പ്രതീകാത്മക ചിത്രം
പണ്ടുമുതലേ കോൺഗ്രസുകാരുടെ ജാഥ അടിവെച്ചടിവെച്ചാണ് മുന്നേറുക. വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര കുറ്റ്യാടിയിലെത്തിയപ്പോൾ കണ്ടതുപോലെ. നേതാക്കൾ നയിക്കുന്ന ജാഥയാണെങ്കിലും നേതാക്കൾ ഇരിക്കുന്ന വേദിയാണെങ്കിലും അടിവെക്കേണ്ട ഘട്ടംവന്നാൽ അടിവെച്ചിരിക്കും. വിശദീകരണമൊക്കെ പിന്നെയാണ്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടികളുടെ ജാഥയെത്തുമ്പോൾ വേദികളിൽ ഇത്തരം സംഘർഷങ്ങളൊന്നുമുണ്ടാകില്ല. അവരുടെ വേവലാതിയൊക്കെ അടുക്കളയിലാണ്. മുതിർന്ന സി.പി.ഐ നേതാവും േട്രഡ് യൂനിയൻ സി.ഇ.ഒയുമായ സി.ഡി വെളിപ്പെടുത്തിയതുപോലെ ഒത്ത മീൻ എത്തിയില്ലേ എന്നൊരു ആന്തൽ. അഥവാ നെയ് മീനിനു പകരം ചൂര പൊരിക്കേണ്ടിവന്നെങ്കിൽത്തന്നെ ജാഥാനേതാവ് ഉണ്ണാതെ എഴുന്നേറ്റങ്ങ് പോകുമെന്നല്ലാതെ സീനുണ്ടാക്കാനൊന്നും നിൽക്കില്ല. അവർ ഉൾപാർട്ടി ജനാധിപത്യമാണല്ലോ ശീലിച്ചത്. കോൺഗ്രസിന് അങ്ങനെയല്ല. ജനാധിപത്യം ഉള്ളിലൊതുക്കാനുള്ളതല്ല. ജനങ്ങൾക്ക് അനുഭവവേദ്യമാകണം. അതാണല്ലോ ജനാധിപത്യത്തിന്റെ പൂർണത.
കോൺഗ്രസാണെങ്കിലും കമ്യൂണിസ്റ്റാണെങ്കിലും കേരളരാഷ്ട്രീയത്തിലെ ഒരുവിധപ്പെട്ട നേതാക്കളൊക്കെ പൂർണമനുഷ്യരാണ് എന്നും ഓർക്കണം. എം.പി. പോൾ പൂർണമനുഷ്യൻ എന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്. ആർജിച്ച അറിവിനെ സ്വന്തം ബുദ്ധിയിലൂടെ രൂപപ്പെടുത്തുന്ന ‘സംസ്കൃതബുദ്ധി’ എന്നൊക്കെയാണ് എം.പി. പോൾ ഇതിനെ വിശദീകരിക്കുന്നത്. ഭൂമിമലയാളത്തിൽ എം.വി. ഗോവിന്ദൻ മാഷിനല്ലാതെ മറ്റാർക്കും എം.പി. പോൾ പറഞ്ഞ പൂർണമനുഷ്യനെ മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ശ്രീനാരായണഗുരുവും പൂന്താനവും ‘പൂർണമനുഷ്യൻ’ എന്ന വാക്ക് പ്രയോഗിച്ചിട്ടില്ലെങ്കിലും മനുഷ്യൻ പൂർണതതേടുന്നത് സങ്കൽപിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു ആത്മീയസമത്വം, മാനവികത എന്നൊക്കെപ്പറഞ്ഞ് വേറൊരു തലത്തിലേക്കാണ് പോകുന്നത്. പൂന്താനമാണെങ്കിൽ ഈശ്വരചിന്തയിൽ അധിഷ്ഠിതമായ ഒരു ഉത്തമപുരുഷനെയാണ് അർഥമാക്കുന്നത്. ഇവരൊന്നും മനുഷ്യനായി ജീവിച്ച് മനുഷ്യർക്കുവേണ്ടി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന മനുഷ്യരെപ്പറ്റിയല്ല പറയുന്നത്.
മനുഷ്യനിലവാരത്തിലേക്ക് വരുന്നത് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ ആണ്. അദ്ദേഹത്തിന്റെ Hierarchy of Needs (ആവശ്യങ്ങളുടെ ക്രമപ്പട്ടിക) എന്ന സിദ്ധാന്തത്തിലൂടെ മുന്നോട്ടുവെക്കുന്ന പൂർണമനുഷ്യൻ ഒരുവിധം ഒപ്പിക്കാം. കുടുംബം, സൗഹൃദം, ആത്മവിശ്വാസം, അംഗീകാരം, കഴിവുകളുടെ പരിപൂർണവികാസം, സൃഷ്ടിപരമായ ജീവിതം എന്നിങ്ങനെ എബ്രഹാം മാസ്ലോ എണ്ണിപ്പറയുന്ന ഗുണങ്ങൾ കേരളത്തിലെ രാഷ്ട്രീയനേതാക്കളുമായി ഒത്തുപോകുന്നതാണ്. ഉദാഹരണം ഷാഫി പറമ്പിൽതന്നെ. മാസ്ലോ പറഞ്ഞ ഗുണങ്ങളെല്ലാം തികഞ്ഞയാളാണ് ഷാഫി എന്നകാര്യത്തിൽ ആർക്കാണ് സംശയമുള്ളത്? ആത്മവിശ്വാസം, അംഗീകാരം, കഴിവുകളുടെ പരിപൂർണവികാസം എന്നിവയുടെ കാര്യത്തിൽ ഷാഫി പറമ്പിലും പിണറായി വിജയനും കട്ടയ്ക്ക് കട്ട നിൽക്കും. കുടുംബം എന്ന മാനദണ്ഡം എടുക്കുമ്പോൾ പിണറായി ഒരു പണത്തൂക്കം മുന്നിലാണെങ്കിലും സൗഹൃദം എടുത്താൽ ഷാഫി കടന്നുകയറും. ബാക്കി നേതാക്കൾ ക്ഷമിക്കണം. അവഗണിച്ചതല്ല, സ്ഥലപരിമിതി കാരണം ഓരോരുത്തരേയും എടുത്ത് വിസ്തരിച്ചില്ല എന്നുമാത്രം. എല്ലാവരും പൂജ്യരാണ്. മന്ത്രിയായപ്പോൾ ‘സി.ഡി’ ഷർട്ടുകൾ വാങ്ങാനായി മുംബൈയിൽ പോയിട്ടുള്ള സി.ഡി എന്താ മോശമാണോ! (അദ്ദേഹത്തിന്റെ ആത്മവിശ്വാസം ആ ബ്രാൻഡിലായതുകൊണ്ടാണേ!)
ഷാഫിക്കും പിണറായിക്കും ആത്മവിശ്വാസത്തിന്മേലുള്ള പിടി വേറെത്തന്നെയാണ്. പാർലമെന്റിലേക്ക് പോകുമ്പോൾ താൻ പ്രതിനിധാനം ചെയ്തിരുന്ന നിയമസഭാ മണ്ഡലത്തിൽ ആര് മത്സരിക്കണം എന്നു തീരുമാനിക്കാനും നടപ്പാക്കാനുമുള്ള ആർജവമുണ്ടല്ലോ. അത് ഷാഫിയുടെ പ്രായത്തിൽ വേറെയാര് കാണിച്ചിട്ടുണ്ട്? രമേശ് ചെന്നിത്തല ഗുരുകാരണവന്മാരുടെ വാത്സല്യംകൊണ്ട് കഷ്ടിച്ചൊരു മന്ത്രിയായ പ്രായത്തിലാണ് ഷാഫി, യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് ആരാകണമെന്നും തന്റെ പോക്കറ്റ്ബാരോവിൽ നിന്ന് ആര് എം.എൽ.എയാകണമെന്നുമെല്ലാം തീരുമാനിക്കുന്നത്. അങ്ങനെ പൂർണത കൈവന്ന ഒരു നേതാവിന് ഏത് വേദിയിലും താൻ എപ്പോൾ പ്രസംഗിക്കണം എന്ന് തീരുമാനിക്കാനുള്ള ത്രാണിയുണ്ടാകും. ശരിയാണ്, സ്വീകരണങ്ങളിൽ ജാഥാനായകൻ എത്തിയാൽ അദ്ദേഹത്തെ പ്രസംഗിപ്പിച്ച് വേഗം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് അയക്കുകയാണ് ചെയ്യാറ്.
ക്രൗഡ്പുള്ളറായ നേതാവിനെ അവസാനത്തേക്ക് മാറ്റിവെക്കാം എന്ന് യോഗത്തിന്റെ അധ്യക്ഷന് തോന്നിപ്പോകാം. എന്നാൽ, പൊതുയോഗം നീട്ടാമെന്നും അവസാനംവരെ പൊതുജനത്തെ പിടിച്ചുനിർത്താമെന്നും യോഗാധ്യക്ഷൻ ചിന്തിക്കും. അദ്ദേഹം ആ പ്രദേശത്തെ നേതാവായിരിക്കുമല്ലോ. പ്രാദേശിക വികാരം കാണും. വെറുമൊരു സ്വീകരണയോഗം എന്നതിലപ്പുറം ഒരു കലക്കുകലക്കണം എന്ന്. അതിനാൽ, അധ്യക്ഷൻ ജാഥാനേതാവിനെ വേഗം വിളിച്ചിരിക്കും. എന്നാൽ, ജാഥാനേതാവിന് പ്രസംഗിക്കാനുള്ള തുമ്പ് തന്റെ പ്രസംഗത്തിലൂടെ ഇട്ടുകൊടുക്കാൻ കാത്തുനിന്ന ഷാഫിയുടെ മുഖത്ത് പരിഭവം മിന്നി. അതുകണ്ട് പേടിച്ച യോഗാധ്യക്ഷൻ ഝടുതിയിൽ ഉണർന്ന് ഷാഫിയെ മൈക്കിലേക്ക് വിളിച്ചു. ‘‘ഇനിയിപ്പം വേണ്ട’’ എന്ന് ഷാഫി പറഞ്ഞെങ്കിലും കേൾക്കാതെ അധ്യക്ഷൻ വിളിച്ചപ്പോൾ ഷാഫി തടയാൻ ശ്രമിച്ചു. അത്രയാണ് കുറ്റ്യാടിയിൽ സംഭവിച്ചത്. തടയുന്ന ഭാവം മുഖത്തും കൈയിന്മേലും വന്നതിനാൽ കാമറകളിൽ ഉന്തുംതള്ളും പതിഞ്ഞു. അതിനു നടുവിൽ നിന്നിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വീണതാണ് എന്ന് കാമറാദൃശ്യങ്ങൾ മാത്രം കണ്ടവർക്ക് തോന്നി. അതൊക്കെ തോന്നലാണ്. ‘‘ഇനിയിപ്പോ എന്നെ ക്ഷണിക്കണ്ട’’ എന്ന് ഷാഫി കൈകൊണ്ട് പറഞ്ഞു. അത്രയേ ഉള്ളൂ.
മുഖംകൊണ്ട് കാര്യം ധ്വനിപ്പിക്കാനുള്ള പിണറായിയുടെ കഴിവ് ഇപ്പോഴാണ് നമിക്കേണ്ടത്. ഷാഫിയുടെ കുറ്റ്യാടി ഷോ നടന്ന അന്നുതന്നെയാണ് തിരുവനന്തപുരം അമ്പൂരി കൂമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനവേദിയിൽവെച്ച് പിണറായി ഭാവംകൊണ്ട് ഒരാളെ ഓടിച്ചത്. അതിന്റെയും കാമറാദൃശ്യമുണ്ട്. ജില്ലാപഞ്ചായത്ത് അംഗമായ ആതിരാ േഗ്രസ് കൈഫോൺ ഒരു പ്രത്യേകമട്ടിൽ പിടിച്ചുകൊണ്ട് മുഖ്യമന്ത്രിയെ സമീപിക്കുന്നു. ‘‘വേണ്ട’’ എന്ന് ഭാവത്താൽ ധരിപ്പിച്ച് പിണറായി കടന്നുപോയി. ആതിര മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തടഞ്ഞു എന്നാണല്ലോ വാർത്തയായി വന്നത്. പക്ഷേ, പിണറായി കൈയാൽ തടുത്തില്ല എന്നതിനാൽ, താൻ സെൽഫിക്ക് തുനിയുകയോ മുഖ്യമന്ത്രി തടയുകയോ ചെയ്തിട്ടില്ല എന്ന് ആതിരക്ക് വിശദീകരിക്കാൻ എളുപ്പമായി. പിന്നെ വന്ന വിശദീകരണം ആതിര നിവേദനം കൊടുക്കാൻ ശ്രമിച്ചു എന്നാണ്. അതിന് പല പഞ്ചായത്തു മെംബർമാരും ശ്രമിച്ചിട്ടുണ്ട്. അവരെയൊക്കെ പിണറായിയദ്ദേഹം മുഖത്തിലെ പ്രത്യേക ‘‘ഏക് ഷൻ’’ കൊണ്ട് അകറ്റുന്നത് ആ മുഖംനോക്കി ഷാഫി പഠിച്ചെടുക്കണം. മെയ്യ് അനക്കാതെ തടഞ്ഞാൽ വിധിയെവരെ തടയാം. ഷാഫി പറമ്പിൽ ശ്രദ്ധയോടെ അഭ്യസിച്ചാൽ മന്ത്രിസ്ഥാനത്ത് എത്തുമ്പോഴേക്ക് പിണറായിപ്പട്ടം നേടാം.
നമ്മുടെ കാലത്ത് കൈയും കലാശവും കാട്ടി ആളുകളെ അകറ്റുന്നത് നേതൃഗുണമാണെങ്കിലും പണ്ടങ്ങനെയായിരുന്നില്ല. 1937ൽ മദിരാശി നിയമസഭയിലേക്ക് മലപ്പുറത്തുനിന്ന് മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ് ജയിച്ചു. കോൺഗ്രസിന് ഭൂരിപക്ഷവും കിട്ടി. രാജഗോപാലാചാരി മുഖ്യമന്ത്രിയായി. മലബാറിന്റെ പ്രതിനിധിയായി അബ്ദുർറഹ്മാൻ സാഹിബ് മന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ, പൊന്നാനിയിൽനിന്ന് ജയിച്ച കട്ടയാട്ട് രാമൻ മേനോനെയാണ് മന്ത്രിയാക്കിയത്. മലബാറിലെ കോൺഗ്രസുകാരെ പൊതുവിലും സാഹിബിന്റെ അനുയായികളെ പ്രത്യേകിച്ചും ഇത് വിഷമിപ്പിച്ചു. അവർ രണ്ട് സംഘങ്ങളായി മദ്രാസിലെത്തി പരാതികൊടുത്തു. ‘‘ഒരു നേതാവിന് പത്ത് ഗുണങ്ങൾ വേണം. അബ്ദുർറഹ്മാന് ഒമ്പതെണ്ണം ഉണ്ട്. ഒരു കുറവുണ്ട്. പക്വത. മുൻകോപമുണ്ട് അബ്ദുർറഹ്മാന്. അടുത്തുവരുന്ന ആളുകളോട് പെട്ടെന്ന് കോപിക്കും. അത് മന്ത്രിക്ക് ചേർന്നതല്ല. അതുകൊണ്ടാണ് മന്ത്രിയാക്കാത്തത്’’ -എന്നായിരുന്നു നേതാക്കളുടെ മറുപടി.
അന്ന് അബ്ദുർറഹ്മാൻ സാഹിബിന് 39 വയസ്സായിരുന്നു. വേണമെങ്കിൽ ഷാഫിയെ ഈ ചരിത്രം ഓർമിപ്പിക്കാവുന്നതാണ്. വേണ്ട. വി.ഡി. സതീശനും കെ. സുധാകരനും മുന്നിലുള്ളപ്പോൾ 43കാരനായ യുവനേതാവിനെ പക്വത ഉപദേശിക്കുന്നത് ചേപ്രയല്ലേ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജയം ആഘോഷിക്കാൻ രണ്ടുപേരും ചേർന്ന് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ വി.ഡിയും കെ.എസും അവതരിപ്പിച്ച ഭാവാഭിനയം ഓർക്കുമ്പോൾ ഷാഫി അവർക്ക് പറ്റിയ പിൻഗാമിതന്നെ. അല്ലെങ്കിലും പണ്ടുമുതലേ കോൺഗ്രസ് അങ്ങനെയാണ്. അടിവെച്ചടിവെച്ചാണ് മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.