തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങൾക്കപ്പുറം രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടേണ്ട ഘട്ടമെത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയും, നിയമനിർമാണ സഭകൾ, ഭരണ നിർവഹണ സംവിധാനങ്ങൾ, നീതിന്യായ വ്യവസ്ഥിതി തുടങ്ങിയവ തമ്മിലുള്ള അധികാര സന്തുലനവും ഭീഷണി നേരിടുന്നതിന്റെ ശക്തമായ അടയാളമാണ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നത്. ലക്ഷണങ്ങൾ അനിഷേധ്യമാണ്. രാജ്യസ്നേഹികളായ രാഷ്ട്രീയക്കാരും പൊതുസമൂഹവും ജുഡീഷ്യറിയും നിർണായകമായ ഇടപെടൽ നടത്തേണ്ട സമയമായിരിക്കുന്നു എന്നാണ് അവ സൂചിപ്പിക്കുന്നത്. അടുത്തകാലത്തെ വിവിധ തെരഞ്ഞെടുപ്പുകൾ ഉയർത്തിയ ഗൗരവപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിൽ ഇലക്ഷൻ കമീഷൻ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട പിഴവുകളല്ല, വ്യവസ്ഥാപിതമായ കൈകടത്തലുകൾതന്നെ വോട്ടർപട്ടികയിലും വോട്ടിങ്ങിലും വോട്ടെണ്ണലിലുമെല്ലാം പൊതുശ്രദ്ധയിൽ വന്നിട്ടുണ്ട്. പലതവണ ചൂണ്ടിക്കാട്ടപ്പെട്ടപോലെ, ലോക്സഭ പ്രതിപക്ഷ നേതാവ് രണ്ട് വാർത്താസമ്മേളനങ്ങളിലായി വിവരിച്ച കൃത്രിമങ്ങൾക്ക് തൃപ്തികരമായ മറുപടിയോ വിശദീകരണമോ അധികാരികൾ ഇതുവരെ നൽകിയിട്ടില്ല. സർക്കാർ നിയമിക്കുന്ന ഇലക്ഷൻ കമീഷൻ സുതാര്യതയില്ലാതെ, അഴിമതിക്ക് ധാരാളം പഴുത് ബാക്കിവെച്ച്, ആരോപണങ്ങൾ കൂസാതെ, പരാതികൾ പരിഗണിക്കാതെ പ്രവർത്തിക്കുമ്പോൾ എന്തെല്ലാം സംഭവിക്കാമോ അതൊക്കെ സംഭവിക്കുന്നുണ്ടെന്നുവേണം കരുതാൻ. ജനങ്ങളെയും പ്രതിപക്ഷകക്ഷികളെയും ഇരുട്ടിലാക്കി, വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് നടത്തേണ്ട ഒന്നാണോ തെരഞ്ഞെടുപ്പ് എന്ന ചോദ്യം ഉറക്കെതന്നെ മുഴങ്ങേണ്ട സമയമായി.
ഭരണഘടന 324ാം വകുപ്പനുസരിച്ച്, ‘‘സ്വതന്ത്രമായും നീതിപൂർവകമായും’’ തെരഞ്ഞെടുപ്പ് നടത്തേണ്ട ചുമതലയാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്. നടപ്പുരീതി അങ്ങനെയല്ല എന്നത് വെറുതെ പറയുന്ന ആരോപണമല്ല. വോട്ടർപട്ടികയിലെ പ്രശ്നങ്ങൾ ഉദാഹരണം. മഹാരാഷ്ട്രയിൽ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 35 ശതമാനം സീറ്റ് മാത്രം നേടിയ ബി.ജെ.പി സഖ്യം, അഞ്ചുമാസം കഴിഞ്ഞ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 82 ശതമാനം സീറ്റ് നേടി. ജൂൺമുതൽ ഒക്ടോബർവരെയുള്ള ഈ അഞ്ചു മാസത്തിനുള്ളിൽ വോട്ടർപട്ടിക അസ്വാഭാവികമായ രീതിയിൽ ചീർത്തു. ജനസംഖ്യാ വളർച്ചയെ പലമടങ്ങ് കവച്ചുവെച്ച് 40 ലക്ഷത്തിലേറെ വോട്ടർമാർ പട്ടികയിൽ കയറിക്കൂടി. മറുപുറത്ത്, യഥാർഥ വോട്ടർമാരെ കൂട്ടമായി ഒഴിവാക്കിയ സംഭവങ്ങളുമുണ്ടായി. കർണാടക, കേരളം, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പശ്ചിമബംഗാൾ തുടങ്ങി അനേകം സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടത്രെ. ബിഹാറിൽ ഇത് ഗണ്യമായ തോതിൽ നടന്നതായാണ് നിഗമനം. ഒരൊറ്റ മണ്ഡലത്തിൽ 80,000 വോട്ടർമാരെ (എല്ലാം ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാൻ സാധ്യതയുള്ള വിഭാഗക്കാർ) നീക്കംചെയ്യാൻ പലതവണ ശ്രമങ്ങൾ നടന്നപ്പോൾ ഇലക്ഷൻ കമീഷനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. രാജ്യമെമ്പാടും ബി.ജെ.പി വിരുദ്ധ വോട്ടർമാരെ ഒഴിവാക്കിയതായി 2018ലെ ഒരു പഠനം സൂചിപ്പിച്ചു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും കൂട്ട ഒഴിവാക്കൽ നടന്നതിനെപ്പറ്റി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജിയെത്തി. വ്യാജവോട്ടർമാരുടെ പെരുപ്പം വോട്ടർപട്ടികയെ ലോകത്തിനുമുന്നിൽ പരിഹാസ്യമാക്കിയിട്ടുണ്ട്. പ്രത്യേക തീവ്രപരിശോധന (എസ്.ഐ.ആർ) എന്ന പേരിൽ നടക്കുന്നത് എന്താണെന്ന് ഒരു വ്യക്തതയുമില്ല. പട്ടിക ശുദ്ധീകരിക്കാനെന്നു പറഞ്ഞ് നടക്കുന്നത്, കൂടുതൽ കലർപ്പ് ചേർക്കലാണ് എന്ന ആരോപണം തള്ളിക്കളയാനാവില്ല. ബിഹാറിൽ വോട്ടർപട്ടികയിൽ പേരുചേർക്കാൻ 17 ലക്ഷത്തിൽ കുറവ് അപേക്ഷകളാണ് ഉണ്ടായിരുന്നതെങ്കിൽ അന്തിമ വോട്ടർപട്ടികയിൽ പുതുതായി ചേർത്തത് 21 ലക്ഷത്തിലേറെ വോട്ടർമാരെ. ഈ അഞ്ചുലക്ഷം എവിടെനിന്ന് വന്നു എന്ന് വിശദീകരണമില്ല.
വോട്ടിങ് പ്രക്രിയയിലുമുണ്ട് പ്രശ്നങ്ങൾ- വോട്ടർമാരെ തടയലും ഭീഷണിപ്പെടുത്തലും മറ്റും. വോട്ടെണ്ണലിൽ കണക്കുകൾ പൊരുത്തപ്പെടാത്ത സംഭവങ്ങളേറെ. ചുരുക്കത്തിൽ, ഭരണഘടന ആവശ്യപ്പെടുന്നതരത്തിൽ ഭരണകൂട സ്വാധീനത്തിൽനിന്ന് സ്വതന്ത്രമായ തെരഞ്ഞെടുപ്പല്ല നടന്നുവരുന്നത് എന്നതിന് ഉദാഹരണങ്ങൾ വളരെയേറെയാണ്. ഇലക്ഷൻ കമീഷന്റെ നിയമനരീതിയിൽ തുടങ്ങുന്നു സർക്കാർ വിധേയത്വം. സുതാര്യതയില്ലായ്മ തെരഞ്ഞെടുപ്പിന്റെ പര്യായമായിരിക്കുന്നു. ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടിങ്ങിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരാതിക്കാരനായ മഹ്മൂദ് പ്രാചക്ക് ലഭ്യമാക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി 2024 ഡിസംബറിൽ ഉത്തരവിട്ടപ്പോൾ അത് കമീഷൻ അനുസരിച്ചില്ല. ദിവസങ്ങൾക്കകം ഇലക്ഷൻ രേഖകൾ പുറമേക്ക് ലഭ്യമാകാതിരിക്കാനായി മോദി സർക്കാർ ഇലക്ഷൻ നിയമം (1961) മാറ്റി. തുടർന്ന് വന്നു, ഇലക്ഷൻ കമീഷന്റെ മറ്റൊരു തീരുമാനം- അത്തരം രേഖകൾ 45 ദിവസത്തിനുള്ളിൽ നശിപ്പിക്കണമെന്ന്.
തീവ്രപരിശോധനയും ശുദ്ധീകരണവും ഇപ്പോൾ ആവശ്യമായിട്ടുള്ളത് വോട്ടർപട്ടികക്കല്ല, തെരഞ്ഞെടുപ്പ് സംവിധാനത്തിനാണ്. ഇലക്ഷൻ കമീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ സർക്കാറിന്റെ വകുപ്പാക്കി ഫലത്തിൽ മാറ്റിയ നിയമനരീതിക്കെതിരെ സുപ്രീംകോടതിയിൽ 2024ൽ പരാതി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. വേറെയും പരാതികളുണ്ട് കോടതികളിൽ. അതിനുശേഷം എത്ര തെരഞ്ഞെടുപ്പുകൾ നടന്നു! ഇനിയും വരാനിരിക്കുന്നു. രണ്ടുവർഷത്തോളമായിട്ടും കോടതിക്കുപോലും മർമപ്രധാനമായ ഒരു ഹരജി പരിഗണിക്കാൻ കഴിയാത്തത് ഖേദകരമാണ്- ആപൽക്കരവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.