മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഫെബ്രുവരി 12-ന് ഇരുപക്ഷ എൻ.സി.പിയുടെയും ലയനം പ്രഖ്യാപിച്ച് ജേഷ്ഠപുത്രൻ അജിത് പവാറിനെയും മകൾ സുപ്രിയ സുലെയേയും പാർട്ടി ഏൽപ്പിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനുള്ള നിശബ്ദ നീക്കത്തിലായിരുന്നു എൺപത്തിയഞ്ചുകാരനായ ശരദ് പവാർ. എന്നാൽ, ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാന ദുരന്തം അജിത് പവാറിന്റെ ജീവൻ കവർന്നതോടെ കാര്യങ്ങളെല്ലാം അനിശ്ചിതത്വത്തിലായി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശരദ് പവാറിനെ രണ്ടുതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു.
ലയനശേഷം ഭരണപക്ഷത്തോ (എൻ.ഡി.എ) പ്രതിപക്ഷത്തോ (ഇൻഡ്യ ബ്ലോക്ക്) എവിടെ വേണം പാർട്ടി തുടരേണ്ടതെന്നത് അജിതിന്റെ തീരുമാനത്തിന് വിടാനായിരുന്നു പവാറിന്റെ ചിന്ത. ഇങ്ങനെയിരിക്കെയാണ് ജനുവരി 28-ന് രാവിലെ മഹാരാഷ്ട്രയെ കണ്ണീരിലാഴ്ത്തി ആ വാർത്ത കാട്ടുതീയായി പടർന്നത്. വിമാനം തകർന്നുവീണ് അജിത് പവാർ കൊല്ലപ്പെട്ടെന്ന വാർത്ത ഉൾക്കൊള്ളാൻ ആർക്കുമായില്ല.
ഒരുഭാഗത്ത് അജിതിന്റെ അന്തിമ ചടങ്ങുകൾ നടക്കേ, മറുഭാഗത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുണ്ടായി. ചിതയുടെ കനലെരിഞ്ഞതും അജിതിന്റെ വിധവ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കി. ബി.ജെ.പിയുടെ മൗനാനുവാദത്തോടെ അജിത് പക്ഷത്തെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, സുനിൽ തട്ക്കരെ, ഛഗൻ ഭുജ്ബൽ എന്നിവരാണ് അതിന് ചരടുവലിച്ചത്. അജിത് പവാർ ലയന ചർച്ച നടത്തിയെന്ന അവകാശവാദം അജിത് പക്ഷ നേതാക്കൾ തള്ളുകയും ചെയ്തു. ശരദ് പവാറിനെ നേരിൽ കണ്ട് അനുഗ്രഹം തേടുക പോലും ചെയ്യാതെയാണ് സുനേത്ര സത്യപ്രതിജ്ഞക്ക് പോയത്. അത് അവരുടെ പാർട്ടി തീരുമാനമെന്ന് രാഷ്ട്രീയ പക്വതയോടെ പവാർ പ്രതികരിക്കുകയും ചെയ്തു.
അജിത്തിന്റെ മരണത്തോടെ എൻ.സി.പി ലയനം മാത്രമല്ല, സജീവ രാഷ്ട്രീയം വിട്ട് വിശ്രമത്തിലേക്ക് നീങ്ങാനുള്ള പവാറിന്റെ പദ്ധതിയും അനിശ്ചിതത്വത്തിലായി. വരുന്ന ഏപ്രിൽ രണ്ടിന് പവാറിന്റെ രാജ്യസഭയിലെ കാലാവധി അവസാനിക്കുകയാണ്. ഇനി രാജ്യസഭയിലേക്കില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ അദ്ദേഹം. എന്നാൽ അജിത് പവാറിന്റെ മരണത്തോടെ പാർട്ടിയിൽ പവാറിന്റെ സാന്നിധ്യം അനിവാര്യമായി വന്നിരിക്കുന്നു. എങ്കിലും രാജ്യസഭയിലേക്ക് കടക്കാൻ മതിയായ അംഗബലം പവാർ പക്ഷ എൻ.സി.പിക്ക് ഇല്ല. ജയത്തിന് 37-ഓളം എം.എൽ.എമാരുടെ പിന്തുണ വേണം. പവാർ പക്ഷത്ത് 10 എം.എൽ.എമാർ മാത്രമാണുള്ളത്. ഇൻഡ്യ ബ്ലോക്കിലെ സഖ്യകക്ഷികളായ കോൺഗ്രസും (16 എം.എൽ.എമാർ), ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും (20) സഹായിച്ചെങ്കിലേ പവാറിന് രാജ്യസഭയിലേക്ക് വഴിതുറക്കൂ.
അജിത് പക്ഷത്ത് 40 പേരുണ്ട്. ലയനം നടന്നാലേ ആ വഴി ഉപകരിക്കുകയുള്ളൂ. ഉദ്ധവ് പക്ഷത്തെ തീപ്പൊരി നേതാവ് പ്രിയങ്ക ചതുർവേദിയുടെ കാലാവധിയും ഏപ്രിൽ രണ്ടിന് അവസാനിക്കും. ബി.ജെ.പി നയങ്ങൾക്കെതിരെ രാജ്യസഭയിൽ ശക്തിയുക്തം നിലയുറപ്പിച്ച അവർ അവിടെ തുടരണമെന്നതാണ് ഉദ്ധവ് പക്ഷത്തിന്റെ നിലപാട്. അതേസമയം, പവാർ മത്സരിക്കുകയാണെങ്കിൽ പിന്തുണക്കാം എന്ന ചിന്തയുമുണ്ട്. പവാർ പക്ഷം എൻ.ഡി.എയിലേക്ക് പോകുമോ എന്ന ആശങ്കയുള്ളതിനാൽ, അവർ ഏത് പക്ഷത്ത് നിൽക്കുമെന്ന രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാലല്ലാതെ പവാറിനെ പിന്തുണയ്ക്കാൻ കോൺഗ്രസിന് കഴിയില്ല. പവാറിനായി സഖ്യകക്ഷികളുമായി പാർട്ടി നേതാക്കൾ ചർച്ച തുടങ്ങിയെങ്കിലും ശരദ് പവാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എൻ.സി.പി ലയന ചർച്ചക്ക് അജിത് മുൻകൈ എടുത്തു എന്ന കാര്യം അജിത് പക്ഷ എൻ.സി.പിയിലെ മുതിർന്ന നേതാക്കൾ ഒറ്റയടിക്ക് നിഷേധിച്ചിരിക്കുന്നു. പ്രഫുൽ പട്ടേൽ, സുനിൽ തട്ക്കരെ എന്നിവർ പരസ്യമായി അത് പറഞ്ഞു. അങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്നും നടന്നിരുന്നുവെങ്കിൽ അത് താൻ അറിയുമായിരുന്നുവെന്നും ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറയുന്നു. തങ്ങളുടെ പാർട്ടിയിലെ ജയന്ത് പാട്ടീൽ, ശശികാന്ത് ഷിൻഡെ എന്നിവരുമായാണ് അജിത് ചർച്ച നടത്തിയതെന്നാണ് പവാർ പക്ഷത്തിന്റെ വാദം.
പവാർ പിന്മാറുകയും പാർട്ടിയുടെ നിയന്ത്രണം അജിത് ഏറ്റെടുക്കുകയും ചെയ്താൽ സംയുക്ത എൻ.സി.പിയെ എൻ.ഡി.എയുടെ ഭാഗമാക്കുന്നതിനോട് ബി.ജെ.പി കേന്ദ്ര നേതൃത്വം അനുകൂലമായിരുന്നു. പവാർ പക്ഷത്ത് പത്ത് എം.പിമാരുണ്ട്; അജിത് പക്ഷത്ത് ഒന്നേയുള്ളൂ. എന്നാൽ, ശരദ് പവാർ നേതൃനിരയിൽ ഉണ്ടായാൽ ബി.ജെ.പിക്കൊപ്പം പോകാൻ സാധ്യത കുറവാണ്.
അജിതിന്റെ അഭാവത്തിൽ എൻ.സി.പിയെ (അജിത് പക്ഷം) ആര് നയിക്കുമെന്ന ചോദ്യവും ഉയർന്നിരുന്നു. പ്രഫുൽ പട്ടേൽ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്ന പ്രതീതിയുമുണ്ടായി. എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയാണ് അതിനെതിരെ ആദ്യം പ്രതികരിച്ചത്. "മറാത്തി മണ്ണിലെ പാർട്ടിക്ക് അധ്യക്ഷൻ പട്ടേലോ?" എന്ന ചോദ്യമാണ് രാജ് ഉന്നയിച്ചത്. അതോടെ എൻ.സി.പി പോഷക സംഘടനകളുടെ അധ്യക്ഷന്മാർ സുനേത്രയെ പാർട്ടി ദേശീയ പ്രസിഡന്റാക്കണമെന്ന് കത്തെഴുതി. തുടർന്ന്, നിലവിൽ വർക്കിങ് പ്രസിഡന്റായ പ്രഫുൽ പട്ടേലിന് താൻ അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് പറയേണ്ടി വന്നു. പാർട്ടി എം.എ.എമാർക്കിടയിലും മുറുമുറുപ്പുകളുണ്ടായി.
പവാറിന്റെ ആശിർവാദത്തോടെയാണ് 2023-ൽ അജിത് പവാർ പാർട്ടി പിളർത്തി ബി.ജെ.പി പാളയത്തിലേക്ക് പോയതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. പാർട്ടി പിളർന്നു എന്നല്ലാതെ കുടുംബ ബിസിനസ്സിലോ ബാരാമതിയിലെ പതിവുകളിലോ യാതൊരു വിള്ളലും ഉണ്ടായില്ല. 72,000 കോടി രൂപയുടെ അഴിമതി ആരോപണത്തിന് നടുവിലായിരുന്നു പവാർ കുടുംബം. ശരദ് പവാറിലേക്ക് പോലും അന്വേഷണം നീങ്ങുമെന്ന ഘട്ടത്തിലായിരുന്നു അജിത്തിന്റെ വിമതനീക്കം. മാത്രമല്ല, പിളർപ്പിന് ശേഷവും അജിത്തും പവാറും ഒളിഞ്ഞും തെളിഞ്ഞും കാണുകയുമുണ്ടായി.
അജിത് പവാറിനെ ഒപ്പം കൂട്ടിയതിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിനും ആർ.എസ്.എസിനും അതൃപ്തി ഉണ്ടായിരുന്നു. എന്നാൽ, കേന്ദ്രത്തിലും മഹാരാഷ്ട്രയിലും തങ്ങളുടെ ഭരണത്തുടർച്ചക്ക് സാധ്യമായ കൂട്ടുകെട്ടുകളൊക്കെ ആകാം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നയം. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പോടെ എൻ.സി.പിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടെന്ന പ്രതീതിയുണ്ട്. അജിത് പവാറുമായുള്ള കൂട്ടുകെട്ടിന്റെ ആവശ്യമില്ലെന്ന അഭിപ്രായങ്ങൾ മഹാരാഷ്ട്ര ബി.ജെ.പിയിൽ ഉയരുന്നുണ്ട്. എന്നാൽ, മതേതര വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ അജിത് പക്ഷം കൂടെ വേണമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.നിലപാടിലാണ് ദേശീയ നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.