ഫെഡറൽ അട്ടിമറി തുടരുന്ന മോദി സർക്കാർ




പ്രധാന അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പി​െൻറ അങ്കത്തട്ടിലിരിക്കുമ്പോഴും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനും ഫെഡറലിസത്തെ അട്ടിമറിക്കാനുമുള്ള മോദി സർക്കാരിന്‍റെ ത്വരക്ക് ഒരു കുറവുമുണ്ടാകുന്നില്ല. ഓരോ നിയമനിർമാണങ്ങളിലും ചട്ട ഭേദഗതികളിലും അധികാരം മുഴുവൻ ന്യൂഡൽഹിയിലേക്ക് കേന്ദ്രീകരിക്കാനുള്ള അശ്രാന്ത ശ്രമം ആരെയും അത്ഭുതപ്പെടുത്തും. നികുതി ഏകീകരണമെന്ന ഭാവനാത്മകമായ സാമ്പത്തിക നയം ജി.എസ്.ടിയായി രൂപാന്തരപ്പെട്ടപ്പോൾ സംഭവിച്ചത്, സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശവും ഭദ്രതയും കേന്ദ്രത്തിന്‍റെ ദാക്ഷിണ്യത്തിന് അടിമപ്പെട്ടു എന്നതു മാത്രമാണ്. സഹകരണ മേഖലയിലെ ഭേദഗതി, ബാങ്കിങ് നിയന്ത്രണ ഭേദഗതി, എൻ.ഐ.എ നിയമ ഭേദഗതി തുടങ്ങി സമീപകാലത്ത് വേവിച്ചെടുത്തതും വെന്തുകൊണ്ടിരിക്കുന്നതുമായ ഒട്ടുമിക്ക നിയമ, ചട്ട നിർമാണങ്ങളും ഫെഡറൽവിരുദ്ധതയിൽ കോർത്തെടുത്തതാണ്. ഇപ്പോൾ ഇതാ ഐ.എ.എസ് (കേഡർ) ചട്ടങ്ങളിലെ റൂൾ 6 ഭേദഗതിചെയ്യാനും തീരുമാനിച്ചിരിക്കുന്നു. ജനുവരി 25നു മുമ്പ്​ എല്ലാ സംസ്ഥാനങ്ങളിൽനിന്നും പ്രതികരണം തേടിയ കേന്ദ്രത്തിന്‍റെ കത്തിൽ ഭേദഗതി പെ​െട്ടന്നു നടപ്പാക്കുമെന്ന സൂചനയുണ്ട്.

കോളനി തുടർച്ചയാ​െണങ്കിലും, വിഭജനത്തെത്തുടർന്ന് രാഷ്ട്രത്തെ ഒരുമിച്ചു നിർത്താനുള്ള ഭരണഘടന നിർമാണസഭയുടെ ആഗ്രഹത്തിൽനിന്നാണ് ഇന്ത്യയുടെ കേന്ദ്രീകരണ/ഫെഡറൽ സ്വഭാവം ഉരുത്തിരിഞ്ഞതെന്ന് പലപ്പോഴും വാദിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് പരിമിതമായ കേന്ദ്രാധികാരവും സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യതയുള്ള കൺകറന്‍റ് ലിസ്റ്റും വിപുലമായ സംസ്ഥാന അധികാരവുമുള്ള ഭരണസംവിധാനമുണ്ടായത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥ സംവിധാനമായ ഇന്ത്യൻ സിവിൽ സർവിസിന്‍റെ അധികാര വിതരണത്തിലും കേന്ദ്ര, സംസ്ഥാന അധികാരങ്ങൾ സമന്വയിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, മോദി സർക്കാർ കൊണ്ടുവരുന്ന ഐ.എ.എസ് (കേഡർ) ചട്ടങ്ങളിലെ റൂൾ 6 ഭേദഗതി സംസ്ഥാന സർക്കാറിന്‍റെ അധികാരങ്ങൾ കവരുന്നതും കേന്ദ്രത്തിന്‍റെ അമിതാധികാരം ഉറപ്പുവരുത്തുന്നതുമാണ്. നിർദേശിക്കപ്പെട്ട നാല് ഭേദഗതികൾ പ്രകാരം, സംസ്ഥാനവുമായി കൂടിയാലോചിച്ച് കേന്ദ്രസർക്കാറിലേക്ക് ഡെപ്യൂട്ടേഷൻ ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം തീരുമാനിക്കുക കേന്ദ്രമാണ്. സംസ്ഥാനങ്ങൾ കേന്ദ്ര ഡെപ്യൂട്ടേഷൻ റിസർവ് ലിസ്റ്റ് എല്ലാ വർഷവും നിർബന്ധമായി നൽകണം. അതിൽനിന്ന് കേന്ദ്രം ആവശ്യപ്പെടുന്നവരെ വിട്ടുനൽകാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. കൂടാതെ, 'പൊതുജന താൽപര്യാർഥം'ഏത് കേഡറിലുള്ള ഉദ്യോഗസ്ഥരുടെയും സേവനം സവിശേഷ സാഹചര്യങ്ങളിൽ ആവശ്യപ്പെടാനുള്ള അധികാരം കേന്ദ്ര സർക്കാറിനുണ്ടായിരിക്കും. ഇനി, കേന്ദ്രവും സംസ്ഥാനവും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ, തീർപ്പ് കൽപിക്കുക കേന്ദ്രസർക്കാരാണ്. ആ തീരുമാനങ്ങൾ സംസ്ഥാനം 'നിർദിഷ്‌ട സമയ'ത്തിനുള്ളിൽ പ്രാബല്യത്തിൽ വരുത്തേണ്ടതുമാണ്.

കാര്യങ്ങൾ സുവ്യക്തമാണ്. ഈ ഭേദഗതിയിലൂടെ ഐ.എ.എസ്, ഐ.പി.എസ് നിയന്ത്രണം പൂർണമായി കേന്ദ്രത്തിലേക്കെടുക്കുകയാണ്​ ലക്ഷ്യം. ഉദ്യോഗസ്ഥരെ കേന്ദ്രത്തിന് വഴങ്ങാൻ നിർബന്ധിതരാക്കുക, അവരുടെ സ്ഥലംമാറ്റവും ചുമതലമാറ്റങ്ങളും കേന്ദ്രത്തിന് വിധേയമാക്കുക എന്നിവയിലൂടെ സംസ്ഥാനങ്ങളുടെമേലുള്ള ഉദ്യോഗസ്ഥ പിടിമുറുക്കൽ ശക്തമാക്കാനാകുമെന്നാണ് മോദി സർക്കാറിന്‍റെ അതിമോഹം. കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പ് കാലത്ത്, പ്രധാനമന്ത്രി നിലമറന്ന്​ രാഷ്ട്രീയ ഗുസ്തിക്ക് ശ്രമിച്ച് മമത ബാനർജിയുടെയും ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ദോപാധ്യായയുടെയും മുന്നിൽ നാണംകെട്ടത​ുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഈ ഭേദഗതിയിലൂടെ ആശിക്കുന്നുണ്ട്. പ്രധാന പ്രതിപക്ഷ സംസ്ഥാനങ്ങൾ ഈ ഭേദഗതിക്ക് എതിരാണ്. പല ബി.ജെ.പി സംസ്ഥാനങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, അതുകൊണ്ടുമാത്രം ഈ ഭേദഗതിയിൽനിന്ന് സർക്കാർ പിന്മാറാൻ സാധ്യതയില്ല. ശക്തമായ പ്രതിഷേധം സംസ്ഥാനങ്ങളിൽനിന്ന് രൂപപ്പെടേണ്ടിയിരിക്കുന്നു. മമത ബാനർജി തുടങ്ങിവെച്ചത് മറ്റുള്ളവരും ഏ​െറ്റടുക്കണം. വികേന്ദ്രീകൃതമായ ഒരു ജനാധിപത്യവ്യവസ്ഥയ്ക്ക് അനുവാര്യമാണത്.

ഡൽഹിയിലെ അധികാരകേന്ദ്രങ്ങൾക്ക് അതിരുകവിഞ്ഞ അപ്രമാദിത്വമില്ലാത്ത ഘടനയാണ് നമ്മുടെ രാജ്യത്തിനാവശ്യം. അധികാരം ജനങ്ങളോട്, അവരുടെ ദേശത്തോട് കൂടുതൽ ചേർന്നു നിൽക്കുന്ന വികേന്ദ്രീകൃതമായ സാമൂഹിക സാഹചര്യമാണുണ്ടാകേണ്ടത്. നമ്മുടെ ഭരണഘടന വിഭാവന ചെയ്തിട്ടുള്ള സഹകരണ ഫെഡറൽ സംവിധാനത്തിന്‍റെ ആത്മാവാണത്. അതിന്‍റെ കടക്കലാണ് മോദി സർക്കാർ ഏഴു വർഷത്തിലധികമായി കത്തിവെച്ചുകൊണ്ടിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിന്‍റെ സത്ത അട്ടിമറിക്കപ്പെടുന്ന ഈ നിയമ ഭേദഗതിയെ കുറിച്ച് പ്രകാശ് അംബേദ്കർ നൽകുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണ്. ''ഈ മാറ്റങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്നത് ആർ.എസ്.എസിന്‍റെ ഗുപ്തമായ അജണ്ടകളാണ്. ഈ ഭേദഗതികൾ എതിരില്ലാതെ നടപ്പായാൽ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ കലഹങ്ങൾക്കപ്പുറം വലിയ സാമൂഹിക പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുക''.

Tags:    
News Summary - jan 21st editorial on center's move against federalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.