അധിനിവേശ കാലത്തെ ഓര്‍മകള്‍

2001. ഗള്‍ഫില്‍ മാധ്യമപ്രവര്‍ത്തകനായി ആദ്യം കാലുകുത്തിയത് ബഹ്റൈനില്‍. ജുഫൈറിലെ അല്‍ അയ്യം പ്രസില്‍ ആയിരുന്നു അന്ന് ‘ഗള്‍ഫ് മാധ്യമം’ ഓഫിസ്. കെട്ടിടത്തിന് തൊട്ടപ്പുറം അമേരിക്കയുടെ അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാനം. സദാ തുറിച്ചുനോക്കുന്ന കൂറ്റന്‍ നിരീക്ഷണ കാമറകള്‍ ഘടിപ്പിച്ച ചുറ്റുമതില്‍. പകല്‍ എപ്പോഴും ജാഗ്രതയുടെ പേടിപ്പിക്കുന്ന നിശ്ശബ്ദത. യൂനിഫോമിലും അല്ലാതെയും കഴുത്തില്‍ ഐഡന്‍റിറ്റി കാര്‍ഡ് തൂക്കി യു.എസ് സൈനികരുടെ പോക്കുവരവുകള്‍. രാത്രി നിശ്ശബ്ദത തകര്‍ത്ത് ക്യാമ്പില്‍നിന്ന് ആരവങ്ങള്‍ ഉയരും. പാതിരാവിലും തുടരുന്ന പാട്ടും കൂത്തും ബഹളവും. ചിലപ്പോള്‍ നീണ്ട കരഘോഷം കേള്‍ക്കാം. അതോടെ ഉറപ്പിക്കാം, ആവേശം പകരാന്‍ ഏതെങ്കിലും സൈനിക മേധാവി ക്യാമ്പില്‍ എത്തിയിട്ടുണ്ടെന്ന്. ഗള്‍ഫില്‍ അമേരിക്കയുടെ ആദ്യ സൈനിക കേന്ദ്രത്തിന്‍െറ ഒരു മതില്‍കെട്ടിനിപ്പുറം ജോലിചെയ്തത് രണ്ടര വര്‍ഷം. അപ്പോഴൊക്കെയും ഉള്ളില്‍ നിറഞ്ഞത് അസ്വസ്ഥതയുടെ അറിയാത്ത ഏതോ അടരുകള്‍...

സൈനിക മുദ്രകളോടുള്ള കലിപ്പ് കൊണ്ടായിരിക്കുമോ, ആ വികാരം രൂപ്പപെട്ടത്? അതോ, യാങ്കിവിരുദ്ധ മലയാളിഘടനയില്‍ വാര്‍ത്തെടുക്കപ്പെട്ടതിന്‍െറ കുഴപ്പം കൊണ്ടോ? ഉത്തരമില്ല. ബഹ്റൈനികള്‍ക്ക് പക്ഷേ, ഒരു പ്രശ്നവും ഇല്ല. അപ്പുറത്തെ യാഥാര്‍ഥ്യത്തെ അവര്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അവര്‍ ജീവിതം അനായാസമായി മുന്നോട്ടു കൊണ്ടു പോകുന്നു. അറബികളും യു.എസ് സൈനികരും- രണ്ട് സംസ്കാരങ്ങള്‍. രണ്ട് നിലപാടുകള്‍. രണ്ട് വിരുദ്ധ ധ്രുവങ്ങള്‍. എന്നിട്ടും, ഗള്‍ഫ് വീണ്ടും കത്തിയെരിഞ്ഞ, ആ പ്രക്ഷുബ്ധ ദിനങ്ങളിലും ബഹ്റൈനികളും യു.എസ് സൈനികരും ചേര്‍ന്നുതന്നെ നിന്നു. മനാമ തെരുവിലും ജുഫൈര്‍ വഴിയോരങ്ങളിലും അവര്‍ കണ്ടുമുട്ടുമ്പോള്‍ ഹായ് പറഞ്ഞു പിരിഞ്ഞു. പലപ്പോഴും തോന്നിയിട്ടുണ്ട്, ലോകത്ത് ഒരുപക്ഷേ, യു.എസ് സൈനികര്‍ ഏറ്റവും സുരക്ഷിതര്‍ ഈ അറബ് മണ്ണിലായിരിക്കുമെന്നു പോലും. അത്രയും കരുതല്‍ അവരുടെ കാര്യത്തില്‍ ഈ അറബ് മനുഷ്യര്‍ നല്‍കിപ്പോന്നു. വിയോജിപ്പിനിടയിലും അടുപ്പം കലര്‍ന്ന സൗഹൃദത്തിന്‍െറ അദ്ഭുതപ്പെടുത്തുന്ന ദിനരാത്രങ്ങള്‍.

ബുഷിന്‍െറ യുദ്ധവെറിയും അഫ്ഗാന്‍, ഇറാഖ് അധിനിവേശത്തിന്‍െറയും ക്ഷുഭിത നാളുകളിലും ബഹ്റൈന്‍ ശാന്തമായി തന്നെ നിലകൊണ്ടു. ഇറാഖ് യുദ്ധവേളയിലാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്ക് യു.എസ് സൈനിക ഘടനയുടെ ഞെട്ടിപ്പിക്കുന്ന വ്യാപ്തി തിരിച്ചറിഞ്ഞത്. ബഹ്റൈന്‍ സൈനിക ക്യാമ്പ് ഒന്നുമല്ലെന്ന് ബോധ്യപ്പെട്ടതും അപ്പോഴാണ്. സൈനികരുടെയും പടക്കോപ്പുകളുടെയും കവചിത വാഹനങ്ങളുടെയും പെരുപ്പം കണ്ട് അമ്പരന്നു നിന്നതും അന്നാണ്്. ലോകത്തെ 140ല്‍ ഏറെയായി പരന്നുകിടക്കുന്ന യു.എസ് സൈനിക ക്യാമ്പുകളുടെ വന്‍ശൃംഖല. അതിലൂടെ ലഭിച്ചതാണ് ഈ സൂപ്പര്‍ പദവി. മുട്ടില്ലാതെ അത് നിര്‍ത്താന്‍ കഴിയുന്നതും ഇതു കൊണ്ടു തന്നെ. ഇറാഖ് യാത്രയില്‍ ഇത് കൂടുതല്‍ തെളിഞ്ഞു.
പക്ഷേ, ബഹ്റൈനില്‍ കണ്ട സൈനിക മുഖങ്ങളായിരുന്നില്ല ബഗ്ദാദിലും ബസറയിലും കിര്‍കൂകിലും. പ്രാകൃതമായ ഏതോ ഈറ തീര്‍ക്കുന്ന മട്ടും രീതിയും. പൗരാണിക നഗരത്തിന്‍െറ ഈടുറ്റ സമ്പന്ന വഴികളില്‍ അവര്‍ ധാര്‍ഷ്ട്യത്തിന്‍െറ ഹുങ്കാരം മുഴക്കി മാര്‍ച്ച് ചെയ്തു.

കനല്‍കണ്ണുകളോടെയുള്ള ആ താണ്ഡവ ചുവടുകള്‍ നോക്കി ഒടുങ്ങാത്ത രോഷം ഉള്ളിലൊതുക്കിയാണെങ്കിലും ഇറാഖികള്‍ നിസ്സഹായതയോടെ നിന്നു. ബഹ്റൈനികളുടെ സൗമ്യമുഖഭാവമായിരുന്നില്ല ഒരിടത്തും കാഴ്ചയില്‍ ആ ഇറാഖികള്‍ക്ക്. ഇറാഖി കണ്ണുകളിലെ അണയാരോഷം തിരിച്ചറിയാന്‍ യു.എസിന് കഴിയാതെ പോയി എന്നത് തുടര്‍ ചരിത്രം. ഇറാന്‍ യാത്രയില്‍ കണ്ടത് മറ്റൊരു ചിത്രം. തെഹ്റാനില്‍ പഴയ യു.എസ് എംബസിയെ നല്ളൊരു തെളിവായി ഇന്നും അങ്ങനെതന്നെ നിലനിര്‍ത്തിയിരിക്കുന്നു. ഒരു പരിശോധനയും കൂടാതെ ഉള്ളില്‍ കയറാം. നിലത്തിട്ട യു.എസ് പതാകയില്‍ ചവിട്ടി വേണം ഓരോസന്ദര്‍ശകനും അകത്തത്തൊന്‍. ആ ‘ചവിട്ടുരാഷ്ട്രീയ’ത്തില്‍ ഇറാനികള്‍ ഇന്നും ഉള്ളില്‍ ആഹ്ളാദം നെയ്യുന്നു. നയതന്ത്ര ജോലിയുടെ മറവില്‍ യു.എസ് എംബസികളില്‍ ഷായുടെ കാലത്ത് നടന്നതിന്‍െറ നേര്‍ചിത്രമാണ് ആ കെട്ടിടത്തിലെ ഉള്‍ക്കാഴ്ചകള്‍.

എംബസി കേന്ദ്രീകരിച്ച ചാരപ്രവര്‍ത്തനത്തിന്‍െറ വൈപുല്യം! 444 ദിവസം ഖുമൈനിയുടെ ഇറാനികള്‍ ബന്ദികളാക്കിയ യു.എസ് എംബസിക്കും പുറത്തും വര്‍ഷങ്ങള്‍ക്കിപ്പുറവും യാങ്കിവിരുദ്ധ വികാരം തിമിര്‍ത്തു നില്‍ക്കുന്നതിനെ നാം എങ്ങനെ നോക്കിക്കാണും? എന്തുകൊണ്ടായിരിക്കും പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഈര്‍ഷ്യയുടെ ആ കുടിപ്പക? ശരിയാണ്- ആണവ കരാര്‍ വന്നതോടെ അവിടെയും മാറ്റത്തിന്‍െറ സൂചനയുണ്ട്. മഞ്ഞുരുക്കത്തിന്‍െറ വഴിയാണ് അഭികാമ്യമെന്ന് ഇറാനിയന്‍ പുതുതലമുറയും പഠിച്ചെടുക്കുന്നുണ്ടാകും. ഗള്‍ഫിലെ അറബികളും അനുരഞ്ജനത്തിന്‍െറ പഴയ വഴി വിടാനൊരുക്കമല്ല. എതിര്‍ത്തതു കൊണ്ട് വിനാശം എന്നല്ലാതെ ഒന്നും നേടാനാവില്ളെന്ന അനുഭവ പാഠമായിരിക്കാം, അതിനവരെ പ്രേരിപ്പിക്കുന്നത്. വികാരജീവികളുടെ അപക്വരാഷ്ട്രീയത്തെ തുറന്നെതിര്‍ക്കാന്‍ അവരെ പ്രാപ്തമാക്കുന്നതും അതുതന്നെ. പ്രതിലോമകാരികളുടെ മുറവിളി പോലും മറികടന്ന് കൂടെ നിന്നവര്‍ ആളും അര്‍ഥവും താവളവും നല്‍കി സഹായിച്ച ഒരു ജനത.

എന്നിട്ടും എന്താണ് പക്ഷേ, തിരിച്ചു കിട്ടുന്നത്? എന്നിട്ടും സെപ്റ്റംബര്‍ 11ന്‍െറ ഭീകരാക്രമണങ്ങളോട് സൗദിയെ ചേര്‍ത്തു കെട്ടുകയായിരുന്നല്ലോ, അമേരിക്ക. ഈ ധാര്‍ഷ്ട്യത്തെ എന്തു പേരിട്ടാണ് നാം വിളിക്കേണ്ടത്? പക്ഷേ, നില്‍ക്കുന്ന തറയുടെ ചൂട് നന്നായറിയാം. യമന്‍ മുതല്‍ സിറിയവരെ നിന്നുകത്തുകയാണ്. കൂട്ടത്തില്‍ വാഴവെട്ടാനുറച്ച ചിലര്‍ വേറെയും. അതുകൊണ്ട് ഏറ്റുമുട്ടലിന്‍െറയും അകല്‍ച്ചയുടെയും വഴി വിപുലപ്പെടുത്തുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. വിവേകം കലര്‍ന്ന തിരിച്ചറിവ്. ഇനി ഡോണള്‍ഡ് ട്രംപാണ് യു.എസ് പ്രസിഡന്‍റ്. ആ യാഥാര്‍ഥ്യവുമായും പൊരുത്തപ്പെടുകതന്നെ. അറബ് തെരുവുകളില്‍ നിസ്സഹായത കലര്‍ന്ന ആ രാഷ്ട്രീയമാണിപ്പോള്‍ ചുവടുറക്കുന്നത്. കുറ്റപ്പെടുത്താന്‍ വരട്ടെ. സമവായത്തിന്‍െറ വഴി ദുഷ്കരംതന്നെയാണ്. അതല്ലാതെ അറബ് ലോകം മറ്റെന്തു ചെയ്യാന്‍?

Tags:    
News Summary - us force in iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.