‘വിദ്യാര്‍ഥികള്‍ ദേശദ്രോഹികള്‍; അവരെ ക്രൂശിക്ക’!

രോഹിത് വെമുലയുടെ ജീവത്യാഗം  തുറന്നുവിട്ട വിദ്യാര്‍ഥിപ്രക്ഷോഭത്താല്‍ നിര്‍ബന്ധിതനായി  അവധിയില്‍ പ്രവേശിക്കേണ്ടിവന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പി. അപ്പ റാവു തിരിച്ചുവരുന്നത് അങ്ങേയറ്റം പ്രതികാരദാഹിയായാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം കാമ്പസ് അങ്കണത്തില്‍ പൊലീസുകാരും എ.ബി.വി.പിയടക്കമുള്ള വൈസ്ചാന്‍സലര്‍ സംരക്ഷകരും അഴിച്ചുവിട്ട താണ്ഡവങ്ങള്‍. രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദിയായി വിലയിരുത്തപ്പെടുന്ന, വിദ്യാര്‍ഥിക്ഷോഭത്തിന്‍െറ കുന്തമുനയുമായ ഒരു വി.സി തല്‍സ്ഥാനത്ത് വീണ്ടും ചുമതല ഏറ്റെടുക്കുന്നതിനുമുമ്പ്, എന്തെങ്കിലും അര്‍ഥത്തിലുള്ള നീതിബോധമോ ജനാധിപത്യമൂല്യങ്ങളോ പ്രതീക്ഷിക്കുന്നത് അര്‍ഥരഹിതമാണങ്കിലും ചുരുങ്ങിയപക്ഷം മാനവ വിഭവശേഷി വകുപ്പ് നിയമിച്ച കമ്മിറ്റിയുടെ അന്വേഷണമെങ്കിലും പൂര്‍ണമാകുകയും റിപ്പോര്‍ട്ട് പുറത്തുവരുകയും ചെയ്യണമായിരുന്നു. രോഹിത് വെമുല മരണംവരിച്ച് രണ്ടുമാസത്തിലധികമായിട്ടും അതിനുത്തരവാദികളായ ആരും അറസ്റ്റ് ചെയ്യപ്പെടാതിരിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തേയും അതുയര്‍ത്തിയ മൗലികമായ ചോദ്യങ്ങളെയും അപഹസിക്കും വിധമുള്ള അപ്പ റാവുവിന്‍െറ തിരിച്ചുവരവ് വിദ്യാര്‍ഥിപ്രതിഷേധത്തിന് കാരണമാകുക സ്വാഭാവികം. എന്നാല്‍, സമാധാനപരമായി പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ഥികളെ ദേശത്തിന്‍െറ ശതുക്കള്‍ എന്നാക്ഷേപിച്ചുകൊണ്ട് കലാശാല അധികൃതരും പൊലീസും അതിനിഷ്ഠൂരമായി നേരിട്ടത് അത്യധികം അപലപനീയമായ ജനാധിപത്യവിരുദ്ധത മാത്രമാണ്.
ഹൈദരാബാദ് സര്‍വകലാശാലയിലെ നരനായാട്ട്  വൈസ് ചാന്‍സലറുടെ കുതന്ത്രമാണെന്നുവേണം വിലയിരുത്താന്‍. വിദ്യാര്‍ഥിപ്രക്ഷോഭത്തെ ചെറുക്കാന്‍ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെയും എ.ബി.വി.പിക്കാരെയും നേരത്തേ സംഘടിപ്പിച്ചുനിര്‍ത്തിയതായി  കാമ്പസിലെ വിദ്യാര്‍ഥികള്‍ രേഖകള്‍ നിരത്തി വെളിപ്പെടുത്തിയിരിക്കുന്നു.  പൊലീസുകാരുടെ പിന്തുണയും നേരത്തേ ഉറപ്പുവരുത്തിയിരുന്നു. ഭക്ഷണവും വെള്ളവും സ്തംഭിപ്പിക്കുന്ന യുദ്ധഭൂമികളിലെ ഉപരോധമുറയും ഇവിടെ അവലംബിക്കപ്പെട്ടു. വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ഇന്‍റര്‍നെറ്റ് കണക്ഷനുകളും വിച്ഛേദിച്ചു. പുറത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക സംഘടനകളുടെ നേതൃത്വങ്ങള്‍ക്കും അഭിഭാഷകര്‍ക്കും പ്രവേശം നിരോധിച്ചിരുന്നു. അങ്ങനെ വളരെ ആസൂത്രിതമായി തയാറാക്കിയ തിരക്കഥക്കനുസരിച്ചാണ് പൊലീസ് നരനായാട്ടും രണ്ട് അധ്യാപകരടക്കമുള്ള 30 പേരുടെ  അറസ്റ്റുമെന്ന് സുവ്യക്തം. സര്‍വകലാശാലാ  പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതില്‍ മുന്‍പന്തിയിലുള്ളത് ദലിത് മുസ്്ലിം വിഭാഗമായതുകൊണ്ടുതന്നെ വംശീയമായ അധിക്ഷേപങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമാണ്  അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ വിധേയരായത്. സമരത്തില്‍ പങ്കാളികളായ പെണ്‍കുട്ടികളോട് വസ്ത്രമുയര്‍ത്തി മാനഭംഗത്തിനിരയാകണോ എന്നായിരുന്നുവത്രെ പൊലീസുകാര്‍  ചോദിച്ചത്. രാജ്യത്തിന്‍െറ ജനാധിപത്യത്തെ നവീകരിക്കുകയും ദേശീയതയുടെമേല്‍ നിര്‍മിക്കപ്പെട്ട വ്യാജബോധങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ ശാരീരികമായി ഇല്ലാതാക്കപ്പെടേണ്ടവരും ബലാത്സംഗത്തിന് വിധേയരാക്കപ്പെടേണ്ടവരുമാണെന്ന യുദ്ധമനോഘടനയിലേക്ക് അധികാരശക്തികള്‍ വീണിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഹൈദരാബാദ് കലാശാലയിലെ സംഭവങ്ങള്‍. സ്വന്തം പൗരന്മാരെ അപരരും കീഴാളരും അബലകളുമായിക്കണ്ട് നെറികേടുകള്‍ക്ക് വിധേയപ്പെടുത്തുന്ന ഹീനപ്രവണതകള്‍ പരിഷ്കൃതകാലത്തിന് നിരക്കുന്നതല്ല. വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് ഇനി പീഡനകാലമാണെന്ന വ്യക്തമായ സൂചനയുമാണിത്.
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും  അവരുടെ ലോകത്തെ തടവറകളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുമ്പോള്‍ വിമതസ്വരങ്ങള്‍ ഉയര്‍ത്താന്‍ അവരല്ലാതെ മറ്റാരുണ്ടാകും? ജനാധിപത്യവിരുദ്ധതയെ മറികടക്കാനാണ് വിദ്യാര്‍ഥികളുടെ ശ്രമം. വ്യവസ്ഥയും അച്ചടക്കവും അടിച്ചമര്‍ത്തലിന്‍െറയും നീതിനിഷേധത്തിന്‍െറയും ഖഡ്ഗങ്ങളാകുമ്പോഴാണ് വിയോജിപ്പും പ്രതിഷേധങ്ങളും അവകാശപ്പോരാട്ടമായി മാറുന്നത്. നിയമലംഘനങ്ങള്‍ ജനാധിപത്യത്തിന്‍െറ അനിവാര്യതകളായി മാറുന്നതും. കൂടെനില്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്ത ധാരാളം പത്രോസുമാര്‍ കോഴികൂവുന്നതിനുമുമ്പേ  തള്ളിപ്പറഞ്ഞെന്നിരിക്കും. എന്നാലും, ഹതാശലോകത്ത് വിപ്ളവത്തിന്‍െറ വിദ്യാര്‍ഥിശുശ്രൂഷകര്‍ക്ക് സമരപ്രക്ഷോഭത്തിന്‍െറ പുതിയ വാതായനങ്ങള്‍ തുറന്നുകൊണ്ട് പ്രത്യാശയുടെ വെളിച്ചംനിറക്കാന്‍ കഴിയട്ടെ. മെച്ചപ്പെട്ട ജനാധിപത്യ ഉയിര്‍പ്പിന്‍െറ പ്രഘോഷണമായിത്തീരട്ടെ കാമ്പസില്‍നിന്നുയരുന്ന മുദ്രാവാക്യങ്ങളും പീഡനവാര്‍ത്തകളും.  ഉയിര്‍ത്തെഴുന്നേല്‍പിന്‍െറ പുത്തന്‍ പുലര്‍കാലത്തെ സംബന്ധിച്ച ശുഭാപ്തിവിശ്വാസംകൂടി അണഞ്ഞുപോയാല്‍ പിന്നെയെങ്ങനെയാണ്  മാറ്റത്തിന്‍െറ അന്തരീക്ഷം സംജാതമാകുക? ഈ അഭിനവ സീസര്‍മാരുടെ പിണിയാളുകളുടെ ആക്രോശങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികളുടെ ഹൃദയം പിളര്‍ന്നൊഴുകുന്ന രക്തത്തില്‍ രാജ്യം നിദ്രയില്‍ നിന്നുണര്‍ന്ന് മാറ്റത്തിന്‍െറ ഊര്‍ജം കൈക്കൊള്ളുമെന്ന്  നമുക്ക് പ്രത്യാശിക്കാം. പ്രത്യാശയാണ് മാറ്റത്തിന്‍െറ കാതലെന്നതാണല്ളോ ചരിത്രത്തിന്‍െറ പാഠവും ജീവിതം നിലനിര്‍ത്തുന്നതിന്‍െറ പ്രചോദനവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.