ചാമരാജ്‌പേട്ട് ഈദ് ഗാഹ് മൈതാനം

ഹുബ്ബള്ളിയിൽ നിന്ന് ചാ​മ​രാ​ജ്പേ​ട്ടി​ലേ​ക്കു​ള്ള ദൂരം

'മിലേ സുർ മേരാ തുമാരാ, തോ സുർ

ബനേ ഹമാരാ...''

('എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്...' )

ഏതൊരു ഇന്ത്യക്കാരന്റെയും ആത്മബോധത്തിന്റെയും ദേശബോധത്തിന്റെയും ഈ ഉണർത്തുപാട്ട് ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ഈ വരികൾ പാടി നടന്ന പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ നാടായ ധാർവാഡിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്നത് വിഭാഗീയതയുടെയും വർഗീയ വിദ്വേഷത്തിന്റെയും ആക്രോശങ്ങളാണ്. ദക്ഷിണ കന്നഡ പോലെ ഹിന്ദുത്വ പരീക്ഷണങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് ഇരട്ട നഗരമായ ഹുബ്ബള്ളി -ധാർവാഡിലേതും. 1994 ലെ ഹുബ്ബള്ളി കലാപം മുതലുള്ള ചരിത്രം അതിന് തെളിവാണ്. ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് കർണാടക ഹൈകോടതി അനുമതി നൽകിയതും തുടർന്ന് നടന്ന വിഗ്രഹപൂജയും ഉയർത്തിയ വിവാദമാണ് ഏറ്റവുമൊടുവിലത്തേത്. അക്രമവും കലാപവും കാത്തിരിക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനകളുടെ കോപ്പുകൂട്ടലുകൾക്ക് ഹുബ്ബള്ളിയും ഉഡുപ്പിയും മംഗളൂരുവും ബംഗളൂരുവിലെ ചാമരാജ്പേട്ടുമെല്ലാം വേദിയാവുകയാണ്. ഹുബ്ബള്ളിയിലെയും ചാമരാജ്പേട്ടിലെയും ഈദ്ഗാഹ് മൈതാനങ്ങളെ ലക്ഷ്യംവെച്ച് കർണാടകയിലെ ഭരണപക്ഷമായ ബി.ജെ.പിയുടെ ഒത്താശയോടെ ഹിന്ദുത്വ സംഘടനകൾ കൃത്യമായി കരു നീക്കുകയായിരുന്നു. ആഗസ്റ്റ് 30ന് കർണാടകയിലെ രണ്ട് ഈദ്ഗാഹ് മൈതാനങ്ങളുമായി ബന്ധപ്പെട്ട സമാന സ്വഭാവമുള്ള രണ്ട് കേസുകളിൽ രണ്ട് കോടതികൾ വിരുദ്ധ വിധിയാണ് പുറപ്പെടുവിച്ചത്. ചാമരാജ്പേട്ടിൽ ഗണേശപൂജക്ക് സുപ്രീംകോടതി അനുമതി നിഷേധിച്ചപ്പോൾ ഹുബ്ബള്ളിയിൽ ഹൈകോടതി അനുമതി നൽകി. എന്താണ് യഥാർഥത്തിൽ ഹുബ്ബള്ളിയിലെയും ചാമരാജ്പേട്ടിലെയും ഈദ്ഗാഹ് മൈതാനങ്ങളുമായി ബന്ധപ്പെട്ട വിവാദം?

ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്തിന്റെ ചരിത്രം

ക്രൈസ്തവ പ്രബോധക സംഘമായ ബാസൽ മിഷന്റെ കൈവശമുണ്ടായിരുന്ന ഹുബ്ബള്ളിയിലെ ഒരു ഭൂമി പിന്നീട് ഹുബ്ബള്ളി മുനിസിപ്പാലിറ്റി ഏറ്റെടുത്തിരുന്നു. മുസ്‍ലിംകൾക്ക് പെരുന്നാൾ പ്രാർഥനക്ക് ഇടം വേണമെന്നാവശ്യപ്പെട്ട് 1921 ആഗസ്റ്റ് ഒന്നിന് 'അൻജുമാനെ ഇസ്‍ലാം' കൂട്ടായ്മ നഗരസഭയെ സമീപിക്കുകയും ഒരു രൂപ വാർഷിക പാട്ടത്തിന് 999 വർഷത്തേക്ക് ഈ ഭൂമി അനുവദിക്കുകയും ചെയ്തു. ഈ പാട്ടക്കരാറിന് 1922 ജനുവരി 11ന് അന്നത്തെ ബോബെ പ്രവിശ്യ ഭരണകൂടം അംഗീകാരം നൽകി. 1971 ജൂൺ 18ന് നിബന്ധനകൾക്ക് വിധേയമായി പ്രസ്തുത ഭൂമിയിൽ കടമുറികൾ നിർമിക്കാൻ അൻജുമാനെ ഇസ്‍ലാമിന് നഗരസഭ അനുമതി നൽകിയെങ്കിലും ഇതിനെതിരെ അഞ്ച് പ്രദേശവാസികൾ ഹുബ്ബള്ളി മുൻസിഫ് കോടതിയെ സമീപിച്ചു. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപറേഷൻ, കർണാടക സർക്കാർ, അൻജുമാനെ ഇസ്‍ലാം എന്നിവർക്കെതിരെയായിരുന്നു ഹരജി. ഈ ഹരജിയിൽ പിന്നീട് 83 പേർ കൂടി കക്ഷികളായി. ഹരജിക്കാർക്ക് സർവ പിന്തുണയുമായി സംഘ്പരിവാർ നിന്നു. ഇത് ദീർഘകാലത്തെ നിയമ നടപടികളിലാണ് കലാശിച്ചത്.

1992 ആഗസ്റ്റ് 15ന് ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്തേക്ക് രാഷ്ട്രധ്വജ ഗൗരവ സംരക്ഷണ സമിതി എന്ന പേരിൽ ഒരു സംഘം സംഘ്പരിവാർ പ്രവർത്തകർ ദേശീയപതാകയുമായി എത്തി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് അത്രയും കാലം നാഗ്പൂരിലെ ആസ്ഥാനത്തുപോലും ദേശീയ പതാകയുയർത്തേണ്ടതില്ലെന്ന് തീരുമാനിച്ച ആർ.എസ്.എസിന്റെ പിന്തുണയുള്ള സംഘടനയെ ഈദ്ഗാഹ് മൈതാനത്തേക്ക് കയറി മുതലെടുപ്പ് നടത്താൻ അനുവദിക്കേണ്ടതില്ല എന്നായിരുന്നു മത സംഘടനകളുടെയും മതേതര ജനാധിപത്യ വിശ്വാസികളുടെയും നിലപാട്. കോടതിയുടെ പരിഗണനയിലുള്ള തർക്കഭൂമിയിൽ പതാകയുയർത്തേണ്ടെന്ന് അന്നത്തെ കോൺഗ്രസ് ഭരണകൂടം തീരുമാനിച്ചതോടെ അത് പൊലീസ് നടപടിയിൽ ഒതുങ്ങി. 1993 ജനുവരി 26നും ആഗസ്റ്റ് 15നും 1994 ജനുവരി 26നും പതാകയുയർത്താനുള്ള ശ്രമം നടന്നത് ചെറിയ സംഘർഷത്തിലും കേസിലും കലാശിച്ചു. വിദ്വേഷപ്രസംഗങ്ങൾക്ക് കുപ്രസിദ്ധയായിരുന്ന ബി.ജെ.പി നേതാവ് ഉമാഭാരതി 1994 ആഗസ്റ്റ് 15ന് ഹുബ്ബള്ളി മൈതാനത്ത് ദേശീയ പതാകയുയർത്തുമെന്ന് പ്രഖ്യാപിച്ചു. അന്നേ ദിവസം കർഫ്യൂ മറികടന്ന് ഉമാഭാരതിയും അനുചരരും ഹുബ്ബള്ളി നഗരത്തിലെത്തിയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്നുണ്ടായ കലാപത്തിൽ ആറുപേരാണ് പൊലീസിന്റെ വെടിയേറ്റുമരിച്ചത്. അന്ന് കലാപത്തിലേക്ക് ജനങ്ങളെ ഇളക്കിവിടാൻ തക്കവണ്ണം ബി.ജെ.പിയുടെ പ്രസ്താവനകളും പ്രതിപ്രസ്താവനകളും പത്രങ്ങളിൽ നിരത്തിയതിനെ കുറിച്ച് 'ദ ഫ്ലാഗ് വിത്തൗട്ട് ടിയേഴ്സ്' എന്ന പേരിൽ പീപ്ൾസ് ഡെമോക്രാറ്റിക് ഫോറം തയാറാക്കിയ വസ്തുത പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഏറ്റവുമൊടുവിൽ ഹൈകോടതിയിൽ നടന്ന വാദത്തിൽ, ഭൂമിയുടെ ഉടമസ്ഥാവകാശം ഹുബ്ബള്ളി, ധാർവാഡ് മുനിസിപ്പൽ കോർപറേഷനായതിനാൽ മൈതാനം എന്തിനുപയോഗിക്കണമെന്ന തീരുമാനം അവരുടേതാണെന്നും പാട്ടക്കാരായ അൻജുമാനെ ഇസ്‍ലാമിന് വർഷത്തിൽ രണ്ടു തവണ മാത്രം മൈതാനം ഉപയോഗിക്കാനാണ് അനുമതിയെന്നുമാണ് വ്യക്തമാക്കപ്പെട്ടത്.

ചാമരാജ്പേട്ടിൽ റവന്യൂ വകുപ്പിന്റെ

ഇടപെടൽ

ബംഗളൂരു നഗരത്തിലെ മുസ്‍ലിം ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ് ചാമരാജ്പേട്ട്. ഈ പ്രദേശത്തിന്റെ മധ്യഭാഗത്തായി ഗുട്ടഹള്ളി വില്ലേജിൽ 2.1 ഏക്കറിലാണ് വഖഫ് സ്വത്തായി പ്രഖ്യാപിച്ച ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഒരുവശത്ത് ചാമരാജ്പേട്ടും പദരായനപുരയുമടക്കമുള്ള മുസ്‍ലിം ഭൂരിപക്ഷപ്രദേശമാണ്. മറുവശത്താകട്ടെ ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും ശക്തികേന്ദ്രമായ ബസവനഗുഡി അടക്കമുള്ള മേഖലയും. 2013ൽ വിജയദശമി നാളിൽ 500 ഓളം വരുന്ന ആർ.എസ്.എസ് പ്രവർത്തകർ മൈതാനത്തിലൂടെ കുറുവടി മാർച്ച് നടത്താൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ദശകങ്ങൾക്ക് മുമ്പ് മൈസൂരു ഭരിച്ച വൊഡയാർ രാജകുടുംബം മുസ്‍ലിം സമുദായത്തിന് വിട്ടുനൽകിയ പത്തേക്കറിലുൾപ്പെടുന്നതാണ് ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനം. പിന്നീട് കാലക്രമേണ ബാക്കി സ്ഥലങ്ങൾ കൈയേറിയും അന്യാധീനപ്പെട്ടും പോവുകയായിരുന്നു. ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും പ്രാർഥന നടക്കുന്ന മൈതാനം പ്രദേശത്തെ കളിസ്ഥലമായും ഉപയോഗപ്പെടുത്തുന്നുണ്ട്.

വഖഫ് ബോർഡിന്റെ വാദപ്രകാരം, 1850 മുതൽ രജിസ്റ്റർ ചെയ്ത വഖഫ് സ്വത്താണ് ചാമരാജ്പേട്ടിലേത്. 1964 വരെ ഈ ഭൂമിയുടെ പരിപാലനം സെൻട്രൽ മുസ്‍ലിം അസോസിയേഷനായിരുന്നു. പിന്നീടുയർന്ന തർക്കം സുപ്രീംകോടതിയിലെത്തുകയും ഭൂമി സെൻട്രൽ മുസ്‍ലിം അസോസിയേഷന്റേത് തന്നെയാണെന്ന് 1964ൽ കോടതി വിധിക്കുകയും ചെയ്തു. ഭൂമിയുടെ മേൽനോട്ടം ഏറ്റെടുത്ത് 1965ൽ വഖഫ് ബോർഡ് വിജ്ഞാപനവുമിറക്കി.

2019ൽ പ്രസ്തുത ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച രേഖ തങ്ങളുടെ പക്കലുണ്ടെന്ന വാദവുമായി ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) രംഗത്തുവന്നു. ഈ വർഷം ജൂണിൽ ബി.ബി.എം.പി സ്പെഷൽ കമീഷണർ, വർഷത്തിൽ രണ്ടു പെരുന്നാളുകൾ ഒഴികെയുള്ള ദിനങ്ങളിൽ മറ്റു പരിപാടികൾക്ക് മൈതാനം വിട്ടുനൽകാൻ ആലോചിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് വിഷയം വീണ്ടും പുകഞ്ഞത്. ഈദ്ഗാഹിൽ ദസറ ആഘോഷത്തിനും ഗണേശപൂജക്കും അനുമതി തേടി ഹിന്ദുത്വ സംഘടനകൾ ബംഗളൂരു കോർപറേഷനെ സമീപിച്ചു.

പ്രസ്തുത ഭൂമി കർണാടക സംസ്ഥാന വഖഫ് ബോർഡിന്റേതാണെന്ന 1965ലെ ഗസറ്റ് വിജ്ഞാപനം വഖഫ് ബോർഡും ഈദ്ഗാഹ് മൈതാനം പൊതുകളിസ്ഥലമാണെന്ന് പറയുന്ന 1974ലെ മെട്രോപൊളിസ് സർവേ റെക്കോഡ്സ് ബി.ബി.എം.പിയും പുറത്തുകൊണ്ടുവന്നു. കർണാടക വഖഫ് ബോർഡോ അല്ലെങ്കിൽ മറ്റേതെങ്കിലും മുസ്‍ലിം സംഘടനകളോ 1974 ലെ മെട്രോപൊളിസ് സർവേയിൽ പങ്കെടുക്കുകയോ ഈദ്ഗാഹ് മൈതാനം തങ്ങളുടേതാണെന്ന വാദമുയർത്തുകയോ ചെയ്തില്ലെന്നായിരുന്നു ബി.ബി.എം.പിയുടെ മറ്റൊരു വാദം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥ് ആദ്യമുയർത്തിയ അവകാശവാദത്തിൽനിന്ന് പിന്നീട് പിൻവലിഞ്ഞു. ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമാവകാശം ബോധിപ്പിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടു. വഖഫ് ബോർഡ് പ്രതിനിധികൾ മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നും പകരം, വസ്തു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവാണ് സമർപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനം വിഷയം കർണാടക റവന്യൂ വകുപ്പിന് കൈമാറി ബംഗളൂരു കോർപറേഷൻ തൽക്കാലം തടിയൂരി.

റവന്യൂ വകുപ്പും വഖഫ് ബോർഡും തമ്മിലാണ് ഇനി കേസ്. ഗണേശപൂജക്ക് അനുമതി നിഷേധിച്ച് തൽസ്ഥിതി തുടരാൻ ആഗസ്റ്റ് 30ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസുമായി കർണാടക ഹൈകോടതിയെ സമീപിക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പുമായുള്ള ഏറ്റുമുട്ടലിൽ വഖഫ് ബോർഡ് ഏതുവരെ പോകുമെന്നാണ് ഇനിയറിയേണ്ടത്. കർണാടകയിൽ ബി.ജെ.പിയുടെ കരുനീക്കങ്ങളൊന്നും വെറുതെയല്ല എന്നു മാത്രം ഇപ്പോൾ തിരിച്ചറിയുക.

Tags:    
News Summary - Article on Karnataka Ganesh chaturthi row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.