വാ​സ​വ​ൻ കേ​ര​ള​ത്തി​ൽ ഒ​ന്ന​ല്ലേ​യു​ള്ളൂ. ബ​ഹു: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ഒ​രു ഫോ​ൺ​വി​ളി​പോ​ലും ര​ഹ​സ്യ​മാ​യി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​ത്ര തു​റ​ന്ന​ര​ശാ​ണ് വാ​സ​വ​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു​പോ​യ ഒ​രാ​ളാ​ണ് ഇ​തെ​ഴു​തു​ന്ന​ത്. പി​ഴ, പി​ഴ, വ​ലി​യ​പി​ഴ. എ​ൻ.​എ​സ്.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​നി​ടെ മ​ന്ത്രി വാ​സ​വ​ൻ വി​ളി​ച്ച​തും ഫോ​ണെ​ടു​ത്ത സു​കു​മാ​ര​ൻ​നാ​യ​ർ, ‘‘ഓ, ​വാ​സ​വ​നാ’’ എ​ന്ന് പി​റു​പി​റു​ത്തു​കൊ​ണ്ട് സം​സാ​രം തു​ട​ങ്ങി​യ​തു​മാ​ണ് അ​ങ്ങ​നെ തെ​റ്റി​ദ്ധ​രി​ക്കാ​നി​ട​യാ​ക്കി​യ​ത്. അ​ത് മാ​റാ​നും മ​ന്ത്രി വാ​സ​വ​ന് ഗു​പ്ത​രീ​തി​ക​ളി​ലു​ള്ള വൈ​ദ​ഗ്ധ്യം മ​ന​സ്സി​ലാ​ക്കാ​നും കും​ഭ​മേ​ള കേ​ര​ള​ത്തി​ൽ വ​രേ​ണ്ടി​വ​ന്നു. മ​ഹാ​മ​ഘ​മെ​ന്ന​പേ​രി​ൽ അ​ത് വ​ന്നു​പോ​യ​പ്പോ​ഴാ​ണ് വാ​സ​വ​ന്റെ മ​ഹ​ത്വം മ​ന​സ്സി​ലാ​യ​ത്. വൈ​കി​യ​തി​ന് മാ​പ്പു​ചോ​ദി​ക്കു​ന്നു.

മ​ഹാ​മ​ഘ​ത്തി​ന്റെ ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്നു സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കൂ​ടി​യാ​യ വാ​സ​വ​ൻ. മ​ഹാ​മ​ഘ​ത്തി​ന്റെ വെ​ബ്സൈ​റ്റി​ൽ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി എ​ന്ന ത​ല​ക്കെ​ട്ടി​ന് കീ​ഴെ ആ​ദ്യം കാ​ണു​ന്ന​ത് ര​ണ്ട് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളു​ടെ പേ​രാ​ണ്. മാ​താ അ​മൃ​താ​ന്ദ​മ​യി, ആ​ചാ​ര്യ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ അ​വ​ധേ​ശാ​ന​ന്ദ ഗി​രി​ജി മ​ഹാ​രാ​ജ്. അ​തി​ന് തൊ​ട്ടു​താ​ഴെ ര​ക്ഷാ​ധി​കാ​രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം വി.​എ​ൻ. വാ​സ​വ​നാ​ണ്. ശ​രി​യാ​ണ്, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ന്ന നി​ല​യി​ല​ല്ല, കേ​ര​ള​ത്തി​ന്റെ ദേ​വ​സ്വം മ​ന്ത്രി എ​ന്ന വി​ല​യി​ലാ​ണ് വാ​സ​വ​നെ സം​ഘാ​ട​ക​ർ എ​ടു​ത്ത​ത്. അ​ത് അ​വ​രു​ടെ മ​ര്യാ​ദ. സം​സ്ഥാ​ന​ത്തെ ഹി​ന്ദു​ദേ​വ​സ്ഥാ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ചു​മ​ത​ല​യു​ള്ള​യാ​ണ്. ഇ​ത്ര വ​ലി​യൊ​രു ഹി​ന്ദു​സം​ഗ​മം ന​ട​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ക്ക​ണ​മ​ല്ലോ. അ​വ​ർ പ​രി​ഗ​ണി​ച്ചു. അ​താ​ണ് പ​റ​ഞ്ഞ​ത് സം​ഘാ​ട​ക​ർ അ​വ​രു​ടെ മ​ര്യാ​ദ കാ​ണി​ച്ചു. മ​ന്ത്രി വാ​സ​വ​നെ ര​ക്ഷാ​ധി​കാ​രി​യാ​ക്കി. അ​വ​ര​ത് പ​ര​സ്യ​മാ​ക്കു​ക​യും ചെ​യ്തു. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ യാ​മം​പ്ര​തി സ​ന്ദ​ർ​ശി​ക്കു​ന്ന വെ​ബ്സൈ​റ്റി​ൽ ആ​ലേ​ഖ​നം ചെ​യ്തു. അ​വി​ടെ​ക്കി​ട. രേ​ഖ​യാ​ണ്. നാ​ളേ​ക്കു​ള്ള ച​രി​ത്ര​രേ​ഖ. ആ ​മ​ര്യാ​ദ വാ​സ​വ​ൻ തി​രി​ച്ചു​കാ​ണി​ച്ചോ? കാ​ണി​ച്ചോ എ​ന്നു ചോ​ദി​ച്ചാ​ൽ ഇ​ല്ലെ​ന്നു​പ​റ​യാം. സം​ഘാ​ട​ക​ർ ര​ക്ഷാ​ധി​കാ​രി​യാ​യി എ​ടു​ത്തി​ട്ടും വെ​ബ്സൈ​റ്റി​ലൂ​ടെ അ​ത് പ​ര​സ്യം​ചെ​യ്തി​ട്ടും മ​ന്ത്രി വാ​സ​വ​ൻ അ​തു​വ​ഴി പോ​യി​ല്ല. അ​പ്പോ​ൾ, മ​ര്യാ​ദ കാ​ണി​ച്ചി​ല്ലാ എ​ന്നു പ​റ​യാം. കാ​ണി​ച്ചി​ല്ലേ എ​ന്നു ചോ​ദി​ച്ചാ​ൽ കാ​ണി​ച്ചു​വെ​ന്നും പ​റ​യാം. ക​റ​ക​ള​ഞ്ഞ ഇ​ട​തു​മ​തേ​ത​ര മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​മാ​യി​ട്ടും ക​മ്യൂ​ണി​സ്റ്റ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യി​ട്ടും മ​ഹാ​മ​ഘ​ത്തി​ന്റെ ര​ക്ഷാ​ധി​കാ​രി സ്ഥാ​നം നി​ര​സി​ച്ചി​ല്ല. നി​ര​സി​ച്ച് വി​വാ​ദ​മാ​ക്കി സം​ഘാ​ട​ക​രെ​യും സം​ഗ​മ​ത്തെ​യും നാ​ണം കെ​ടു​ത്തി​യി​ല്ല. അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം സം​ഘാ​ട​ക​രോ​ട് മ​ര്യാ​ദ കാ​ണി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ളി​ലോ ത​മി​ഴ്നാ​ട്ടി​ലോ ആ​ണ് മ​ഹാ​മ​ഘം ന​ട​ന്ന​തെ​ന്നും മു.​ക.​സ്​​റ്റാ​ലി​ന്റെ​യോ മ​മ​താ​ദീ​ദി​യു​ടെ​യോ ഏ​തെ​ങ്കി​ലും മ​ന്ത്രി​യെ ര​ക്ഷാ​ധി​കാ​രി​യാ​ക്കി എ​ടു​ത്തു​വെ​ന്നും ക​രു​തു​ക. എ​ന്താ​യി​രി​ക്കും പി​ന്നാ​ലെ​യു​ണ്ടാ​കു​ന്ന പു​കി​ല്! വാ​സ​വ​നാ​യ​തു​കൊ​ണ്ട് അ​തൊ​ന്നു​മു​ണ്ടാ​യി​ല്ല. മൗ​നം വി​ദ്വാ​നു​ഭൂ​ഷ​ണം എ​ന്ന ത​ത്ത്വ​മ​ങ്ങ് പാ​ലി​ച്ചു.


ര​ക്ഷാ​ധി​കാ​രി​ക​ളി​ൽ ഒ​ന്നാ​മ​ൻ സം​സ്ഥാ​ന ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നാ​ണ് എ​ന്ന് സം​ഘാ​ട​ക​ർ പ​ര​സ്യ​മാ​ക്കി​യി​ട്ടും താ​ൻ മ​ഹാ​മ​ഘ​ത്തി​ന്റെ ര​ക്ഷാ​ധി​കാ​രി​യാ​ണ് എ​ന്ന സ​ത്യം വാ​സ​വ​ൻ ര​ഹ​സ്യ​മാ​ക്കി​വെ​ച്ചു. സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യി സൂ​ക്ഷി​ച്ചു. ഇ​വി​ടെ​യാ​ണ് വാ​സ​വ​ന്റെ പാ​ണ്ഡി​ത്യം പു​റ​ത്തു​വ​രു​ന്ന​ത്. മ​ന്ത്രി​മാ​രും ഭ​ര​ണാ​ധി​കാ​രി​ക​ളും ര​ഹ​സ്യ​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി​ത്ത​ന്നെ ചെ​യ്യ​ണ​മെ​ന്ന് ചാ​ണ​ക്യാ​ചാ​ര്യ​ൻ നി​ർ​ദേ​ശി​ച്ച​താ​ണ്. ചാ​ണ​ക്യ​ന്റെ അ​ർ​ത്ഥ​ശാ​സ്​​ത്ര​ത്തി​ന്റെ ഒ​ന്നാം വോ​ള്യ​മാ​യ വി​ന​യാ​ധി​കാ​രി​ക​ത്തി​ലെ പ​തി​ന​ഞ്ചാം അ​ധ്യാ​യ​മാ​യ മ​ന്ത്രാ​ധി​കാ​ര ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. അ​താ​ണ് മ​ന്ത്ര​ഗു​പ്തി. അ​ഥ​വാ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ര​ഹ​സ്യ​മാ​യി​രി​ക്ക​ണം എ​ന്ന്. ’’ശ​ത്രു​ക്ക​ളു​ടെ മു​ന്നി​ൽ ത​ന്റെ പ​ദ്ധ​തി​ക​ൾ വെ​ളി​പ്പെ​ടു​ത്താ​തെ ആ​മ അ​വ​യ​വ​ങ്ങ​ൾ ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ ര​ഹ​സ്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ചാ​ണ​ക്യ​ൻ മ​ന്ത്ര​ഗു​പ്തി​യി​ലൂ​ടെ ന​ൽ​കു​ന്ന പാ​ഠം. ‘‘യ​ഥാ കൂ​ർ​മാം​ഗാ​നി സം​ഹ​ര​തി ത​ദ്വ​ന്മ​ന്ത്രം സം​ഹ​രേ​തേ’’ എ​ന്ന്. വാ​സ​വ​ൻ എ​ന്നാ​ൽ ദേ​വേ​​ന്ദ്ര​ന്റെ മ​റ്റൊ​രു പേ​രാ​ണെ​ന്നും ഓ​ർ​ക്കു​ക. വെ​റു​തെ ഓ​ർ​ത്താ​ൽ മ​തി. അ​ത​ല്ല കാ​ര്യം.

ര​ക്ഷാ​ധി​കാ​രി​സ്ഥാ​നം മ​ന്ത്രി ര​ഹ​സ്യ​മാ​ക്കി​വെ​ച്ച​തു​കൊ​ണ്ട് ആ​ർ​ക്കാ​ണ് കാ​ര്യ​മു​ണ്ടാ​യ​ത് എ​ന്ന​താ​ണ് കാ​ര്യം. സം​ഘാ​ട​ക​ർ​ക്ക്, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ കേ​ര​ള​ത്തി​ലെ ഹി​ന്ദു​ത്വ​രാ​ഷ്ട്രീ​യ​ത്തി​ന്റെ സം​ഘാ​ട​ക​ർ​ക്ക് വ​ലി​യ​തോ​തി​ൽ കാ​ര്യ​മു​ണ്ടാ​യി. ‘‘ന​മ്മ​ൾ​കൂ​ടി വോ​ട്ട് ചെ​യ്ത് തെ​ര​ഞ്ഞെ​ടു​ത്ത മ​ന്ത്രി​മാ​രോ എം.​എ​ൽ.​എ​മാ​രോ അ​ങ്ങോ​ട്ട് തി​രി​ഞ്ഞു​നോ​ക്കി​യ​തു​പോ​ലു​മി​ല്ല’’ എ​ന്ന് വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച്’’ ‘ഹി​ന്ദു’​ക്ക​ളെ ഉ​ണ​ർ​ത്താ​ൻ ഒ​രു കാ​ര​ണ​മാ​യി. അ​ങ്ങ​നെ​യൊ​രു ആ​യു​ധം അ​വ​ർ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി​യാ​യി ആ​ക്ട് ചെ​യ്തി​ല്ലെ​ങ്കി​ലും പ​ര​സ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ലും ത​ള്ളി​ക്ക​ള​യാ​തെ മൗ​നം പാ​ലി​ക്കാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് വാ​സ​വ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്നൊ​രു ചോ​ദ്യം ബാ​ക്കി​യു​ണ്ട​ല്ലോ. ചാ​ണ​ക്യ​ന്റെ ന​യ​മ​നു​സ​രി​ച്ച് മൗ​നം ഒ​രു ത​ന്ത്ര​മാ​ണ്. അ​തു​കൊ​ണ്ട് പ​ല ഗു​ണ​ങ്ങ​ളു​മു​ണ്ട്. നി​ര​സി​ച്ചാ​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്കേ​ണ്ടി​വ​രും. മു​സ്‍ലിം​ക​ളെ പേ​ടി​ച്ച് പി​ന്മാ​റി എ​ന്നു​പ​റ​യും. ഭൂ​രി​പ​ക്ഷ​സ​മു​ദാ​യ​ത്തി​ലെ സം​ഘാ​ട​ക​ർ ഒ​രു വ​ലി​യ പ​ദ​വി ന​ൽ​കു​മ്പോ​ൾ നി​ര​സി​ച്ചാ​ൽ വോ​ട്ട്ബാ​ങ്കി​നെ ബാ​ധി​ക്കും. പ​ഴ​യ കേ​ര​ള​മ​ല്ല. ന്യൂ​ന​പ​ക്ഷ​ത്തി​ന് മാ​ത്ര​മ​ല്ല വോ​ട്ട്ബാ​ങ്കു​ള്ള​ത്. ഭൂ​രി​പ​ക്ഷ​ത്തി​നു​മു​ണ്ട്. അ​വി​ടെ​യും ക​യ​റേ​ണ്ട​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പാ​ർ​ട്ടി​യു​ടെ​യോ സ​ർ​ക്കാ​റി​ന്റെ​യോ തീ​രു​മാ​ന​പ്ര​കാ​ര​വു​മാ​കാം, നി​ര​സി​ക്കാ​തി​രു​ന്ന​തും സ്വീ​ക​രി​ച്ച് ര​ഹ​സ്യ​മാ​ക്കി​വെ​ച്ച​തും. അ​വ​രു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ വ​ഷ​ളാ​കാ​തി​രി​ക്കാ​നും നോ​ക്കാം. ത​ന്നെ​യു​മ​ല്ല ഒ​രു പ​ഴ​യ എ​സ്.​എ​ഫ്.​ഐ നേ​താ​വ് മ​ഹാ​മ​ണ്ഡ​ലേ​ശ്വ​റാ​യി വ​ന്ന് കേ​ര​ള​ത്തി​ലൊ​രു കും​ഭ​മേ​ള ന​ട​ത്തു​മ്പോ​ൾ പാ​ർ​ട്ടി​യും സ​ർ​ക്കാ​റും മി​നി​മം മ​ര്യാ​ദ പാ​ലി​ക്ക​ണ്ടേ? അ​തേ വാ​സ​വ​നും സി.​പി.​എ​മ്മും ചെ​യ്തി​ട്ടു​ള്ളൂ. മ​ര്യാ​ദ​ക്കാ​രെ കു​റ്റ​പ്പെ​ടു​ന്ന​ത് മ​ര്യാ​ദ​യ​ല്ല​ല്ലോ.

പാ​ർ​ട്ടി​യു​ടെ ന​യ​മാ​യാ​ലും വാ​സ​വ​ന്റെ ത​ന്ത്ര​മാ​യാ​ലും ഇ​തൊ​ന്നും പു​തി​യ​ത​ല്ല. നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ആ​ചാ​ര​ത്തി​ന്റെ ആ​വ​ർ​ത്ത​നം മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ൽ ഹി​ന്ദു​ത്വ​ത്തി​ന്റെ അ​ര​ങ്ങേ​റ്റ​മു​ണ്ടാ​കു​ന്ന​തും അ​തി​ന് മ​ത​നി​ര​പേ​ക്ഷ​രാ​ഷ്ട്രീ​യ​ത്തി​ന്റെ വ​ക്താ​ക്ക​ൾ കു​ട​പി​ടി​ച്ചു​കൊ​ടു​ക്കു​ന്ന​തും 1925 ലാ​ണ്. ഇ​തേ തി​രു​നാ​വാ​യ മ​ണ​പ്പു​റ​ത്ത്. ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ സ​മ്മേ​ള​ന​മാ​യി​രു​ന്നു അ​ത്. 1925 ഏ​പ്രി​ൽ 18,19 തീ​യ​തി​ക​ളി​ൽ. ആ​ര്യ​സ​മാ​ജ​ത്തി​ന്റെ സ്വാ​മി ശ്ര​ദ്ധാ​ന​ന്ദാ​ണ് ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ കീ​ഴി​ൽ അ​ങ്ങ​നെ​യൊ​രു സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത്. കേ​ര​ള പ്ര​വി​ശ്യാ ഹൈ​ന്ദ​വ​സ​മ്മേ​ള​നം എ​ന്ന ആ ​സ​മ്മേ​ള​ന​ത്തി​ന്റെ അ​ധ്യ​ക്ഷ​നും ശ്ര​ദ്ധാ​ന​ന്ദ് ആ​യി​രു​ന്നു. ഭാ​യ് പ​ര​മാ​ന​ന്ദ്, പ​ണ്ഡി​റ്റ് മ​ദ​ൻ​മോ​ഹ​ൻ മാ​ള​വ്യ, ഡോ. ​ബി.​എ​സ്.​ മൂ​ഞ്ജെ, രാ​ജാ ന​രേ​ന്ദ്ര​പ്ര​സാ​ദ് തു​ട​ങ്ങി​യ ദേ​ശീ​യ​നേ​താ​ക്ക​ളൊ​ക്കെ വ​ന്നി​രു​ന്നു. ഇ​വ​രി​ൽ പ​ല​രും കോ​ൺ​ഗ്ര​സു​കാ​രാ​ണോ ഹി​ന്ദു​മ​ഹാ​സ​ഭ​ക്കാ​രാ​ണോ എ​ന്ന് വേ​ർ​തി​രി​ക്കാ​ൻ പ​റ്റാ​ത്ത പ​രു​വ​ത്തി​ലു​മാ​യി​രു​ന്നു. 1921ലെ ​ഖി​ലാ​ഫ​ത്ത് നി​സ്സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്റെ മ​ല​ബാ​റി​ലെ പ​രി​ണ​തി ചൂ​ണ്ടി​ക്കാ​ട്ടി ’’മു​സ്‍ലിം​ക​ളി​ൽ​നി​ന്ന് ഹി​ന്ദു​ക്ക​ളെ ര​ക്ഷി​ക്കാ​ൻ’’ എ​ന്ന് മു​റ​വി​ളി​കൂ​ട്ടി​ക്കൊ​ണ്ടാ​ണ് സ​മ്മേ​ളി​ച്ച​ത്. പ​റ​യ​പ്പെ​ട്ട മാ​പ്പി​ള​മാ​രാ​ക​ട്ടെ, കു​റേ കൊ​ല്ല​പ്പെ​ട്ടു. ബാ​ക്കി​യു​ള്ള​വ​ർ ജ​യി​ലി​ലും. പി​ന്നെ​യും ബാ​ക്കി​യു​ള്ള​വ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ​ട്ടി​ണി​ക്കോ​ല​ങ്ങ​ളാ​യ സ്​​ത്രീ​ക​ളും യ​തീം​ഖാ​ന​ക​ൾ സ്വ​പ്നം​കാ​ണു​ന്ന കു​ഞ്ഞു​ങ്ങ​ളും മാ​ത്ര​മാ​ണ് ബാ​ക്കി. അ​വ​രെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹി​ന്ദു​ക്ക​ളെ ഉ​ണ​ർ​ത്തു​ന്ന​ത്!. ഖി​ലാ​ഫ​ത്ത് ക​മ്മി​റ്റി​യു​ണ്ടാ​ക്കി മു​സ്‍ലിം​ക​ളെ സ​മ​രോ​ത്സു​ക​രാ​ക്കാ​ൻ പ​ള്ളി​ക​ളി​ൽ​വ​രെ പ്ര​സം​ഗി​ച്ച കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ കെ.​പി. കേ​ശ​വ​മേ​നോ​നും കെ. ​മാ​ധ​വ​ൻ​നാ​യ​രും ഹി​ന്ദു​മ​ഹാ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്റെ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​ണ്. തി​രു​നാ​വാ​യ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, മാ​ട​ശ്ശേ​രി മാ​ധ​വ​ൻ ന​മ്പൂ​തി​രി, കു​ട്ടി​കൃ​ഷ്ണ​മേ​നോ​ൻ തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. സ​മ്മേ​ള​നം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ഹ​മ്മ​ദ് അ​ബ്ദു​ർ​റ​ഹ്മാ​ൻ സാ​ഹി​ബി​ന്റെ ’അ​ൽ​അ​മീ​ൻ’ ചോ​ദി​ച്ചു: ‘‘കെ.​പി. കേ​ശ​വ​മേ​നോ​നും കെ. ​മാ​ധ​വ​ൻ​നാ​യ​രും കോ​ൺ​ഗ്ര​സി​ന്റെ നേ​താ​ക്ക​ളാ​ണോ അ​തോ ഹി​ന്ദു​മ​ഹാ​സ​ഭാ നേ​താ​ക്ക​ളോ’’ എ​ന്ന്. ‘‘മു​ഹ​മ്മ​ദ് അ​ബ്ദു​ർ​റ​ഹ്മാ​നും ഇ. ​മൊ​യ്തു​മൗ​ല​വി​യും കോ​ൺ​ഗ്ര​സി​ലെ മു​സ്‍ലിം​ലീ​ഗു​കാ​രാ​ണ്’’ എ​ന്നാ​യി​രു​ന്നു മാ​തൃ​ഭൂ​മി​യു​ടെ മ​റു​പ​ടി. മേ​നോ​നും നാ​യ​രും കെ.​പി.​സി.​സി​യു​ടെ മാ​ത്ര​മ​ല്ല മാ​തൃ​ഭൂ​മി​യു​ടെ​യും നേ​താ​ക്ക​ളാ​ണ​ല്ലോ. ‘‘മ​ല​ബാ​റി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്മേ​ള​ന​ത്തി​ന്റെ കൂ​ടെ നി​ന്നി​ല്ലെ​ങ്കി​ൽ ഹി​ന്ദു​ക്ക​ൾ കോ​ൺ​ഗ്ര​സി​നെ കൈ​വി​ടും. അ​തു​കൊ​ണ്ടാ​ണ്’’ എ​ന്ന് കേ​ശ​വ​മേ​നോ​ൻ ന്യാ​യീ​ക​രി​ച്ചു. ’’ഇ​ത്ര​യൊ​ക്ക​യാ​യി​ട്ട് ഇ​പ്പോ​ൾ നേ​താ​ക്ക​ൾ ഹി​ന്ദു​മ​ഹാ​സ​ഭ​ക്കൊ​പ്പം പോ​യാ​ൽ കോ​ൺ​ഗ്ര​സി​നെ മു​സ്‍ലിം​ക​ൾ കൈ​വി​ടും’’ എ​ന്ന് അ​ബ്ദു​ർ​റ​ഹ്മാ​ൻ സാ​ഹി​ബ് തി​രി​ച്ചും പ​റ​ഞ്ഞു.

പ​ണ്ട് കോ​ൺ​ഗ്ര​സു​കാ​ർ പോ​യ അ​തേ​വ​ഴി​ക്കാ​ണ​ല്ലോ ഇ​ന്ന് ക​മ്യൂ​ണി​സ്​​റ്റു​കാ​രും പോ​കു​ന്ന​ത്. മ​ഹാ​മ​ഘം ഒ​രു ഉ​ത്സ​വ​മാ​യി​ക്ക​ണ്ട് ചി​ല്ല​റ സ​ഹാ​യ​മൊ​ക്കെ ചെ​യ്ത മു​സ്‍ലിം​ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി ‘‘അ​വ​രി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഉ​ണ​രൂ’’ എ​ന്ന് ചി​ല ’സാ​ധു’​ക്ക​ളും ‘മാ​ഹാ​രാ​ജ്’​ക​ളും ആ​​ക്രോ​ശി​ക്കു​മ്പോ​ൾ പ​ഴ​യ ശ്ര​ദ്ധാ​ന​ന്ദി​ന്റെ സ്ഥാ​ന​ത്ത് സ​ഖാ​വ് പി. ​സ​ലി​ൽ! എ​സ്.​എ​ഫ്.​ഐ​യു​ടെ പ​ഴ​യ ജി​ല്ലാ വൈ​സ് ​പ്ര​സി​ഡ​ന്റാ​ണ​ല്ലോ പു​തി​യ സ്വാ​മി ആ​ന​ന്ദ​വ​നം ഭാ​ര​തി. കേ​ശ​വ​മേ​നോ​ന്റെ സ്ഥാ​ന​ത്ത് ര​ക്ഷാ​ധി​കാ​രി വി.​എ​ൻ. വാ​സ​വ​ൻ. അ​ന്ന് കോ​ൺ​ഗ്ര​സു​കാ​രെ​യും ഹി​ന്ദു​മ​ഹാ​സ​ഭ​ക്കാ​രെ​യും തി​രി​ച്ച​റി​യാ​ത്ത​പോ​ലെ ഇ​ന്ന് ക​മ്യൂ​ണി​സ്​​റ്റു​കാ​രെ​യും സ​നാ​ത​നി​ക​ളെ​യും തി​രി​ച്ച​റി​യാ​നാ​കു​ന്നി​ല്ല. കാ​ല​മേ നി​ന​ക്ക​ഭി​ന​ന്ദ​നം!

Tags:    
News Summary - Vasava Mahamagham malayalam article by PT Nasar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.