എരിയുന്ന വയറിലെ തീ തന്നെ പ്രശ്നം

ജ നാധിപത്യം, പൗരാവകാശം, മാധ്യമസ്വാതന്ത്ര്യം എന്നിവയുടെ തോത് തിട്ടപ്പെടുത്തി ഈയടുത്ത കാലങ്ങളിൽ പുറത്തുവന്ന ഓരോ ആഗോള റിപ്പോർട്ടിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ സ്ഥാനം പാതാളത്തോളം താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള പട്ടിണി സൂചികയുടെ കാര്യത്തിലും മറുത്തൊന്നും സംഭവിച്ചില്ല. 121 രാജ്യങ്ങളുടെ കണക്കെടുത്ത പട്ടികയിൽ 107ാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യ.

പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാമുരടിപ്പ് എന്നീ നാലു സൂചകങ്ങള്‍ ആധാരമാക്കിയാണ് ആഗോള പട്ടിണി സൂചിക തയാറാക്കുന്നത്. ശരീരശോഷണത്തിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് രാജ്യമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവിധ വികസന ഘടകങ്ങൾ പ്രകാരം ഇന്ത്യയേക്കാൾ പിന്നാക്കമായ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയവരെല്ലാം നമ്മേക്കാൾ ഭേദപ്പെട്ട സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ യുദ്ധം തകർത്തെറിഞ്ഞ അഫ്ഗാനിസ്താൻ മാത്രമാണ് ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യക്കു പിറകിലുള്ളത്. 109ാം സ്ഥാനത്താണവർ.

തുടക്കത്തിൽ പറഞ്ഞ റിപ്പോർട്ടുകളോട് പുലർത്തിയതിന് സമാനമായ പ്രതികരണമാണ് പട്ടിണി സൂചിക പുറത്തുവന്നപ്പോഴും കേന്ദ്ര സർക്കാർ ആവർത്തിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ ബോധപൂർവം അവഗണിച്ച പഠനത്തിന്റെ രീതിശാസ്ത്രത്തിൽ ഗുരുതര പ്രശ്നങ്ങളുണ്ടെന്നും ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നുമാണ് കേന്ദ്ര വനിത-ശിശുവികസന മന്ത്രാലയം വിലയിരുത്തിയത്.

തെറ്റായ വിവരങ്ങൾ വർഷാവർഷമിറങ്ങുന്ന പട്ടികയുടെ മുഖമുദ്രയായിരിക്കുകയാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. 116 രാജ്യങ്ങളെ വിശകലനംചെയ്ത പട്ടികയിൽ 101ാം സ്ഥാനം ലഭിച്ച കഴിഞ്ഞ വർഷവും ഇന്ത്യ ആഗോള പട്ടിണി സൂചിക അംഗീകരിച്ചിരുന്നില്ല.

രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ നിരുത്തരവാദപരമായ റിപ്പോർട്ട് പുറത്തിറക്കിയവർക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് സാമ്പത്തിക-വാണിജ്യ വിഷയങ്ങളിൽ ബി.ജെ.പിക്ക് ഉപദേശ-നിർദേശങ്ങൾ നൽകുന്ന സംഘ്പരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും ആവശ്യപ്പെട്ടിരിക്കുന്നു.

പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നും മതന്യൂന പക്ഷങ്ങൾ വേട്ടയാടപ്പെടുന്നുവെന്നും തുറന്നുപറയുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തി വേട്ടയാടുന്നതുപോലെ, ലോകരാജ്യങ്ങൾ അംഗീകരിച്ചുപോരുന്ന റിപ്പോർട്ടിനെ രാജ്യത്തെ താറടിക്കാനുള്ള ശ്രമമെന്നുവിളിച്ച് അവഗണിച്ചുതള്ളിയാൽ തീരുന്നതാണോ രാജ്യത്തെ പട്ടിണിയും പോഷകാഹാരക്കുറവും?

പട്ടിക തയാറാക്കാൻ വിശകലനവിധേയമാക്കുന്ന മൂന്നു ഘടകങ്ങൾ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടവയാണെന്നും രാജ്യത്തെ മുഴുവൻ ജനതയെയും പ്രതിനിധാനം ചെയ്യുന്നില്ലെന്നും സർക്കാർ പറഞ്ഞുവെക്കുന്നു. എങ്കിലെന്ത്? അതിനിർണായകമല്ലേ കുഞ്ഞുങ്ങളുടെ ആരോഗ്യം? അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യം അവരുടെ മാതാക്കളുടെ ഗർഭ-മുലയൂട്ടൽ കാലവുമായി ബന്ധപ്പെട്ടുനിൽക്കുന്നുവെന്ന് വനിത-ശിശുവികസന മന്ത്രാലയത്തിലെ നിലയവിദ്വാന്മാർക്ക് അറിയില്ലെന്ന് കരുതാൻ നിർവാഹമില്ല. കണ്ണുതുറിച്ച്, കവിളൊട്ടിനിൽക്കുന്ന ഇന്ത്യൻ യാഥാർഥ്യമാണിത്.

കൃഷി, ചെറുകിട വ്യാപാരം, കൈത്തറി-കരകൗശല രംഗം തുടങ്ങി ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യർ അഷ്ടിക്കു വക കണ്ടെത്തിപ്പോന്നിരുന്ന സകല മേഖലകളെയും തകർക്കുന്ന നയങ്ങളും നിലപാടുകളും അടിക്കടി നടപ്പാക്കിപ്പോരുന്നവർതന്നെയാണ് ഈ പട്ടിണിദുരിതങ്ങളുടെ മൂലകാരണം. ദാരിദ്ര്യത്തിനു നടുവിലും രാജ്യത്തെ പട്ടിണിയിൽനിന്ന് കാത്തുപോന്ന പൊതുവിതരണ സമ്പ്രദായത്തിന്റെ താളംതെറ്റിക്കുകയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ അനന്തരഫലംകൂടിയാണിത്.

കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനും സ്കൂളിലെ കൊഴിഞ്ഞുപോക്ക് തടയാനും ലക്ഷ്യമിട്ട് നടപ്പാക്കിയ ദേശീയ ഉച്ചഭക്ഷണ പദ്ധതിയെയും ഭക്ഷ്യധാന്യങ്ങളും ഫണ്ടും അനുവദിക്കാതെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചെലവുകുറഞ്ഞ പോഷകാഹാരസ്രോതസ്സായ മാട്ടിറച്ചിയുടെ ആഭ്യന്തര വിൽപനയും ഉപയോഗവും ഭീകരപ്രവർത്തനം എന്ന മട്ടിൽ ചിത്രീകരിച്ച് സർക്കാർ പിന്തുണയുള്ള വർഗീയാതിക്രമകാരികൾ തടയുന്നു.

സൂചിക പട്ടികകൾ പുറത്തുവരുമ്പോൾ നടത്തുന്ന സമൂഹമാധ്യമ പ്രതികരണത്തിനപ്പുറം വിശപ്പിനെ ഒരു രാഷ്ട്രീയപ്രശ്നമോ തെരഞ്ഞെടുപ്പ് വിഷയമോ ആയി സംബോധന ചെയ്യാൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവരുന്നില്ല എന്നത് ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് ഉത്തരം നൽകാതെ ഒളിച്ചോടാൻ ഭരണകൂടത്തിന് സൗകര്യമൊരുക്കുന്നു.

അന്താരാഷ്ട്ര ഗൂഢാലോചനയെന്നും സന്നദ്ധ സംഘടനകളുടെ തന്ത്രമെന്നും പറഞ്ഞ് പട്ടിണിക്കണക്കിനെ മൂടിവെക്കുന്നത് ഇനിയും സമ്മതിച്ചുകൊടുക്കാനാവില്ല. ഭരണകൂട വക്താക്കൾ ആരോപിക്കുന്നതുപോലെ കണക്കെടുപ്പിന്റെ രീതിശാസ്ത്രങ്ങളിൽ അശാസ്ത്രീയതയുണ്ടെന്ന് വാദത്തിനുവേണ്ടി സമ്മതിക്കാം. അങ്ങനെയെങ്കിൽ, ലോകസമ്പന്നരിൽ രണ്ടാം സ്ഥാനക്കാരൻ ജീവിക്കുന്ന ഇതേ രാജ്യത്ത് എത്ര പേർക്ക് ദിവസം രണ്ടു നേരമെങ്കിലും വയർ നിറച്ചുണ്ണാൻ കഴിയുന്നുണ്ടെന്നത് സംബന്ധിച്ച സത്യസന്ധമായ കണക്ക് പറയാൻ സർക്കാർ തയാറാകുമോ?

Tags:    
News Summary - india's rank in Global Hunger Index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.