ദുരിതം പറഞ്ഞവന്‍െറ ദുരന്തം

ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ കാവല്‍നിന്ന തേജ്ബഹാദൂര്‍ സിങ് ഇന്ന് നമുക്ക് അപരിചിതനല്ല. ബി.എസ്.എഫ് 29ാം ബറ്റാലിയനിലെ ഈ ജവാന്‍ സമൂഹമാധ്യമങ്ങളിലൂടെ കഷ്ടിച്ച് ഒരു മാസം മുമ്പ് നല്‍കിയ നാലു വിഡിയോ കണ്ടവര്‍ 10 ലക്ഷത്തിലധികം വരും. അതിര്‍ത്തിയില്‍ വിശന്ന വയറുമായി പലപ്പോഴും കാവല്‍നില്‍ക്കേണ്ടി വരുന്നുവെന്നായിരുന്നു ആ നിലവിളി. കഴിക്കാന്‍ കിട്ടുന്നത് കരിഞ്ഞ ചപ്പാത്തി; മഞ്ഞളും ഉപ്പും നീട്ടിക്കലക്കിയ പരിപ്പില്ലാ പരിപ്പുകറി. അതിന്‍െറ പടവും എടുത്തയച്ചു, തേജ്ബഹാദൂര്‍. തങ്ങള്‍ക്ക് ഭക്ഷണം തരാന്‍ ഖജനാവില്‍നിന്ന് പണം ചെലവാകുന്നുണ്ടെന്ന് അറിയാം. പക്ഷേ, സൈനികരുടെ ഈ റേഷനില്‍പോലും മേലാളന്മാര്‍ കൈയിട്ടുവാരുകയാണ്. റേഷന്‍ സാധനങ്ങള്‍ പുറത്തേക്ക് മറിച്ചുകൊടുക്കുന്നു. അതുകൊണ്ടാണ്, കടുകു പൊട്ടിക്കുകപോലും ചെയ്യാത്ത മഞ്ഞള്‍വെള്ളം പരിപ്പുകറിയായി വിളമ്പുന്നതെന്ന് തേജ്ബഹാദൂര്‍ വിലപിച്ചു. 

കരസേനയിലെ ലാന്‍സ് നായിക് യഗ്യപ്രതാപ് സിങ്ങിന്‍െറ രോദനം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഇതിനടുത്ത ദിവസങ്ങളിലാണ്. താഴത്തെട്ടിലുള്ള സൈനികരുടെ ദുരവസ്ഥയെക്കുറിച്ചായിരുന്നു ആ വിലാപം. സൈന്യത്തില്‍ തങ്ങളുടെ പണിയെന്താണ്? മേലാവിന്‍െറ ഷൂ തേച്ചു മിനുക്കേണ്ടി വരുന്നു. അയാളുടെയും കുടുംബക്കാരുടെയും തുണിയലക്കേണ്ടി വരുന്നു. കാറു കഴുകണം. പട്ടിയേയും കുട്ടിയേയും കുളിപ്പിക്കണം. അതേക്കുറിച്ചൊക്കെ യഗ്യപ്രതാപ് വിളിച്ചു പറഞ്ഞു. 

തേജ്ബഹാദൂര്‍ അര്‍ധസേനക്കും യഗ്യപ്രതാപ് പൂര്‍ണസേനക്കും ഉണ്ടാക്കിയ അപമാനം ചില്ലറയല്ല. സര്‍ക്കാറിനും നാണക്കേടായി. അന്വേഷണം പ്രഖ്യാപിച്ചു. പാചകപ്പുരയില്‍ മുതിര്‍ന്ന സൈനികര്‍ കടന്നുചെന്ന് നളപാചകം പരിശോധിക്കുന്നതിന്‍െറ പടമെടുപ്പ് നടന്നു. കരസേന മേധാവി ബിപിന്‍ റാവത്ത് കന്നി പത്രസമ്മേളനത്തില്‍ വിശദം വിശദീകരിച്ചത്, പരാതി പറയാന്‍ സൈന്യത്തില്‍ എമ്പാടുമുള്ള അവസരങ്ങളെക്കുറിച്ചായിരുന്നു. അതും പോരാഞ്ഞ്, സൈനികര്‍ക്ക് നേരിട്ട് പരാതി പറയാന്‍ വാട്സ്ആപ് സംവിധാനം തുടങ്ങിയതായി പ്രഖ്യാപിച്ചു. സേനാ ആസ്ഥാനത്ത് സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ വിശദമായ ലേഖനം എഴുതിയിടാന്‍ അവസരമുണ്ടെന്ന് ഓര്‍മിപ്പിച്ചു. അതുകൊണ്ട് മേലില്‍ ഇമ്മാതിരി പണി ചെയ്യരുത്. സൈന്യത്തിന് അച്ചടക്കം കൂടിയേ കഴിയൂ. പരാതി ലോകത്തോട് വിളമ്പി നടക്കാനുള്ളതല്ല. അങ്ങനെ ചെയ്താല്‍ കര്‍ക്കശമായി നേരിടും. 

ജനവും അങ്ങനെ ചിന്തിച്ചിരിക്കാം. നമുക്കാണെങ്കില്‍ ദേശബോധത്തിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. സിനിമ കാണുന്നതിനുമുമ്പ് എഴു  ന്നേറ്റു നില്‍ക്കുന്നതില്‍ ആ ആവേശപ്രകടനം തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. ഒന്നോര്‍ത്താല്‍ സൈന്യത്തില്‍ അച്ചടക്കം വേണ്ടേ? പരാതി വിളിച്ചു പറഞ്ഞ് ലോകത്തിനു മുമ്പില്‍ സൈന്യത്തെ നാണംകെടുത്തുകയാണ് സൈനികന്‍ ചെയ്തതെന്നാണ് ഇരുത്തിച്ചിന്തിച്ചപ്പോള്‍ ജനത്തിന് തോന്നിയത്. അതുകൊണ്ട് ദേശീയതയുടെ പരവതാനിക്കടിയിലേക്ക് യഗ്യപ്രതാപും തേജ്ബഹാദൂറും ഉയര്‍ത്തിയ കോലാഹലത്തിന്‍െറ പൊടിയമര്‍ന്നു. അല്ളെങ്കില്‍ത്തന്നെ, വീരചരമം പ്രാപിക്കുന്ന സൈനികനു മാത്രമാണ് വില. അംഗീകാരത്തിന്‍െറ പട്ടും വളയും മരണാനന്തര ബഹുമതിയായി സൈനിക വിധവകള്‍ ഏറ്റുവാങ്ങുമ്പോഴാണ് വീരമൃത്യു ഒരു രോമാഞ്ചമായി പൊതുജനത്തിന് അനുഭവപ്പെടുന്നത്. അതുകൊണ്ട് തേജ്ബഹാദൂറും യഗ്യപ്രതാപും സേനയിലെ പൊല്ലാപ്പുകാര്‍ മാത്രമായി പൊടുന്നനെ മാറിപ്പോയി. 
എന്നാല്‍, സേനയില്‍ പരാതി പറയുന്നവന് എന്തു സംഭവിക്കുമെന്നതിന്‍െറ നേര്‍ചിത്രമായി സൈനികര്‍ക്കും പൊതുജനത്തിനും മുമ്പില്‍ നില്‍ക്കുകയാണിന്ന് തേജ്ബഹാദൂറും യഗ്യപ്രതാപും. കരിഞ്ഞ റൊട്ടിയും മഞ്ഞള്‍കറിയും വിഡിയോവിലാക്കി പുറംലോകത്ത് എത്തിച്ചതിനു തൊട്ടുപിന്നാലെ തേജ്ബഹാദൂറിനെ ജോലിചെയ്ത യൂനിറ്റില്‍നിന്ന് എവിടേക്കോ മാറ്റിയിരുന്നു. സ്വതന്ത്രമായ അന്വേഷണത്തിന്‍െറ ഭാഗമായുളള സാധാരണ നടപടിയാണിതെന്ന് ബി.എസ്.എഫ് അധികൃതര്‍ അന്ന് വിശദീകരിച്ചു. വെറും കള്ളുകുടിയനും പൊല്ലാപ്പുകാരനുമാണ് അയാളെന്ന് മുതിര്‍ന്ന മേധാവിമാര്‍ പറഞ്ഞുവെച്ചു. കള്ള് സൈനികന് ക്വോട്ടയായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഈ കുറ്റാരോപണമെന്ന ചിരി നില്‍ക്കട്ടെ. വാദങ്ങള്‍ വേറെയും വന്നു. മുതിര്‍ന്ന ഓഫിസര്‍ക്ക് നേരെ മുമ്പ് തോക്കു ചൂണ്ടിയിട്ടുണ്ട്, ആറു കൊല്ലം മുമ്പ് പട്ടാളക്കോടതി ശിക്ഷിച്ചിട്ടുണ്ട്, കുടുംബത്തെയോര്‍ത്ത് എല്ലാം ക്ഷമിക്കുകയായിരുന്നു എന്നിങ്ങനെ പോകുന്നു ആ വാദങ്ങള്‍. അതിനെല്ലാം തേജ്ബഹാദൂറിന് മറുപടിയുണ്ട്. എല്ലാവര്‍ക്കും പറ്റുന്നതുപോലെ തെറ്റുകള്‍ ചിലത് തനിക്കും പറ്റിയിട്ടുണ്ട്. പക്ഷേ, മികച്ച ബി.എസ്.എഫുകാരനെന്ന സ്വര്‍ണമെഡല്‍ കിട്ടിയ ആളാണ് താന്‍. 16 തവണ അംഗീകാരപത്രം നേടിയിട്ടുണ്ട്. അതൊന്നും ഇപ്പോള്‍ ബോസ് എന്തുകൊണ്ട് പറയുന്നില്ല?

ബി.എസ്.എഫില്‍ മടുത്ത് ജനുവരി 31ന് സ്വയം വിരമിക്കാന്‍ എഴുതിക്കൊടുത്ത്, അതിന് അംഗീകാരവും കിട്ടിക്കഴിഞ്ഞ നേരത്താണ് തേജ്ബഹാദൂറിന് ‘വിപ്ളവ ദുര്‍ബുദ്ധി’ തോന്നിയത്. സഹപ്രവര്‍ത്തകര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നായിരിക്കണം സ്വാഭാവിക ചിന്ത. അസാമാന്യമായൊരു ധൈര്യം അതിനു പിന്നിലുണ്ട്. രാജ്യത്തിനും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി, മേലധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ സൈനികന്‍ കണ്ട ഉപായമായി ആരും പക്ഷേ, അത് കണക്കിലെടുത്തില്ല. ബി.എസ്.എഫിന്‍െറ കാന്‍റീന്‍ നേരെചൊവ്വേ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നു കരുതാനുമാവില്ല. പക്ഷേ, തേജ്ബഹാദൂറിന്‍െറ കഞ്ഞിയില്‍ പാറ്റ വീണു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ അയാളുടെ വി.ആര്‍.എസ് റദ്ദാക്കി. അന്വേഷണ സമിതിക്കു മുമ്പാകെ ഹാജരാകാനും മൊഴി നല്‍കാനും തേജ്ബഹാദൂര്‍ സേനയില്‍ തുടര്‍ന്നേ തീരൂ എന്നാണ് മേലധികാരികള്‍ തീരുമാനിച്ചത്. കടുത്ത അച്ചടക്കലംഘനമാണ് അയാള്‍ നടത്തിയതെന്നും ബി.എസ്.എഫ് പറയുന്നു. തേജ്ബഹാദൂര്‍ അയാള്‍ വീട്ടുതടങ്കലിലാണെന്നും അറസ്റ്റു ചെയ്യപ്പെട്ടതിനു സമാനമായ ചുറ്റുപാടാണ് അനുഭവിക്കുന്നതെന്നും മാനസികമായി പീഡിപ്പിച്ചുവരുകയാണെന്നും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഭാര്യ ശര്‍മിളയാണ്്. 

യഗ്യപ്രതാപിന്‍െറ അവസ്ഥയെന്താണ്? സൈനികന് മനോവിഭ്രാന്തിയുണ്ടെന്ന് പൊടുന്നനെ സേന സംശയിക്കുന്നു. മനോരോഗം പരിശോധിക്കാന്‍ സേന ഉത്തരവിടുന്നു. അതിന് മിലിട്ടറി ആശുപത്രിയിലാക്കുന്നു. മാനസിക പരിചരണം ആവശ്യമുണ്ടെന്ന് കണ്ടത്തെുന്നു. സര്‍വിസിലിരുന്ന ഇത്രയും കാലം ഇല്ലാതെ പോയ മനോവിഭ്രാന്തി പൊടുന്നനെ സംഭവിച്ചത് എങ്ങനെയെന്നും ഉറപ്പില്ല. ഭാര്യ റിച്ച സിങ് നിരാഹാര സമരം നടത്തി. അതുകൊണ്ടൊന്നും കാര്യമില്ല. മനോരോഗം വന്നാല്‍ ചികിത്സിക്കേണ്ടത് ഭാര്യയേക്കാള്‍ സേനയുടെ ഉത്തരവാദിത്തമാണ്. സൈനികന്‍ രാജ്യത്തിന്‍െറ സമ്പത്താണ്. മനോരോഗികളും മാനസിക സംഘര്‍ഷം നേരിടുന്നവരും സൈന്യത്തില്‍ കൂടിവരുന്നുവെന്നാണ് കണക്ക്. പിരിമുറുക്കം ഏറ്റുമുട്ടലും ആത്മഹത്യയും കൊലപാതകവുമൊക്കെയായി മാറുന്നുണ്ട്. അടുത്തിടെയാണ് ഒരു സി.ഐ.എസ്.എഫ് ജവാന്‍ നാലു സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവം രാജസ്ഥാനില്‍ നടന്നത്. എന്തുകൊണ്ട് സൈനികര്‍ക്ക് പിരിമുറുക്കം കൂടുന്നുവെന്ന ചോദ്യത്തിന് ഉത്തരം ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിയാം. മനോസംഘര്‍ഷത്തിലേക്ക് നയിക്കുന്ന മോശം തൊഴില്‍ സാഹചര്യങ്ങള്‍ മാറ്റിയെടുക്കാന്‍ നടപടിയില്ളെന്നുമാത്രം. മന്ത്രിമാര്‍ക്കും മാധ്യമങ്ങള്‍ക്കും ഒരുപോലെ അത്തരം കാര്യങ്ങളിലേക്കു കടന്നുചെല്ലാന്‍ സമയമില്ല.
സായുധസേനാംഗങ്ങള്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കു വിഷമിക്കുന്നു. അവരുടെ പ്രശ്നങ്ങള്‍ മേലധികാരികള്‍ അവഗണിക്കുന്നു. മോശം ജീവിത ചുറ്റുപാടുകള്‍.

ചികിത്സാ സൗകര്യങ്ങളുടെ പോരായ്മ മുതല്‍ സ്ഥാനക്കയറ്റം വരെയുള്ള പ്രശ്നങ്ങള്‍ പുറമെയുണ്ട്. വീട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും അകന്നുകഴിയുന്നവരുടെ പ്രയാസങ്ങള്‍ക്ക് സാന്ത്വനമില്ല. പ്രതികൂല കാലാവസ്ഥകളോടും സാഹചര്യങ്ങളോടും മല്ലടിക്കേണ്ടി വരുന്നതിന്‍െറ നിരാശ. പരാതി പറഞ്ഞാല്‍ അന്വേഷണം ഏകപക്ഷീയവും മേലധികാരിക്ക് അനുകൂലവുമായിരിക്കും. പ്രശ്നക്കാരനാക്കി സ്ഥലം മാറ്റുകയോ പീഡിപ്പിക്കുകയോ ചെയ്യും. അതു പേടിച്ച് പറയുന്നതെന്തും ശിരസാ വഹിക്കാനും ചുരുണ്ടു കൂടാനും ബഹുഭൂരിപക്ഷം തയാറാകും. രാജിവെക്കുന്നവരുടെയും വി.ആര്‍.എസ് വാങ്ങുന്നവരുടെയും സംഖ്യ കൂടിവരുന്നു. ഇതൊന്നും വാര്‍ഷിക ബഡാഘാന-ദര്‍ബാറുകള്‍കൊണ്ട് പരിഹരിക്കാനോ മൂടിവെക്കാനോ തീര്‍ത്തെടുക്കാനോ കഴിയുന്നതല്ല. ഇത്തരം പ്രശ്നങ്ങള്‍ക്കിടയിലാണ് നമുക്കു മുമ്പില്‍ തേജ്ബഹാദൂറിന്‍െറയും യഗ്യപ്രതാപിന്‍െറയും മുഖം തെളിഞ്ഞു വരുന്നത്. അത് ദുരിതം പറഞ്ഞവന്‍െറ ദുരന്തം; അധികൃതര്‍ക്ക് സൗകര്യപൂര്‍വം അവഗണിക്കാവുന്ന സ്വകാര്യം. സംവിധാനം നന്നാക്കാന്‍ പറ്റില്ളെങ്കില്‍, സത്യം വിളിച്ചു പറഞ്ഞവനെ വെടിവെക്കുകതന്നെ. 

Tags:    
News Summary - issues in indian army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.