കണ്ണൂർ എന്ന രാഷ്ട്രീയ ഭൂമികയാണോ കെ.എസ്.യു എന്ന വിദ്യാർഥി പ്രസ്ഥാനമാണോ കൂടുതൽ മാരകം? സംസ്ഥാനത്തെ മന്ത്രിമാർക്കുണ്ടായ അനുഭവങ്ങൾ വെച്ച്, കണ്ണൂർ അപകടഭൂമിയാണ്. അവിടെയുള്ളവർ മന്ത്രിമാരെക്കണ്ടാൽ എന്തുംചെയ്തുകളയും. എന്നാൽ, ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ നോക്കിയാൽ കെ.എസ്.യുവാണ് കടുപ്പം. ഭീകരന്മാരാണവർ. പൊലീസുകാരുടെ സംരക്ഷണഭിത്തി ഭേദിച്ച് അതിനകത്തുനിൽക്കുന്ന മന്ത്രിയുടെ കഴുത്ത് തിരിച്ചവരാണവർ. അതും ഒരു കെ.എസ്.യുക്കാരന് നാല് പൊലീസുകാർ എന്ന അനുപാതത്തിൽ നിൽക്കുമ്പോൾ. കഴുത്തൊടിഞ്ഞെങ്കിലും ആരോഗ്യമന്ത്രി വീണ ജീവനോടെ രക്ഷപ്പെട്ടു. നാലുവർഷം മുമ്പ് കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാർ...
കണ്ണൂർ എന്ന രാഷ്ട്രീയ ഭൂമികയാണോ കെ.എസ്.യു എന്ന വിദ്യാർഥി പ്രസ്ഥാനമാണോ കൂടുതൽ മാരകം? സംസ്ഥാനത്തെ മന്ത്രിമാർക്കുണ്ടായ അനുഭവങ്ങൾ വെച്ച്, കണ്ണൂർ അപകടഭൂമിയാണ്. അവിടെയുള്ളവർ മന്ത്രിമാരെക്കണ്ടാൽ എന്തുംചെയ്തുകളയും. എന്നാൽ, ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ നോക്കിയാൽ കെ.എസ്.യുവാണ് കടുപ്പം. ഭീകരന്മാരാണവർ. പൊലീസുകാരുടെ സംരക്ഷണഭിത്തി ഭേദിച്ച് അതിനകത്തുനിൽക്കുന്ന മന്ത്രിയുടെ കഴുത്ത് തിരിച്ചവരാണവർ. അതും ഒരു കെ.എസ്.യുക്കാരന് നാല് പൊലീസുകാർ എന്ന അനുപാതത്തിൽ നിൽക്കുമ്പോൾ. കഴുത്തൊടിഞ്ഞെങ്കിലും ആരോഗ്യമന്ത്രി വീണ ജീവനോടെ രക്ഷപ്പെട്ടു. നാലുവർഷം മുമ്പ് കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാൻ ശ്രമിച്ചത് ഓർമയില്ലേ. അന്നുപിന്നെ മല്ലയുദ്ധത്തിൽ ആർക്കും തോൽപിക്കാനാകാത്ത ഇ.പി. ജയരാജൻ കൂടെയുള്ളതുകൊണ്ട് പിണറായി രക്ഷപ്പെട്ടതാണ്. ഒറ്റച്ചവിട്ടിന് ഇ.പി. യൂത്ത് കോൺഗ്രസുകാരെ തെറിപ്പിച്ചുകളഞ്ഞു. ഇ.പിയുടെ ബലമുള്ള ഒരൊറ്റപ്പൊലീസുകാരൻ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നെങ്കിൽ മന്ത്രി വീണക്ക് ഈ ഗതി വരുമായിരുന്നില്ല.
കെ.എസ്.യുവാണെങ്കിലും യൂത്ത് കോൺഗ്രസാണെങ്കിലും മറ്റെവിടെയും കാണാത്ത അക്രമസ്വഭാവം എന്തുകൊണ്ടാണ് കണ്ണൂരിൽ? അതറിയണമെങ്കിൽ കണ്ണൂരിന്റെ ചരിത്രവും അക്രമരാഷ്ട്രീയത്തിന്റെ സിദ്ധാന്തവും പഠിക്കണം. പഠിക്കാൻ പ്രയാസമൊന്നുമില്ല. തരാതരം പുസ്തകങ്ങളുണ്ട്. കണ്ണൂരിലെ രാഷ്ട്രീയക്കാരും അവരുടെ മക്കളും അനുയായികളുമെല്ലാം ബുദ്ധിജീവികൾകൂടി ആയതുകൊണ്ട് അക്രമത്തിന്റെ പ്രയോഗം മാത്രമല്ല സിദ്ധാന്തവും പഠിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ജനങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാനായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കാൽ ഡസൻ പുസ്തകങ്ങളെങ്കിലും ശിപാർശ ചെയ്യാനാകും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജൻ എഴുതിയ ‘സംഘർഷങ്ങളുടെ രാഷ്ട്രീയം’-ആണൊന്ന്. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും എം.പിയും എം.എൽ.എയുമെല്ലാം ആയിരുന്ന പാട്യം ഗോപാലന്റെ മകൻ എൻ.പി. ഉല്ലേഖ് എഴുതിയ ‘കണ്ണൂർ: പ്രതികാര രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ’ ആണ് മറ്റൊന്ന്. കണ്ണൂർ എസ്.എൻ കോളജിലെ പൊളിറ്റിക്കൽ സയൻസ് മുൻമേധാവിയും ഇടതുപക്ഷക്കാരനുമായ ഡോ. ടി. ശശിധരൻ എഴുതിയ ‘ഇടതുപക്ഷവും കണ്ണൂർ രാഷ്ട്രീയവും’ എന്നതാണ് മറ്റൊന്ന്. പേര് ‘ഇടതുപക്ഷവും കണ്ണൂർ രാഷ്ട്രീയവും’ എന്നാണെങ്കിലും കൊടുവാളുകളും വടിവാളുകളും അവയിൽ പ്രതിഫലിക്കുന്ന വിഹ്വലരായ സ്ത്രീകളുമാണ് കവർചിത്രം. കണ്ണൂർ എന്നാൽ കൊടുവാളാണ് എന്നൊരു ധ്വനി കവറിൽ കാണാം. ആ പുസ്തകത്തിൽ എന്താണ് അക്രമരാഷ്ട്രീയം എന്ന് വിശദീകരിക്കുന്നുണ്ട്.
‘‘അക്രമം ശാരീരിക ശക്തിയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിരുകടന്ന, അനിയന്ത്രിതമായ അന്യായമായ ശക്തിപ്രയോഗം, കടന്നാക്രമണം, മുറിപ്പെടുത്തൽ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. ഇതിനെല്ലാം രാഷ്ട്രീയ പ്രാധാന്യമോ രാഷ്ട്രീയബന്ധമോ ഉണ്ടെങ്കിൽ അതിനെ രാഷ്ട്രീയാക്രമം എന്നു വിശേഷിപ്പിക്കാം’’-ഇതാണ് അക്രമരാഷ്ട്രീയത്തിന് രാഷ്ട്രീയ മീമാംസാധ്യാപകൻ നൽകിയ നിർവചനം.
സിദ്ധാന്തം അവിടെ നിൽക്കട്ടെ. നമുക്കിതിന്റെ ചരിത്രം നോക്കാം. എം.എൽ.എമാരെവരെ വിടാം. അവർക്ക് കൊണ്ടതിനും കൊടുത്തതിനും കണക്കില്ല. മന്ത്രിമാരുടെ അനുഭവം മാത്രം പരിശോധിക്കാം. കാലം മാറുന്നതിനനുസരിച്ച് ആയുധങ്ങൾ മാറിവരുന്നത് അതിൽ കാണാം. ആഭ്യന്തര മന്ത്രിയുടെ മുഖത്തേക്ക് കൈബോംബ് എറിഞ്ഞുകൊണ്ടാണ് ഈ പരമ്പര ആരംഭിക്കുന്നത്. 1970 ജനുവരി നാലിനാണത്. സി. അച്യുതമേനോന്റെ ഐക്യമുന്നണി മന്ത്രിസഭയിൽ സി.എച്ച്. മുഹമ്മദ് കോയ ആഭ്യന്തര മന്ത്രിയാണ്. മുന്നണിയുടെ ജില്ല റാലിയിലും ലീഗിന്റെ പരിപാടികളിലും പങ്കെടുക്കാനായി എത്തിയ സി.എച്ച്. തലശ്ശേരിയിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിലുണ്ട്. തൊട്ടടുത്ത മുറിയിൽ സർക്കിൾ ഇൻസ്പെക്ടർ നന്ദകുമാരമേനോനും പൊലീസുകാരുമുണ്ട്. 12.45 ആയതോടെ മധ്യവയസ്കനായ ഒരാളെത്തി. പേര് ഗംഗാധരമാരാർ. തുന്നൽ ടീച്ചർമാരുടെ പ്രശ്നത്തെക്കുറിച്ച് നിവേദനം കൊടുക്കാനാണ് എന്നുപറഞ്ഞു. തിരുവനന്തപുരം കന്റോൺമെന്റ് സായുധ പൊലീസിലെ കോൺസ്റ്റബിളായ ശിവശങ്കരൻനായർ മന്ത്രിയുടെ മുറിക്ക് കാവലുണ്ട്. ഷൗക്കത്തലി എന്ന ഗൺമാനുമുണ്ട്. സന്ദർശകനുണ്ട് എന്നു പറയാനായി ഷൗക്കത്തലി അകത്തെ മുറിയിലേക്ക് കയറി. ‘‘വരാൻ പറയൂ’’ എന്നു പറഞ്ഞുകൊണ്ട് മന്ത്രി പുറത്തേക്ക് നോക്കി. ശിവശങ്കരൻനായർ വന്നയാളെ പരിശോധിക്കാനൊരുങ്ങുകയാണ്. ‘‘അതു വേണ്ട, അദ്ദേഹമൊരു പൊതുപ്രവർത്തകനല്ലേ’’ എന്നു പറഞ്ഞുകൊണ്ട് സി.എച്ച്. അടുത്തേക്ക് വിളിച്ചു. തുന്നൽ ടീച്ചർമാരെക്കുറിച്ച് സംസാരിച്ചുതുടങ്ങിയ സന്ദർശകൻ പൊടുന്നനെ മുണ്ടിനടിയിലെ അണ്ടർവെയറിൽനിന്ന് ആസിഡ്ബൾബ് പുറത്തെടുത്ത് സി.എച്ചിന്റെ മുഖത്തേക്ക് എറിഞ്ഞു. അയാളെത്തന്നെ നോക്കിനിൽക്കുകയായിരുന്ന ഷൗക്കത്തലി കൈയിൽക്കയറി പിടിച്ചതുകൊണ്ട് സാധനം ലക്ഷ്യംതെറ്റി ചുമരിൽ പതിച്ചു. ധാരാളം ഏറുപടക്കങ്ങളും ചിതറിവീണു. ശിവശങ്കരൻനായരും ഷൗക്കത്തലിയും സമയോചിതമായും ധീരമായും ഇടപെട്ടതുകൊണ്ട് മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സി.ഐ.ടി.യുവിനുകീഴിലെ വിവിധ ട്രേഡ് യൂനിയനുകളുടെ ഭാരവാഹിയായിരുന്നു ആക്രമി. അയാളെ നേരത്തേ പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രസ്താവന ഇറക്കി. ‘‘വാർത്ത ശരിയാണെങ്കിൽ അത് ഒറ്റപ്പെട്ട വ്യക്തിയുടെ കൃത്യമാണ്’’ എന്നായിരുന്നു എ.കെ.ജിയുടെ പ്രതികരണം. ഏതായാലും ഒന്നും സംഭവിക്കാത്തതുപോലെ സി.എച്ച്. കണ്ണൂരിൽ പൊതുസമ്മേളന വേദിയിലെത്തി. ‘‘തലശ്ശേരി സംഭവത്തിന്റെ പേരിൽ ക്ഷമകേടോ അവിവേകമോ കാണിക്കരുത്. അസാധാരണമായ പ്രതിസന്ധികളെ അക്ഷോഭ്യമായി നേരിടാൻ പഠിക്കണം’’- എന്നായിരുന്നു സി.എച്ചിന്റെ പ്രതികരണം. അങ്ങനെ ആഭ്യന്തര മന്ത്രിയുടെ നേരെ ആസിഡ്ബൾബ് എറിഞ്ഞാണ് ചരിത്രം തുടങ്ങുന്നത്. കണ്ടല്ലോ, എറിഞ്ഞയാളെ സി.പി.എം ആദ്യമേ പുറത്താക്കിയതാണ്!
1994 നവംബർ 25നാണ് പിന്നൊരു മന്ത്രിയുമായി ബന്ധപ്പെട്ട സംഭവം. ഡി.വൈ.എഫ്.ഐയാണ് ഒരുങ്ങിയിറക്കിയത്. ഇമ്മാതിരി സമരമുറകളൊക്കെ സി.പി.എമ്മുകാരെ പരിശീലിപ്പിച്ച അവരുടെ പഴയ ക്യാപ്റ്റനായിരുന്നു ഉന്നം: എം.വി. രാഘവൻ. പാർട്ടിയിലുണ്ടായിരുന്ന കാലത്ത് ആ പേര് അവർ തികച്ചുവിളിച്ചിട്ടില്ല. അന്ന് എം.വി.ആർ ആയിരുന്നു. കാലംമാറിയതോടെ പാർട്ടിക്കഥയും മാറി. പുറത്തായപ്പോൾ എം.വി.ആർ വെറും രാഘവനായി. പിടിച്ചുനിൽക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹം യു.ഡി.എഫ് മന്ത്രിയായി. 1994ൽ ഡി.വൈ.എഫ്.ഐ, സ്വാശ്രയ കോഴ്സുകൾക്കെതിരായ സമരത്തിലാണ്. മന്ത്രിമാരെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയിലാണ് മന്ത്രി രാഘവൻ സഹകരണബാങ്ക് ശാഖകളുടെ ഉദ്ഘാടനത്തിന് കൂത്തുപറമ്പിലെത്തുന്നത്. നവംബർ 25ന് രാവിലെ മന്ത്രി കണ്ണൂരിലെത്തി. കൂത്തുപറമ്പിലേക്ക് പോകരുതെന്നും ഡി.വൈ.എഫ്.ഐക്കാർ വലിയ സന്നാഹം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പോകണം എന്നുതന്നെ മന്ത്രി വാശിപിടിച്ചു. തടയാൻ വരുന്നവരുടെ കുരിക്കളാണല്ലോ താൻ, തടയട്ടെ എന്നഭാവം. മന്ത്രിക്ക് സംരക്ഷണം കൊടുക്കുക എന്ന ഡ്യൂട്ടിക്ക് പൊലീസുകാരെ ഒരുക്കി. തടയാൻ ഡി.വൈ.എഫ്.ഐയും ഒരുങ്ങി. ടൗൺഹാളിലേക്കുള്ള വഴിയിൽതന്നെ തടഞ്ഞു. എന്നിട്ടും മന്ത്രി ഹാളിൽ കയറി. പിന്നെയൊരു യുദ്ധമായിരുന്നു. അടിയും ഏറും വെടിയും. അതിൽ അഞ്ചുചെറുപ്പക്കാർ മരിച്ചു. ചിലർ മരിക്കാതെ മരിച്ചു. കാലാകാലം കിടപ്പിലായി. എല്ലാവരും വെടി പ്രതീക്ഷിച്ചുതന്നെയാണ് വന്നതെന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തെളിഞ്ഞു. പലരും ഷർട്ടിനടിയിൽ രക്ഷാകവചമൊക്കെ അണിഞ്ഞിരുന്നു. അതൊരു ചാവേർ സമരമായിരുന്നു.
2013 ഒക്ടോബർ 27നാണ് അടുത്ത ആക്രമണം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കുനേരെ. സമരപ്പടയണി സി.പി.എമ്മുകാരുതന്നെ. സോളാർ ആരോപണം കത്തുന്ന കാലമാണ്. സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനത്തിന് എത്തിയതാണ് മുഖ്യമന്ത്രി. കണ്ണൂർ നഗരത്തിൽ, ജില്ല പൊലീസ് ആസ്ഥാനത്തിനു മുന്നിൽ. സമാപന സമ്മേളനത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയെ വേദിക്കുപുറത്തു തടഞ്ഞു. സമരക്കാരുടെ കല്ലും പൊലീസുകാരുടെ ലാത്തിയും ഏറ്റുമുട്ടി. കല്ലുകൾ കാറിന്റെ ചില്ലുതകർത്തു. മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലും പരിക്കേറ്റു. രണ്ട് മുൻ എം.എൽ.എമാരടക്കം 113 പേരെ പ്രതിയാക്കി കേസെടുത്തു. മൂന്നുപേർ ശിക്ഷിക്കപ്പെട്ടു.
2026 ഫെബ്രുവരിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കഴുത്തിനു പരിക്കേൽക്കാൻ കാരണമായ സംഭവമാണ് ഒടുവിലത്തേത്. ഭരണത്തിൽ സി.പി.എം ആയതുകൊണ്ടും തടയാൻ ചെന്നവർ കോൺഗ്രസുകാർ ആയതുകൊണ്ടും തീക്ഷ്ണതകുറഞ്ഞ ആക്രമണമായിരുന്നു. കരിങ്കൊടിയായിരുന്നു ആയുധം. 113 പ്രതികളൊന്നുമില്ല. മൂന്നാലു പേരേയുള്ളൂ. ഏതായാലും മന്ത്രിയുടെ കഴുത്തൊടിഞ്ഞു എന്നാണ് മെഡിക്കൽ രേഖ. അതാണല്ലോ ലഭ്യമായ ഏക ചരിത്രരേഖ. അതുവെച്ച് സംഭവം ചരിത്രത്തിൽ ചേർക്കുകയാണ്. കരിങ്കൊടികൊണ്ട് മന്ത്രിയുടെ കഴുത്തൊടിച്ച കെ.എസ്.യുക്കാരും എതിരാളികൾക്ക് കഴുത്തുനീട്ടിക്കൊടുത്ത സഖാവ് വീണയും ചരിത്രത്തിൽ തിളങ്ങട്ടെ. ആരുടെ വിയർപ്പും പാഴാകരുതല്ലോ.
mullaanasar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.