1) യൂഹാനോൻ മെത്രാപ്പോലീത്ത 2) ജോസഫ് മാർ ബർണബാസ് 3) ഇന്ദിരഗാന്ധി
ചില സംഭവങ്ങൾ നമ്മെ അതിശയിപ്പിക്കുന്നത് അവ അസാധാരണമായതുകൊണ്ടാണ്. എന്നാൽ മറ്റു ചിലത്, നാം എത്രത്തോളം അധഃപതിച്ചു എന്ന് ഓർമിപ്പിക്കുന്നതുകൊണ്ടാണ്. നാല് വർഷം മുമ്പ്, മാർതോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസിനെക്കുറിച്ച് ഒരു വാർത്ത, മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു: ഏകദേശം 25 വർഷമായി തന്റെ പാചകക്കാരനായി ജോലി ചെയ്യുന്ന മുഹമ്മദ് കൗസലിന് ബിഷപ് ഔദ്യോഗിക വസതിയിലെ ചാപ്പലിനുള്ളിൽ അഞ്ചുനേരത്തെ നമസ്കാരം നിർവഹിക്കാൻ സൗകര്യം നൽകി എന്നതായിരുന്നു ആ വാർത്ത. റമദാനിൽ കൗസലിന് ഇഫ്താർ വിരുന്നും അദ്ദേഹം ഒരുക്കി. മാനവികതയുടെ അടയാളമായി കാണേണ്ടിയിരുന്ന ഈ പ്രവൃത്തി പക്ഷേ വിവാദമായി മാറി. ചില സഭാംഗങ്ങൾ ബിഷപ്പിനെതിരെ അധിക്ഷേപം ചൊരിഞ്ഞു; അദ്ദേഹം ചാപ്പലിനെ മസ്ജിദാക്കി മാറ്റിയെന്നുപോലും ആരോപിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു ക്രമീകരണം ഒരുക്കിയതെന്ന് അന്വേഷിക്കാൻ ചുരുക്കം ചിലരേ തയാറായുള്ളൂ. കോവിഡ് കാലത്ത് പള്ളികളും ആരാധനാലയങ്ങളും അടച്ചിടുകയും സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത് തുടങ്ങിയത്. ആ ചാപ്പൽ വിശ്വാസപരമായ ആശയക്കുഴപ്പങ്ങൾക്കുള്ള വേദിയല്ല, മറിച്ച് വിശ്വാസത്തിന്റെയും ഉൾക്കൊള്ളലിന്റെയും ഇടമായാണ് മാറിയത്.
ബിഷപ്പിനോളമോ അതിലധികമോ കാലമായി എനിക്ക് കൗസലിനെ അറിയാം. അദ്ദേഹത്തിന്റെ പിതാവ് വർഷങ്ങളോളം ഡൽഹി രൂപതാ ഓഫിസിൽ ജോലി ചെയ്തിരുന്നു. തികഞ്ഞ മതവിശ്വാസിയായിരുന്ന അദ്ദേഹത്തിന് അവിടെ ഒരിക്കലും അരക്ഷിതാവസ്ഥ നേരിടേണ്ടി വന്നിരുന്നില്ല. അക്കാലത്ത് മതം ഒരു കവചം പോലെ ധരിക്കേണ്ട ഒന്നായിരുന്നില്ല. ആളുകൾ വിലയിരുത്തപ്പെട്ടത് ജീവിതരീതികൾ കൊണ്ടായിരുന്നു, അല്ലാതെ വിശ്വാസങ്ങൾ കൊണ്ടായിരുന്നില്ല.
മാരാമൺ കൺവെൻഷനോടനുബന്ധിച്ച് പ്രകാശനം ചെയ്ത റവ. റെൻസി തോമസ് ജോർജിന്റെ പുതിയ പുസ്തകമായ ‘Cache: Inspiring Stories Preserved’ വായിച്ചപ്പോഴാണ് ഈ ഓർമകൾ വീണ്ടും ഉണർന്നത്. തിരുവല്ലയിലെ മാർതോമ ചർച്ച് മ്യൂസിയം മേധാവിയായ ഗ്രന്ഥകർത്താവ്, ഒരു ക്യുറേറ്റർക്ക് ഉണ്ടാകേണ്ട സൂക്ഷ്മത ആ പുസ്തകത്തിലുടനീളം പുലർത്തിയിട്ടുണ്ട്. ഈ കഥകൾ വെറും ചരിത്രമായല്ല, മറിച്ച് ധാർമികമായ ഈടുവെപ്പുകളായാണ് കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
സഭാചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള യൂഹാനോൻ മാർതോമ മെത്രാപ്പോലീത്തയുടെ ജീവിതത്തിൽ നിന്നുള്ളതാണ് അതിലൊന്ന്. അത്യന്തം ധീരനായിരുന്ന മെത്രാപ്പോലീത്ത, അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശങ്ങൾ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധിക്ക് കത്തെഴുതിയിരുന്നു. അക്കാലത്ത് അധികാരം നിയന്ത്രിച്ചിരുന്ന സഞ്ജയ് ഗാന്ധിയെ ഈ കത്ത് അങ്ങേയറ്റം പ്രകോപിപ്പിച്ചു. മെത്രാപ്പോലീത്ത അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന നിലപോലുമുണ്ടായി. അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണാകരന്റെ നയപരമായ ഇടപെടൽ കൊണ്ടാണ് അത് ഒഴിവായത്.
അടിയന്തരാവസ്ഥക്ക് വളരെ മുമ്പ്, 1937ൽ യൂഹാനോൻ മെത്രാപ്പോലീത്ത കൊല്ലം ഭദ്രാസനത്തിന്റെ ബിഷപ്പായിരുന്ന കാലം. അകമ്പടി വാഹനങ്ങളോ സൈറണുകളോ ഇല്ലാതിരുന്ന ആ കാലത്ത് അദ്ദേഹം കുതിരവണ്ടിയിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇസ്മായിൽ എന്ന യുവാവായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ബിഷപ്പിന് ഭക്ഷണം പാകം ചെയ്യുന്നതും കുതിരയെ പരിപാലിച്ചിരുന്നതുമെല്ലാം ഇയാളായിരുന്നു. ഒരിക്കൽ വനപാതയിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു കാട്ടാന വണ്ടിക്കു നേരെ പാഞ്ഞടുത്തു. കുതിര പരിഭ്രമിച്ച് നിയന്ത്രണം വിട്ടു. ഇസ്മായിലിന് വേണമെങ്കിൽ വണ്ടിയിൽനിന്ന് ചാടി രക്ഷപ്പെടാമായിരുന്നു. എന്നാൽ, അദ്ദേഹം കടിഞ്ഞാൺ മുറുക്കിപ്പിടിച്ച് കുതിരയെ ശാന്തനാക്കി, ശേഷം ആനക്കും ബിഷപ്പിനും ഇടയിൽ ഒരു പ്രതിരോധമായി നിലകൊണ്ടു. ഭയാനകമായ നിമിഷങ്ങൾക്കൊടുവിൽ ആന പിൻവാങ്ങി.
റവ. റെൻസി എഴുതുന്നു: “ഒരു ക്രിസ്ത്യൻ ബിഷപ്പും ഒരു മുസ്ലിം വണ്ടിക്കാരനും ഒന്നിച്ച് യാത്ര ചെയ്തു, പരസ്പരം വിശ്വസിച്ചു, അപകടങ്ങളെ തോളോടുതോൾ ചേർന്ന് നേരിട്ടു. ആ പ്രതിസന്ധി ഘട്ടത്തിൽ പ്രസക്തമായത് അവരുടെ വ്യക്തിത്വമായിരുന്നു, അല്ലാതെ അവരുടെ സ്വത്വമായിരുന്നില്ല.” ഇസ്മായിൽ ബിഷപ്പിനെ രക്ഷിച്ച ഒരേയൊരു സംഭവം ഇതല്ലെന്നും പുസ്തകം രേഖപ്പെടുത്തുന്നു. യൂഹാനോൻ മെത്രാപ്പോലീത്തക്കോ ബർണബാസ് തിരുമേനിക്കോ തങ്ങളെ സേവിക്കുന്ന ആളുടെ മതം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ബർണബാസ് തിരുമേനിയെ വിമർശിച്ച വിശ്വാസികൾ ഈ കഥ അറിഞ്ഞിരുന്നെങ്കിൽ!
ഈ മനോഭാവം സഭാ നേതാക്കളിൽ മാത്രം ഒതുങ്ങിനിന്നിരുന്നില്ല. ബജാജ് ഓട്ടോയുടെ സ്ഥാപകൻ രാഹുൽ ബജാജ് ബിസിനസ് മികവിനൊപ്പം മൂല്യങ്ങൾക്കും പേരുകേട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെയും രൂപ ബജാജിന്റെയും മകൻ രാജീവ് ബജാജ് കുട്ടിക്കാലത്തെ ഒരു ഓർമ പങ്കുവെക്കുകയുണ്ടായി: ഒരിക്കൽ രാജീവിനും സഹോദരനും മുംബൈയിൽ നിന്ന് പുണെയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. തങ്ങളുടെ കുടുംബ ഡ്രൈവർ സയ്യിദ് ഹുസൈനെയാണ് മാതാപിതാക്കൾ ആ ചുമതല ഏൽപിച്ചത്. മുൻസീറ്റിലിരുന്ന രാജീവ് വണ്ടി വേഗം കൂട്ടി ഓടിക്കാൻ ഹുസൈനോട് ആവശ്യപ്പെട്ടു. അദ്ദേഹം പ്രതികരിച്ചില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഹുസൈൻ ശാന്തനായി പറഞ്ഞു: “മോനേ, നിനക്ക് വേണമെങ്കിൽ റിസ്ക് എടുക്കാം. പക്ഷേ നിങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്തം നിന്റെ അച്ഛൻ എന്നെയാണ് ഏൽപിച്ചിരിക്കുന്നത്. അതുകൊണ്ട് എനിക്ക് റിസ്ക് എടുക്കാൻ കഴിയില്ല.”
തന്റെ മാതാപിതാക്കൾക്ക് ഡ്രൈവറിലുള്ള പൂർണ വിശ്വാസത്തെ അടിവരയിടാനാണ് രാജീവ് ബജാജ് ഈ സംഭവം പങ്കുവെച്ചത്. അദ്ദേഹം പറഞ്ഞ ഒരു വരി എന്നും നിലനിൽക്കുന്നതാണ്: “അന്നത്തെ കാലത്ത് വിശ്വാസത്തിന് മതമില്ലായിരുന്നു.”
ഇനി നമുക്ക് വർത്തമാനകാലത്തേക്ക് വരാം. ഡൽഹിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന യു.പിയിൽ നിന്നുള്ള ഒരു മുസ്ലിം യുവാവുമായി ഈയിടെ സംസാരിക്കാനിടയായി. സൗദിയിലെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ വന്ന് ഒരു കാർ വാങ്ങി ‘റാപ്പിഡോ’യിൽ രജിസ്റ്റർ ചെയ്തയാളാണ്. ഞാൻ വണ്ടി ബുക്ക് ചെയ്തപ്പോൾ അദ്ദേഹം എന്നോട് അസാധാരണമായ ഒരു അഭ്യർഥന നടത്തി. “ദയവായി ഈ ട്രിപ്പ് കാൻസൽ ചെയ്യരുത്” എന്ന്. സാധാരണ, ഡ്രൈവർമാരാണ് സൗകര്യപ്രദമല്ലെങ്കിൽ ട്രിപ്പുകൾ കാൻസൽ ചെയ്യാറ്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന ചോദ്യത്തിന് ലളിതവും എന്നാൽ വേദനിപ്പിക്കുന്നതുമായിരുന്നു മറുപടി. “യാത്രക്കാർ വണ്ടി ബുക്ക് ചെയ്യുമ്പോൾ ഡ്രൈവറുടെ പേരും വണ്ടി നമ്പറും മൊബൈൽ സ്ക്രീനിൽ തെളിയും. തന്റെ മുസ്ലിം പേര് കാണുന്ന മാത്രയിൽ ചിലർ യാത്ര റദ്ദാക്കും. ഓരോ തവണ യാത്രക്കാർ ട്രിപ്പ് കാൻസൽ ചെയ്യുമ്പോഴും കമ്പനി എനിക്ക് പത്തുരൂപ പിഴയിടും. ആകെ കിട്ടുന്നത് തുച്ഛമായ വരുമാനമാണ്. എന്റെ പേര് കാരണം മാത്രം ഓരോ ദിവസവും 40ഉം 50ഉം രൂപ എനിക്ക് നഷ്ടപ്പെടുന്നു”-അദ്ദേഹം പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത് കാലത്തിന്റെ അടയാളമാണ്. ഇസ്ലാമോഫോബിയ ഇപ്പോൾ രഹസ്യമല്ല. അത് പരസ്യമായും അഭിമാനത്തോടെയും പ്രകടിപ്പിക്കപ്പെടുന്നു. ഒരു മുഖ്യമന്ത്രി തന്നെ ‘മിയാ’ക്കൾക്ക് കുറഞ്ഞ കൂലി നൽകാൻ പരസ്യമായി ആവശ്യപ്പെടുമ്പോൾ, മുൻവിധി തെരുവുകളിൽ നിന്ന് ഭരണസിരാകേന്ദ്രങ്ങളിലേക്ക് പടർന്നിരിക്കുന്നുവെന്നാണർഥം. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പഴയകാലത്തെ ഈ കഥകൾക്ക് വലിയ പ്രാധാന്യമുണ്ടാകുന്നത്. ഒരിക്കൽ ഒരു മുസ്ലിം, ക്രിസ്ത്യൻ ബിഷപ്പിനെ രക്ഷിക്കാൻ ആനക്കു മുന്നിൽ പ്രതിരോധമായി നിന്നു. മറ്റൊരു മുസ്ലിം ഡ്രൈവർ യജമാനന്റെ മക്കളുടെ സുരക്ഷയോർത്ത് വേഗത കൂട്ടാൻ വിസമ്മതിച്ചു. എന്നാൽ ഇന്ന്, ഒരു മുസ്ലിം ഡ്രൈവർക്ക് മൊബൈൽ സ്ക്രീനിൽ കാണുന്ന പേര് നോക്കി തന്നെ വിലയിരുത്തരുതേയെന്ന് അപേക്ഷിക്കേണ്ടി വന്നിരിക്കുന്നു.
സമൂഹത്തിന് എന്തോ തകരാർ സംഭവിച്ചിരിക്കുന്നുവെന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ, യാഥാർഥ്യം അതിനേക്കാൾ കഠിനമാണ്. ചിലതൊക്കെ മനഃപൂർവം വിസ്മരിക്കാൻ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ഓർമപ്പെടുത്തലുകൾക്ക് മുന്നിൽ ഇന്ന് നിലനിൽക്കുന്ന മൗനം തെളിയിക്കുന്നത്, ഇതിലൊക്കെ എന്ത് അസ്വാഭാവികതയാണ് ഉള്ളതെന്ന് തിരിച്ചറിയാൻപോലും കഴിയാത്ത വിധം പലരും മാറിയിരിക്കുന്നു എന്നാണ്.
ajphilip@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.