കേരളത്തിലെ ദലിത് വിദ്യാർഥികളുടെ, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളവരുടെ വിദ്യാഭ്യാസം ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. ഇ-ഗ്രാന്റ് സംവിധാനം വഴി വിതരണം ചെയ്യുന്ന സ്കോളർഷിപ് തുക സമയബന്ധിതമായി നൽകാത്തതും പ്രഫഷനൽ വിദ്യാഭ്യാസത്തിന് മതിയായ തുക വകയിരുത്തി അനുവദിക്കാത്തതും വിദ്യാർഥികളെ കലാലയങ്ങൾ ഉപേക്ഷിക്കുന്നതിനുപോലും നിർബന്ധിതരാക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ അപ്പാടെ പുറന്തള്ളുക എന്ന ലക്ഷ്യത്തോടെ 2021 മുതൽ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കിവരുന്ന വിദ്യാഭ്യാസ പരിഷ്കരണ പദ്ധതികളുടെ ചുവടുപിടിച്ച് സംസ്ഥാന സർക്കാർ അവലംബിച്ച ഇ-ഗ്രാന്റ് വിതരണ സമ്പ്രദായം, ഫലത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെയും സാമൂഹിക-സാമ്പത്തിക വികസനത്തെയും തകിടംമറിക്കാനാണ് വഴിതുറന്നിരിക്കുന്നത്. ഓരോ വർഷവും ബജറ്റിൽ നീക്കിവെക്കുന്ന തുക പഠന കാലയളവിൽ നൽകാതെ, അഗതി പെൻഷൻപോലെ ഭരണകൂട ഔദാര്യമാക്കി സർക്കാർ ഇ-ഗ്രാന്റ് വിതരണത്തെ അട്ടിമറിക്കുന്നു. 2024ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹരായ 4,08,532 വിദ്യാർഥികളാണുള്ളത്.
തുച്ഛമായ ഹോസ്റ്റൽ അലവൻസിൽ ജീവിച്ച് വിദ്യാഭ്യാസം പൂർത്തിയാക്കേണ്ട ഗതികേടിലാണ് ദലിത് വിദ്യാർഥികൾ. സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്ന പട്ടികവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 3500 രൂപയും, എം.ബി.ബി.എസ്, എൻജിനീയറിങ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് 4500 രൂപയുമാണ് (പ്രതിമാസം) ലഭിക്കുന്നത്. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് 1500 രൂപയും പട്ടികവർഗ വിദ്യാർഥികൾക്ക് 3000 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് ബോർഡിങ് ആൻഡ് ലോഡ്ജിങ് അലവൻസ്. ഇത് കാലോചിതമായി പരിഷ്കരിക്കുന്നതിനോ, നിലവിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നിർമിക്കുന്നതിനോ സർക്കാറിനോ പട്ടികജാതി-പട്ടികവർഗ വകുപ്പിനോ ഒരു താൽപര്യവുമില്ല.
തുച്ഛമായ തുകക്ക് താമസസൗകര്യം ലഭിക്കാത്തതിനാലും സർക്കാർ വക പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ അപര്യാപ്തത മൂലവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദലിത് വിദ്യാർഥികളിൽ നല്ലൊരു ശതമാനവും ന്യൂജനറേഷൻ കോഴ്സുകളിൽ ചേരാൻ മടിക്കുന്നു; ചേർന്നാൽത്തന്നെ പഠനം നിർത്തിപ്പോകുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത് തുടർന്നാൽ സമീപഭാവിയിൽത്തന്നെ പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽനിന്ന് ദലിത് വിദ്യാർഥികൾ പൂർണമായും പുറന്തള്ളപ്പെടും.
സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയാണ് സർക്കാർ, സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ്, എൻജിനീയറിങ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകളുടെ ഫീസ് നിർണയിക്കുന്നത്. ട്യൂഷൻ ഫീസിന് പുറമെ സ്പെഷൽ ഫീസ്, ഹോസ്റ്റൽ ഫീസ്, കോഷൻ ഡെപ്പോസിറ്റ് തുടങ്ങിയ ഫീസുകളും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നുണ്ട്. എന്നാൽ, ഇതേ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ദലിത് വിദ്യാർഥികൾക്ക് അനുവദിക്കുന്ന ഇ-ഗ്രാന്റിൽ ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസിന്റെ ഒരു ഭാഗവും മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇതാകട്ടെ, ഏറെ വൈകിയാണ് നൽകുന്നത്. പല സ്ഥാപനങ്ങളും ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവക്ക് പുറമെ, ഈടാക്കുന്ന തുകയിൽ ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ മുൻകൂർ അടക്കാൻ ആവശ്യപ്പെടുന്നുണ്ട്.
യൂനിവേഴ്സിറ്റികൾ അംഗീകരിച്ച ഫീസാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്നതെങ്കിലും എല്ലാതരം ഫീസും ഇ-ഗ്രാന്റിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. യൂനിവേഴ്സിറ്റികൾ അംഗീകരിച്ച വിവിധ ന്യൂ ജനറേഷൻ കോഴ്സുകൾ ഇ-ഗ്രാന്റ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതിനാൽ ഈ കോഴ്സുകളിൽ പ്രവേശനം നേടുന്ന ദലിത് വിദ്യാർഥികൾ മുഴുവൻ ഫീസും അടക്കാൻ നിർബന്ധിതരാവുന്നു. ദലിത് വിദ്യാർഥികളിൽനിന്നും മുൻകൂർ ഫീസ് വാങ്ങരുതെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും സർക്കാർ ഫീസിൽ ട്യൂഷൻ ഫീസ് മാത്രമേ ഉണ്ടാകൂ. പലപ്പോഴും സെമസ്റ്റർ ഫീസും മുൻകൂർ അടക്കേണ്ടി വരുന്നു. മിക്ക സ്ഥാപനങ്ങളും സെമസ്റ്റർ ഫീസും പരീക്ഷ ഫീസും അടച്ചെങ്കിൽ മാത്രമേ ഹാൾ ടിക്കറ്റ് നൽകുകയുള്ളൂ. ചിലപ്പോൾ സെമസ്റ്റർ കഴിഞ്ഞാലും ഇ-ഗ്രാന്റ് വഴി ആ തുക ലഭിക്കാറില്ല എന്നതിനാൽ കോഴ്സ് കഴിഞ്ഞിട്ടും ടി.സി നൽകാത്ത സ്ഥാപനങ്ങളുമുണ്ട്.
IIT, NIT പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ദലിത് വിദ്യാർഥികൾക്കും മുൻകൂർ ഫീസ് അടക്കേണ്ട സ്ഥിതിയാണ്. വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്ന ദലിത് വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ടിരുന്ന സ്കോളർഷിപ് തുകയിൽ 40 ശതമാനം വെട്ടിക്കുറവ് വരുത്തിയതും പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ്. ഗവേഷണ വിദ്യാർഥികളുടെ കാര്യത്തിലും കടുത്ത വിവേചനം തുടരുന്നു.
2020-21ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പട്ടിക വിഭാഗ വിദ്യാർഥികളുടെ സ്കോളർഷിപ് മാർഗരേഖയാണ് ഇ-ഗ്രാന്റ് വിതരണം കൂടുതൽ സങ്കീർണമാക്കിയത്. ദലിത് വിദ്യാർഥികളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതിയെ കേന്ദ്ര സർക്കാർ ഒരു ഔദാര്യപരിപാടിയാക്കി മാറ്റുകയായിരുന്നു. ഈ മാറ്റത്തെയും വാർഷിക വരുമാന പരിധി 2.5 ലക്ഷമാക്കിയതിനെയും സംസ്ഥാന സർക്കാർ ചോദ്യം ചെയ്തില്ല. ഇ-ഗ്രാന്റ് പോർട്ടലിലെ പേമെന്റിന് കേന്ദ്ര സർക്കാർ നിർദേശിച്ച സമയക്രമവും സർക്കാർ അട്ടിമറിച്ചു. പകരം ധനവകുപ്പിലെയും ബ്യൂറോക്രസിയിലെയും ഉദ്യോഗസ്ഥർക്ക് സൗകര്യപ്പെടുമ്പോൾ മാത്രം നൽകിയാൽ മതിയെന്ന രീതിയിൽ പദ്ധതിയെ മാറ്റി. തത്ഫലമായി ദലിത് വിദ്യാർഥികളുടെ ഇ-പേമെന്റ് മുടങ്ങുകയോ കാലതാമസം വരികയോ ചെയ്യുന്നു. പട്ടിക വിഭാഗങ്ങളുടെ വികസനത്തിനുവേണ്ടി വകയിരുത്തുന്ന ഫണ്ടിൽ വലിയൊരു ശതമാനം പാഴാവുകയാണ്. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നില്ലെന്നു മാത്രമല്ല, പല പദ്ധതികളും നടപ്പാക്കുന്നുമില്ല; അതേസമയം വിദ്യാഭ്യാസ മേഖലക്കാവശ്യമായ തുക വകയിരുത്തുന്നുമില്ല.
പട്ടിക വിഭാഗ വിദ്യാർഥികൾക്ക് മറ്റു വിദ്യാർഥികളെപ്പോലെ പഠിക്കാൻ, ഈ മേഖലയിൽ സാമൂഹികനീതിയും തുല്യതയും കൈവരിക്കാൻ ഇ-ഗ്രാന്റ് വിതരണം കാലോചിതമായി പരിഷ്ക്കരിച്ച് സമയബന്ധിതമായി വിതരണം ചെയ്യുന്നത് അത്യാവശ്യമാണ്. കുടിശ്ശിക കൊടുത്തുതീർക്കാനും എല്ലാവിധ ഫീസും കാലോചിതമായി വർധിപ്പിക്കാനും നടപടിയുണ്ടാവണം. ഇതിനായി പട്ടികജാതി/പട്ടികവർഗ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ, ഇ-ഗ്രാന്റ് വിതരണ സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കാൻ ഒരു മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കുകയോ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.