ശൈശവ വിവാഹത്തിനെതിരെ അസമിൽ ആൺവേട്ട

ശൈശവ വിവാഹത്തിനെതിരെ അസമിലെ ബി.ജെ.പി സർക്കാർ ആരംഭിച്ച പൊലീസ് ആക്ഷൻ സംസ്ഥാനത്ത് വീണ്ടും സാമൂഹികാസ്വാസ്ഥ്യം സൃഷ്ടിച്ചിരിക്കുന്നു. 14 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നത് കുട്ടികൾക്കെതിരായ ലൈംഗികപീഡനങ്ങളിൽനിന്നുള്ള സംരക്ഷണ നിയമം (പോക്സോ) വഴിയും 14നും 18നും ഇടക്ക് പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നത് 2006ലെ ശൈശവ വിവാഹ നിരോധന നിയമം വഴിയും തടയാൻ കാർക്കശ്യത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അസം ഭരണകൂടം.

ഇത്തരത്തിൽ വിവാഹിതരായ യുവാക്കളെയും അതിന് സഹായിച്ച രക്ഷിതാക്കൾ, കാർമികത്വം വഹിച്ചവർ എന്നിവരെയും സംസ്ഥാനവ്യാപകമായി പിടികൂടി ജയിലിലടക്കുന്ന ഓപറേഷന് കഴിഞ്ഞ വെള്ളിയാഴ്ച തുടക്കംകുറിച്ചു. ഒരാഴ്ചയോളം അറസ്റ്റ് തുടരുമെന്നാണ് പ്രഖ്യാപനം. ഞായറാഴ്ച വരെ 4074 പേർക്കെതിരെ എഫ്.ഐ.ആർ തയാറാക്കുകയും 2,441 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്ത് ഇത്തരത്തിലെ 8,000 പേരുടെ പട്ടിക തയാറാണെന്നും ആരെയും വെറുതെവിടില്ലെന്നും പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ശൈശവ വിവാഹം എന്ന ദുശ്ശകുനം സംസ്ഥാനത്തുനിന്ന് പിഴുതുകളയുകയാണെന്നും ഇക്കാര്യത്തിൽ സഹിഷ്ണുത വട്ടപ്പൂജ്യമായിരിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുന്നറിയിപ്പ് നൽകി. അസമിൽ ശിശു-മാതൃമരണ നിരക്ക് ഉയരാനുള്ള കാരണങ്ങളിൽ പ്രധാനം ശൈശവ വിവാഹമാണ്. സംസ്ഥാനത്തെ വിവാഹങ്ങളിൽ 31 ശതമാനം നിരോധിത പ്രായത്തിലുള്ളതാണ്. ഈ നിർമാർജന യജ്ഞം 2026ലെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ തുടരുമെന്ന് മുഖ്യമന്ത്രി പറയുന്നു.

സ്ത്രീസുരക്ഷക്കു വേണ്ടിയെന്നുപറഞ്ഞ് സർക്കാർ കർക്കശമായി നടത്തുന്ന ആൺവേട്ട ഫലത്തിൽ സ്ത്രീകളെ കൂടുതൽ കഷ്ടത്തിലാക്കുകയാണെന്ന് ആരോപിച്ച് പലയിടത്തും പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ത്രീകൾ പ്രതിഷേധ മാർച്ച് നടത്തി. സമൂഹത്തിലെ അടിത്തട്ടിലുള്ള പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളാണ് സർക്കാർ നടപടിക്ക് കൂടുതൽ ഇരയാകുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുമായി കുടുംബജീവിതം നയിക്കുന്നവരുടെവരെ പഴയ കേസുകൾ തപ്പിയെടുത്ത് ഭർത്താവിനെയും പെൺകുട്ടിയുടെ പിതാവിനെയും സാക്ഷികളെയും പുരോഹിതരെയും പൊലീസ് പിടികൂടാൻ തുടങ്ങിയതോടെ വീടുകളിൽ സ്ത്രീകൾ മാത്രം ശേഷിക്കുകയും അവരുടെ ജീവിതം വഴിമുട്ടുകയും ചെയ്യുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം അസമിലെ ദക്ഷിണ സലമാറ മംഗാചാർ ജില്ലയിൽ രണ്ട് കുഞ്ഞുങ്ങളുടെ മാതാവായ യുവതി, പിതാവിനെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തു. മൈനറായിരിക്കെ വിവാഹിതരായ അവരുടെ ഭർത്താവ് കോവിഡ് മൂലം നേരത്തേ മരണമടഞ്ഞിരുന്നു. മറ്റൊരു യുവതി ഭർത്താവിനെയും പിതാവിനെയും പുറത്തുവിട്ടില്ലെങ്കിൽ ഗോലാകഞ്ച് പൊലീസ് സ്റ്റേഷനുമുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങൾ സർക്കാറിന്‍റെ മുൻപിൻ ചിന്തയില്ലാത്ത നീക്കം സംസ്ഥാനത്ത് പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിനിടയിൽ സൃഷ്ടിച്ചിരിക്കുന്ന ഭീതിയും അരക്ഷിതാവസ്ഥയും അനാവരണം ചെയ്യുന്നു.

ശൈശവ വിവാഹം പെട്ടെന്നൊരുനാൾ നുള്ളിയെറിഞ്ഞു കളയാൻ കഴിയുന്നതല്ലെന്ന് അതുസംബന്ധിച്ച് ഇന്ത്യയിൽ നടപ്പാക്കിയ നിരോധന നിയമങ്ങൾതന്നെ തെളിയിക്കുന്നു. നാഗരികതയും പുരോഗതിയുമൊക്കെ ഇന്ത്യയിൽ എത്രയോ മുന്നമാണെന്ന അവകാശവാദം ശക്തിപ്പെട്ടുവന്ന 2006ലാണ് ഈ വിഷയത്തിലെ ഏറ്റവും ഒടുവിലെ പരിഷ്കൃത നിയമം കൊണ്ടുവന്നത്. എന്നിട്ടും ശൈശവ വിവാഹത്തിലെ മൂന്നാം സ്ഥാനമെന്ന ആഗോളനിലവാരത്തിൽനിന്ന് ഇന്ത്യ താഴെയിറങ്ങിയിട്ടില്ല. സാമൂഹിക ദുരാചാരങ്ങളുടെ കള പറിച്ചുകളയാനും പുതിയത് മുളച്ചുപൊങ്ങുന്നത് തടയാനും വ്യവസ്ഥാപിത നിയമനിർമാണവും നിർവഹണവുമാണ് ആവശ്യം എന്നു ലോകംമുഴുക്കെ അംഗീകരിച്ച വസ്തുതയാണ്. ശൈശവവിവാഹം നിർമാർജനംചെയ്യാൻ ബഹുമുഖവും വ്യവസ്ഥാപിതവുമായ ആസൂത്രിതപ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്ന് ലോക ബാങ്കും യുനെസ്കോയുമൊക്കെ ചൂണ്ടിക്കാട്ടിയതാണ്. സ്ത്രീവിദ്യാഭ്യാസം മെച്ചപ്പെടുത്തുക, ജീവിതദുരിതത്തിൽനിന്ന് കരകയറാനുള്ള സാമ്പത്തികസഹായം നൽകുക, നൈപുണി വികസനത്തിൽ പരിശീലനം നൽകുക എന്നിങ്ങനെ ബജറ്റിൽതന്നെ തുക വകയിരുത്തി ക്രമപ്രവൃദ്ധമായ തീവ്രയത്ന പരിപാടിയിലൂടെ മാത്രമേ ഈ സാമൂഹിക അത്യാചാരത്തിൽനിന്ന് നാട്ടുകാരെയും നാടിനെയും രക്ഷപ്പെടുത്തിയെടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ, ഇക്കാര്യത്തിൽ ഹിമന്ത ബിശ്വ സർക്കാർ ഒന്നും ചെയ്യുന്നില്ല. ന്യൂനപക്ഷ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ഇതുവരെ സ്കൂളുകളൊന്നും അനുവദിച്ചിട്ടില്ല. മുസ്‍ലിം കുട്ടികൾക്ക് അത്യാവശ്യം വിദ്യാഭ്യാസം നൽകുന്ന മദ്റസകളെ നിയന്ത്രിക്കുന്നതിന് എല്ലാ ശ്രമവും നടത്തുന്നുമുണ്ട്. അപ്പർ അസമിൽ ആളുകൾക്ക് സർക്കാർ ഭൂമി അനുവദിക്കുമ്പോൾ ലോവർ അസമിൽ ആ ആനുകൂല്യമില്ല. ഇങ്ങനെ പ്രകടമായ വിവേചനം നിലനിൽക്കുന്നതുകൊണ്ടാണ് സർക്കാർ നീക്കം മുസ് ലിം വിരുദ്ധമെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചത്. കഴിഞ്ഞ ആറുവർഷമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പി ശൈശവ വിവാഹ നിരോധനനിയമം നടപ്പാക്കാൻ ഇതുവരെ ഒന്നും ചെയ്യാതെ, ഇപ്പോൾ പൊലീസ് ആക്ഷനുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് അത്ര നിഷ്കളങ്കമാണെന്ന് പറയാനാവില്ല. അടുത്ത തെരഞ്ഞെടുപ്പുവരെ ആൺവേട്ട തുടരുമെന്ന് വ്യക്തമാക്കിയതിലൂടെ ഒരു സാമൂഹിക ദുരാചാര നിർമാർജനം വോട്ട് കാർഡാക്കി മാറ്റുകയാണ് സർക്കാർ.

ഈ ‘പരിഷ്കരണ പരാക്രമങ്ങൾ’ എവിടെ ചെന്നെത്തുമെന്ന് സ്ത്രീധന നിരോധന നിയമത്തിന്‍റെ ഗതി വിളിച്ചറിയിക്കുന്നുണ്ട്. ശൈശവ വിവാഹത്തെ പോക്സോ നിയമം ഉപയോഗിച്ചാണ് സർക്കാർ നേരിടുന്നത്. അതേസമയം, മാതാപിതാഗുരു ബഹുജനങ്ങളിലൂടെ നിലനിന്നുപോരുന്ന കുടുംബമടക്കമുള്ള സാമൂഹികസുരക്ഷാ സ്ഥാപനങ്ങളെ പൊളിച്ചുകളയുന്നതിൽ ഭരണകൂടവും അവയുടെ സംവിധാനങ്ങളും വഹിക്കുന്ന പങ്കും ഇവിടെ കാണാതിരുന്നു കൂടാ. കൃത്യമായ ആസൂത്രണമോ പരിഹാരപദ്ധതികളോ ഇല്ലാതെ ആയിരക്കണക്കിന് യുവാക്കളെയും പുരുഷജനങ്ങളെയും വേട്ടയാടി ആയിരക്കണക്കിന് കുടുംബങ്ങളെ നിരാലംബരാക്കി ജയിൽ നിറച്ച് ഏതു ദൗത്യം വിജയിപ്പിക്കാനാണാവോ ‘ഹിന്ദുത്വ’യുടെ അധികാരപ്പിടിത്ത വിദഗ്ധനായ ഹിമന്ത് ബിശ്വ ശർമ ഇറങ്ങിത്തിരിച്ചിരിക്കുന്നത്? സ്ത്രീസുരക്ഷയുടെ പേരുപറഞ്ഞ് സ്ത്രീജനങ്ങളെ സമരവെയിലിലേക്കും സ്വയം കൊലക്കയറിലേക്കും വിളിച്ചിറക്കി കൊണ്ടുപോകുന്ന ‘ഹിന്ദുത്വരാജി’ൽ ഏതു ‘പുതു ഇന്ത്യ’യാണാവോ പിറക്കുക? 

Tags:    
News Summary - Assam man hunting in the name of child marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.