‘കൊച്ചു കൊച്ചു സംഭവങ്ങള്‍’ ഇതാണെങ്കില്‍...

ഐക്യത്തിലും സമാധാനത്തിലും സന്തോഷത്തിലും വിരാജിക്കുന്ന മാതൃകാദേശമെന്ന നിലക്ക് ഭാരതത്തെ ‘വിശ്വഗുരു’വായി മാറ്റിത്തീര്‍ക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചെറുകാല്‍വെപ്പുകള്‍ സംഘ് ആശീര്‍വാദത്തോടെ മോദി സര്‍ക്കാര്‍ നിര്‍വഹിക്കുമ്പോള്‍ ദലിത് കൊലപാതകങ്ങള്‍, ബീഫ് അടിച്ചുകൊലകള്‍, സ്വതന്ത്ര എഴുത്തുകാര്‍ക്കുനേരെ വെടിയുതിര്‍ക്കല്‍, കരിഓയില്‍ പ്രയോഗം തുടങ്ങി ‘കൊച്ചു കൊച്ചു സംഭവങ്ങള്‍’ ഊതിവീര്‍പ്പിച്ച് ഹിന്ദുസംസ്കാരത്തെ അപമാനിക്കുന്നതിനെതിരെ ഇന്ത്യയിലെ വലതുപക്ഷ തീവ്രവാദ പ്രസ്ഥാനമായ ആര്‍.എസ്.എസിന്‍െറ സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ആഞ്ഞടിച്ചിരിക്കുന്നു. കൊച്ചു കൊച്ചു സംഭവങ്ങള്‍ ഇതാണെങ്കില്‍ എന്തായിരിക്കും വരാന്‍ പോകുന്ന വലിയ വലിയ സംഭവങ്ങള്‍? തന്‍െറ പ്രഭാഷണത്തില്‍ അദ്ദേഹമത് അക്കമിട്ട് നിരത്തുന്നുണ്ട്. കേരളം, തമിഴ്നാട് എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമാകുന്ന ‘മുസ്ലിം ഭീകരവാദ’മാണതില്‍ പ്രധാനം. പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ ഒരു പ്രത്യേക സമുദായത്തിന്‍െറ നിയമവിരുദ്ധ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും നക്സലുകളുടെ തീവ്രവാദവും ഗൗരവപൂര്‍വമായ പ്രശ്നങ്ങള്‍തന്നെ.
ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുന്ന അതേസമയത്തുതന്നെയാണ് സംഘ് നേതൃത്വം അധികാരത്തിലിരിക്കുന്ന ഹരിയാനയില്‍ ഗൊഹാന പൊലീസ് 14കാരനായ ദലിത് കൗമാരക്കാരനെ പ്രാവ് മോഷണമാരോപിച്ച് തല്ലിക്കൊന്നതും സുന്‍പേഡ് ഗ്രാമത്തിലെ രണ്ട് കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചത് കേന്ദ്രമന്ത്രിക്ക് പട്ടിക്ക് കല്ളെറിയുന്നതിന് തുല്യമായ കൊച്ചുസംഭവമായി തോന്നിയതും.
രാജ്യം ഭരിക്കുന്നവരുടെ മനസ്സില്‍ അടിയുറച്ചുപോയ വംശീയ മേല്‍ക്കോയ്മാബോധത്തിന്‍െറ ആഴം വ്യക്തമാക്കുന്നുണ്ട് മോഹന്‍ ഭാഗവതിന്‍െറയും വി.കെ. സിങ്ങിന്‍െറയും പ്രസ്താവനകളില്‍. മനുഷ്യനെ മനുഷ്യനായി കാണാനും നെഞ്ചോടുചേര്‍ക്കാനും ഒന്നിച്ചേര്‍ന്ന് ഉണ്ണാനും ഊട്ടാനും കഴിയാത്തവണ്ണം ജാതി മേല്‍ക്കോയ്മ കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ ചെറിയ ചെറിയ സംഭവങ്ങളാകുന്നത്. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ വെറുതെയല്ല ദലിത് വംശീയാതിക്രമം മുന്‍കാലത്തേക്കാള്‍ വര്‍ധിച്ചുവരുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുനേരെയുള്ള അക്രമത്തില്‍ 19 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായെന്നാണ് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ദലിത് സമൂഹത്തിനുനേരയുള്ള അക്രമം 13000ത്തിലധികമാണ്. ഈ കാലയളവില്‍ 47,064 ദലിതരാണ് ആക്രമണത്തിനിരയായത്. ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുന്ന സംഭവങ്ങള്‍ക്കും ഞെട്ടിപ്പിക്കുന്ന വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2012 ല്‍ 1576 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2014ല്‍ അത്  2233 ആയി.  അധികാരത്തിന്‍െറ ഗര്‍വ് ഇന്ത്യയിലെ ഒരു വിഭാഗം ജനതയെ നിയമം കൈയിലെടുക്കാന്‍ ആവേശഭരിതരാക്കുന്നുണ്ട് എന്ന വസ്തുത അംഗീകരിച്ചുതരാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നുവെന്നതാണ് ദലിത് പിന്നാക്ക വിഭാഗത്തോടുള്ള ക്രൗര്യം വര്‍ധിക്കുന്നതിന്‍െറ അടിസ്ഥാനം. ഓരോ അക്രമസംഭവത്തിനുശേഷവും ഭരിക്കുന്നവര്‍ അതിനെ ന്യൂനീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത മുന്‍കാലത്തുനിന്ന് ഭിന്നമാണ്. ഭരണകൂടത്തെ ദലിതരും ന്യൂനപക്ഷവും ജനാധിപത്യവിശ്വാസികളും ഇത്രയേറെ ഭയക്കുന്നതിന്‍െറയും നിദാനമതാണ്. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംഘ് പരിവാര്‍ ശക്തവും സ്വാധീനവുമുള്ള സംസ്ഥാനങ്ങളില്‍ ദലിത് പീഡനം വര്‍ധിക്കുകയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പീഡകരില്‍ ഭൂരിഭാഗവും സംഘ്പരിവാര്‍ പ്രവര്‍ത്തകരുമാണ്. മംഗലാപുരത്ത്, വേദപഠനത്തിന് വന്ന ദലിത് ബാലനെ സവര്‍ണര്‍ക്കുള്ള കസേരയില്‍ ഇരുന്നുവെന്നതിന്‍െറ പേരില്‍ അധ്യാപകന്‍ തന്നെയാണ് നിഷ്ഠുരമായി പീഡിപ്പിച്ചത്. 21ാം നൂറ്റാണ്ടില്‍ വേദം കേട്ടതിന് ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുന്നില്ലായെന്നേയുള്ളൂ, പുറം ശരിക്കും പൊളിയുന്നുണ്ട്.
രാജ്യത്തിലെ മുഴുവന്‍ ജനങ്ങളെയും ഒന്നായി കാണാന്‍ ആര്‍.എസ്.എസിന് ഒരിക്കലും സാധ്യമല്ളെന്ന്  മോഹന്‍ ഭാഗവത് തന്‍െറ വാര്‍ഷിക പ്രഭാഷണത്തിലൂടെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ദലിതരും മുസ്ലിംകളും പശുവിനേക്കാളും പട്ടിയേക്കാളും താഴെയാണ്. സന്തോഷത്തിലും സമാധാനത്തിലും വിരാജിക്കുന്ന മാതൃകാദേശത്തിലെ ദുശ്ശകുനങ്ങള്‍. അടിച്ചും കത്തിച്ചും ഇല്ലാതാക്കേണ്ട കൃമികീടങ്ങള്‍. വിശ്വഗുരുവായി ലോകത്തിന് വെളിച്ചമാകുന്ന ഭാരതത്തില്‍ സ്ഥാനമില്ലാത്തവര്‍. കാലുഷ്യത്തിന്‍െറ  കനം കുറക്കുകയല്ല, മുസ്ലിം വെറുപ്പിനെ കരുത്താക്കാനും കലാപമാക്കാനുമുള്ള ഊര്‍ജവും ആഹ്വാനവുമാണ് സര്‍സംഘ്ചാലക് കൈമാറുന്നത്. കേരളത്തെയും പശ്ചിമ ബംഗാളിനെയും വര്‍ഗീയതയുടെ സംഘര്‍ഷഭൂമിയാക്കാനുള്ള ഗുപ്ത താല്‍പര്യങ്ങള്‍ ആ പ്രഭാഷണത്തില്‍നിന്ന് വായിച്ചെടുക്കാവുന്നതാണ്. വസ്തുതകളുടെ പിന്‍ബലമില്ലാത്ത തീവ്രവാദാരോപണങ്ങളിലൂടെ കേരളീയ സാമൂഹിക ജീവിതത്തില്‍ വിള്ളലുണ്ടാക്കാനുള്ള  അജണ്ടകള്‍ ബഹുസ്വരതയും സമാധാനവും കാംക്ഷിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പും വരാന്‍ പോകുന്ന വലിയ സംഭവങ്ങളുടെ ഭൂമികയില്‍ നമ്മുടെ കൊച്ചു കേരളവും ഇടംപിടിച്ചിരിക്കുന്നുവെന്ന് തിരിച്ചറിവും നല്‍കുന്നതാണ്. ഇനിയും സംഘ് രാഷ്ട്രീയ അജണ്ടയില്‍ സംശയമുള്ളവര്‍ക്ക് അത് ദൂരീകരിക്കാന്‍ ഉപകരിച്ചുവെന്നത് മാത്രമാണ് മോഹന്‍ ഭാഗവതിന്‍െറ പ്രഭാഷണം നല്‍കിയ ഗുണാത്മകത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.