ടി.എൻ. ശേഷൻ എന്ന മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ ഇന്നും രാജ്യം ഓർക്കുന്നത്, ചരിത്രം രേഖപ്പെടുത്തുന്നത് സുതാര്യമായ, നിയമങ്ങളിലധിഷ്ഠിതമായ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്നും അതിനു വിപുലമായ അധികാരങ്ങളുണ്ടെന്നും ജനങ്ങളറിഞ്ഞത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവും ചെലവുകളും സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്ന സംസ്കാരം ഭരണ-പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയ പാർട്ടികളെ ശീലിപ്പിക്കാനും ശേഷന്റെ നടപടികൾ നിമിത്തമായി.
എങ്ങനെയാവും നമ്മുടെ നിലവിലെ മുഖ്യതെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാറിനെയും സഹ കമീഷണർമാരെയും ചരിത്രം രേഖപ്പെടുത്തുക? എന്തായാലും അതു സുതാര്യ തെരഞ്ഞെടുപ്പുകളുടെ പേരിലോ, മികച്ച പ്രവർത്തനങ്ങളുടെയോ പേരിൽ ആവില്ലെന്നുറപ്പ്. മറിച്ച് ഭരണ കക്ഷിക്കുവേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറികൾക്ക് ഒത്താശ ചെയ്തുവെന്ന ഗുരുതര ആരോപണമാണ് നിലവിലെ കമീഷനെ വാർത്തകളിൽ നിറക്കുന്നത്. പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ ഭരണമുന്നണിയുടെ ഘടകകക്ഷിയെന്ന് ആരെങ്കിലും വിമർശനമുന്നയിച്ചാൽ അതു വെറുതെ തള്ളിക്കളയാനാവില്ല . കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ വാർത്ത സമ്മേളനം ഈ വിമർശനം അരക്കിട്ടുറപ്പിക്കുന്നതുമാണ്.
ഏകദേശം ഒമ്പതു ദിവസം മുമ്പാണ് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി രാജ്യത്തെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ തന്നെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച് വാർത്തസമ്മേളനം നടത്തിയത്. പലവുരു ആവശ്യപ്പെട്ടിട്ടും ഡിജിറ്റൽ വോട്ടർപട്ടിക നൽകാതെ കമീഷൻതന്നെ കെട്ടുകണക്കിന് കടലാസിൽ നൽകിയ വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ കണക്കുകൾ മുഴുവൻ ഉദ്ധരിച്ച് വ്യക്തമായ തെളിവുകളോടെയാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പും ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളും മോഷ്ടിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം തെളിവു സഹിതം സമർഥിച്ചു. ഒരു പക്ഷേ, വോട്ടിങ് കൃത്രിമം സംബന്ധിച്ച്
ഇത്രമാത്രം തെളിവുകളോടെ, സ്ഫോടനാത്മകമായ വിവരങ്ങളോടെ, കണക്കുകളോടെ ഒരു പത്രസമ്മേളനം രാജ്യത്ത് ആദ്യമായിരുന്നു എന്നുതന്നെ പറയാം. ശേഷം പ്രതിപക്ഷ കക്ഷികളും വിവിധ മാധ്യമങ്ങളും ഈ വിഷയത്തിൽ നിരവധി തെളിവുകൾ പുറത്തുവിടുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോകസഭ പ്രതിനിധി ഉണ്ടായതും സമാന തട്ടിപ്പുകൾ വഴിയാണെന്ന് സംശയമുയർത്തുന്ന നിരവധി തെളിവുകൾ പുറത്തുവരുകയും ചെയ്തു. കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്ന ദേശീയ മാധ്യമങ്ങൾ അധികവും പത്രസമ്മേളനം അവഗണിച്ചെങ്കിലും സമൂഹമാധ്യമങ്ങൾ വഴി ഇവ രാജ്യമെമ്പാടും പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും, ബി.ജെ.പി വിജയങ്ങളുടെ ആധികാരികതയും ഒരേപോലെ സംശയമുനയിലായി ദിവസങ്ങൾ നീണ്ടിട്ടും മൗനവ്രതത്തിലായിരുന്ന കമീഷൻ ഒടുവിൽ മൗനം ഭഞ്ജിച്ച് വാർത്തസമ്മേളനവുമായി മുന്നോട്ട് വരുകയായിരുന്നു.
വോട്ട് മോഷണം ജനങ്ങളിലെത്തിക്കാൻ അടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ 1600 കിലോമീറ്റർ യാത്ര തുടങ്ങിയ ദിവസവും സമയവുമാണ് അതിന് തെരഞ്ഞെടുത്തതും. പത്രസമ്മേളനമാകട്ടെ തെരഞ്ഞെടുപ്പു കമീഷനു നേരെ ഉയർന്ന ആരോപണങ്ങളിൽ ഒരു വ്യക്തതയും വരുത്താതെ, ഒരു ആരോപണത്തിനു പോലും വസ്തുതാപരമായ ഒരു മറുപടിയും പറയാതെ അമ്പേ പരാജയമായി. അത് കമീഷനെ കൂടുതൽ വെട്ടിലാക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രധാനമായും. ഇരട്ട വോട്ടർമാർ, മേൽവിലാസമില്ലാത്ത വോട്ടർമാർ, ഒരൊറ്റ വിലാസത്തിൽ 50 ഉം 80 ഉം വോട്ടർമാർ, ഫോട്ടോ ഇല്ലാത്ത വോട്ടർമാർ, പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോറം-ആറ് വഴി ചേർത്ത വ്യാജ വോട്ടർമാർ എന്നിവയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇവക്കൊന്നിനും വ്യക്തമായ മറുപടി നൽകാൻ കമീഷനായില്ല. സ്വകാര്യത മാനിച്ചാണ് സി.സി ടി.വി ദൃശ്യങ്ങൾ പങ്കുവെക്കാത്തത് കമീഷൻ വാദം വലിയ പരിഹാസമാണ് ഏറ്റുവാങ്ങുന്നത്. ബിഹാറിൽ നടക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) സംബന്ധിച്ചും കുറേ ചോദ്യങ്ങളുയർന്നുവെങ്കിലും മറുപടി ഉണ്ടായില്ല. തങ്ങൾക്ക് ഹിതകരമല്ലാത്ത, മറുപടിക്ക് പ്രയാസമായ ഒരു ചോദ്യത്തിനും കമീഷൻ മറുപടി പറഞ്ഞില്ല. പകരം ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് മാപ്പുപറയണമെന്നത് ആവർത്തിക്കുകയും ചെയ്തു.
പ്രത്യേക തീവ്ര പുനഃപരിശോധനക്ക് മുമ്പ് കമീഷൻ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചില്ല, ഒരു തെരഞ്ഞെടുപ്പ് വർഷത്തിൽ തീവ്ര പുനഃപരിശോധന വേണ്ടെന്ന കമീഷന്റെ സ്വന്തം മാർഗനിർദേശം ബിഹാറിൽ ലംഘിച്ചതെന്തുകൊണ്ട്, ഒരു മാസം നീണ്ട എസ്.ഐ.ആറിനിടെ എത്ര വോട്ടർമാരെയാണ് പുതുതായി ചേർത്തത്, രാഹുൽ ഗാന്ധിയുടെ പത്ര സമ്മേളനത്തിനു ശേഷം എന്തുകൊണ്ടാണ് വോട്ടർപട്ടിക ഫോർമാറ്റ് മാറ്റിയത് തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരമില്ല. തെരഞ്ഞെടുപ്പ് കമീഷനിൽ രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായാണ് 19 സംസ്ഥാനങ്ങളിൽ നടത്തിയ പുതിയ സർവേ വെളിപ്പെടുത്തുന്നത്. പുതിയ സാഹചര്യങ്ങളിൽ സർവേ കണ്ടെത്തലുകൾക്ക് വലിയ പ്രസക്തിയുണ്ട്. മധ്യപ്രദേശിലാണ് ഏറ്റവും വലിയ ഇടിവു രേഖപ്പെടുത്തിയത്. അവിടെ ഉയർന്ന വിശ്വാസ്യതയുള്ളവരുടെ എണ്ണം 57ശതമാനമായിരുന്നത് 17 ശതമാനമായും ഡൽഹിയിൽ 60ൽ നിന്ന് 21ശതമാനം ആയും ഉത്തർപ്രദേശിൽ 56ൽനിന്ന് 21ശതമാനമായും കുറഞ്ഞിരിക്കുകയാണ്. നിലവിലെ കമീഷനിൽനിന്നോ, ഭരണ കക്ഷിയിൽനിന്നോ വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള നടപടികൾ ഉണ്ടാവാൻ സാധ്യത കുറവാണ്. വോട്ടർമാരും രാഷ്ട്രീയ കക്ഷികളും കൂടുതൽ ജാഗ്രത പാലിക്കാത്തപക്ഷം രാജ്യത്തെ ജനാധിപത്യം ഐ.സി.യുവിലാവാൻ സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.