ആഗസ്റ്റ് 25 തിങ്കളാഴ്ച ദക്ഷിണ ഗസ്സയിലെ ഖാൻ യൂനുസിലെ നാസർ ആശുപത്രിക്കുനേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ അന്താരാഷ്ട്ര ന്യൂസ് ഏജൻസികൾക്കും ചാനലുകൾക്കും വാർത്തകൾ നൽകുന്ന ആറു മാധ്യമ പ്രവർത്തകരെ നിഷ്കരുണം കൊന്നൊടുക്കിയതിൽ ലോകമാകെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അൽ ജസീറയുടെ ഫോട്ടോഗ്രാഫർ മുഹമ്മദ് സലാമ, റോയിട്ടേഴ്സ് കാമറാമാൻ ഹുസാം അൽമസ്രി, എ.പിക്ക് വാർത്തകൾ നൽകിക്കൊണ്ടിരുന്ന മറിയം ദഖ, മിഡിൽ ഈസ്റ്റ് ഐയുടെ അഹ്മദ് അബു അസീസ്, ഫോട്ടോഗ്രാഫർ മുആസ് അബുത്വാഹ എന്നിവരാണ് രക്തസാക്ഷികളായതെന്ന് വാർത്താ ഏജൻസികൾ ലോകത്തെ അറിയിച്ചിരിക്കുന്നു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തെ തുടർന്ന് സയണിസ്റ്റ് രാഷ്ട്രം ഗസ്സയുടെ നേരെ യുദ്ധം ആരംഭിച്ച ഉടൻ ചെയ്ത നടപടി പുറമെനിന്നുള്ള എല്ലാത്തരം മാധ്യമ പ്രവർത്തകരെയും സമ്പൂർണമായി വിലക്കുകയായിരുന്നു. അതോടെ യുദ്ധവാർത്തകൾ ലഭിക്കാൻ ഗസ്സയിൽതന്നെയുള്ള ഫലസ്തീൻകാരായ മാധ്യമപ്രവർത്തകരെ മാത്രം ആശ്രയിക്കാൻ അന്താരാഷ്ട്ര ന്യൂസ് ഏജൻസികളും ബി.ബി.സി, അൽജസീറ തുടങ്ങിയ വാർത്താ ചാനലുകളും നിർബന്ധിതരായി. അതോടെ ‘ഏത് യുദ്ധത്തിലും ആദ്യം വധിക്കപ്പെടുന്നത് സത്യം ആയിരിക്കും’ എന്ന സമവാക്യത്തെ ശരിവെച്ചുകൊണ്ടുള്ള ഇസ്രായേൽ ന്യൂസ് ഏജൻസികളുടെ ഏകപക്ഷീയവും അസത്യജടിലവുമായ യുദ്ധവാർത്തകളുടെ മറുവശം അറിയാനും അറിയിക്കാനും ജീവൻ പണയം വെച്ചും തങ്ങളുടെ ദൗത്യം നിർവഹിക്കാൻ പ്രതിജ്ഞാബദ്ധരായ ഫലസ്തീനി മാധ്യമ പ്രവർത്തകർ കർമനിരതരായി.
കുടിക്കാൻ വെള്ളമോ കഴിക്കാൻ റൊട്ടിയോ തലചായ്ക്കാൻ മുറികളോ ഇല്ലാതെ, ബോംബ് വർഷത്തെയും വെടിക്കോപ്പുകളെയും വകഞ്ഞുമാറ്റി അവർ ലോകത്തിന് നൽകിക്കൊണ്ടിരുന്ന വാർത്തകളും ചിത്രങ്ങളും വഴിയാണ് സയണിസ്റ്റ് സംഹാരതാണ്ഡവത്തിന്റെ നേർചിത്രങ്ങൾ അനുനിമിഷം പുറംലോകത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ഗസ്സയിലെ നരമേധത്തിൽ ഇന്നലെ വരെ സ്ത്രീകളും കുഞ്ഞുങ്ങളും സാധാരണ പൗരരുമടക്കം 62,744 പേർക്കാണ് ജീവഹാനി നേരിട്ടതെന്ന കണക്ക് ചരിത്രത്തിൽ തുല്യതയില്ലാത്ത അതിസാഹസികതയിലൂടെ മാധ്യമ പ്രവർത്തകർ പുറംലോകത്തെ അറിയിച്ചതാണ്. ഗസ്സയിലെ ആശുപത്രികൾ, സ്കൂളുകൾ, ഓഫിസുകൾ, കച്ചവട സ്ഥാപനങ്ങൾ, വീടുകൾ എന്നിവ ഉൾപ്പെടെ 80 ശതമാനത്തിലധികം കെട്ടിടങ്ങളും നിലംപരിശായിരിക്കുന്നു എന്ന വിശ്വാസ്യമായ കണക്കും ലോകത്തിന് ലഭിച്ചത് ജീവൻ പണയപ്പെടുത്തിക്കൊണ്ട് മാധ്യമ പ്രവർത്തകർ നടത്തിയ അന്വേഷണത്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെ ഇരുനൂറിലധികം ജേണലിസ്റ്റുകളെ ഇതിനകം ഇസ്രായേൽ വകവരുത്തിക്കഴിഞ്ഞു. ആനുപാതികമായി ഏറ്റവും ആൾനാശമുണ്ടായത് ഖത്തർ കേന്ദ്രമാക്കിയുള്ള അൽജസീറ ചാനലിനാണ്.
അതിക്രൂരവും തീർത്തും മനഃപൂർവവുമായ യത്നത്തിലൂടെ പത്രപ്രവർത്തകരെ നിശ്ശബ്ദരാക്കാനും കൊല്ലാനുമുള്ള യത്നത്തിലാണ് ഇസ്രായേൽ ഏർപ്പെട്ടിരിക്കുന്നതെന്ന് തുറന്നപലപിക്കുന്നു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അമേരിക്കയിലെ സ്വതന്ത്ര സ്ഥാപനമായ ദ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് അഥവാ പത്രപ്രവർത്തകരെ സംരക്ഷിക്കാനുള്ള കമ്മിറ്റി. ഫലസ്തീനി മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും നേർക്കുനേരെ ഉന്നം വെച്ച് കൊല്ലുകയുമാണ് ഇസ്രായേൽ സൈന്യം ചെയ്യുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തുന്നുണ്ട്. മറുവശത്ത് സയണിസ്റ്റ് മീഡിയ പടച്ചുവിടുന്ന വെള്ളം ചേർക്കാത്ത നുണകൾ അപ്പടി പകർത്തുകയാണ് കോർപറേറ്റുകളും വലതുപക്ഷ സർക്കാറുകളും അവരുടെ പാദസേവകരായ മാധ്യമ സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ഫലസ്തീനിൽനിന്നുള്ള സത്യസന്ധമായ വാർത്തകളും തദടിസ്ഥാനത്തിലുള്ള വിമർശനങ്ങളും അപ്പടി നിരോധിച്ച സർക്കാറുകൾ ഇസ്രായേലിന്റെ അയൽപക്കങ്ങളിൽതന്നെയുണ്ട്. ഗസ്സ രക്തസാക്ഷികൾക്കുവേണ്ടി പ്രാർഥിക്കുന്നതുപോലും വിലക്കിയ ഭരണകൂടങ്ങളുണ്ടെന്ന് ഓർത്താൽ യാങ്കി-സയണിസ്റ്റ് സ്വാധീനവലയം എത്രമാത്രം ഭീകരമാണെന്ന് മനസ്സിലാവും.
മാധ്യമ പ്രവർത്തകരുടെ കൂട്ടക്കൊലയെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി അപലപിക്കുകയും അതു യുദ്ധക്കുറ്റവും പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഫലസ്തീൻ സഹോദരങ്ങൾക്കുനേരെയുള്ള കുറ്റകൃത്യം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഖത്തർ കുറ്റപ്പെടുത്തിയിരിക്കുന്നത്. തുർക്കി, ഇറാൻ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളോടൊപ്പം ബ്രിട്ടൻ, സ്പെയിൻ, ജർമനി, ഫ്രാൻസ്, കാനഡ തുടങ്ങി രാജ്യങ്ങളും സംഭവത്തെ കടുത്തഭാഷയിൽ അപലപിക്കുകയും ഇത്തരം നടപടികൾ ഒരിക്കലും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്സാവട്ടെ ഫലസ്തീൻകാരുടെ നേരെ നടന്ന അറുകൊലയെ ശക്തമായി അപലപിച്ചതിനോടൊപ്പം അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം ആഗോളതലത്തിൽ കടുത്ത പ്രതിഷേധം ഉയർന്നപ്പോൾ മുഖം നഷ്ടപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സംഭവത്തെ ന്യായീകരിക്കാൻ ഒരുവഴിയും കാണാതെ പ്രതികരിച്ചതിങ്ങനെ: ‘പത്രപ്രവർത്തകരുടെ ജോലിയെ ഇസ്രായേൽ വിലമതിക്കുന്നു. ഖാദുകമായ ഈ അബദ്ധത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കാൻ സൈന്യാധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്’. യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന്റെ സൈനിക മേധാവിതന്നെ ആവശ്യപ്പെട്ടതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ലോക രാഷ്ട്രങ്ങളെല്ലാം ശബ്ദമുയർത്തുകയും ഇസ്രായേൽ ഭരണകൂടം വരെ പ്രതികരിക്കാൻ നിർബന്ധിതമാവുകയും ചെയ്തിട്ടും ചേരിചേരാ നയത്തിന്റെ കരുത്തുറ്റ പ്രയോക്താക്കൾ എന്ന നിലയിലും ഫലസ്തീൻ ജനതയുടെ ഉറ്റ സുഹൃത്ത് എന്നനിലയിലും ഒരു കാലത്ത് ലോകം ആദരവോടെ കാതോർത്തിരുന്ന ഇന്ത്യയുടെ പ്രതികരണം സമ്പൂർണ മൗനത്തിലൊതുക്കിയിരിക്കുകയാണ് നരേന്ദ്ര മോദി ഭരണകൂടം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.