മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന ബ്രിജ്ഗോപാല്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. നിലവിലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്തുകൊണ്ടിരുന്ന ജഡ്ജിയായിരുന്നു ലോയ. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ നാഗ്പുരില്വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹ സല്ക്കാരത്തിനു പോയ ലോയ തലേന്ന് രാത്രി 11 മണിക്ക് ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാൽ, ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന സന്ദേശമാണ് പിറ്റേന്ന് പുലര്‍ച്ചെ അവര്‍ക്ക് ലഭിക്കുന്നത്. ഈ മരണവുമായി ബന്ധപ്പെട്ട ഓരോ നീക്കത്തിലും അടിമുടി ദുരൂഹതയുണ്ടെന്ന വാദവുമായി ലോയയുടെ സഹോദരി ഡോ. അനിരുദ്ധ ബയാനിയാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ ഓട്ടോറിക്ഷയില്‍ കയറ്റി ഇ.സി.ജി സൗകര്യം പോലുമില്ലാത്ത ആശുപത്രിയില്‍ എത്തിച്ചത്, ബന്ധുക്കള്‍ എത്തുന്നതിനുമുമ്പ് പോസ്റ്റുമോര്‍ട്ടം നിര്‍വഹിച്ചത്, മൃതദേഹം ലാത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോവുമ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ അല്ലാതെ മറ്റൊരാളും കൂടെയില്ലാത്തത് തുടങ്ങി നിരവധി സൂചനകളാണ് ബയാനി മുന്നോട്ടുവെക്കുന്നത്. മരണപ്പെടുന്ന ആ പുലര്‍വേളയില്‍ ലോയയെ സമ്മര്‍ദത്തിലേക്കും തുടര്‍ന്ന് മരണത്തിലേക്കും നയിക്കുന്ന എന്താണ് നാഗ്പുരിലെ ഗെസ്റ്റ് ഹൗസില്‍ നടന്നതെന്ന് അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.
മറ്റൊരു ഗൗരവപ്പെട്ട ആരോപണവും സഹോദരി ഉന്നയിച്ചിട്ടുണ്ട്. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അമിത് ഷായുടെ വിടുതല്‍ ഹരജി പെട്ടെന്ന് തീര്പ്പാക്കിക്കൊടുക്കാന് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ, ബ്രിജ്ഗോപാല്‍ ലോയക്ക് 100 കോടി രൂപയും മുംബൈയില്‍ വീടും വാഗ്ദാനം ചെയ്തിരുന്നുവെന്നതാണത്. മുംബൈയില്‍ ഒൗദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തിയാണ് മൊഹിത് ഷാ ഈ വാഗ്ദാനം നല്‍കിയതെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍, ഇതിന് ശേഷവും ലോയ കേസ് ഗൗരവത്തില്‍തന്നെ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് ദുരൂഹ സാഹചര്യത്തിലുള്ള മരണം സംഭവിക്കുന്നത്. ബ്രിജ്ഗോപാല്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിെൻറ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയെങ്കില്‍ അത് ഗൗരവപ്പെട്ടതാണ്. അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടക്കുകയും രണ്ടുവര്‍ഷം ഗുജറാത്തില്‍ കടക്കുന്നത് വിലക്കപ്പെടുകയും ചെയ്തയാളുമാണ് അമിത് ഷാ. കേസ് ഗുജറാത്തിലെ കോടതികളില്‍ വിചാരണ ചെയ്താല്‍ നീതി ലഭ്യമാവില്ലെന്ന് കണ്ട് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ബോംബെയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റുന്നത്. അതായത്, ദേശീയ തലത്തില്‍തന്നെ പ്രമാദമായ, വലിയ സമ്മർദങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്ന് സുപ്രീംകോടതിതന്നെ കെണ്ടത്തിയ കേസാണ് സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. അത്തരമൊരു കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയുടെ പൊടുന്നനെയുള്ള മരണത്തെക്കുറിച്ചാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ദീര്‍ഘകാലം ഗുജറാത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് എല്ലാവര്ക്കും അറിയാം. ആര്‍ക്കും കടന്നുചെല്ലാന്‍ പറ്റാത്ത ഒരു ‘ഡീപ് സ്റ്റേറ്റ്’ ഭരണത്തിലും പാര്‍ട്ടിയിലും രൂപപ്പെടുത്തിക്കൊണ്ടാണ് ഇരുവരും അവരുടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോയത്. വ്യാജ ഏറ്റുമുട്ടലുകളുടെയും കലാപങ്ങളുടെയും പരമ്പരകള്‍ സൃഷ്ടിച്ച് പൊലീസ്, ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ വിധ്വംസക രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു അവര്‍. അത്തരമൊരു പശ്ചാത്തലമുണ്ടായിരിക്കെ, ലോയയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എളുപ്പം തള്ളിക്കളയാന്‍ പറ്റില്ല. ബ്രിജ്ഗോപാല്‍ ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഭവത്തിെൻറ മൂന്നാം ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെൻറിന് പുറത്ത് ധര്‍ണ നടത്തിയിരുന്നു. മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് െസാഹ്റാബുദ്ദീെൻറ സഹോദരന് റുബാബുദ്ദീന് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാക്ക് 2014ല്‍തന്നെ ഹരജിയും നല്‍കിയിരുന്നു. എന്നാല്‍, ഈ ഹരജിയില്‍ റുബാബുദ്ദീന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നതാണ് വിചിത്രമായ കാര്യം. സഹോദരിയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ കാര്യങ്ങളെല്ലാം ഓരോന്നായി പുറത്തുവരുന്നത്.
അധികാരം വെട്ടിപ്പിടിക്കാനും നിലനിര്‍ത്താനും ഏത് അരുതായ്മയും ചെയ്യുന്നതില്‍ നരേന്ദ്ര മോദി-അമിത് ഷാ സംഘത്തിന് ഒരു മടിയുമില്ലെന്നത് അവരുടെ ഇതുവരെയുള്ള ചരിത്രം തന്നെ പറയുന്ന കാര്യമാണ്. ലോയയുടെ മരണവുമായി ബന്ധപ്പെട്ടും സൊഹ്റാബുദ്ദീന്‍ കേസില്‍ ജസ്റ്റിസ് മൊഹിത് ഷായുടെ ഇടപെടലുമായി ബന്ധപ്പെട്ടും ബന്ധുക്കള്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അതിനാല്‍തന്നെ ഗൗരവത്തില്‍ അന്വേഷിക്കണം. ബി.ജെ.പിയുടെ വിധ്വംസക രാഷ്ട്രീയത്തെ മുഖാമുഖം നേരിടുന്നതില്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ച അലസ സമീപനമാണ് രാജ്യത്തെ ഈ അവസ്ഥയില്ക്കൊണ്ടെത്തിച്ചത്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് വരുന്ന വെളിപ്പെടുത്തലുകളും ഗൗരവത്തില്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായതായി കാണുന്നില്ല. പൗരാവകാശ പ്രവര്‍ത്തകരും അഭിഭാഷക യൂനിയനുകളും നീതിന്യായ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും വിഷയത്തില്‍ കൂടുതല്‍ സജീവതയോടെയും ജാഗ്രതയോടെയും ഇടപെടേണ്ടതുണ്ട്. അസത്യത്തിെൻറയും ദുരൂഹതകളുടെയും കരിമ്പടങ്ങള്‍ വലിച്ചുകീറാന്‍ അത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.