ഫലസ്തീനെ കിഴക്കെ ജറൂസലം തലസ്ഥാനമായ രാഷ്ട്രമായി അംഗീകരിച്ചാൽ മാത്രം ഇസ്രായേലുമായി ഉടമ്പടി എന്ന നിലപാടിൽ ഉറച്ചുനിന്ന സൗദിക്ക് ഹമാസിനോടുള്ള കടുംശത്രുതയുടെ പേരിൽ പ്രസ്തുത ദ്വിരാഷ്ട്ര സമവാക്യം അംഗീകരിക്കാത്ത ഇസ്രായേലുമായി ഒരു ഒത്തുതീർപ്പ് അസാധ്യമായി
ഇറാനെതിരായ യുദ്ധം കൃത്യമായി അവസാനിപ്പിക്കാതെ തുടരവേ, അമേരിക്ക സുഹൃദ് രാജ്യമായ സൗദി അറേബ്യയുമായി ജൂലൈ 22ന് ഒരു ഉടമ്പടി ഒപ്പിട്ടു. പശ്ചിമേഷ്യൻ ചരിത്രത്തിൽ നാഴികക്കല്ലെന്നു വിളിക്കാവുന്ന ആണവ സഹകരണത്തിനുള്ള ഉടമ്പടിയാണ് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ഒപ്പുവെച്ചത്. ഒരു സിവിൽ ആണവ സഹകരണ കരാറും ഉഭയകക്ഷി ആണവ സുരക്ഷാ കരാറും ഉൾപ്പെട്ടതാണ് അത്. 30 വർഷം നീളുന്ന പദ്ധതികളിലൂടെ അമേരിക്കയുമായി ആണവോർജ സഹകരണം ഉറപ്പുവരുത്തുകയും അമേരിക്കൻ കമ്പനികളുടെ സഹായത്തോടെ സ്വയം ആണവോർജ ശക്തിയായി വളരുകയും ചെയ്യുമെന്നാണ് കരാറിലൂടെ സൗദി അറേബ്യ കണക്കുകൂട്ടുന്നത്. സൗദി ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തയാറാക്കിയ വിഷൻ 2030 അനുസരിച്ച് സൗദി അറേബ്യയെ പെട്രോളിയം ആശ്രിത സമ്പദ് വ്യവസ്ഥയിൽനിന്ന് വൈവിധ്യവത്കൃതമായ ഒന്നാക്കി മാറ്റാം എന്നതായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി ആണവോർജം വികസിപ്പിക്കുകയും എണ്ണവിഭവങ്ങൾ കൂടുതലും കയറ്റുമതിക്കായി വിനിയോഗിക്കുകയും, വളരുന്ന ആഭ്യന്തര ഊർജാവശ്യങ്ങൾക്ക് ആണവോർജം പ്രയോജനപ്പെടുത്തുകയും ചെയ്യാമെന്നും പദ്ധതിയിട്ടിരിക്കുന്നു.
എന്നാൽ, അത്ര ലളിതമല്ല ഈ സഹകരണ ഉടമ്പടി. ഒന്നാമതായി, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അതിനെ ഇസ്രായേലുമായുള്ള ബന്ധത്തോടു കൂട്ടിക്കെട്ടിയിരിക്കുന്നു. ട്രംപിന്റെ ആദ്യ ഊഴത്തിൽ യു.എ.ഇ, ബഹ്‌റൈൻ രാജ്യങ്ങളും തുടർന്ന് മൊറോക്കോയും സുഡാനും മറുഭാഗത്ത് ഇസ്രായേലുമായി യു.എസ് കാർമികത്വത്തിൽ ‘അബ്രഹാം ഉടമ്പടികൾ’ എന്ന പേരിൽ കരാറുകൾ ഒപ്പുവെച്ചിരുന്നു. അതിൽ ഇസ്രായേലുമായി നയതന്ത്ര-വ്യാപാരബന്ധങ്ങൾ സ്ഥാപിക്കുകയും പരസ്പര ബഹിഷ്കരണമില്ലാത്ത സ്വതന്ത്ര ഇടപാടുകൾക്ക് വഴിയൊരുങ്ങുകയും ചെയ്തു. ഇക്കൂട്ടത്തിൽ സൗദി അറേബ്യയെ കൂടി ഉൾപ്പെടുത്താൻ അമേരിക്ക തീവ്രശ്രമം നടത്തിവരുകയായിരുന്നു. 2023 സെപ്റ്റംബറിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് സൗദി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. അതേമാസം തന്നെ സൗദിയും ഇസ്രായേലും ഉൾപ്പെടുന്ന ഇന്ത്യ-മധ്യപൗരസ്ത്യ-യൂറോപ് സാമ്പത്തിക ഇടനാഴിക്കുള്ള കരാറും അമേരിക്ക പ്രഖ്യാപിച്ചു. പക്ഷേ, 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഗസ്സയിൽ അഴിച്ചുവിട്ട വംശഹത്യ സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചതോടെ സൗദി നിലപാട് മാറ്റി. ഫലസ്തീനെ കിഴക്കൻ ജറൂസലം തലസ്ഥാനമായ രാഷ്ട്രമായി അംഗീകരിച്ചാൽ മാത്രം ഇസ്രായേലുമായി ഉടമ്പടി എന്ന നിലപാടിൽ ഉറച്ചുനിന്ന സൗദിക്ക് ഹമാസിനോടുള്ള കടുംശത്രുതയുടെ പേരിൽ പ്രസ്തുത ദ്വിരാഷ്ട്ര സമവാക്യം അംഗീകരിക്കാത്ത ഇസ്രായേലുമായി ഒത്തുതീർപ്പ് അസാധ്യമായി. അമേരിക്കയാണെങ്കിൽ ഇസ്രായേലും അറബ് രാഷ്ട്രങ്ങളും തമ്മിൽ സമവായത്തിലെത്തിയാൽ മാത്രമേ ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കൂ എന്ന നിലപാടിലുമായിരുന്നു. അതോടെ അബ്രഹാം ഉടമ്പടി ചർച്ചകൾ സ്തംഭിച്ചു. എന്നാൽ, കഴിഞ്ഞ ജൂലൈ 22ന് ആണവ സഹകരണ കരാർ ഒപ്പിട്ട അടുത്ത ദിവസം തന്നെ ട്രംപ് പറഞ്ഞത്, കരാർ നടപ്പിലാക്കണമെങ്കിൽ അബ്രഹാം ഉടമ്പടിയിൽ സൗദി ചേരണമെന്നാണ്. അത്തരമൊരു നിബന്ധന മുമ്പ് ട്രംപ് പറഞ്ഞിരുന്നില്ല. ആണവ കരാറിലും അതില്ലായിരുന്നു. പിന്നെ ട്രംപ് ഇത് പറയാൻ കാരണം സൗദി സഹകരണ കരാറിനെക്കുറിച്ച അമേരിക്കയിലെ ആഭ്യന്തര വിമർശനങ്ങളോ ഇസ്രായേലിന്റെ എതിർപ്പോ ആവാം. സൗദി അധികാരികളുമായി അത്തരമൊരു വാചാ ധാരണക്കും സാധ്യത കുറവാണ്. 1967ലെ അതിർത്തികളനുസരിച്ചുള്ള ഫലസ്തീൻ രാഷ്ട്രത്തെക്കുറിച്ച സൗദി നിലപാട് ഒത്തു തീർപ്പുകളില്ലാത്തതാണ്.
ഇതോടനുബന്ധിച്ച് ഇറാനുമായുള്ള ആണവ ചർച്ചകളിലെ അമേരിക്കൻ നിലപാടും പരിശോധിക്കേണ്ടതുണ്ട്. യുറേനിയം സമ്പുഷ്‌ടീകരണത്തിൽ ഇറാൻ വളരെ മുന്നോട്ടു പോയിട്ടുണ്ടെന്നും അത് 60 ശതമാനത്തിലെത്തി നിൽക്കെ ആയുധനിർമാണ ശേഷിയുടെ തൊട്ടുതാഴെയാണെന്നുമാണ് ഇറാൻ വിരുദ്ധ ചേരിയുടെ പൊതുപ്രചാരണം. പക്ഷേ, ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടതിനാൽ അവർക്കു സമാധാനാവശ്യങ്ങൾക്കുള്ള സമ്പുഷ്‌ടീകരണത്തിന് അവകാശമുണ്ട്. യുറേനിയം ശേഖരത്തിൽ സമ്പന്നമാണ് സൗദി. ആദ്യഘട്ടത്തിൽ ആണവ ഇന്ധനം അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുകയും അതിനിടയിൽ രണ്ടുവർഷം കൊണ്ട് യുറേനിയം സമ്പുഷ്‌ടീകരണം പ്രായോഗികമാണെങ്കിൽ അത് നടത്തുകയും ചെയ്യും എന്നാണ് ഉടമ്പടിയിലെ വ്യവസ്ഥ. എന്നാൽ, അതിന്റെ സാങ്കേതിക വിദ്യ സൗദിക്ക് കൈമാറില്ല.
സൗദിയെ ഇങ്ങനെ തുണക്കാൻ അമേരിക്ക തുനിഞ്ഞിറങ്ങിയിരിക്കുന്നത് അതിലൂടെ അബ്രഹാം ഉടമ്പടിയിൽ സൗദിയെ പങ്കാളിയാക്കാമെന്ന പ്രതീക്ഷ തന്നെയാണ്. ഒപ്പം ആണവോർജത്തിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ അമേരിക്കൻ കമ്പനികൾക്ക് മുൻഗണന ലഭിക്കുകയും ചെയ്യും. കൂടാതെ, മേഖലയിൽ ആണവശേഷി ഇറാന് പുറമെ ആർക്കെങ്കിലും ഉണ്ടാവുകയാണെങ്കിൽ അത് തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്ന അത്യാഗ്രഹവും. ഒപ്പം, ഇവിടെയും ഒരു വൻശക്തിയെന്ന നിലയിൽ ചൈനയുടെ കടന്നുവരവിനു തടയിടണമെന്ന താൽപര്യവും. പക്ഷേ, എല്ലാം ചേർത്തുവെച്ചാൽ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞിടത്താണ് എത്തുക. സൗദി, അബ്രഹാം ഉടമ്പടിയിൽ ചേരുന്നില്ലെങ്കിൽ പിന്നെ കരാർ എന്നൊന്നില്ല. അതിനുപുറമെ ഫലസ്തീൻ പ്രശ്നവും ഇറാൻ പ്രതിസന്ധിയും സൗദി-യു.എസ് ബന്ധങ്ങൾക്ക് മേലുള്ള നീണ്ട നിഴലായി തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.