കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലെ 1,32,83,789 വോട്ടർമാർ ഇന്ന്, ചൊവ്വാഴ്ച, വോട്ട് രേഖപ്പെടുത്തും. 471 ഗ്രാമപഞ്ചായത്തുകളിലെ 8310 വാർഡുകളിലേക്കും 39 മുനിസിപ്പാലിറ്റികളിലെ 1371 വാർഡുകളിലേക്കും മൂന്നു കോർപറേഷനുകളിലെ 233 വാർഡുകളിലേക്കും 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 വാർഡുകളിലേക്കും ഏഴു ജില്ല പഞ്ചായത്തുകളിലെ 164 ഡിവിഷനുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ 36,630 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കേരളത്തിലെ പരമ്പരാഗത രീതിയിൽ ഇടതു, ഐക്യജനാധിപത്യ, എൻ.ഡി.എ മുന്നണികളിലായാണ് ജനവിധി തേടുന്നത്. ആം ആദ്മി പാർട്ടി, പി.ഡി.പി, വെൽഫെയർ പാർട്ടി, ട്വന്റി ട്വന്റി, എസ്.ഡി.പി.ഐ, അണ്ണാ ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് കക്ഷികൾ ഒറ്റക്കും മുന്നണികളുമായി നീക്കുപോക്കിലും മത്സരിക്കുന്നുണ്ട്. ഡിസംബർ 11ന് രണ്ടാംഘട്ട വോട്ടെടുപ്പും 13ന് ഫലപ്രഖ്യാപനവും നടക്കും.
നിയമസഭ തെരഞ്ഞെടുപ്പ് മാസങ്ങൾക്കപ്പുറം വന്നുനിൽക്കെ നടക്കുന്ന പ്രാദേശിക ഭരണ സമിതി തെരഞ്ഞെടുപ്പായതിനാൽ അതിനൊത്ത വീറും വാശിയുമാണ് പ്രചാരണത്തിൽ പ്രതിഫലിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനവും വികസന പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്നതിനേക്കാൾ സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളായിരുന്നു പ്രചാരണങ്ങളിൽ നിറഞ്ഞുനിന്നത്. സംസ്ഥാനത്ത് ഭരണത്തുടർച്ചക്ക് ശ്രമിക്കുന്ന ഇടതുമുന്നണിയും ഏതുവിധവും അവരെ താഴെയിറക്കാൻ കച്ചകെട്ടിയ പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ മത്സരമാണ് ദൃശ്യമായത്. അതിലൊന്നും പക്ഷേ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനമികവോ പഞ്ചായത്തിരാജ് സംവിധാനത്തെ സാക്ഷരകേരളം എവിടെ കൊണ്ടെത്തിച്ചു എന്നതിന്റെ ശരിയായ കണക്കെടുപ്പോ ഒന്നും ഉണ്ടായിരുന്നില്ല. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങളിൽ അയവുവരുത്തി തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം കൈമാറിയത് സാധാരണക്കാരന്റെ അധികാരാവകാശങ്ങൾ വകവെച്ചുകൊടുക്കുന്നതിനാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ അവസാനത്തെ പൗരനും ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലേക്ക് ചുവടുവെക്കാനുള്ള ശ്രമങ്ങൾ തുടക്കത്തിലുണ്ടായിരുന്നു. അടിത്തട്ടിലെ ഭരണം എല്ലാവരും അറിഞ്ഞും അംഗീകരിച്ചും എന്ന ജനാധിപത്യരീതി അനുഭവവേദ്യമാക്കാനും ആദ്യകാലത്ത് കഴിഞ്ഞിട്ടുണ്ട്. എല്ലാം കക്ഷിതാൽപര്യങ്ങൾക്ക് വിധേയപ്പെടുക എന്നത് നമ്മുടെ പതിവു ദുര്യോഗമാണ്. ക്രമേണ അധികാര വികേന്ദ്രീകരണത്തിന്റെ പഞ്ചായത്തിരാജും ചിറകുകളരിയപ്പെട്ട സംവിധാനമായി. ഒടുവിൽ എല്ലാം ഒന്നിൽ കേന്ദ്രീകരിക്കുകയെന്ന ബി.ജെ.പിയുടെ പുതിയ ഭരണക്രമം എല്ലാവർക്കും ഒരു പോലെ സ്വീകാര്യമായതോടെ ത്രിതല പഞ്ചായത്തുകളുടെ അവകാശങ്ങൾ അപഹരിക്കപ്പെടുകയും അധികാരങ്ങൾ കവർന്നെടുക്കപ്പെടുകയും ചെയ്തു. ഫണ്ടുകൾ താഴോട്ടൊഴുകുന്നതിനുപകരം മുകളിലേക്ക് പിടിച്ചടക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. സംസ്ഥാന സർക്കാറിന്റെ അസാധാരണ ചെലവുകൾക്ക് പഞ്ചായത്തുകളുടെ വരെ ആസ്തിഫണ്ടിൽനിന്ന് വക കണ്ടെത്തുന്ന ദുരവസ്ഥയുണ്ടായി. സംസ്ഥാന സര്ക്കാര് ഫണ്ട് അനുവദിക്കാതായതോടെ പ്രാദേശിക വികസനവും ആസൂത്രണവും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് കണക്കുകൾ നിരത്തിയാണ്. 2025-26 സാമ്പത്തിക വര്ഷം പദ്ധതി അടങ്കലില്നിന്നും തദ്ദേശ സ്ഥാപനങ്ങള്ക്ക് 8452 കോടി വകയിരുത്തിയതില് 2500 കോടി മാത്രമാണ് അനുവദിച്ചതത്രേ. ദാരിദ്ര്യ നിർമാർജനം, ആരോഗ്യ പരിരക്ഷ, പാർപ്പിടം, കുടിവെള്ളം, മാലിന്യ സംസ്കരണം, തെരുവുനായ് ശല്യം, വന്യമൃഗ അതിക്രമം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലെന്നു മാത്രമല്ല, പ്രശ്നം അനുദിനം രൂക്ഷമായിവരുകയാണ്. കെട്ടിട നിർമാണ പെർമിറ്റ് ഫീസ് നിരക്കിലും വെള്ളക്കരത്തിലുമൊക്കെയുണ്ടായ ഇരുന്നൂറും മുന്നൂറും ശതമാനം വർധന ചെറിയ ഉദാഹരണം മാത്രം. ചുരുക്കത്തിൽ തദ്ദേശഭരണം ജനങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമാക്കാനുള്ള സംവിധാനങ്ങൾ അട്ടിമറിക്കപ്പെടുകയും അധികാരം പഴയപടി കേന്ദ്രീകരണത്തിലേക്ക് തന്നെ തിരിച്ചുനടക്കുകയും ചെയ്യുന്നതാണ് പ്രയോഗത്തിൽ കാണാനുള്ളത്.
ത്രിതല പഞ്ചായത്തുകളുടെ അധികാരാവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴികളാലോചിക്കുന്നതിനു പകരം കക്ഷിരാഷ്ട്രീയ വഴക്കുകളിൽ പ്രചാരണത്തെ കുരുക്കിയിടാനുള്ള ശ്രമമാണ് ഇത്തവണ പ്രചാരണത്തിൽ കണ്ടത്. ഭരണത്തിൽ രണ്ടാമൂഴം തികച്ച് മൂന്നാംവട്ടത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഇടതുമുന്നണി സർക്കാറിന്റെ സാരഥികളിൽ നിന്നു ഭരണനേട്ടം സാധാരണക്കാരിലേക്ക് എത്തിച്ചതിന്റെ അവകാശവാദങ്ങളാണ് ജനം പ്രതീക്ഷിക്കുക. എന്നാൽ, അതിനുള്ള ആത്മവിശ്വാസമില്ലായ്മകൊണ്ടോ എന്തോ, പ്രതിപക്ഷത്തെയും രാഷ്ട്രീയ പ്രതിയോഗികളെയും വർഗീയതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും താറടിച്ച് വോട്ടർമാർക്കിടയിൽ ധ്രുവീകരണമുണ്ടാക്കാനുള്ള ഉത്സാഹമാണ് ഭരണമുന്നണി നേതൃത്വം പ്രകടിപ്പിച്ചത്. രാജ്യത്ത് സംഘ്പരിവാർ ഉയർത്തിക്കൊണ്ടുവന്ന മുസ്ലിം പൈശാചികവത്കരണത്തിന്റെ വഷളായ അന്തരീക്ഷത്തിൽനിന്ന് മുതലെടുക്കാനെന്നവണ്ണം മുസ്ലിം സംഘടനകളെയും അവരുടെ രാഷ്ട്രീയ നിലപാടിനെയും വർഗീയ ചാപ്പയടിച്ചുള്ള പ്രചാരണ കാമ്പയിൻ നയിച്ചത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് എന്നതാണ് അതിദയനീയം. ജനത്തിന്റെ സാമാന്യബോധത്തെ പരിഹസിച്ച ആ പ്രചാരവേലകൾ പലപ്പോഴും തിരിച്ചടിക്കുകയും ചെയ്തു. നേതാക്കളുടെ ഈ കാടിളക്കലും രാഷ്ട്രീയ വൈരനിര്യാതനവുമല്ല, തദ്ദേശീയ വികസനവും ഭരണനേട്ടങ്ങളുമാണ് സാധാരണ വോട്ടർമാർ പരിഗണനക്കെടുക്കുന്നത്. ആ തിരിച്ചറിവിൽ തന്നെയാവും അവർ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.