കേ​ര​ളാ സ്റ്റോ​റി​ക​ളി​ലെ അ​ദൃ​ശ്യ ഭീ​ഷ​ണി​ക​ള്‍

മുസ്‍ലിം ജനതയെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെങ്കിലും, തലക്കെട്ടിൽ ‘കേരളം’ നിലനിർത്തുന്നത് കേരളത്തിലെ ഇസ്‍ലാമിനെ ഫോക്കസില്‍ നിലനിര്‍ത്താനാണ്. ഈ കപടമായ ബ്രാൻഡിങ് പ്രധാനമാണ് എന്നവര്‍ക്കറിയാം. തലക്കെട്ടുകളിലൂടെയും സിനിമകളിലൂടെയും ഒഴികെ കേരളം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത പ്രേക്ഷകർക്കിടയിൽ കേരള ഇസ്‍ലാമിനെ ഒരു കഠിന വർഗീയത്തുരുത്തായി സിനിമ അടയാളപ്പെടുത്തുന്നു 

ആധുനിക ചരിത്രത്തിൽ ഇസ്‍ലാമിന്‍റെ അരികുവത്കരണം പലപ്പോഴും വ്യവസ്ഥാപിതമായ അപകീർത്തിപ്പെടുത്തലിന്റെ പാതയിലൂടെയാണ് സംഭവിച്ചിട്ടുള്ളത്. അമേരിക്കയിലെ 9/11 ആക്രമണങ്ങൾക്കുശേഷം, സങ്കീർണമായ ആ ഭൗമരാഷ്ട്രീയ സംഭവം പൊതുചർച്ചയിൽ ക്രമേണ പാശ്ചാത്യലോകവും ഇസ്‍ലാമും തമ്മിലെ നാഗരികതാ സംഘർഷമായാണ് പുനർനിർമിക്കപ്പെട്ടത്. മാധ്യമ ഇമേജറി, രാഷ്ട്രീയ വാചാടോപങ്ങൾ, സുരക്ഷാ സിദ്ധാന്തങ്ങൾ എന്നിവ തീവ്രവാദ ഗ്രൂപ്പുകളും സാധാരണ മുസ്‍ലിം പൗരസമൂഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ മായ്ച്ചുകളയാന്‍ ഉപയോഗിക്കുന്നതാണ് നാം പിന്നീടുകണ്ടത്. മുസ്‍ലിം സമൂഹങ്ങളെ ലക്ഷ്യംവെച്ചുള്ള മേല്‍നിരീക്ഷണവും മുസ്‍ലിം രാജ്യങ്ങളെ മാത്രം ബാധിക്കുന്ന യാത്രാനിരോധനങ്ങളും മറ്റനേകം മുസ്‍ലിംവിരുദ്ധ നയങ്ങളും ശൂന്യതയിൽനിന്ന് ഉയർന്നുവന്നതായിരുന്നില്ല. അതിനൊക്കെമുമ്പേ മുസ്‍ലിം സ്വത്വത്തെ ചരിത്രത്തില്‍ പതിഞ്ഞിരിക്കുന്ന ഏതോ നിതാന്ത ഭീഷണിയായി രേഖപ്പെടുത്തുന്ന സാംസ്കാരിക സംശയത്തിന്റെയും ആഖ്യാന ചട്ടക്കൂടിന്റെയും പശ്ചാത്തലം സജീവമായിരുന്നു. വെറുപ്പിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന ഭയം അപരത്വത്തെ അപകടഭീതിയാക്കി മാറ്റുന്നതെങ്ങനെയെന്ന് ഈ പ്രക്രിയ വ്യക്തമാക്കുന്നുണ്ട്. ഒരു സമൂഹം അതിന്റെ അവകാശങ്ങൾ ചോദിക്കുന്നതിനുമുമ്പ് പ്രാഥമികമായിത്തന്നെ അതിന്റെ നിരപരാധിത്വം തെളിയിക്കണമെന്ന ആശയം സാധാരണവത്കരിക്കുന്നതിലൂടെയാണ് അപകീർത്തിപ്പെടുത്തൽ പാർശ്വവത്കരണത്തിന് അടിസ്ഥാനമൊരുക്കുന്നത്.

പ്രോപഗണ്ടയുടെ തുടർച്ചകൾ

അതുകൊണ്ടുതന്നെ, ഇപ്പോള്‍ വിവാദമായിട്ടുള്ള ‘ദി കേരള സ്റ്റോറി 2’-ന്‍റെ ട്രെയിലര്‍ ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ സാംസ്കാരിക പ്രകോപനമല്ല. അതൊരു തുടർച്ചയാണ്. കേരളത്തിലെ ജനസംഖ്യാപരമായ മുസ്‍ലിം സാന്നിധ്യം നിരന്തരമായ സംസ്കാരിക-രാഷ്ട്രീയാസ്വാസ്ഥ്യം സൃഷ്ടിക്കുന്നുവെന്ന പ്രചാരണമാണ്‌ അതിന്‍റെ പരോക്ഷ ലക്ഷ്യം. ഒന്നാം കേരള സ്റ്റോറി (2023) നമുക്കോർമയുണ്ട്. സംസ്ഥാനത്തുനിന്നുള്ള ആയിരക്കണക്കിന് ഹിന്ദുസ്ത്രീകളെ മതപരിവർത്തനത്തിലേക്കും തുടര്‍ന്ന് നിർബന്ധിത മതതീവ്രവാദത്തിലേക്കും തള്ളിവിട്ടതായി ആ സിനിമ അവകാശപ്പെട്ടിരുന്നു. നിയമപരമായ പരിശോധനയിൽ വസ്തുതാപരമായ അടിസ്ഥാനമില്ലെന്ന് വെളിപ്പെട്ടതോടെ കേരളത്തിൽനിന്ന് മതംമാറ്റിയ 32,000 മുസ്‍ലിം സ്ത്രീകളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തു എന്ന വാദം പിന്നീട് പിൻവലിച്ചുവെങ്കിലും അപ്പോഴേക്ക് അതിന്‍റെ പ്രോപഗണ്ടാമൂല്യം പരക്കെ ആഘോഷിക്കപ്പെട്ടിരുന്നു. ‘അത്രയൊന്നുമില്ലെങ്കിലും’ ഇത്തരം മത റിക്രൂട്ട്മെന്റ് നിരന്തരം നടത്തുന്ന സമുദായമായി കേരള മുസ്‍ലിംകളെ മുദ്രകുത്താന്‍ ആ കള്ളപ്രചാരണത്തിന് സാധിച്ചു. ആഖ്യാനത്തിന്റെ സിനിമാറ്റിക് ശക്തിയിലൂടെ ഒരു രാഷ്ട്രീയ ദുര്‍ബോധത്തിന് ദൃശ്യപരവും വൈകാരികവുമായ രൂപംനൽകിക്കൊണ്ട്, വളരെക്കാലമായി പ്രചരിക്കുന്ന ‘ലവ് ജിഹാദ്’ ഗൂഢാലോചനാ സിദ്ധാന്തത്തെ സജീവമായി ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് ആ സിനിമ നിര്‍വഹിച്ചത്. ആ സിനിമക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് സിനിമയെ മാത്രമല്ല, അതിന്റെ അടിസ്ഥാനമായ വിദ്വേഷ രാഷ്ട്രീയത്തെയും സാധൂകരിക്കാന്‍ ശ്രമിക്കുന്നതായി മാറി. കേരളത്തിന്‍റെ ഇസ്‍ലാമിക ചരിത്രത്തെ മുസ്‍ലിം ജനസംഖ്യാ ഭയത്തിന്റെ ഒരു മുന്നറിയിപ്പുകഥയായി വളച്ചൊടിക്കുക എത്ര എളുപ്പമാണെന്ന് ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു അത്. താരതമ്യേന ശക്തമായ മുസ്‍ലിം സമുദായ രൂപവത്കരണം ഒട്ടൊക്കെ സമാധാനപരമായി കേരളത്തില്‍ നടന്നിട്ടുണ്ട് എന്ന വസ്തുത ഉള്‍ക്കൊള്ളാനാവാതെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി ആക്രമിക്കുന്ന സമീപനം സിനിമക്കുള്ളിലും പുറത്തും ഒരുപോലെ നടക്കുന്നതാണ്.

ഭയത്തിന്റെ സൗന്ദര്യവത്കരണം

പുതിയ സിനിമയുടെ ട്രെയിലര്‍ ആദ്യ ചിത്രത്തിന്റെ അതേ മാതൃകയാണ് പിന്തുടരുന്നത്. കപടപ്രണയത്തില്‍ വഞ്ചിക്കപ്പെടുകയും, വിവാഹത്തിലേക്ക് ആകർഷിക്കപ്പെടുകയും, മതപരിവർത്തനത്തിലേക്ക് നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദുയുവതികളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയും നിർമിക്കപ്പെട്ടിട്ടുള്ളത് എന്നാണ് മനസ്സിലാവുന്നത്. ഇമേജറി വ്യക്തവും വൈകാരികവുമാണ്-അപമാനത്തിന്റെയും ഭീഷണിയുടെയും രംഗങ്ങളാണ് മുന്നിൽനിൽക്കുന്നത്. കേരളത്തിലെ ഇസ്‍ലാം ‘ഇന്ത്യന്‍ സംസ്കാരം’ തകര്‍ക്കുമെന്ന സിവിലിസേഷനല്‍ ഭീഷണിയാണ് ട്രെയിലര്‍ മുഴക്കുന്നത്. ഇന്ത്യതന്നെ ഒരുദിവസം ശരീഅത്ത് നിയമത്താൽ ഭരിക്കപ്പെടുന്ന ഇസ്‍ലാമിക രാഷ്ട്രമായി മാറിയേക്കാം എന്ന കപടഭീതി സിനിമ നിര്‍ലജ്ജം മുഴക്കുകയാണ്. ‘ലവ് ജിഹാദ്’ ഒറ്റപ്പെട്ട പ്രതിഭാസമല്ല, വ്യക്തിബന്ധങ്ങള്‍ രാഷ്ട്രീയാഖ്യാനമായി ആരംഭിച്ച് പെട്ടെന്ന് വലിയ ജനസംഖ്യാ പ്രവചനമായി വികസിക്കുന്നു. സിനിമ നിസ്സാരമായി ‘കഥ’യിൽനിന്ന് സംസ്കാരികാശങ്കയിലേക്ക് നീങ്ങുന്നു. മനുഷ്യവൈരുധ്യത്തിലല്ല, മറിച്ച് അസ്തിത്വത്തിന്‍റെ അപകടത്തിലാണ് ഊന്നൽ. ഈ ഫ്രെയിമിങ്ങിൽ, കേരളത്തിലെ ഇസ്‍ലാമിക സമൂഹം, ഒരു സാധാരണ ജീവല്‍സമൂഹമായല്ല, മറിച്ച്, പ്രത്യയശാസ്ത്ര പോരാട്ടത്തിനു മാത്രമായി നിലനില്‍ക്കുന്ന ‘സാമൂഹിക തീവ്രവാദി’കളുടെ അധോലോകമായി ചിത്രീകരിക്കപ്പെടുന്നു.

പുതിയ തുടർഭാഗത്തിന്റെ മുള്‍മുന അതിന്‍റെ കപടമായ ഉള്ളടക്കത്തില്‍ മാത്രമല്ല, കണ്ടെത്തേണ്ടത്‌. ‘ലവ് ജിഹാദ്’, പൗരത്വ നിയമങ്ങൾ, ജനസംഖ്യാപരമായ കപടഭീതികള്‍ എന്നിവ പൊതു ചർച്ചകളിൽ നിറഞ്ഞുനിന്ന ഒരു സന്ദര്‍ഭത്തിലാണ് ആദ്യചിത്രം പുറത്തിറങ്ങിയത്. അതിനകംതന്നെ കേരളത്തില്‍ ശക്തിനേടിയിരുന്ന കടുത്ത ഇസ്‍ലാം ഭീതിയുടെ അന്തരീക്ഷത്തിലേക്ക് അത് പ്രവേശിക്കുകയും അതിന്‍റെ കാലുഷ്യ ഭാവനകളെ നാടകീയവത്കരിക്കുകയും ചെയ്തു. എന്നാല്‍, അത്തരം നിഷേധാത്മകമായ സാംസ്കാരിക നിർമാണവും രാഷ്ട്രീയ സന്ദേശങ്ങളും പരസ്പരം ശക്തിപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് തുടർഭാഗം ഇപ്പോള്‍ എത്തുന്നത്. സിനിമകൾ, ട്രെയിലറുകൾ, പ്രമോഷനൽ കാമ്പയിനുകൾ എന്നിവ ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നില്ല; അവ തെരഞ്ഞെടുപ്പു കാലങ്ങളിലെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലും ധ്രുവീകരിക്കപ്പെട്ട വാർത്താ ചർച്ചകളിലും പ്രതിഫലിക്കുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ, സിനിമ എന്ന നിലയില്‍ ഇത്തരം ദൃശ്യാഖ്യാനങ്ങള്‍ ഇസ്‍ലാമോഫോബിയ ശക്തിപ്പെടുത്തുന്നതിനുള്ള വാഹകമായി മാറുന്നു. വ്യക്തിഗതമായ പ്രണയബന്ധങ്ങളെ നാഗരിക ഭീഷണികളായി വ്യവച്ഛേദിക്കുന്നു, കൂട്ടായ ഉത്കണ്ഠകളായി അടയാളപ്പെടുത്തുന്നു. ഭയം അതിന്റെ പ്രാഥമികമായ അർഥശക്തിക്കപ്പുറത്ത് ‘കല’യായി ദൃശ്യവത്കരിക്കപ്പെടുന്നു. സംഗീതം, ഇമേജറി, ആവർത്തനം എന്നിവയിലൂടെ ഇത് കൂടുതല്‍ നാടകീയവും പ്രതിനിധാന തന്ത്രത്തിലൂടെ വിശ്വസനീയവുമാക്കുന്നു. ഭയത്തിന്റെ ഈ സൗന്ദര്യവത്കരണം ന്യൂനപക്ഷ അവിശ്വാസത്തെയും അരികുവത്കരണത്തെയും സാധാരണമാക്കുകയും, അസാധാരണമായ കപടാഖ്യാനങ്ങളെ വൈകാരികമായി വിശ്വസനീയവും രാഷ്ട്രീയമായി സാധൂകരിക്കപ്പെടുന്നതുമായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇല്യൂഷന്‍ ഇവിടെ യാഥാർഥ്യമായി സാമൂഹിക ബോധത്തില്‍ കലരുന്നു.

നാമകരണത്തിലെ രാഷ്ട്രീയം

സിനിമയുടെ പേരിടലിൽത്തന്നെ ഒരു പ്രതീകാത്മക രാഷ്ട്രീയമുണ്ട്. തുടർച്ചയിലും കൃത്യമായി മുസ്‍ലിം ജനതയെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെങ്കിലും, തലക്കെട്ടിൽ ‘കേരളം’ നിലനിർത്തുന്നത് കേരളത്തിലെ ഇസ്‍ലാമിനെ ഫോക്കസില്‍ നിലനിര്‍ത്താനാണ്. ഈ കപടമായ ബ്രാൻഡിങ് പ്രധാനമാണ് എന്നവര്‍ക്കറിയാം. ഈ ആവർത്തനവും പ്രധാനമാണ്. ഒരു പ്രതിച്ഛായ സൃഷ്ടിക്കുകയാണ്-കേരള ഇസ്‍ലാം നിരന്തരം സംശയാസ്പദ റഫറൻസാകുന്നു, കേരള ഇസ്‍ലാം ഒരു മുന്നറിയിപ്പു കഥയായി പ്രതീകമൂല്യം കൈവരിക്കുന്നു. ഈ ആഖ്യാനം സംസ്ഥാനത്തിനപ്പുറത്തേക്ക് പ്രചരിക്കുന്നു, തലക്കെട്ടുകളിലൂടെയും സിനിമകളിലൂടെയും ഒഴികെ കേരളം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത പ്രേക്ഷകർക്കിടയിൽ കേരള ഇസ്‍ലാമിനെ ഒരു കഠിനവർഗീയ തുരുത്തായി സിനിമ അടയാളപ്പെടുത്തുന്നു.

സ്റ്റുവർട്ട് ഹാൾ പ്രതിനിധാന രാഷ്ട്രീയമെന്ന് വിശേഷിപ്പിച്ചതിന്റെ മികച്ച ഉദാഹരണമാണിത്: അർഥം പ്രതിഫലിപ്പിക്കുക മാത്രമല്ല, ആവർത്തനത്തിലൂടെയും ഫ്രെയിമിങ്ങിലൂടെയും പ്രതിധാരണകള്‍ നിർമിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ഒരു പ്രത്യേക ആഖ്യാനവുമായി, ഈ സാഹചര്യത്തിൽ, ജനസംഖ്യാപരമായ ഉത്കണ്ഠയുടെയും സാംസ്കാരിക ഭീഷണിയുടെയും ആഖ്യാനം ഒരു സമൂഹത്തെ ആവർത്തിച്ച് ബന്ധിപ്പിക്കുമ്പോൾ, ആ ബന്ധം നിർമിതമെന്നതിനുപകരം സ്വാഭാവികമായി തോന്നാൻ തുടങ്ങുന്നു. രാഷ്ട്രങ്ങളെപ്പോലെ പ്രദേശങ്ങളും കഥകളിലൂടെയും മാധ്യമ പ്രചാരത്തിലൂടെയും സങ്കൽപിക്കപ്പെടുന്നവയാണ്‌. ഒരു പ്രാദേശിക സമൂഹമായി പ്രതിനിധാനം ചെയ്യപ്പെടുന്ന കേരള ഇസ്‍ലാമിനെക്കുറിച്ച് നിരന്തരമായ സംശയങ്ങളും തെറ്റുധാരണകളും വിദൂര പ്രേക്ഷകരുടെ ഭാവനയിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ ‘കേരള സ്റ്റോറി’ എന്ന നാമകരണം നിഷ്പക്ഷ ഭൂമിശാസ്ത്രമല്ല; അത് ആഖ്യാനത്തിന്റെ വ്യവഹാരശക്തിയെയാണ് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്തെ ന്യൂനപക്ഷ ജനവിഭാഗത്തെ ലക്ഷ്യമാക്കിയുമുള്ള ഇത്തരം നിഷേധാഖ്യാനങ്ങൾ പ്രതീകാത്മകതലത്തിൽ അവരുടെ സ്വത്വത്തിന്റെ പുനർനിർമാണത്തിലേക്കുള്ള ആധിപത്യപരമായ ഇടപെടലായി മാറുന്നു. ‘നിങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ പറയാം’ എന്ന ധാര്‍ഷ്ട്യം അതിന്‍റെ മുഖമുദ്രയാവുന്നു.

ഇത് കലാപരമായ സ്വാതന്ത്ര്യത്തിന്‍റെയോ സെൻസർഷിപ്പിന്‍റെയോ പ്രശ്നമല്ല. ആഖ്യാന പരമാധികാരത്തെക്കുറിച്ചാണ് ഇതില്‍ ചോദ്യമുയരുന്നത്. ഒരു സമൂഹത്തിന്റെ പ്രതിച്ഛായ നിർവചിക്കാൻ ആർക്കാണ് അധികാരമുള്ളത്, അവകാശമുള്ളത് എന്നത് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രശ്നമാണ്. ഭൂരിപക്ഷ ഭാവനയിൽനിന്ന് നിരന്തരം സൃഷ്ടിക്കപ്പെടുന കാലുഷ്യപൂർണമായ വ്യവഹാര ബാഹുല്യങ്ങള്‍ ആദ്യം യഥാർഥ ന്യൂനപക്ഷ പ്രതിനിധാനമായും പിന്നീട് യാഥാർഥ്യം തന്നെയായും മനസ്സിലാക്കപ്പെടുകയാണ്. പ്രണയംനടിച്ചു ഹിന്ദുയുവതികളെ വശീകരിച്ചു മതംമാറ്റി സ്വന്തം വിശ്വാസങ്ങള്‍ ഉപേക്ഷിച്ചു അടിമകളായി ജീവിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു എന്ന കപടാഖ്യാനം ഒരു സമുദായത്തിന്‍റെ മതഭൂരിപക്ഷ നിർമിതിയുടെ അടിസ്ഥാന രാഷ്ട്രീയ തന്ത്രമാണെന്ന ചിത്രീകരണം, നിര്‍ബന്ധിച്ചു ബീഫ് വായില്‍ കുത്തിക്കയറ്റുന്നവരാണോ കേരളത്തിലെ മുസ്‍ലിംകള്‍ എന്ന ചോദ്യത്തിനപ്പുറം നില്‍ക്കുന്ന പ്രത്യയശാസ്ത്ര ഹിംസയാണ്. വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെ ഒരു സമുദായത്തിന്‍റെ രാഷ്ട്രതന്ത്രപരമായ ഗൂഢാലോചനയാക്കുന്ന വ്യവഹാരം വംശഹത്യയുടെ സാധൂകരണം മുന്‍കൂട്ടിത്തേടുന്ന രക്തദാഹത്തിന്റെ യുക്തിഭാഷയിലാണ് സംസാരിക്കുന്നത്. ആ അർഥത്തില്‍, മതരാഷ്ട്രവാദ ആരോപണംതന്നെ ഭൂരിപക്ഷ മതരാഷ്ട്രീയത്തിന് നേര്‍ക്കാവുമ്പോള്‍ അതവര്‍ക്കൊരലങ്കാരവും ന്യൂനപക്ഷത്തിന് നേര്‍ക്കാവുമ്പോള്‍ അപായഭീതിയാലെറിയപ്പെടുന്ന കരിങ്കല്‍ച്ചീളുമാണ്. കേരളാ സ്റ്റോറികളിലെ രാഷ്ടീയ അബോധത്തില്‍, മതരാഷ്ട്ര നിർമിതി (ട്രെയിലറിലെ വോയിസ് ഓവര്‍ ഇങ്ങനെയാണ്: “ഇന്‍ഷാ അല്ലാഹ്, അടുത്ത 25 വര്‍ഷംകൊണ്ട് ഇന്ത്യ മുഴുവന്‍ ഒരു ഇസ്‍ലാമിക് സ്റ്റേറ്റാവട്ടെ”) രാഷ്ട്രീയലക്ഷ്യമായി സ്വീകരിക്കുന്ന സമവായബോധത്തിലേക്ക് കേരള മുസ്‍ലിംകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍പ്പിന്നെ അവരെ നാം എന്തുചെയ്യണം?

Tags:    
News Summary - Invisible threats in Kerala stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.