ഇന്ത്യ–പാക് ബന്ധത്തിൽ വിവേകത്തിന്‍റെ വീണ്ടെടുപ്പ്

ഏഴുവർഷമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ–പാക് നയതന്ത്ര ചർച്ച പുനരാരംഭിക്കാനുള്ള ഉഭയകക്ഷി തീരുമാനം നല്ല അയൽപക്കബന്ധം ആഗ്രഹിക്കുന്ന സുമനസ്സുകളെ ആഹ്ലാദിപ്പിക്കാതിരിക്കില്ല. വിദേശകാര്യ മന്ത്രി സുഷമസ്വരാജിെൻറ കഴിഞ്ഞദിവസത്തെ ഇസ്​ലാമാബാദ് സന്ദർശനവും പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിനോടൊപ്പം നടത്തിയ സംയുക്ത പ്രസ്​താവനയുമെല്ലാം ഉഭയകക്ഷിബന്ധത്തിൽ മഞ്ഞുരുക്കത്തിെൻറ നല്ല ലക്ഷണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ‘സമഗ്ര ഉഭയകക്ഷി ചർച്ചകൾ’ പുനരാരംഭിക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.  സമഗ്ര ചർച്ചകൾ സമാധാനം, സുരക്ഷ, കശ്മീർ, സിയാചിൻ, സർക്രീക്, വാണിജ്യസഹകരണം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള മുഴുവൻ വിഷയങ്ങളും ഉൾപ്പെടുത്തിയാവാമെന്ന ധാരണ, തുറന്നമനസ്സോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രായോഗികബുദ്ധിയോടെയുള്ള ചുവടുവെപ്പായി കാണുന്നവരുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽവന്ന ശേഷം കഴിഞ്ഞ 16മാസം സംഘർഷഭരിതമായി നിന്ന അതിർത്തിയിൽ സമാധാനത്തിെൻറ പുതിയൊരു അരുണോദയം സാധ്യമായേക്കാമെന്ന ശുഭപ്രതീക്ഷയാണ് ഈ സംഭവവികാസങ്ങൾ കൈമാറുന്നത്. പത്തുവർഷം രാജ്യം ഭരിച്ചിട്ടും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് പാകിസ്​താൻ സന്ദർശിക്കാൻ അവസരം കൈവന്നിരുന്നില്ല. എന്നാൽ, പ്രധാനമന്ത്രി മോദി അടുത്ത വർഷം ഇസ്​ലാമാബാദ് സന്ദർശിക്കാനിടയുണ്ടെന്നും ആ രാജ്യം ആതിഥ്യമരുളുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നുമുള്ള വാർത്ത അയൽപക്കസൗഹൃദം സുദൃഢമാക്കാൻ അണിയറയിൽ ചടുല നീക്കങ്ങൾ നടക്കുന്നുണ്ട് എന്നതിെൻറ നല്ല സൂചനയാണ്.  

‘ഏഷ്യയുടെ ഹൃദയം ഉച്ചകോടി’യിൽ പങ്കെടുക്കാനാണ് സുഷമസ്വരാജ് പാകിസ്​താനിലെത്തിയതെങ്കിലും ആ അവസരത്തെ വഷളായിക്കിടക്കുന്ന ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനുള്ള വേദിയാക്കിമാറ്റാൻ സാധിച്ചത്  കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഈ ദിശയിലുണ്ടായ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളാണ്. 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ ശിക്ഷിക്കാൻ  ഇസ്​ലാമാബാദ് ഭരണകൂടം മുന്നോട്ടുവരുന്നതുവരെ ചർച്ചകളോ സൗഹൃദനീക്കങ്ങളോ ഇല്ല എന്ന ഉറച്ചനിലപാടിലായിരുന്നു ഇന്ത്യ ഇതുവരെ. 2012ലാണ് അവസാനമായി വിദേശകാര്യമന്ത്രി തലത്തിലുള്ള സന്ദർശനം നടക്കുന്നത്. സെക്രട്ടറിതല ചർച്ചപോലും മുന്നോട്ടുപോയില്ല. അതിർത്തിയിൽ ഇടക്കിടെയുണ്ടായ സംഘർഷവും വിവിധ തർക്കങ്ങളിൽപെട്ട് ക്രിക്കറ്റ് ടീമുകളുടെ പര്യടനവും പരമ്പരയുമൊക്കെ മുടങ്ങിയതും ഉഭയകക്ഷിബന്ധം കൂടുതൽ വഷളാവാനേ ഇടം കൊടുത്തുള്ളൂ. രാഷ്ട്രാന്തരീയവേദികളിൽ ഇരുനേതാക്കളും നേരിട്ട് കണ്ടിട്ടും കാണാത്ത ഭാവത്തിൽ പെരുമാറിയതുമൊക്കെ ലോകം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈയിൽ റഷ്യൻ സന്ദർശനത്തിനിടയിൽ പുറത്തുവന്ന ഉഫ പ്രസ്​താവന പാക് പ്രധാനമന്ത്രി നവാസ്​ ശരീഫിനെതിരെ പ്രതിയോഗികൾ അടിക്കാനുള്ള വടിയായി ഉപയോഗിച്ചു. കശ്മീർ പ്രശ്നം പരാമർശിക്കപ്പെടാതെ പോയതാണ് കാരണം. എന്നാൽ, നവംബർ 30നു പാരിസിൽ കാലാവസ്​ഥ വ്യതിയാന ഉച്ചകോടിയിൽ മോദിയും ശരീഫും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് മഞ്ഞുരുക്കത്തിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. എന്നാൽ, ആ കൂടിക്കാഴ്ച മൂർത്തരൂപം കൈവരിക്കുന്നത് അനന്തരം കെട്ടഴിഞ്ഞുവീണ ചില രഹസ്യനീക്കങ്ങളിലൂടെയാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് ഉപദേഷ്ടാവ് ജന. നാസർ ജൻജുവയും ബാങ്കോക്കിൽ, വിദേശസെക്രട്ടറിമാരുടെ സാന്നിധ്യത്തിൽ, മണിക്കൂറുകളോളം ചർച്ച നടത്തി മുടങ്ങിക്കിടക്കുന്ന ഉഭയകക്ഷി സംഭാഷണങ്ങൾ പുനരാരംഭിക്കാൻ പെട്ടെന്ന് ധാരണയിലെത്തിയത് നിരീക്ഷകരെ അമ്പരപ്പിച്ചു. ഭീകരവാദികളിൽനിന്നുള്ള വെല്ലുവിളി നേരിടുക എന്ന പൊതുലക്ഷ്യത്തിെൻറ വഴിയിൽ പരമ്പരാഗതവൈരാഗ്യം പ്രതിബന്ധം സൃഷ്ടിച്ചുകൂടാ എന്ന ഓർമപ്പെടുത്തലുകൾ വൻശക്തികളിൽനിന്ന് നിരന്തരമായി ഉണ്ടാവുന്നതാണ് ആഭ്യന്തര സമ്മർദങ്ങൾ വിസ്​മരിച്ച് ഈ ദിശയിൽ പുതിയ പരീക്ഷണത്തിനു ഇറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ–പാക് ബന്ധം മെച്ചപ്പെട്ടുവരുന്നത് കാണാൻ താൽപര്യമില്ലാത്ത ശക്തികൾ അതിർത്തിക്കിരുവശത്തുമുണ്ടെന്ന വസ്​തുത നിഷേധിച്ചിട്ട് ഫലമില്ല. ഇസ്​ലാമാബാദ് ഭരണകൂടം എപ്പോഴെല്ലാം സംഭാഷണത്തിെൻറയും സഹകരണത്തിെൻറയും പാതയിലൂടെ സഞ്ചരിക്കാൻ മുന്നോട്ടുവന്നോ അപ്പോഴെല്ലാം സൈനികനേതൃത്വമടക്കമുള്ള ശക്തികൾ അത്തരം കാൽവെപ്പുകൾ അട്ടിമറിക്കാൻ അണിയറനീക്കങ്ങൾ  നടത്തിയതിെൻറ അനുഭവം നമ്മുടെ മുന്നിലുണ്ട്. പലപ്പോഴും അതിർത്തി സംഘർഷഭരിതമാക്കിയാണ് ഈ ലക്ഷ്യം നേടാറ്. ഇത്തരം ശക്തികൾക്ക് കടിഞ്ഞാണിട്ട് സമാധാനത്തിെൻറയും പരസ്​പര സൗഹൃദത്തിെൻറയും അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ നരേന്ദ്ര മോദിയും നവാസ്​ ശരീഫും ആർജവം കാണിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.