സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്‍ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം നിയമപാലനത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല
കേന്ദ്രത്തിലെ മോദി സർക്കാറിന്റെ ദുഷ്ചെയ്തികളെ അഹിംസാ മാർഗത്തിലൂടെ ചോദ്യംചെയ്ത് വിജയം വരിച്ച ഇന്ത്യൻ യുവതയുടെ ധീരതയിലും നിശ്ചയദാർഢ്യത്തിലും അഭിമാനം കൊള്ളുകയാണ് രാജ്യത്തെ ഓരോ മനുഷ്യസ്നേഹിയും. ഏതർഥത്തിൽ നോക്കിയാലും അഭിനന്ദനങ്ങൾക്കർഹരാണ് ആ കുട്ടികൾ. കഴിഞ്ഞ 12 വർഷത്തിനിടെ മോദി ഭരണകൂടത്തിലെ നിരവധി മന്ത്രിമാർ അഴിമതി, സ്വജനപക്ഷപാത, വർഗീയ ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. അതിനെതിരെ പലവിധ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മന്ത്രിയെ രാജിവെപ്പിക്കാൻ സംഘ്പരിവാർ നിർബന്ധിതമായത്.
വിദ്യാഭ്യാസ മേഖലയെ വിതണ്ഡ ചിന്തകളുടെ വിളനിലമാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിന്റെ വിശ്വസ്ത സ്വയംസേവകനായ ധർമേന്ദ്ര പ്രധാനെ സംരക്ഷിച്ചുനിർത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു മോദി-ഷാ സംഘം. പ്രധാനെ രാജിവെപ്പിച്ചില്ലെങ്കിൽ പ്രധാനമന്ത്രി രാജിവെക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് പ്രക്ഷോഭം വ്യാപിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ഭരണകൂടം വഴങ്ങിയതാണ്. സമരത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടിയുടെ നേതാക്കളുമായി ചർച്ച നടത്തിയ കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്രസിങ്ങും സമരക്കാർക്കെതിരെ പ്രതികാര നടപടികളുണ്ടാവില്ലെന്നും കേസുകൾ പിൻവലിക്കുമെന്നും ഉറപ്പു പറഞ്ഞതാണ്. എന്നാൽ, നൽകിയ വാക്ക് കാതുകളിൽനിന്ന് മായുംമുമ്പേ വേട്ടയാടൽ തുടങ്ങിയതായാണ് വാർത്തകൾ.
ജന്തർ മന്തറിലെ സമരക്കാർക്ക് ആദ്യദിനം മുതൽ ഭക്ഷണവും കുടിവെള്ളവുമെത്തിച്ച യു.പി സ്വദേശി ജുനൈദ് ആയിരുന്നു ആദ്യ ഉന്നം. സമരം ചൂടുപിടിച്ചുനിന്ന ഘട്ടത്തിൽ ജുനൈദിന്റെ പിതാവിനെയും ബന്ധുക്കളെയും ഒന്നിലേറെ തവണ യു.പി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഡൽഹി പൊലീസ് ജുനൈദിനെ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്തു.
സമരക്കാർക്കെതിരായ അതിക്രമത്തിന് ന്യായമില്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിക്കുമ്പോഴും നടമാടിയ അന്യായങ്ങൾ വരുത്തിവെച്ച ആഘാതങ്ങൾക്ക് പരിഹാരമാവുന്നില്ല. സമരം നടന്നത് ജന്തർ മന്തറിലാണെങ്കിലും അതിന്റെ പേരിൽ പൊലീസ് നിയമം
പ്രഖ്യാപിച്ചത് കിലോമീറ്ററുകൾ അകലെയുള്ള ഓഖ്‍ല-ജാമിഅ നഗർ മേഖലയിലായിരുന്നു. അവിടെ നിന്ന് സമരനാളുകളിൽ മെട്രോ കയറിയ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പേരുവിവരങ്ങളും രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എ.ഐ കാമറ ഘടിപ്പിച്ച വാനുകളും കാമറ ഘടിപ്പിച്ച കണ്ണടകളും ഉപയോഗിച്ച് യുവജനങ്ങളുടെ ചിത്രങ്ങൾ പകർത്തിയ പൊലീസ് അവരുടെ വാതിക്കൽ മുട്ടുന്നത് എന്നാണെന്നേ ഇനി അറിയേണ്ടതുള്ളൂ.
ഒട്ടനവധി വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള അസം, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ നീറ്റ് ചോർച്ച പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തവരെ പൊലീസ് വിട്ടയച്ചിട്ടില്ല. സംഘ്പരിവാർ പൊലീസിന്റെ പതിവുശൈലിയിൽ മതംനോക്കിയാണ് നടപടികളെന്ന് അറസ്റ്റിലായവരുടെ പട്ടിക നോക്കിയാൽ വ്യക്തമാവും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല; യുവജന പ്രക്ഷോഭകർക്കുവേണ്ടി വാദിക്കുന്ന രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിലും ഐക്യദാർഢ്യ പരിപാടി നടത്തിയവർക്കെതിരെ കേസുണ്ട്, അത് പിൻവലിച്ചതായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ കേട്ടില്ല.
സമരത്തിന് വിദേശബന്ധം ചാർത്തിക്കൊടുക്കാനും വ്യാജ ആഖ്യാനം വഴി വെറുപ്പ് പരത്താനുമുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. സമരം സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ നൽകിയ ബദൽമാധ്യമങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തുമ്പോൾ എ.ഐ നിർമിത വിഡിയോകളും ചിത്രങ്ങളുമുപയോഗിച്ച് കള്ളങ്ങൾ പടച്ചുവിടുന്നതിന് ഒരു തടസ്സവുമില്ല.
യുവജന പ്രക്ഷോഭകർക്കുനേരെ നടന്ന അതിക്രമങ്ങൾ സംബന്ധിച്ച് പാർലമെന്റ് ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് ചൊവ്വാഴ്ച വൈകീട്ട് ഡൽഹി പൊലീസ് സി.പി.എം അഖിലേന്ത്യാ ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ഇരച്ചുകയറിയത്. സി.ജെ.പി സമരത്തിന് ശക്തമായ പിന്തുണയേകിയ എസ്.എഫ്.ഐയുടെ ജോയന്റ് സെക്രട്ടറിയും ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. യൂനിഫോമോ നെയിംബാഡ്ജോ ധരിക്കാതെ, കാരണം പോലും ബോധിപ്പിക്കാതെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അടക്കമുള്ള നേതാക്കൾ ചെറുത്തു നിന്നതിനാൽ തൽക്കാലം നടക്കാതെ പോയി.
2021ൽ ഡൽഹിയിലെ ബംഗ്ലാ ഭവന് മുന്നിൽ സമാധാനപരമായി നടത്തിയ ഒരു ധർണക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ അഞ്ചു വർഷത്തിനുശേഷം ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ തിടുക്കം കൂട്ടുന്ന പൊലീസുകാരോട് ചോദിക്കട്ടെ-അതിനും ഒരു വർഷം മുമ്പ് 2020 ജനുവരി അഞ്ചിന് മുഖംമൂടിധരിച്ച സംഘ്പരിവാർ ഗുണ്ടകൾ ജെ.എൻ.യുവിലേക്ക് അതിക്രമിച്ചുകടന്ന് ഭീകരമായ അക്രമം നടത്തിയ സംഭവത്തിന്റെ അന്വേഷണമെന്തായി? അന്ന് ജെ.എൻ.എസ്.യു പ്രസിഡൻറായിരുന്ന ഐഷി ഘോഷിന്റെ തല കൂടംകൊണ്ട് അടിച്ചുപൊട്ടിച്ച എത്രപേരെ നിങ്ങൾ ഇതുവരെ അറസ്റ്റു ചെയ്തു?
ഇപ്പോഴത്തെ അറസ്റ്റ് നീക്കം പകപോക്കലാണെന്ന് സംശയലേശമന്യേ ഉറപ്പിച്ചു പറയാനാവും, വൈകാതെ മറ്റു വിദ്യാർഥി സംഘടനകളുടെ നേതാക്കളെയും പൊലീസ് തേടിവരും. സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയും അവസരം ലഭിച്ചിരുന്നെങ്കില്‍ സമരക്കാരെ വെടിവെച്ചുകൊല്ലുമായിരുന്നുവെന്നും സമരത്തിനെത്തിയ വിദ്യാർഥിനികളും വനിതകളും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമൊക്കെ അറപ്പുളവാക്കുന്ന വിദ്വേഷം വിളമ്പിയ സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹന്‍ദാസ് ദേശീയതയുടെ കാവൽക്കാരനുമായി വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം നിയമപാലനത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല; പക്ഷേ, അത് രാജ്യം വെച്ചുപൊറുപ്പിക്കുമെന്ന് ഭരണകൂടം ഇനിയും വ്യാമോഹിക്കരുതെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.