ഡിജിറ്റൽവത്കരണം കാര്യങ്ങൾ കൂടുതൽ എളുപ്പവും കൃത്യവുമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ ഫലം വിപരീതമായിരുന്നു
പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലനിർണയത്തിനായി പുതുതായി ഏർപ്പെടുത്തിയ ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (ഒ.എസ്.എം) രീതിയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടർ സ്ക്രീൻ വഴി നോക്കിയാണ് ഇക്കുറി അധ്യാപകർ മൂല്യനിർണയം നടത്തിയത്. ഇതിനായി 17 ലക്ഷം വിദ്യാർഥികളുടെ പരീക്ഷാക്കടലാസുകൾ-ഏകദേശം 40 കോടിയോളം പേജുകൾ സ്കാൻ ചെയ്തിരുന്നു. സാധാരണഗതിയിൽ ഇത്തരമൊരു ഡിജിറ്റൽവത്കരണം കാര്യങ്ങൾ കൂടുതൽ എളുപ്പവും കൃത്യവുമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാൽ, സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ ഫലം വിപരീതമായിരുന്നു. വ്യക്തമായി സ്കാൻ ചെയ്യാതെയും ശരിയുത്തരം എഴുതിയവർക്ക് മാർക്ക് നൽകാതെയും കുട്ടികളെ കണക്കറ്റ് ദ്രോഹിച്ചു. നന്നായി പഠിക്കുന്ന ഒട്ടനവധി വിദ്യാർഥികൾക്ക് മാർക്ക് ഗണ്യമായി കുറഞ്ഞു. പുനർമൂല്യനിർണയത്തിന് നൽകിയപ്പോഴാണ് ഡിജിറ്റൽവത്കരണത്തിന്റെ താളപ്പിഴ വ്യക്തമായത്. പണമടച്ച പലർക്കും ഉത്തരക്കടലാസ് ലഭിച്ചിട്ടില്ല. പല വിദ്യാർഥികളുടെയും പേരിൽ ലഭിച്ചത് മറ്റാരോ എഴുതിയ പേപ്പറുകളാണ്! ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ട് പേജുകളിലായി കൃത്യമായി എഴുതിയ വിദ്യാർഥിക്ക് ആദ്യ പേജിൽ എഴുതിയതിനു മാത്രം മാർക്ക് നൽകിയ സംഭവങ്ങളുമുണ്ടായി.
ചരിത്രത്തിൽ ആദ്യമായാണ് വിപുലമായ രീതിയിൽ ഇവ്വിധമൊരു മൂല്യനിർണയ രീതി നടപ്പാക്കുന്നതെന്നും സാങ്കേതികപ്പിഴവ് മൂലമാണ് വിദ്യാർഥികൾക്ക് ഈ പ്രയാസങ്ങൾ ഉണ്ടായതെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. ആ വിശദീകരണം ന്യായവും വിശ്വാസയോഗ്യവുമാണെന്ന് കരുതുന്നവരുണ്ടാകാം. എന്നാൽ, പ്രീ സ്കൂളിലെ രണ്ടുവർഷം ഉൾപ്പെടെ 14 വർഷത്തെ പഠനത്തിനുശേഷം ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളുമായി കാത്തുനിൽക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇത് കൊടുംചതിയായി മാത്രമേ കാണാൻ സാധിക്കൂ. ഒരു മാർക്കിന്റെ കയറ്റിറക്കം പോലും ഉപരിപഠന സാധ്യതകളെ നിർണായകമായി ബാധിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
പിഴവുകൾക്കെതിരെ പ്രതിഷേധം ഉയർത്തുന്ന പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്നും കുട്ടികളുടെ മാനസികസമ്മർദം കൂട്ടുന്ന രീതിയിൽ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറയുന്നുണ്ട്. പോർട്ടലിന്റെ സാങ്കേതിക തകരാറുകളും സെർവർ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധസംഘത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിക്കുന്നു. ഇവിടെ മന്ത്രി മറുപടി പറയേണ്ട ഒരു പ്രധാന വിഷയമുണ്ട്. സാങ്കേതിക ക്രമീകരണങ്ങൾ പൂർണാർഥത്തിൽ സജ്ജമെന്ന് ഉറപ്പായ ശേഷം മാത്രം നടപ്പിൽ വരുത്തേണ്ട സമ്പ്രദായം, ഇത്ര തിരക്കിട്ട് നടപ്പാക്കി പരീക്ഷക്കുശേഷം വിദ്യാർഥികളെ അഗ്നിപരീക്ഷയിലേക്കും ഒടുങ്ങാത്ത മാനസികസമ്മർദത്തിലേക്കും തള്ളിയിടണം എന്നത് ആരുടെ വാശിയായിരുന്നു?
ഫിസിക്സിന്റെ ഉത്തരക്കടലാസിന് അപേക്ഷിച്ചിട്ട് മറ്റൊരു കടലാസ് ലഭിച്ച കാര്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന്റെ പേരിൽ ഡൽഹിയിലെ വേദാന്ത് എന്ന വിദ്യാർഥിക്ക് കേൾക്കേണ്ടി വന്നത് ‘പാകിസ്താനി’ എന്ന വിളിയാണ്; അതും രാജ്യത്തെ ഔദ്യോഗിക മാധ്യമമായ ദൂരദർശനിലെ വാർത്താ അവതാരകനിൽനിന്ന്! സർക്കാർ വരുത്തിയ ഒരു കൊടുംപിഴവ് ചൂണ്ടിക്കാട്ടുന്ന വിദ്യാർഥിയെ ‘പാകിസ്താനി’ എന്ന് അപഹസിച്ച് അടിച്ചിരുത്താൻ ഒരുമ്പെടുന്നത് രാഷ്ട്രീയവത്കരണമല്ല, ക്രിമിനൽ രാജ്യദ്രോഹമാണ്.
ഏറ്റവും മോശമായ രീതിയിൽ ‘നീറ്റ്’ പരീക്ഷ നടത്തി നാണംകെട്ടു നിൽക്കുന്ന സർക്കാർ ആ പിഴവിന് ഇനിയും വിദ്യാർഥികളോട് മാപ്പു പറഞ്ഞിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിന്റെ മാനസികസമ്മർദത്തിൽ ചുരുങ്ങിയത് അഞ്ച് വിദ്യാർഥികളെങ്കിലും ജീവിതം അവസാനിപ്പിച്ചു. ആ കുട്ടികളുടെ മരണത്തിന് ഭരണകൂടം മാത്രമാണ് ഉത്തരവാദി. അതിനിടയിലാണ് അടുത്ത കെടുകാര്യസ്ഥത പരസ്യപ്പെടുന്നത്. ഇതെല്ലാം മൂലം ആശങ്കയുടെയും മാനസികാഘാതങ്ങളുടെയും പരകോടിയിലാണ് നമ്മുടെ വിദ്യാർഥികൾ. എത്ര കഠിനാധ്വാനം ചെയ്താലും ഈ വ്യവസ്ഥിതിയും രാജ്യവും നമ്മെ തോൽപിച്ചുകളയും എന്ന തോന്നലിലേക്ക് അവരെ കൊണ്ടെത്തിച്ചവർ ആരായാലും, രാജ്യത്തിന്റെ ഭാവിയോട് കൊടിയ ക്രൂരതയാണ് അവർ ചെയ്തുകൂട്ടുന്നത്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മാപ്പുപറയാനും മന്ത്രിയോ പരീക്ഷാ നടത്തിപ്പ് ഏജൻസികളോ തയാറാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.