വോട്ട് നേട്ടത്തിന് വീണ്ടും മതധ്രുവീകരണം

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ നിലവറ ഹിന്ദുക്കൾക്ക് പൂജക്കായി ഒരാഴ്ചക്കകം തുറന്നുകൊടുക്കാനുള്ള ജില്ല കോടതിയുടെ ഉത്തരവും അത് മണിക്കൂറുകൾക്കകം നടപ്പാക്കിയ തൽപരകക്ഷികളുടെ നടപടിയും അമ്പരപ്പിക്കുന്നതോ അപ്രതീക്ഷിതമോ അല്ല. പൂജ അനുവദിച്ച വിധിക്ക്​ ഇടക്കാല സ്​റ്റേ ആവശ്യപ്പെട്ട്​ മസ്​ജിദ്​ ഭരണസമിതി അലഹബാദ്​ ഹൈകോടതിയെ സമീപിച്ചെങ്കിലും ഇന്നലെ അതും​​ നിരാകരിക്കപ്പെട്ടു.

പതിറ്റാണ്ട് കാലമായി രാജ്യം ഭരിക്കുന്ന ഹിന്ദുത്വശക്തികൾ മൂന്നാമൂഴം ഉറപ്പിക്കാനുള്ള തീവ്രയത്നത്തിലേർപ്പെട്ടിരിക്കെ ലക്ഷ്യസാക്ഷാത്കാരത്തിന് എന്ത്​ അടവും പ്രയോഗിക്കുമെന്നും ഭരണഘടനയോ ജുഡീഷ്യറിയോ അതിനു തടസ്സമാവില്ലെന്ന് ഉറപ്പുവരുത്തുമെന്നും മതേതര ജനാധിപത്യ സമൂഹം നേരത്തേ മനസ്സിലാക്കിയിരുന്നതാണ്. പോയ പത്തുവർഷക്കാലവും നരേന്ദ്ര മോദി സർക്കാറും പശ്ചാത്തല ശക്തികളും ഭൂരിപക്ഷ സമുദായത്തിന്റെ ലോലവികാരങ്ങളെ പരമാവധി ഇളക്കിയും മതന്യൂനപക്ഷങ്ങളെ ആകാവുന്നേടത്തോളം ചകിതരാക്കിയുമാണ് പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്ര സ്വപ്നസാക്ഷാത്കാരത്തിന് പ്രയത്നിച്ചുവരുന്നത്​.

ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യവും ജയ് ശ്രീറാം ആക്രോശങ്ങളുമായി നാടിളക്കുകയും കാടിളക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോഴൊക്കെ മഹാത്മാഗാന്ധി സ്വപ്നംകണ്ട രാമരാജ്യത്തിന്റെ നിർമിതിയായിരുന്നില്ല, ആ മഹാന്റെ വിരിമാറിൽ വെടിയുണ്ട പായിച്ചവരുടെ കൊടുംക്രൂര മനസ്സാണ് ഹിന്ദുത്വവാദികൾ കൊണ്ടുനടന്നതെന്ന് വ്യക്തമായിരുന്നു.

അതിനാൽ, ഭരണത്തിലേറിയാൽ രാജ്യപൗരത്വം വൈദേശിക മതങ്ങളിൽ വിശ്വസിക്കാത്തവരിൽ പരിമിതപ്പെടുത്തുമെന്നും മുസ്‍ലിം ഭൂരിപക്ഷ മേഖലയായ ജമ്മു-കശ്മീരിന്റെ ഭരണഘടനദത്തമായ പ്രത്യേക പദവി എടുത്തുകളയുമെന്നും ഭിന്നമതവിശ്വാസികളുടെ കുടുംബ നിയമങ്ങളിലെ വൈവിധ്യങ്ങൾ ഇല്ലാതാക്കി ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും അഞ്ഞൂറ് സംവത്സരങ്ങൾ പഴക്കമുള്ള ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ അതേ ഭൂമിയിൽ രാമക്ഷേത്രം പണിയുമെന്നും മറ്റെന്തിനെക്കാളും ഉച്ചത്തിലാണ് അവർ ഉദ്ഘോഷിച്ചുകൊണ്ടേയിരുന്നത്.

മതേതര ജനാധിപത്യ ഭരണഘടന മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുവരുത്തിയ വിശ്വാസ സ്വാതന്ത്ര്യത്തിനോ സാംസ്കാരിക പരിരക്ഷക്കോ ഒരു വിലയും കൽപിക്കേണ്ടതില്ലെന്ന് മോദി ഭരണകൂടം പ്രവൃത്തിപഥത്തിൽ തെളിയിച്ചു. തീവ്രവാദവും ഭീകരതയും രാജ്യദ്രോഹവും ചില പ്രത്യേക മതവിഭാഗങ്ങളിൽ മാത്രം പതിച്ചുനടത്താനുള്ള ആരോപണങ്ങളാണെന്നും അതിന്റെ പേരിൽ പിടികൂടപ്പെടുന്നവരെ വിചാരണയോ അന്തിമവിധിയോ കൂടാതെ വർഷങ്ങളോളം തടവറകളിൽ പാർപ്പിക്കുന്നത് സാധാരണ വാർത്തപോലും അല്ലാതായി. നിരപരാധികളായ പതിനായിരക്കണക്കിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മാസങ്ങളായി കശാപ്പുചെയ്തു തുടരുന്ന സയണിസ്റ്റ് രാജ്യത്തിലേക്ക് പതിനായിരം ‘കരിങ്കാലികളെ’ അയച്ചുകൊടുക്കുന്നത് രാഷ്ട്രാന്തരീയ ബഹുമതിയായി കണക്കാക്കുവോളം ഫാഷിസ്റ്റ് മനോഭാവം ഭ്രാന്തമായിരിക്കുന്നു.

ഈ പോക്ക് ന്യായമോ നീതിയോ അല്ലെന്നും ഇ.വി.എമ്മിലൂടെ ഇതിനെതിരെ പ്രതികരിക്കാതിരുന്നാൽ സ്വതന്ത്ര ജനാധിപത്യ ഇന്ത്യ എന്ന അസ്തിത്വംതന്നെ ഇന്ത്യക്ക് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി രാജ്യസ്നേഹികളുടെ പിന്തുണ നേടാൻ ശ്രമിക്കുന്ന ഒരു പ്രതിപക്ഷം ഇന്ത്യയിലുണ്ട്. ഫാഷിസ്റ്റ് സർക്കാറിനെ അധികാരഭ്രഷ്ടമാക്കാൻ പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് വഴിതുറക്കണമെന്ന് ശാഠ്യമുള്ള ദേശീയ- പ്രാദേശിക പാർട്ടികളുടെ മുന്നണിയാണ് ഇൻഡ്യ. പക്ഷേ, ഒരുവശത്ത് മുന്നണി തകർക്കാൻ സർവതന്ത്രങ്ങളും കുതന്ത്രങ്ങളും സർക്കാർ-കോർപറേറ്റ് കൂട്ടായ്മകൾ പ്രയോഗിച്ചുകൊണ്ടിരിക്കുമ്പോൾ മറുവശത്ത് സങ്കുചിത കക്ഷിരാഷ്ട്രീയ പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ അവസാന നിമിഷത്തിലും പിണങ്ങാനും സ്വന്തം വഴിനോക്കാനുമാണ് ചില പാർട്ടികളുടെ നീക്കം.

കാവിപ്പടക്ക് ഈ സ്ഥിതിവിശേഷം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 2024ലെ ഇടക്കാല ബജറ്റ് അവതരണവേളയിൽ പ്രധാനമന്ത്രിയിലൂടെയും ധനമന്ത്രിയിലൂടെയും അത് മറനീക്കി പുറത്തുവന്നു. സമഗ്ര സമ്പൂർണ ബജറ്റുമായി അടുത്ത ജൂലൈയിൽ വീണ്ടും കാണാമെന്ന് നരേന്ദ്ര മോദി ആവേശപൂർവം പറയുന്നത് അതിന്റെ സാക്ഷ്യപത്രമാണ്. അതോടൊപ്പം കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പ് വേളകളിലെന്നപോലെ ഇത്തവണയും ഭൂരിപക്ഷ സമുദായത്തെ ഉന്മാദ ദേശീയതയുടെ അതിവൈകാരികതയിലേക്ക് കൊണ്ടുപോവാനുള്ള യത്നത്തിന്റെ തുടർച്ചയാണ് രാമക്ഷേത്ര നിർമിതിയുടെ ക്രെഡിറ്റ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മോദിസർക്കാറിന് ചാർത്തിക്കൊടുത്തത്. ഒരു പ്രത്യേക മതത്തോടും അടുപ്പമോ അകൽച്ചയോ സ്റ്റേറ്റിനില്ലെന്ന് അസന്ദിഗ്ധമായി ഉദ്ഘോഷിക്കുന്ന ഭരണഘടന മുൻനിർത്തി പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ പ്രധാനമന്ത്രിയും സഹപ്രവർത്തകരുമാണ് ഒരുവിഭാഗത്തിന്റെ ആരാധനാലയ നിർമാണം സർക്കാറിന്റെ നേട്ടങ്ങളിൽ അവതരിപ്പിച്ച് പറയുന്നതെന്നോർക്കണം.

അപ്പോൾ അതിനായി ചെലവിട്ട 2000 കോടിയോ? അത് പൊതു ഖജനാവിൽനിന്നാണോ? ആണെങ്കിൽ ഭരണഘടനയുടെ നഗ്നമായ ലംഘനമല്ലേ അത്? അല്ലെങ്കിൽ അത് സർക്കാറിന്റെ തീരുമാനവും നേട്ടവുമാകുന്നതെങ്ങനെ? രാമക്ഷേത്ര നിർമാണമാർഗത്തിലെ തടസ്സം നീക്കി എന്നതാണ് വാദമെങ്കിൽ അത് ചെയ്തത് സുപ്രീംകോടതിയല്ലേ? അക്കാര്യത്തിൽ പ്രധാനമന്ത്രി പരമോന്നത കോടതിക്ക് നന്ദി രേഖപ്പെടുത്തുകപോലും ചെയ്തതല്ലേ? ഈ വക ചോദ്യങ്ങൾക്കൊന്നും ഒരു വിശദീകരണവും നൽകാതെയാണ് ഇന്നും സജീവ മുസ്‍ലിം ആരാധനാലയമായി തുടരുന്ന ഗ്യാൻവാപി മസ്ജിദിന്റെ ഒരുഭാഗം വിഗ്രഹപൂജക്ക് തുറന്നുകൊടുക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. ഇത് പള്ളി സമ്പൂർണ ധ്വംസനത്തിലേക്കും തൊട്ടടുത്ത വിശ്വനാഥക്ഷേത്രത്തിലേക്ക് കൂട്ടിച്ചേർക്കൽ പ്രക്രിയയിലേക്കും നീങ്ങുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണെന്നേ ഇന്നത്തെ സാഹചര്യത്തിൽ കരുതാനാവൂ.

Tags:    
News Summary - Gyanwapi Masjid: Religious polarization again for vote gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.