ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുനിന്ന് ഏതാണ്ട് 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അന്തമാൻ-നികോബാർ ദ്വീപുകളിൽ പെട്ട നികോബാറിൽ കേന്ദ്ര സർക്കാർ 2021ൽ തുടങ്ങിയ വികസന പദ്ധതി (ഗ്രേറ്റ് നികോബാർ പ്രോജക്ട്) ഇതിനകം സാമ്പത്തിക-ആസൂത്രണ-പരിസ്ഥിതി വിദഗ്ധരുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഇടയിൽ ചർച്ചാവിഷയമായിരിക്കുന്നു. വനനശീകരണം, തദ്ദേശീയ ഗോത്രസമൂഹങ്ങൾക്കുണ്ടാവുന്ന കിടപ്പാടനഷ്ടവും വംശനാശ ഭീഷണിയും, ദ്വീപിന്റെ ഭൂമിക്കുതന്നെ സംഭവിക്കാനിടയുള്ള താഴ്ചയും വെള്ളപ്പൊക്കവും, ജൈവവൈവിധ്യ നാശം തുടങ്ങിയ ഒട്ടേറെ അപകടങ്ങൾക്ക് ഇടവരുത്തുന്ന പദ്ധതിയാണിത് എന്നാണ് വിമർശനം.
2015ൽ നിതി ആയോഗ് മുന്നോട്ടുവെച്ച പദ്ധതിക്ക് 2021ൽ രൂപരേഖയായി. 92,000 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിവഴി ഗ്രേറ്റ് നികോബാറിനെ തന്ത്രപ്രധാനമായ സാമ്പത്തിക സമുദ്ര സഞ്ചാര ഹബ്ബായി വികസിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ആഗോള വ്യാപാരത്തിന്റെ 40 ശതമാനത്തോളം നടക്കുന്ന സുപ്രധാനമായ കിഴക്ക്-പടിഞ്ഞാറ് സമുദ്രപാതയിൽനിന്ന് 40 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള നികോബാർ ദ്വീപിന് കടൽ-വ്യോമമാർഗമുള്ള ചരക്കുനീക്കങ്ങളുടെ ട്രാൻഷിപ്‌മെൻറ് കേന്ദ്രമാകാൻ കഴിയുമെന്നും അത് വമ്പിച്ച നാവിക-വ്യവസായ സാധ്യതകളുള്ളതാണെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്. തുറമുഖം, വിമാനത്താവളം, വാതക-സൗര വൈദ്യുതി നിലയം, വിശാലമായ ടൗൺഷിപ് എന്നിവയെല്ലാമടങ്ങുന്ന പദ്ധതി പൂർത്തിയായാൽ മൂന്നുമുതൽ നാലുവരെ ലക്ഷം ജനങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുങ്ങുമെന്നും തുറമുഖത്തിലൂടെ വൻതോതിൽ ചരക്കുഗതാഗതം നടക്കുമെന്നും, പുതിയ വിമാനത്താവളത്തിലൂടെ സിവിൽ-സൈനിക നീക്കങ്ങൾക്ക് സൗകര്യമൊരുങ്ങുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.
വിശദാംശങ്ങൾ മാറ്റിവെച്ചാൽ, നികോബാർ ദ്വീപ് ഇന്ന് എന്താണോ അതല്ലാതാവുകയാവും ഫലം. നിർദിഷ്ട പദ്ധതിക്ക് ഒരു സൈനിക മുഖം കൂടിയുണ്ട്. അന്തമാൻ തലസ്ഥാനമായ പോർട്ട് ബ്ലയർ കേന്ദ്രമാക്കി മൂന്നു സൈനിക വിഭാഗങ്ങളുടെയും ഏകോപിത പ്രവർത്തനത്തിലൂടെ മുമ്പത്തേക്കാൾ കാര്യക്ഷമമായി മേഖലയിലെ നാവിക-വ്യോമ-കര സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ സാധിക്കും. പദ്ധതിയെ എതിർക്കുന്ന കേന്ദ്രങ്ങളോടുള്ള പ്രതികരണത്തിൽ ഒരു ‘ദേശവിരുദ്ധ’ മാനം ചേർക്കാനും ഈ ഘടകം ഉപകരിക്കും. അതുകൊണ്ടുതന്നെയാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രാജ്യസുരക്ഷക്കുള്ള ഒരു പദ്ധതിയെയും എതിർക്കില്ലെന്നും എന്നാൽ അതല്ല പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിന്റെ കാര്യമെന്നും ഒരിക്കൽ പറഞ്ഞത്.
പ്രശ്നം വരുന്നത് ഒരു നിർമാണത്തിനിടെ മറ്റു പലതും നഷ്ടപ്പെടുമ്പോഴാണ്. അന്തമാൻ-നികോബാർ ദ്വീപുകളിലെ തദ്ദേശീയ ഗോത്രവർഗക്കാരുടെ എണ്ണം കുറെയായി ശോഷിച്ചുവരുകയാണ്. പദ്ധതികൾ വരുമ്പോൾ ഗോത്രജനങ്ങളുടെ സംഖ്യയും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുള്ളതാണ് വനാവകാശ നിയമം പോലുള്ള നിയമങ്ങൾ. അതനുസരിച്ചുള്ള അനുമതി അവരിൽ നിന്ന് നിർബന്ധത്തിലൂടെ നേടിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിനു മുമ്പാകെ വെച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. വികസനത്തിന്റെ ബാഹ്യമോടി പ്രദർശിപ്പിക്കാനുള്ള ത്വരയിൽ അതിലൂടെ പ്രകൃതിദത്തമായ ആസ്തികളും ഭൂമിശാസ്ത്ര സവിശേഷതകളും നഷ്ടമാവുന്നത് കേന്ദ്രത്തിലെ മോദി സർക്കാറിന് പ്രശ്നമല്ല. 2004ൽ സൂനാമി സംഭവിച്ചപ്പോൾ തന്നെ നികോബാറിലെ 3500 പേർ മരണപ്പെട്ടിരുന്നു.
ഇന്നും നികോബാറികൾ, ഷോംപെൻ എന്നീ രണ്ടു പ്രധാന ഗോത്രങ്ങളുടെ സംഖ്യ കുറഞ്ഞുവരുകയാണ്. ജനിച്ചുവളർന്ന സാഹചര്യങ്ങളിൽ നിന്നുമാറി ജീവിക്കാൻ കൂട്ടാക്കാത്തവരാണ് ഗോത്രവർഗക്കാർ. ഇതിനുപുറമെയാണ് പദ്ധതി നടപ്പിലാവുമ്പോൾ അനിവാര്യമാവുന്ന പുനരധിവാസം. അതിലും മാരകമാണ് വനനശീകരണം. 8.5 ലക്ഷം മരങ്ങൾ മുറിക്കേണ്ടി വരുമെന്നാണ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ മതിപ്പെങ്കിൽ ഫലത്തിൽ ഇത് 32 മുതൽ 58 വരെ ലക്ഷം ആവുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിനുള്ള മറുമരുന്നായുള്ള പുനർ-വനവത്കരണത്തിന്റെ കാര്യം അപഹാസ്യമാണ്. നികോബാറിലെ വനം നശീകരണത്തിനുപകരം കേന്ദ്രം നിർദേശിക്കുന്നത് പത്ത് ലക്ഷം മരങ്ങൾ അങ്ങകലെ കിടക്കുന്ന ഹരിയാനയിൽ നടാനാണ്.
പദ്ധതിയിൽപെട്ട തുറമുഖത്തിനുള്ള സ്ഥലവും ഭൂകമ്പത്തിന് സാധ്യതയുള്ളിടത്താണെന്നും 2004ലെ സൂനാമിയിൽ ഭൂതലം 15 അടിയോളം എന്നേക്കുമായി താഴ്ന്നു പോയതാണെന്നും പദ്ധതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തുറമുഖ ഭൂമി തീരദേശ നിയമമനുസരിച്ച് നിർമാണം നിരോധിക്കപ്പെട്ട സി 1 എ വിഭാഗത്തിൽപെട്ടതുമാണ്. വംശനാശം ഭയപ്പെടുന്ന കുരങ്ങുകളും കടലാമകളും ഉൾപ്പെടെയുള്ള ജൈവവൈവിധ്യത്തിനും പദ്ധതി ആഘാതമേൽപിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഈ വശങ്ങളെല്ലാം പഠനവിധേയമാക്കി അനുമതി നൽകേണ്ടത് ഹരിത ട്രൈബ്യൂണലാണ്. അവരുടെ നടപടികളിലുമുണ്ട് സംശയാസ്പദ തീരുമാനങ്ങൾ. ഈ വർഷം ആദ്യമാണ് ട്രൈബ്യൂണൽ, പരിസ്ഥിതി സുരക്ഷാഘടകങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയെന്ന് സാക്ഷ്യപ്പെടുത്തിയത്. എതിർവാദങ്ങൾക്കിടയിൽ 2023ൽ ട്രൈബ്യൂണൽ ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചു. ശേഷം പവിഴ സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ മുൻകരുതലുകളെടുത്തിരിക്കുന്നു എന്ന് പരിശോധിച്ച് ക്ലിയറൻസ് നൽകി. അത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഇപ്പോൾ ആ കേസ് കൽക്കട്ട ഹൈകോടതിയുടെ പരിഗണന കാത്തിരിക്കുകയാണ്. ഭീമൻ കരാറുകൾ ഉൾപ്പെടുന്ന പദ്ധതികളാവുമ്പോൾ പാർട്ടിയെ തുണക്കുന്ന സ്വന്തക്കാരായ വ്യവസായ ഭീമന്മാരിൽനിന്ന് മെച്ചം പറ്റുന്നതാണ് കേന്ദ്രത്തിന്റെ ചരിത്രം. അതിനിടയിൽ നികോബാറിന്റെ സ്വച്ഛത പോയാലെന്ത്, ദ്വീപ് തന്നെ കടലെടുത്താലെന്ത് എന്ന ഭാവത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത് എന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.