ഭരണത്തില്‍ വേവാത്ത മോദിയുടെ പരിപ്പ്

വാചാടോപവും എഴുത്തുകുത്തുംകൊണ്ട് തീരുന്നതാണ് രാജ്യഭരണമെങ്കില്‍ നരേന്ദ്ര മോദിയുടെ എന്‍.ഡി.എ ഗവണ്‍മെന്‍റ് എന്നേ ജയിച്ചേനെ. വരാനിരിക്കുന്ന നല്ല നാള്‍ (അച്ഛേ ദിന്‍) വാഗ്ദാനങ്ങളും മനംതൊട്ട വര്‍ത്തമാനങ്ങളും (മന്‍ കീ ബാത്) കൊണ്ടുള്ള അധരവ്യായാമത്തിന് ഒരു കുറവും മോദി വരുത്തിയിട്ടില്ല. എന്നാല്‍ ആ പരിപ്പ് അധികകാലം വേവില്ളെന്ന് നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തുന്നതാണ് വാണംപോലെ കുതിച്ചുകയറുന്ന പരിപ്പിന്‍െറ വില. പ്രതിരോധവകുപ്പില്‍ ഗവണ്‍മെന്‍റ് പുതിയ ആയുധക്കരാറുകളിലേര്‍പ്പെടുന്നുണ്ട്. വിദേശനിക്ഷേപകരെ ഇരുകൈയും നീട്ടി രാജ്യത്തേക്ക് ക്ഷണിക്കുന്നുണ്ട്. വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളെ കാവിവത്കരിക്കാന്‍ പതിവുവിട്ട ഉത്സാഹം കാണിക്കുന്നുണ്ട്. അതേസമയം, ഭരണകൂടത്തിന്‍െറ പ്രഥമബാധ്യതകള്‍ നിറവേറ്റുന്ന കാര്യത്തില്‍ ഒരു ചുക്കും ചെയ്യാനാവുന്നില്ളെന്ന് തെളിയിക്കുന്നതാണ് നാള്‍ക്കുനാള്‍ കുതിച്ച് കിലോഗ്രാമിന് ഇരുന്നൂറിലും കവിഞ്ഞുനില്‍ക്കുന്ന പരിപ്പിനങ്ങളുടെ വിലനിലവാരം.

ബഹുഭൂരിപക്ഷത്തിന്‍െറയും ഭക്ഷ്യവിഭവങ്ങളില്‍ പ്രധാനമായ പരിപ്പിനങ്ങള്‍ക്കെല്ലാം 120നും മീതെയാണ് ചില്ലറ വില. കോഴിയിറച്ചിയേക്കാള്‍ കവിഞ്ഞ വില നല്‍കിയാലേ പരിപ്പ് കിട്ടൂ. സര്‍വസാധാരണമായ ഇനത്തിന് കഴിഞ്ഞദിവസങ്ങളില്‍ 210 രൂപയും കടന്നുപോയി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കെ, ഇതിന് തടയിടണമെന്ന് കേന്ദ്രഗവണ്‍മെന്‍റിനുണ്ട്. എന്നാല്‍ എന്തുചെയ്യണമെന്ന കൃത്യമായ ധാരണയില്ല. കാര്‍ഷികരംഗത്ത് നേരിട്ട തിരിച്ചടിയുടെ സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന ദൗര്‍ലഭ്യം മുന്‍കൂട്ടിക്കണ്ട് പ്രതിവിധി തേടാനുള്ള ശ്രമം ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചുനില്‍ക്കെ തേടുന്ന മുട്ടുശാന്തി പരിഹാരങ്ങളാകട്ടെ, കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഗവണ്‍മെന്‍റിന്‍െറ ഭരണരംഗത്തെ പ്രാപ്തിക്കുറവ് വിളിച്ചോതുന്നതാണ് വിലക്കയറ്റവും അതിനെ മറികടക്കാന്‍ തേടുന്ന മാര്‍ഗങ്ങളും. ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും സംസ്ഥാനങ്ങളുടെ മാത്രം വരുതിയില്‍ ഒതുങ്ങുന്നതല്ല. കേന്ദ്രഗവണ്‍മെന്‍റിന്‍െറ ഇറക്കുമതി നയം മുതല്‍ കരുതല്‍ശേഖരവും വിതരണരീതിയുമായി വരെ ബന്ധപ്പെട്ടുനില്‍ക്കുന്ന കൂട്ടുത്തരവാദിത്തമാണിത്. സബ്സിഡിയും പൂഴ്ത്തിവെപ്പ് പരിശോധനയുമൊക്കെ സംസ്ഥാനങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍. എന്നാല്‍ ഭക്ഷ്യദൗര്‍ലഭ്യം നികത്താന്‍ ഇതുകൊണ്ടുമാത്രമാവില്ല. ഇക്കാര്യത്തില്‍ കേന്ദ്രം നല്‍കുന്ന നിര്‍ദേശത്തിലുമുണ്ട് ചില അപാകങ്ങള്‍. വിത്തെടുത്ത് കുത്തുന്നതുപോലെ കരുതല്‍ശേഖരത്തെ തന്നെ ചോര്‍ത്താനിടയാക്കുന്ന പരിശോധന നിര്‍ദേശങ്ങളാണ് കേന്ദ്രത്തിന്‍േറതെന്ന സാമ്പത്തികവിദഗ്ധരുടെ വിമര്‍ശം കാണാതിരുന്നുകൂടാ.

വിലക്കയറ്റത്തിന്‍െറ കാരണം പൂഴ്ത്തിവെപ്പാണെന്ന് കണ്ടത്തെി അത് തടയാന്‍ കേന്ദ്രം അവശ്യ ഭക്ഷ്യവസ്തുനിയമം ഭേദഗതിചെയ്ത് പരിപ്പിനങ്ങളുടെ കരുതല്‍ പരിധി കുറച്ചു. 300-350 ടണ്‍ വരെയാണ് പരിധി നിര്‍ണയിച്ചത്. ഇതനുസരിച്ച് 13 സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ 74,846 ടണ്‍ പരിപ്പ് പിടിച്ചെടുത്തതായി ഗവണ്‍മെന്‍റ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊക്കെയും പൂഴ്ത്തിവെപ്പിന്‍െറ വരുതിയില്‍ വരുന്നതാണോ എന്നാണ് വന്‍കിട മില്ലുകാരും ഇറക്കുമതിക്കാരും ചോദിക്കുന്നത്. ഇങ്ങനെ കരുതല്‍ ശേഖരം മുച്ചൂടും ഒറ്റയടിക്ക് വിപണിയിലത്തെിച്ചാല്‍ വരുംകാല ദൗര്‍ലഭ്യത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയും എഴുതിത്തള്ളാന്‍ പറ്റുന്നതല്ല. ദിനേന പത്തുമുതല്‍ നൂറ് ടണ്‍ വരെ പരിപ്പ് ഉല്‍പാദിപ്പിക്കുന്ന മില്ലുകള്‍ക്ക് പത്തുനാള്‍ പോലും സ്റ്റോക് വെക്കാനുള്ള സാഹചര്യം ഇത് ഇല്ലാതാക്കുന്നു. അരലക്ഷം ടണ്‍ വരെ വരുന്ന ഇറക്കുമതി ധാന്യം വെയര്‍ഹൗസുകളില്‍ പോലുമത്തൊതെ നേരെ വിപണിയിലത്തെിക്കേണ്ടിവരും.

ഇക്കണക്കിന് അടുത്ത വിളവെടുപ്പ് സീസണ്‍ എങ്ങനെ കൈകാര്യംചെയ്യുമെന്നതിനും വ്യക്തതയില്ല. കഴിഞ്ഞ മേയില്‍ അടുത്ത വിളവെടുപ്പും അതുകഴിഞ്ഞുള്ള വിളയിറക്കും അതിനുനല്‍കുന്ന ഗവണ്‍മെന്‍റ് സഹായവുമൊക്കെ വിലയിരുത്തി സമഗ്രമായ ഒരു പരിഷ്കരണമായിരുന്നു സാധാരണക്കാരനെ ബാധിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്‍റ് ചെയ്യേണ്ടിയിരുന്നത്. തല്‍ക്കാലം മുന്നില്‍പെട്ട തെരഞ്ഞെടുപ്പ് കഴിച്ചുകൂട്ടാനുള്ള തത്രപ്പാടല്ല; അതിനുശേഷവും സാധാരണക്കാരന്‍െറ അടുക്കളകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള മാര്‍ഗമാണ് ഭരണകൂടം ആരായേണ്ടത്. തെരഞ്ഞെടുപ്പിലെ ജയമല്ല, ഭരണരംഗത്തെ ജയമാണ് അധികാരരാഷ്ട്രീയത്തില്‍ നേതാവിന്‍െറയും പാര്‍ട്ടിയുടെയുമൊക്കെ പ്രാപ്തി തെളിയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.