ട്. യിത് സാക് റബീൻ, ഷീമോൻ പെരസ് തുടങ്ങിയ തീവ്രസയണിസ്റ്റുകൾക്കും അത് നൽകിയിട്ടുണ്ടല്ലോ. എന്നാൽ, പുരസ്കാരം അർഹതകൊണ്ടുതന്നെ നേടിയ നെൽസൺ മണ്ടേല, മാർട്ടിൻ ലൂതർകിങ് ജൂനിയർപോലുള്ള മനുഷ്യസ്നേഹികളോട് ചെയ്യുന്ന അന്യായം കൂടിയാണത്. സമാധാന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമാകേണ്ട സമ്മാനം ഇത്ര തരംതാഴ്ന്നുപോയത് സങ്കടകരം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.