ഭീഷണികളിലും തടങ്കലിലും പതറാതെ പ്രബീർ പുർകായസ്തയും സംഘവും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്. എന്നാൽ, എത്ര സ്ഥാപനങ്ങൾക്ക് എത്ര മാധ്യമ പ്രവർത്തകർക്ക് ഇത്തരമൊരു പോരാട്ടം നടത്താനുള്ള ത്രാണിയും നിയമപിന്തുണയുമുണ്ടാവും?
ഭരണകൂടം കെട്ടിച്ചമച്ച ഒരു അപസർപ്പക കഥകൂടി പൊളിയുന്നു. സ്വതന്ത്ര വാർത്താ പോർട്ടലായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ ഗുരുതര കുറ്റങ്ങൾ ചാർത്തി ഡൽഹി പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചുമത്തിയ കേസുകൾ ഡൽഹി ഹൈകോടതി റദ്ദാക്കിയിരിക്കുന്നു. വ്യക്തമായ തെളിവുകളില്ലാതെ, വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജൻസികൾ അന്വേഷണം നടത്തിയതെന്ന് തുറന്നടിച്ച കോടതി കേന്ദ്ര ഏജൻസികൾ നടത്തിയത് നഗ്നമായ അധികാര ദുർവിനിയോഗമാണെന്നും വ്യക്തമാക്കി. ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും പൂർണമായി അംഗീകരിച്ചാൽ പോലും നിലനിൽക്കില്ലെന്ന് പറഞ്ഞാണ്, ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസും കോടതി റദ്ദാക്കിയത്.
വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ച് ഇന്ത്യയുടെ അഖണ്ഡതയെ തകർക്കാൻ ശ്രമിച്ചു എന്ന പേരിലാണ് 2023 ഒക്ടോബറിൽ ‘ന്യൂസ് ക്ലിക്കി’നെതിരെ കേസെടുത്തത്. പിന്നാലെ 102 മണിക്കൂർ നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലുകൾക്കും ശേഷം സ്ഥാപകനും എഡിറ്റർ-ഇൻചീഫുമായ പ്രബീർ പുർകായസ്ത, എച്ച്.ആർ. ഹെഡ് അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്തു. ഈ മാധ്യമസ്ഥാപനത്തിലെ എക്സിക്യൂട്ടിവുകളെയും വാർത്തയും ലേഖനങ്ങളുമെഴുതുന്ന മാധ്യമപ്രവർത്തകരെയും കൊടുംക്രിമിനലുകളെപ്പോലെ ചോദ്യം ചെയ്യുക മാത്രമല്ല, 46 പേരുടെ ഫോണുകളും ലാപ് ടോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു.
അമേരിക്കൻമാധ്യമമായ ‘ന്യൂയോർക് ടൈംസി’ൽ വന്ന ഒരു വ്യാജ പരാമർശമായിരുന്നു ‘ന്യൂസ് ക്ലിക്കി‘ലേക്ക് പാഞ്ഞുകയറാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസിന്റെ പിടിവള്ളി. മതസ്വാതന്ത്ര്യ ലംഘനം, പട്ടിണി,ന്യൂനപക്ഷ പീഡനം തുടങ്ങിയ വിഷയങ്ങളിൽ വിവിധ അന്താരാഷ്ട്ര സർക്കാർ-സർക്കാറിതര സംവിധാനങ്ങൾ പുറത്തിറക്കുന്ന സൂചികകളിൽ റാങ്ക് ഇടിയുമ്പോൾ വിദേശശക്തികളുടെ സ്ഥാപിത താൽപര്യമുള്ള റിപ്പോർട്ട് എന്ന് പ്രതികരിക്കുന്ന കേന്ദ്രസർക്കാർ ഒരു വിദേശപത്രത്തിലെ വാർത്തയെ ആധാരമാക്കി മാധ്യമസ്ഥാപനത്തിനെതിരെ നടപടിയെടുത്തത് വൈരുധ്യമായിരിക്കാം. എന്നാൽ, യഥാർഥ കാരണം അതൊന്നുമല്ലെന്ന് വായനക്കാർക്കും മാധ്യമ സമൂഹത്തിനുമറിയാം; അതിലുപരി ഡൽഹിയിലിരിക്കുന്ന അധികാരികൾക്കും.
രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അതിനെതിരായ പ്രതിരോധങ്ങളും സംബന്ധിച്ച വാർത്തകൾ നിരന്തരമായി നൽകിവരുന്ന മാധ്യമസ്ഥാപനമാണ് ‘ന്യൂസ്‌ക്ലിക്ക്’. 2018ൽ മഹാരാഷ്‌ട്രയിൽ നാസിക് മുതൽ മുംബൈ വരെ നടന്ന കിസാൻ ലോങ് മാർച്ചിന്റെ ഓരോ ചുവടും അവർ വായനക്കാരിലെത്തിച്ചു. കോവിഡ് പ്രതിസന്ധിയെ അനാസ്ഥയോടെ കൈകാര്യം ചെയ്ത ഭരണകൂടത്തോട് ചോദ്യങ്ങൾ ഉന്നയിച്ചു. 2020ൽ ഡൽഹിയിൽ നടന്ന കർഷകസമരം തലവേദന സൃഷ്ടിച്ച ഘട്ടത്തിൽ ഭരണകൂടം കണ്ണുരുട്ടിയതോടെ മുഖ്യധാരാ മാധ്യമങ്ങൾ പിന്മാറിയപ്പോഴും സമരവിജയം വരെ ഈ ചെറുസ്ഥാപനം കർഷകപക്ഷത്തുനിന്നു-അതു തന്നെയായിരുന്നു ഭരണകൂടം നടത്തിയ വേട്ടയാടലിന് പിന്നിൽ.
നേരത്തേ, ലൈസൻസ് പുതുക്കി നൽകാതെ ‘മീഡിയ വൺ’ ചാനലിന് വിലങ്ങുവെച്ചതും അപ്രിയസത്യങ്ങൾ വിളിച്ചു പറഞ്ഞതിന്റെ പേരിലായിരുന്നുവല്ലോ. ഐതിഹാസികമായ നിയമപോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ പരമോന്നത നീതിപീഠം തന്നെ അന്ന് സർക്കാറിന്റെ അന്യായ നടപടി റദ്ദാക്കി. റെയ്ഡുകളും അറസ്റ്റുകളും ഭീഷണികളും വഴി നിരവധി മാധ്യമങ്ങളെ സർക്കാർ നിശ്ശബ്ദമാക്കുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അട്ടിമറിക്കുന്ന ഒട്ടനവധി നിയമങ്ങളും ചുട്ടെടുക്കപ്പെടുന്നുണ്ട്.
‘‘ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണച്ചുകൊണ്ട് ശക്തമായൊരു നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്; ജനകീയ പ്രസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മാധ്യമപ്രവർത്തനം നടത്തി എന്നത് മാത്രമാണ് ന്യൂസ്‌ക്ലിക്ക് ചെയ്ത ഒരേയൊരു ‘അപരാധം’ ’’എന്നാണ് കോടതിവിധിയെ സ്വാഗതം ചെയ്ത് സ്ഥാപനം പറഞ്ഞത്. ഭീഷണികളിലും തടങ്കലിലും പതറാതെ പ്രബീർ പുർകായസ്തയും സംഘവും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്. എന്നാൽ, എത്ര സ്ഥാപനങ്ങൾക്ക് എത്ര മാധ്യമപ്രവർത്തകർക്ക് ഇത്തരമൊരു പോരാട്ടം നടത്താനുള്ള ത്രാണിയും നിയമപിന്തുണയുമുണ്ടാവും? വേട്ടയാടലിനെതിരെ ശബ്ദിക്കാൻ സഹമാധ്യമങ്ങളുടെ പിന്തുണപോലും ലഭിക്കാതെ സർക്കാർ നടപടികളിൽ തകർന്നുപോകുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ന് രാജ്യത്തുണ്ട്.
പ്രധാനമന്ത്രി പദവിയിൽ നരേന്ദ്രമോദി ഒരു വ്യാഴവട്ടം പൂർത്തിയാക്കവെ ഏറ്റവുമധികം ആ പദവിയിലിരുന്നയാൾ എന്ന റെക്കോഡ് മാത്രമല്ല, രാജ്യത്ത് ഏറ്റവുമധികം മാധ്യമമാരണ നീക്കങ്ങൾ നടന്ന കാലത്തെ ഭരണാധികാരിയെന്ന പട്ടവും അദ്ദേഹത്തിന് സ്വന്തമാവുകയാണ്. എതിരഭിപ്രായം പുലർത്തുന്ന, രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുവെന്ന് വിളിച്ചു പറയുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഉന്നമിടുകയല്ല, തെറ്റുതിരുത്തി നേരായ ദിശയിലേക്ക് പോവുകയാണ് ചെയ്യേണ്ടതെന്ന് ഈ വൈകിയ വേളയിലെങ്കിലും ഭരണകൂടം മനസ്സിലാക്കുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.