കഴിഞ്ഞ എട്ടര വർഷത്തിലായി കേരളം ഉത്കണ്ഠാപൂർവം കാത്തിരുന്ന, നടിയെ ആക്രമിച്ച കേസിന്റെ വിധി തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രസ്താവിച്ചതോടെ സംസ്ഥാനത്ത് വ്യാപകവും ശക്തവുമായ പ്രതികരണങ്ങളാണ് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ സ്ത്രീപീഡന കേസല്ല, മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തയായ അഭിനേത്രിക്കെതിരെ ആസൂത്രിതമായ ലൈംഗിക ആക്രമണമാണ് 2017 ഫെബ്രുവരി 17ന് നടന്നതെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇത്രയേറെ ജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണമെന്ന് വ്യക്തം.
മലയാള സിനിമയിലെ പ്രശസ്തരായ ജനപ്രിയ നടന്മാരിൽ ഒരാളും താരസംഘടനയായ അമ്മയുടെ ഭാരവാഹിയും സിനിമ നിർമാതാവും തിയറ്റർ ഉടമയുമൊക്കെയായ ദിലീപ് എന്ന ഗോപാലകൃഷ്ണൻ നായർ തന്റെ വ്യക്തിവിരോധം തീർക്കാൻ കുപ്രസിദ്ധ ക്രിമിനൽ പൾസർ സുനിയുമായി ഗൂഢാലോചന നടത്തി ഏർപ്പാട് ചെയ്ത ഗുണ്ടാസംഘമാണ് നടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകവെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പൂർണ നഗ്നയാക്കി ആക്രമിക്കുകയും ആ ദൃശ്യങ്ങളൊക്കെ വിഡിയോയിൽ പകർത്തുകയും ചെയ്തതെന്നാണ് കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ട കേസിന്റെ രത്നച്ചുരുക്കം. പെട്ടെന്ന് വിവരമറിഞ്ഞ കോൺഗ്രസ് നേതാവ് പരേതനായ പി.ടി. തോമസ് എം.എൽ.എയുടെ ഇടപെടലാണ് പൊലീസിന്റെ ജാഗരൂകമായ അന്വേഷണത്തിലേക്കും സുനിയടക്കം പത്ത് പ്രതികളുടെ അറസ്റ്റിലേക്കും നയിച്ചത്. പ്രതികളുടെ പേരിൽ കൂട്ട ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, അന്യായമായി തടഞ്ഞുവെക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി പത്തോളം കുറ്റങ്ങൾ ചുമത്തപ്പെട്ട് വിചാരണ നടപടികൾ ആരംഭിച്ചുവെങ്കിലും എട്ടാം പ്രതി ദിലീപിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ ഇടപെടലുകളടക്കമുള്ള തടസ്സങ്ങൾ മൂലം അനിശ്ചിതമായി നീളുകയായിരുന്നു. ഏറ്റവും ഒടുവിൽ വിധി വന്നപ്പോഴാകട്ടെ, മർമപ്രധാനമായ ചോദ്യത്തിന് ഉത്തരം ലഭിക്കാത്തതാണ് സാഹചര്യം. ആറ് പ്രതികളെ ശിക്ഷാർഹരായി കോടതി കണ്ടെത്തിയിട്ടുണ്ട് എന്നത് ഭാഗികമായ ആശ്വാസമേ അതിജീവിതക്ക് മാത്രമല്ല പൊതുസമൂഹത്തിനും നൽകുന്നുള്ളൂ. വളരെ ആസൂത്രിതമായി ഇത്തരമൊരു ക്രൂരകൃത്യം നടക്കണമെങ്കിൽ അതിന്റെ പിന്നിൽ അതിഗുരുതരമായ ഗൂഢാലോചന നടക്കാതെ തരമില്ലെന്ന് കോടതിയും അംഗീകരിക്കുമെങ്കിലും നടൻ ദിലീപിന്റെ പേരിൽ അതാരോപിക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹമടക്കം നാലുപേരെ വെറുതെവിട്ടിരിക്കുന്നത്. വിശദാംശങ്ങൾ ഡിസംബർ 12ന് ശിക്ഷാവിധി പ്രസ്താവിക്കുന്നതോടെ മാത്രമേ പുറത്തുവരൂ. എങ്കിലും ആറ് ക്രിമിനലുകൾ ചേർന്ന് ഓർക്കാപ്പുറത്ത് നടത്തിയ സ്ത്രീപീഡനമായി സംഭവത്തെ ചുരുക്കിക്കെട്ടാൻ ഒരാളും തയാറല്ല. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നതാണ് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഗൂഢാലോചന ആരെല്ലാം; എവ്വിധം നടത്തി, ആരെല്ലാം അതിൽ പങ്കാളികളായി എന്ന് സൂക്ഷ്മമായി കണ്ടെത്തി തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു എന്നതാണ് അതിനർഥം. അതേസമയം എട്ടാം പ്രതി ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ നേരെ ആക്രമണം നടന്നതെന്ന വാദം തെളിയിക്കാൻ 2016ൽ എറണാകുളത്തെ ഹോട്ടലിൽ ദിലീപ്, പൾസർ സുനിയുമായി നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങളും ഹോട്ടൽ ബില്ലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നെങ്കിലും അതൊന്നും സ്വീകാര്യമായി കോടതി അംഗീകരിച്ചിട്ടില്ല. കോടതി നിരീക്ഷിച്ചപോലെ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതോ തെളിവുകൾ യഥാർഹം വിലയിരുത്തുന്നതിൽ കോടതിക്ക് വീഴ്ചപറ്റിയതോ എന്നൊക്കെ അപ്പീൽ കോടതിക്ക് മാത്രമേ വിലയിരുത്താനാവൂ.
അതിനാൽ അതിജീവിതക്ക് നീതി ലഭ്യമാക്കാനും പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം എന്ന ധാരണ തിരുത്താനും വിധിക്കെതിരെ അപ്പീൽ നൽകിയേ മതിയാവൂ. അക്കാര്യം ഗൗരവപൂർവം പരിഗണിക്കുന്നുണ്ട് എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽനിന്ന് മനസ്സിലാക്കേണ്ടത്. അതിജീവിതയുടെ ഭാഗത്തുനിന്നും അപ്പീലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തും ഏതും രാഷ്ട്രീയ കണ്ണിലൂടെ കാണാനും വ്യാഖ്യാനിക്കാനും പരസ്പരവിരുദ്ധമായ പ്രതികരണങ്ങൾ പുറത്തുവരാനും പ്രേരിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് സാഹചര്യം. ഇപ്പോൾ സംഭവത്തിന്റെ മെറിറ്റിനേക്കാളേറെ മറ്റു ചില വികാരങ്ങളാണ് സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായ പ്രകടനങ്ങൾക്ക് പ്രേരണയെന്ന് തീർച്ച. അതേസമയം നടിയുടെ നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെട്ട ചെറുത്തുനിൽപുകളും സംവാദങ്ങളും അഭിപ്രായ പ്രകടനങ്ങളും ചില ഗുണഫലങ്ങൾ സൃഷ്ടിച്ചതും കാണാതിരുന്നൂകൂടാ. കുത്തഴിഞ്ഞ സിനിമാ മേഖലയിൽ നിരന്തരം അവഗണിക്കപ്പെട്ട സ്ത്രീസുരക്ഷാ പ്രശ്നങ്ങൾ വലിയ തോതിൽ ചർച്ചാവിഷയമായി; വിമൻ ഇൻ സിനിമ കലക്ടിവ് രൂപവത്കൃതമായി. സ്ത്രീസുരക്ഷക്ക് മുന്തിയ പ്രാധാന്യം ലഭിക്കത്തക്കവിധം ഹേമാ കമ്മിറ്റി നിയോഗിക്കപ്പെട്ടു; സിനിമക്ക് പിന്നിലെ അധോലോകം അനാവരണം ചെയ്യപ്പെട്ടു; തദ്ഫലമായി ഒട്ടേറെ ക്രിയാത്മക നിർദേശങ്ങളും റിപ്പോർട്ടിലൂടെ പുറത്തുവന്നു. ശക്തമായ സമ്മർദത്തെ തുടർന്നാണെങ്കിലും, സർക്കാർ ചലച്ചിത്ര മേഖലയിൽ നടപ്പാക്കേണ്ട പരിഷ്കരണങ്ങൾ നിർദേശിക്കാൻ ബന്ധപ്പെട്ടവരുടെ കോൺക്ലേവ് വിളിച്ചുചേർക്കുകയുണ്ടായി. അന്തസ്സും അഭിമാനവും അടിയറ വെക്കാതെ വനിതകൾക്ക് ജോലി ചെയ്യാൻ പറ്റുന്ന ലോകമാണ് സിനിമ എന്ന് ക്രമത്തിലെങ്കിലും ബോധ്യപ്പെടുത്താൻ ഈ ദിശയിലെ നടപടികൾക്ക് സാധിക്കേണ്ടതുണ്ട്. സർവോപരി എങ്ങനെയും പണമുണ്ടാക്കാനും തോന്നിയപോലെ ജീവിക്കാനും വഴിയൊരുക്കുന്ന മാധ്യമമാണ് സിനിമ എന്ന തെറ്റായ സന്ദേശം സത്വരമായി തിരുത്തപ്പെടാൻ സർക്കാറും സിനിമാ പ്രവർത്തകരും സമൂഹവും മനസ്സിരുത്തേണ്ട സമയം വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.