കോടതികളുടെ കാവൽ നീതിക്കോ, അധികാരത്തിനോ?

ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള കോടതിയുടെ ധൈര്യം ക്ഷയിച്ചാൽ തകർന്നുവീഴുക ജനാധിപത്യം തന്നെയാണ്

ജനാധിപത്യത്തിൽ പൗരജനങ്ങളുടെ അവസാന അഭയകേന്ദ്രമാണ് പരമോന്നത നീതിപീഠം. ആ വാതിൽ തുറക്കപ്പെടാതിരിക്കുകയോ, പൗരരുടെ വേദന കേൾക്കുകയില്ല എന്ന തോന്നൽ ഉണ്ടാവുകയോ ചെയ്താൽ അത് മുറിവേൽപിക്കുക ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നീതിയെന്ന ആശയത്തിനും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനുമായിരിക്കും. ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെ ചോദ്യം ചെയ്തുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വാക് പ്രയോഗങ്ങൾ അനുചിതവും അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സിനെ സ്വയം ഇടിച്ചുതാഴ്ത്തുന്നതുമായെന്ന് പറയാതെ വയ്യ.

രാജ്യതലസ്ഥാനം കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. അതിന് കാരണമാകട്ടെ, പൊലീസും ഭരണകൂടവും പുലർത്തുന്ന സ്വേച്ഛാധിപത്യ മനോഘടനയും. ഈ സന്ദർഭത്തിലാണ് ജനവികാരത്തോടൊപ്പം നിൽക്കുന്ന പൊതുതാൽപര്യ ഹരജി കേൾക്കാൻ തയാറാകാതെ, ‘‘ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുത്’’ എന്ന് പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി നിരസിച്ചത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് അതിക്രമങ്ങൾ കാണിക്കുന്ന വിഡിയോകളുണ്ടെന്നുപറഞ്ഞ് അഭിഭാഷകൻ വാദം തുടരാൻ ശ്രമിച്ചപ്പോൾ, ‘‘ഞങ്ങൾക്ക് വിഡിയോകളിൽ താൽപര്യമില്ല, കാണാൻ സമയവുമില്ലെന്ന’’ ഒറ്റ മറുപടിയിൽ ഹരജി നിരസിക്കപ്പെട്ടു. അതിനുമുമ്പ് ഡൽഹി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ അധ്യക്ഷനായ ഹൈകോടതി ബെഞ്ചും ഈ ഹരജി അടിയന്തരമായി കേൾക്കാൻ തയാറായില്ല. സുപ്രീം കോടതിക്ക് സമാനമായ രീതിയിൽ ‘‘കോടതിയെ ഇതിലേക്ക് വലിച്ചിഴക്കരുത്. അടുത്ത ദിവസം പരിഗണിക്കാം’’ എന്നുപറഞ്ഞ് ഹരജി നിരസിക്കുകയായിരുന്നു.

കൗതുകകരമായ കാര്യം, പ്രക്ഷോഭത്തിന് തടയിടുന്നതിന്റെ ഭാഗമായി ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതുമൂലം വക്കീലന്മാർക്ക് കോടതിയിലെത്താനാകുന്നില്ല എന്ന ഹരജിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടിയന്തരമായി വാദം കേൾക്കുകയും ഉച്ചഭക്ഷണ സമയത്തിനുള്ളിൽ മെട്രോ സ്റ്റേഷനുകൾ തുറക്കാൻ നടപടിയുണ്ടായില്ലെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരുടെ യാത്രാപ്രയാസങ്ങൾ കാണുന്ന കോടതി, രാജ്യത്തിന്‍റെ ഭാവിക്കുവേണ്ടി എഴുന്നേറ്റുനിൽക്കുന്ന യൗവനത്തിന്‍റെ അവകാശങ്ങൾ കാണാതെപോകുന്നതെന്തുകൊണ്ടാണ്?

ഇന്ത്യൻ ഭരണഘടന സുപ്രീംകോടതിയെ ഒരു അപ്പീൽ കോടതി മാത്രമായല്ല പരിഗണിച്ചിട്ടുള്ളത്. ഭരണകൂടത്തിന്റെ അധികാരപ്രയോഗം ഭരണഘടനയുടെ പരിധിക്കുള്ളിലാണോയെന്ന് ഉറപ്പാക്കുന്ന, അന്തിമ കാവൽക്കാരനെന്ന ഉത്തരവാദിത്തം നിർവഹിക്കേണ്ട സ്വതന്ത്രമായ സംവിധാനമായാണത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധിക്കുന്ന പൗരരെ ഭരണകൂടം കിരാതമായി അടിച്ചമർത്തുന്നതും മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതും ലോകം കണ്ടുകൊണ്ടിരിക്കെ ‘ഞങ്ങളെ ഇതിലേക്ക് വലിച്ചിഴക്കല്ലേ.. ഇതൊന്നും കാണാൻ താൽപര്യമില്ല, സമയമില്ല’ തുടങ്ങിയ പ്രതികരണങ്ങൾ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ തകർത്തു തരിപ്പണമാക്കുന്നതാണ്.

ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് പാർട്ടിക്ക് നിമിത്തമായതുതന്നെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌ കഴിഞ്ഞ മേയ് 15ന് ഒരു കേസിന്‍റെ വിചാരണക്കിടെ നടത്തിയ മറ്റൊരനുചിത പ്രയോഗമാണ്. അതുകൊണ്ടാണ്, സുപ്രീം കോടതിക്ക് ഇത്രയും അഹങ്കാരം പാടില്ലെന്ന മുദ്രാവാക്യം വിദ്യാർഥികൾക്കിടയിൽ നിന്നും ഉയരുന്നത്. സർക്കാറിനെതിരായ പ്രതിഷേധം സുപ്രീം കോടതിക്കുകൂടി എതിരായി വളരുന്നത് നമ്മുടെ നിയമവ്യവസ്ഥക്കും നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യതക്കും ഒട്ടും ഭൂഷണമല്ലെന്ന് ഓർക്കുന്നത് എല്ലാവർക്കും നന്ന്.

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം) പ്രകാരമുള്ള സംരക്ഷണത്തിനായി പൗരജനങ്ങൾക്ക് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്ന അന്നത്തെ ചീഫ് ജസ്റ്റിസ് എ.എൻ. റേയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി 2017ൽ കെ.എസ്. പുട്ടസ്വാമി കേസിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഗുരുതരമായ പിഴവായാണ് വിലയിരുത്തിയത്. അന്ന് ബഹുമാന്യ സുപ്രീംകോടതി അന്നത്തെ ഭരണകൂടത്തിന്‍റെ ഇംഗിതങ്ങൾക്ക് വഴങ്ങി.

ആ തെറ്റ് വീണ്ടും ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത ഇന്നത്തെ ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രവാഹത്തിൽ ഫാഷിസ്റ്റ് സർക്കാറുകൾക്കുമൊപ്പം അവർക്കുവേണ്ടി ന്യായങ്ങളും വിധികളും ചമച്ച നീതിപീഠങ്ങളും ഒലിച്ചുപോകുമെന്നതിന് ചരിത്രം സാക്ഷിയാണ്. കോടതികളുടെ സ്വാതന്ത്ര്യം രാഷ്ട്രീയ അധികാരത്തിന്റെ നിഴലിലേക്ക് നീങ്ങിയാൽ, ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള കോടതിയുടെ ധൈര്യം ക്ഷയിച്ചാൽ തകർന്നുവീഴുക ജനാധിപത്യം തന്നെയാണ്.

സുപ്രീം കോടതിയുടെ ശക്തി നിലയുറപ്പിക്കേണ്ടത് ഭരണഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലാണ്. ജനങ്ങളുടെ നീതിബോധത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ, വിനയത്തോടെയും തുറന്ന മനസ്സോടെയും, ഓരോ പരാതിയും ഭരണഘടനയുടെ കണ്ണിലൂടെ കാണാൻ കോടതികൾക്ക് കഴിയണം. പ്രതിഷേധക്കാരായാലും, ന്യൂനപക്ഷങ്ങളായാലും, പ്രതിപക്ഷ പ്രവർത്തകരായാലും-അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകുന്ന ആത്മവിശ്വാസമാണ് കോടതിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സുരക്ഷ.

Tags:    
News Summary - Do the courts protect justice or power?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.