ആകയാൽ ഈ പദ്ധതിയെ ഞങ്ങൾ എതിർക്കുന്നു

ഏറ്റവുമധികം സ്ത്രീപങ്കാളിത്തമുള്ള സമരങ്ങളിലൊന്നായി മാറിയിരിക്കുന്നു സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കെ-റെയിലിനെതിരായ പ്രക്ഷോഭം. സ്വന്തമായുള്ള തുണ്ടുഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നതു മാത്രമല്ല, രാജ്യവികസനത്തിന് എന്ന പേരിൽ മൂലമ്പിള്ളിയിലടക്കം കുടിയിറക്കപ്പെട്ട മനുഷ്യർക്ക് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ലഭിച്ചിട്ടില്ല എന്നതുകൂടിയാണ് സർക്കാറിെൻറ കെ-റെയിൽ അവകാശവാദങ്ങളും വാഗ്ദാനങ്ങളും മുഖവിലക്കെടുക്കാതെ സമരപാതയിലിറങ്ങാൻ അവരെ നിർബന്ധിതരാക്കുന്നത്. 'സിൽവർലൈൻ സമരക്കാരായ സ്ത്രീകളെ കേൾക്കാം' എന്ന തലക്കെട്ടിൽ തൃശൂരിൽ നടന്ന സംഗമത്തിനെത്തിയ പ്രതിനിധികളിൽ രണ്ടു നേതാക്കൾ നിലപാട് വ്യക്തമാക്കുന്നു

സത്യത്തെ പൂട്ടിയിടാൻ ജയിലുകൾ തികയാതെ വരും

സിന്ധു ജയിംസ്

രണ്ടു പെൺമക്കളാണ് എനിക്ക്. രണ്ട് അമ്മമാരുമുണ്ട്. രണ്ടുപേരും വിധവകൾ. അച്ഛനുമില്ല, അമ്മായിയപ്പനുമില്ല. രണ്ടുപേരെയും കൊണ്ടുപോകാൻ വേറെ സ്ഥലമില്ല. ആകെയുള്ളത് 45 സെന്റ് സ്ഥലവും പണിതുകൊണ്ടിരിക്കുന്ന വീടുമാണ്. അത് പണിതീർത്തിട്ടുവേണം രണ്ട് അമ്മമാരെയും പെൺമക്കളെയും അവിടേക്ക് മാറ്റാൻ.

ആറ് വീടിന് അപ്പുറത്താണ് മന്ത്രി സജി ചെറിയാൻ താമസിക്കുന്നത്. അദ്ദേഹവുമായി നല്ല കുടുംബ ബന്ധമാണ്. പ്ലസ് ടു വരെ അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ടുവളർന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്‍റെ വീടിന്‍റെ മുകളിലൂടെ പോകുമായിരുന്ന കെ-റെയിൽ അലൈൻമെന്റ് 300 മീറ്റർ മാറ്റി ഒരു ദേവീക്ഷേത്രത്തിന്‍റെ മുകളിലൂടെയാക്കി. അതോടെ റെയിൽവേ വികസനത്തിനായി കുടിയൊഴിക്കപ്പെട്ട 58 വീടുകളുള്ള ഭൂതംകുന്ന് കോളനിക്കാർ വീണ്ടും കുടിയൊഴിക്കൽ ഭീഷണിയിലായി. സജി ചെറിയാന്‍റെ സ്വന്തം സഹോദരന്‍റെ വീടിന് മുകളിൽകൂടിയാണ് ആ അലൈൻമെന്‍റ് പോയത്. അത് ഒഴിവാക്കി വളച്ചുണ്ടാക്കിയ അലൈൻമെന്‍റ് ഞാൻ പണിയുന്ന വീട്ടിലേക്ക് എത്തി. അദ്ദേഹത്തിന്‍റെ ജനത പ്രസും അതിനോട് ചേർന്ന ഭൂമിയിൽനിന്ന് ഒരു സെന്റ് സ്ഥലം പോലും പോകാത്ത രീതിയിൽ ഓർത്തഡോക്സ് പള്ളിവഴി അലൈൻമെന്‍റ് മാറ്റി. അങ്ങനെ പാവങ്ങളെ നോക്കി അരിച്ചെടുത്ത് ഇരകളാക്കി അധികാര ദുർവിനിയോഗം നടത്തുകയാണ് മന്ത്രി. ഇത് വിളിച്ചുപറഞ്ഞു എന്നതാണ് ഞാൻ ചെയ്ത കുറ്റം, അതിനാണ് എന്നെ ജയിലിൽ കൊണ്ടുപോയിട്ടത്. അല്ലാതെ ഞാൻ ഒരു കുറ്റിയും പിഴുതുകളഞ്ഞിട്ടില്ല. കെ-റെയിൽ സമരത്തിനിടെ പാവപ്പെട്ട മനുഷ്യനെ ചവിട്ടിയ സി.ഐയോട് ഞാൻ പറഞ്ഞു. ''സാറ് നാലു വർഷം കഴിയുമ്പോൾ തന്‍റേടമുണ്ടെങ്കിൽ ഈ യൂനിഫോമിട്ട് ഞങ്ങളുടെ മുമ്പിൽ വരണം. അന്ന് സജി ചെറിയാൻ കാണില്ല, ഈ രീതിയിൽ മുന്നോട്ടു പോയാൽ സി.പി.എം എന്ന പ്രസ്ഥാനവും കാണില്ല'' എന്ന് .

സമരക്കാരെ ആദ്യമായി ബൂട്ടിട്ട് ചവിട്ടിയതും പീഡിപ്പിച്ചതും ഞങ്ങളുടെ ചെങ്ങന്നൂരിലാണ്. സ്ത്രീകളുടെ നൈറ്റി വലിച്ച് കീറുകയും ചെയ്തു.

മാധ്യമങ്ങൾ ഇതിനൊന്നും കാര്യമായി പരിഗണന നൽകിയില്ല. ഫേസ്ബുക്കിൽ ലൈവ് ഇട്ടു എന്ന്പറഞ്ഞായിരുന്നു ആദ്യ ദിവസം എന്നെ ജീപ്പിലിട്ട് ഉപദ്രവിക്കാൻ ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവ് കൊടുത്തുകൊണ്ടിരിക്കേ പൊലീസുകാർ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ''എന്നെ കൊല്ലാൻ ശ്രമിക്കുന്നേ'' എന്ന് ലൈവിൽ വിളിച്ചു പറഞ്ഞപ്പോഴാണ് പിടിവിട്ടത്. കെ-റെയിൽ വികസനം നിർബന്ധമായി വരണം എന്നാഗ്രഹിക്കുന്നവർ സ്വന്തം വീടും സ്ഥലവും വിട്ടുകൊടുത്ത് മാതൃകയാകണം. വികസനത്തിന് വേണ്ടിയല്ല, റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയാണ് ഭൂമി പിടിച്ചെടുക്കുന്നത്.

ടി.പി.യേക്കാൾ വലിയ കഷ്ടത്തിലാകും സിന്ധുവിന്‍റെ അവസ്ഥയെന്ന് ചിലർ എന്നെ നേരിട്ട് വിളിച്ച് പറഞ്ഞതാണ്. എനിക്ക് ഒരു പേടിയുമില്ല. എന്നായാലും ഒരു ദിവസം ചാവണം. അതിന് ഞാൻ റെഡി. ജയിൽ കാട്ടിയല്ല, കൊല്ലുമെന്ന് പേടിപ്പിച്ചാലും ഞാൻ ലോകത്തിനു മുന്നിൽ സത്യം പറയുകതന്നെ ചെയ്യും.

പാർട്ടിയെയല്ല, വിനാശത്തെയാണ് എതിർക്കുന്നത്

മാരിയ അബു

പത്തുവർഷമായി പത്രം പോലും വായിക്കാറില്ലാത്ത ആളായിരുന്നു ഞാൻ. ജീവിത സാഹചര്യം അങ്ങനെയായിരുന്നു. എന്‍റെ ഭർത്താവ് സി.പി.എമ്മുകാരനായിരുന്നു. ഇപ്പോഴില്ല. ഒന്നര വയസ്സുള്ള കൊച്ചിനെ ഒക്കത്തുവെച്ച് ചിക്കൻ കറി വെച്ച് പാർട്ടി ഓഫിസിലേക്ക് കൊടുത്തുവിട്ട ആളാണ് ഞാൻ. സീപോർട്ട് എയർപോർട്ട് റോഡിനുവേണ്ടി എന്‍റെ സ്ഥലം 22 വർഷമായി എടുത്തിട്ടിരിക്കുന്നു. ഞങ്ങളുടെ വയലാണത്. അതിന്‍റെ ഫയൽ ഒച്ചനങ്ങുന്നപോലെയാണ് നീങ്ങുന്നത്, കെ-റെയിൽ പോലെയല്ല. സ്റ്റാഫില്ല എന്നാണ് കാരണമായി പറയുന്നത്. അതിനിടക്കാണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന് പറയുന്നപോലെ കെ-റെയിൽ അലൈൻമെന്‍റിലും എന്‍റെ വീട് വരുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് കലക്ടറുടെ വിജ്ഞാപനമിറങ്ങുന്നത്.

നമ്മുടെ സ്ഥലത്തിന്‍റെ നടുവിലൂടെയാണ് പോകുന്നത്, എന്ത് ചെയ്യും? എന്ന് പാർട്ടിക്കാരനോട് ചോദിച്ചു. ഇവിടെ വികസനം വരണം എന്നായിരുന്നു മറുപടി. അങ്ങനെ തിരുവോണത്തിന്‍റെ അന്ന് രാവിലെ ആ വിജ്ഞാപനത്തിന്റെ കോപ്പിയും ചുരുട്ടിപ്പിടിച്ച് ഇറങ്ങിയതാണ്. എറണാകുളം ജില്ലയിൽ മൂന്ന് കൺവെൻഷനുകൾ നടത്തി. ഭീഷണി ഉണ്ടായിരുന്നെന്ന് മകൻ പറഞ്ഞു; വാപ്പച്ചീടെ പാർട്ടിക്കെതിരായിട്ടാണ്. ഞാൻ പാർട്ടിക്കെതിരല്ല. വിനാശ പദ്ധതിക്കാണ് എതിര്. വരുന്ന തലമുറക്ക് പദ്ധതി വന്നാൽ ഗുണമുണ്ടെന്ന് തെളിയിക്കുകയാണെങ്കിൽ സ്ഥലം എഴുതിക്കൊടുത്തിരിക്കും. പക്ഷേ, ഇത് വിനാശ പദ്ധതിയാണ്. കെ-റെയിൽ സമരം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഭർത്താവ് മരിച്ചശേഷം വായന നിർത്തിയ ആളായിരുന്നു ഞാൻ. കെ-റെയിൽ വിഷയം വന്നപ്പോഴാണ് വീണ്ടും വായന തുടങ്ങിയത്. കിട്ടാവുന്ന രേഖകളും എഴുത്തുകളുമെല്ലാം വായിച്ചു പഠിച്ചു. ഈ പദ്ധതി പാരിസ്ഥിതികമായും സാമ്പത്തികമായും വിനാശമാണെന്ന് മനസ്സിലായി. പെൺകുട്ടികളുടെ നെഞ്ചത്ത് പൊലീസ് ലാത്തികൊണ്ട് കുത്തുന്നതും സ്ത്രീകളെ അറവ് മാടിനെ വലിച്ചുകൊണ്ടുപോകുംപോലെ കൊണ്ടുപോവുന്നതുമെല്ലാം കണ്ടതോടെ ഇനി പിന്നോട്ടില്ല എന്ന് തീരുമാനിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതും അതിൽപിന്നെയാണ്. പൊതുസദസ്സിൽ സംസാരിക്കുമ്പോൾ കാല് കൂട്ടിയിടിക്കുന്ന ആളായിരുന്നു. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് സംസാരിക്കാൻ പഠിപ്പിച്ചത് കെ-റെയിലാണ്.

സ്ത്രീകൾ കിറ്റിൽ വീണ് വോട്ടു ചെയ്തു എന്ന് പൊതുവിൽ ആക്ഷേപമുണ്ട്. അങ്ങനെ വീഴുന്നവരല്ല സ്ത്രീകൾ. കോവിഡ് കാലത്ത് അടച്ചുമൂടി ലോകം ഇരുന്ന സമയത്ത് ചിലതൊക്കെ സർക്കാർ ചെയ്തതായി സാധാരണക്കാർക്ക് തോന്നിയിട്ടുണ്ട്. നല്ല പ്രതിപക്ഷം ഇല്ലാതിരുന്നതും വീണ്ടും പിണറായി സർക്കാർ വരാൻ കാരണമായി. അത് ജനവിരുദ്ധ പദ്ധതികൾ കൊണ്ടുവരാൻ കിട്ടിയ ലൈസൻസല്ല എന്ന് തിരിച്ചറിഞ്ഞാൽ സർക്കാറിന് നല്ലത്.

(തയാറാക്കിയത്: പി.പി. പ്രശാന്ത് )

Tags:    
News Summary - women against K-RAIL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.