ആരോഗ്യശാസ്ത്രവും വ്യാജചികിത്സകളും

ആരോഗ്യശാസ്ത്രം വൈജ്ഞാനീയ തലത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഈ നൂറ്റാണ്ടിൽ തന്നെ പുതുതായി കണ്ടെത്തപ്പെട്ട അറിവുകൾ വളരെ വലുതാണ്. കോശങ്ങൾക്കുള്ളിലെ സൂക്ഷ്മഘടകങ്ങളുടെ പ്രവർത്തനങ്ങൾ, തന്മാത്രതലത്തിൽ നടക്കുന്ന പ്രതിഭാസങ്ങൾ എന്നിവ അതിശയിപ്പിക്കുന്ന അറിവുകളാണ് നമുക്ക് ലഭ്യമാക്കിയിട്ടുള്ളത്. ജീവ​​െൻറ അടിസ്ഥാന തന്മാത്രകൾ എന്ന് കരുതപ്പെടുന്ന ഡി.എൻ .എ പതിപ്പുകളെപ്പോലും പരിഷ്കരിക്കാനാവും എന്നനിലയിൽ നാം എത്തിനിൽക്കുന്നു. കഴിഞ്ഞ നവംബറിൽ ഷെൻഷേൻ പട്ടണത്തിൽ ദക്ഷിണ ശാസ്ത്ര സാങ്കേതിക വിജ്ഞാന സർവകലാശാലയിലെ ഗവേഷകനായ ഹി ജിൻക്വി പുറത്തുവിട്ടതാണ് അതിശയിപ്പിക്കുന്ന ഈ വാർത്ത.

വന്ധ്യത ചികിത്സയുടെ ഭാഗമായി ചെയ്ത പരീക്ഷണങ്ങളിലാണ് ഇത് സാധ്യമായത്. പരീക്ഷണങ്ങൾക്ക് വിധേയരായ ദമ്പതികളിൽ ഒരു സ്ത്രീയിൽ വിജയകരമായി ഗർഭം സാധ്യമായി എന്ന് വാർത്തസമ്മേളനത്തിൽ ഹി ജിൻക്വി പ്രഖ്യാപിക്കുകയുണ്ടായി. അതിശയവും ഞെട്ടലും ആശങ്കകളും പലരും ഇതിനകം പങ്കുവെച്ചിട്ടുമുണ്ട്. നമ്മുടെ നൈതികത സങ്കൽപത്തിന് വിരുദ്ധമാകാം ഇത്തരം പരീക്ഷണങ്ങൾ; എങ്കിലും നാമോർക്കേണ്ടതായൊന്നുണ്ട്: ശാസ്ത്രമുന്നേറ്റങ്ങളെ അധികനാൾ തടഞ്ഞുവെക്കാനോ നിഷേധിക്കാനോ സാധ്യമല്ല. ശാസ്ത്രം നമ്മുടെ ഭയാശങ്കകൾക്കും ശരിതെറ്റുകൾക്കും അപ്പുറം പോയെന്നിരിക്കും. ശാസ്ത്രമുന്നേറ്റങ്ങളെ പൊതുനന്മക്ക്​ പറ്റുന്നരീതിയിൽ പ്രയോഗിക്കാനുള്ള സാമൂഹിക ഘടനകൾ ഇതോടൊപ്പം സൃഷ്​ടിക്കുകയാണ് പോംവഴി.

ഇതിവിടെ പറയുന്നതിന് കാരണമുണ്ട്. ആരോഗ്യശാസ്ത്രം കൈവരിക്കുന്ന നേട്ടങ്ങൾ നമ്മുടെ മുന്നിലുള്ളപ്പോഴും തികച്ചും വ്യാജവും കപടവുമായ അനേകം ചികിത്സപദ്ധതികൾ നമുക്ക് ചുറ്റും വളർന്നുവരുന്നു. ഇത്തരം ചികിത്സക്കോ പരസ്യങ്ങൾക്കോ നിയമസാധുതയില്ല; ശാസ്ത്രീയ അടിത്തറയുമില്ല. എങ്കിലും, ധാരാളം പേർ ശാസ്ത്രീയ ചികിത്സയെ തള്ളി വ്യാജചികിത്സകളെ പ്രാപിക്കുന്നു. വ്യാജചികിത്സകളുടെ അനവധി ലഘുപരസ്യങ്ങൾ മീഡിയ ദിനംപ്രതി ജനങ്ങളിലെത്തിക്കുന്നു. രോഗശമനം നേടിയ ആരെയും നാം നേരിൽ കാണുന്നില്ലെങ്കിലും ഭാഗികമായി രോഗലക്ഷണങ്ങളിൽ അയവുവന്നവർ ഈ പ്രസ്ഥാനത്തിൻെറ സാക്ഷ്യംപറച്ചിലുകാരായി സസന്തോഷം നമ്മുടെ മുന്നിലെത്തുന്നു. ഇവരാണ് വ്യാജചികിത്സകരുടെ നിശ്ശബ്​ദ പ്രചാരകരായി മാറുന്നത്.

പൊതുജനക്ഷേമത്തിന് എതിരായി പ്രവർത്തിക്കുന്നു എന്നതിനാൽ ഇത്തരം അശാസ്ത്രീയ പ്രവണതകൾക്ക് പ്രതിരോധം തീർക്കേണ്ടത് ആവശ്യമാണ്. അതിനാൽ എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന ചോദ്യം എല്ലാക്കാലവും പ്രസക്തമായി നിലകൊള്ളുന്നു. നാം കണ്ടെത്തിയിട്ടുള്ള പ്രതിവിധികൾ പലതുണ്ട്. സമൂഹത്തി​​െൻറയാകെ ശാസ്ത്രാവബോധം വർധിപ്പിക്കുക, ശാസ്ത്രീയ ചികിത്സ കുറഞ്ഞ ​ചെലവിൽ കഴിവതും കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ എത്തിക്കുകയും ആരോഗ്യകേന്ദ്രങ്ങൾ ജനസൗഹൃദമാക്കുകയും ചെയ്യുക എന്നിവയെല്ലാം അതിൽ പെടും.

കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ വിദഗ്‌ധ ചികിത്സയും തുടർചികിത്സയും അനായാസം ലഭിക്കുമെന്ന നിലവന്നാൽ ശാസ്ത്രാവബോധം വർധിക്കാനുതകുന്ന അന്തരീക്ഷം ഉറപ്പാകും. രോഗം ബാധിച്ചവരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചികിത്സയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ സന്നദ്ധരാവുന്നത് ഇത്തരം സമ്പർക്കാവസരങ്ങളിലാണ്. ആരോഗ്യ സെമിനാറുകളാണ് ബോധവത്​കരണത്തിലേക്കു നയിക്കുന്ന മറ്റൊരുപാധി. വളരെ സാവധാനം മാത്രം പ്രവർത്തിക്കുന്ന മാധ്യമമാണിത്. പലർക്കും ശാസ്ത്രവിഷയങ്ങൾ ഉൾക്കൊള്ളുന്നത് ക്ലേശകരമാകാം. നമ്മുടെ മനസ്സിൽ ഉയർന്നുവരുന്ന നിസ്സാര സംശയങ്ങൾ ചോദിക്കാനാവാത്തതും ചോദ്യങ്ങൾക്ക് പലപ്പോഴും വിദഗ്ധരിൽനിന്നു ലഘുവായ ഉത്തരങ്ങൾ ലഭിക്കാത്തതുമൊക്കെ അനുബന്ധ കാരണങ്ങളാവാം.

അതിനാൽ തന്നെ വ്യാജചികിത്സകൾ തടയുന്നതിന് വർധിച്ച ജനപങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. അശാസ്ത്രീയ ആരോഗ്യ സങ്കൽപങ്ങൾക്കും ചികിത്സക്കും ജനസ്വാധീനം ലഭിക്കുന്നതിനുള്ള മറ്റു കാരണങ്ങൾകൂടി തേടിക്കൊണ്ടേയിരിക്കണം. അജ്ഞത, അന്ധവിശ്വാസം, അത്ഭുത, ദിവ്യസിദ്ധികളോടുള്ള അമിതാവേശം, ചികിത്സയിൽ അവശ്യം വേണ്ട സ്വകാര്യതയുടെ അഭാവം എന്നിങ്ങനെ നിരവധി ഘടകങ്ങൾകൂടി പരിഗണിക്കേണ്ടതാണ്. ഓരോ ദശകത്തിലും ഘടകങ്ങളിൽ മാറ്റമുണ്ടാകുമെങ്കിലും പൊതുരീതികൾ സമാനമായിരിക്കും.

അജ്ഞത മുതലെടുക്കാനെളുപ്പമാണ്; സത്യത്തിൽ അജ്ഞതയിന്മേൽ വലിയ കമ്പോളംതന്നെ കെട്ടിപ്പടുക്കാനാവും. ആധുനിക വ്യവസായം വിജ്ഞാനത്തിൽ അധിഷ്ഠിതമാണെന്നു പറയുമ്പോൾ തന്നെ അതോടൊപ്പം ഇടം പങ്കിടുന്നുണ്ട് അജ്ഞതയും. ഇതു മനസ്സിലാക്കാൻ എളുപ്പമാണ്. 1940ലെ സാമൂഹികജീവിതം സങ്കൽപിച്ചുനോക്കുക. നാം നിമഗ്നരായിരുന്ന ടെക്‌നോളജികൾ സത്യത്തിൽ ഏവർക്കും പരിചിതമായിരുന്നു. സങ്കീർണമായ ടെക്‌നോളജി തുലോം പരിമിതവും. കാർ, ബസ് എന്നിവ വിരളം. കാളവണ്ടി, വള്ളം, കുതിരവണ്ടി, റാന്തൽ എന്നിവയുടെ പ്രവർത്തനം ഏവരുടെയും കൈയിലൊതുങ്ങുന്നവ. ഉദ്ദേശം 70 വർഷം കഴിഞ്ഞപ്പോൾ നമുക്കുചുറ്റുമുള്ള ഒരു വസ്തുവി​​െൻറയും പ്രവർത്തനം നമുക്ക് പരിചിതമല്ലെന്നു വന്നിരിക്കുന്നു. മിക്സിയും ഗ്രൈൻഡറും ഇസ്തിരിയും കാറും സെൽ ഫോണും ഒക്കെ നമ്മെ സംബന്ധിച്ചിടത്തോളം അജ്ഞാത ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളത്രെ.

അറിവില്ലായ്‌മ ടെക്‌നോ-സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു പഠിക്കുകയാണ് ബ്രിട്ടീഷ് സർക്കാറി​െൻറ മുൻ ഉപദേശകനും ടെക്​നോളജിസ്​റ്റുമായ ചാൾസ് ലീഡ്‌ബീറ്റർ ചെയ്യുന്നത്. അദ്ദേഹം പറയുന്നത് 1900ാം ആണ്ടിൽ അമേരിക്കയിൽ മാത്രം 20,000 ടെക്​നോളജിസ്​റ്റ്​ ഉണ്ടായിരുന്നെങ്കിൽ 1999ൽ ഇത് 12 ലക്ഷമായി വർധിച്ചു. ഈ പ്രതിഭാസം നമ്മുടെ ജീവിതത്തിലേക്ക് ടെക്നോളജിയുടെ അനിയന്ത്രിതമായ കടന്നുകയറ്റം, സ്വാധീനം, വിധേയത്വം, സ്പെഷലൈസേഷൻ എന്നിവ സൃഷ്​ടിക്കും. അത്യുഗ്രശേഷിയുള്ള സെൽഫോൺ കൈയിലുള്ള നാം അതി​​െൻറ ചെറിയൊരംശം മാത്രം ഉപയോഗിക്കുന്നതിൽ അസ്വാഭാവികത കാണുന്നില്ലല്ലോ. ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ അതിസൂക്ഷ്മമായ ചെറുഘടകങ്ങളായി വിഭജിക്കപ്പെട്ടതിനാൽ മറ്റേതു കാലത്തെക്കാൾ നാമിന്ന് ഓരോ ചെറുവിഷയത്തിലും അതി​​െൻറ സ്പെഷലിസ്​റ്റിനെ ആശ്രയിച്ചേ പറ്റൂ.

രണ്ടു പരിണതഫലങ്ങളാണ് ചാൾസ് ലീഡ്‌ബീറ്റർ ഈ പശ്ചാത്തലത്തിൽ സർവപ്രധാനമായി കാണുന്നത്. ഒന്ന്, സാമൂഹികവത്​കരിക്കപ്പെട്ട അജ്ഞതയുടെ ഫലം വിദഗ്‌ധരെന്നു നാം കരുതുന്നവരോടു നമുക്കുണ്ടാകുന്ന അമിതമായ വിധേയത്വവും അടിമത്തവുമാണ്. മെഡിക്കൽ ശാസ്ത്രം അതിസങ്കീർണമാകുകയും വൈദ്യശാസ്ത്രം മനസ്സിലാക്കാനുള്ള അറിവ് സാമാന്യ ജനങ്ങൾക്ക് അപ്രാപ്യമാകുകയും ചെയ്യുമ്പോൾ എന്താണ് പോംവഴി? സി.ടി, എം.ആർ.ഐ തുടങ്ങിയ പരിശോധനോപാധികളെ കുറിച്ച് ചില സ്പെഷലിസ്​റ്റ്​ ഡോക്ടർമാർക്കു മാത്രമേ ആധികാരികമായി പറയാനാവൂ എന്ന നിലവന്നാൽ ശരാശരി രോഗി എന്ത് പോംവഴി സ്വീകരിക്കും? സങ്കീർണത ചുരുക്കുന്ന മാർഗങ്ങൾ ഉചിതമെന്നു തോന്നുന്നത് അതിനാൽ തന്നെ.

രണ്ട്, നമുക്ക് ഒരു ഉൽപന്നത്തെക്കുറിച്ച് എത്ര അറിവുണ്ടാകുമോ അത്രകണ്ടേ അതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചും ബോധ്യമുണ്ടാകൂ. ഉദാഹരണത്തിന്​ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളെക്കുറിച്ചു ഭയാശങ്കകളില്ലാതെ എത്രപേർക്ക് പറയാനാകും? വൈദ്യശാസ്ത്ര ടെക്‌നോളജി സങ്കീർണമായാൽ അത് സാമാന്യജനങ്ങളിൽ എത്താൻ പ്രയാസമാകും. അതിനെതിരായി നടത്തുന്ന എന്ത് പ്രചാരണവും ശ്രദ്ധനേടും. ടെക്​നോളജികൾ ജെനറിക് ആകുമ്പോൾ ഭയാശങ്കകൾ കൂട്ടുകയും ചെയ്യും. അതിനാലാണ് പല കമ്പനികളും ബ്രാൻഡിങ്​ ശക്തമാക്കുന്നത്. ഉദാഹരണമെടുത്താൽ സെൽഫോൺ പ്രശ്നമുണ്ടാക്കുന്നതാണ് എന്ന് പലരും വിശ്വസിക്കുന്നു.

എന്നാൽ, ചില ബ്രാൻഡുകൾ മെച്ചപ്പെട്ടവയാണെന്ന്​ അവർതന്നെ പറയുകയും ചെയ്യും. ഇതിനു കാരണം ഈ കമ്പനികൾ അവരുടെ ഉൽപന്നം സൂക്ഷ്മമായും ശ്രദ്ധാപൂർവവും നിർമിക്കുന്നുവെന്ന വിശ്വാസംതന്നെ. അപ്പോൾ ഉൽപന്നവും ബ്രാൻഡും കമ്പനിയുടെ സൽപേരും ഒന്നായി കാണാൻ സമൂഹം തയാറാകുന്നുവെന്നു സാരം. ഇതുതന്നെയാണ് ആരോഗ്യരംഗത്തും നടക്കുന്നത്. സി.ടി സ്കാൻ കേടാണെന്ന വിശ്വാസമുള്ളവർക്കും ചില പ്രത്യേക ആശുപത്രികൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നതിനാൽ കുഴപ്പമില്ല. ആരോഗ്യരംഗത്തും സർക്കാർ നേടേണ്ടത് ഇത്തരം ബ്രാൻഡ് ക്വാളിറ്റിയാണ് എന്ന വാദം നിസ്സാരമല്ല.

വ്യാജചികിത്സകരും ഇതേ മാതൃകതന്നെ പിന്തുടരുന്നുവെന്ന് കാണാൻ പ്രയാസമില്ല. സങ്കീർണമായ ചികിത്സാപദ്ധതികളെയും പൂർണമായും ചികിത്സിച്ചുമാറ്റാവുന്ന രോഗങ്ങളെയും അവർ ലക്ഷ്യംവെക്കുന്നില്ലല്ലോ. ക്ഷയരോഗത്തിനോ ന്യൂമോണിയക്കോ സ്​ട്രോക്കിനോ നാട്ടുചികിത്സകർക്ക് സമയം ചെലവാക്കാനില്ല. അർബുദം, പ്രമേഹം എന്നിവ അവരുടെ ഇഷ്​ടവിഷയങ്ങളാണുതാനും. നിസ്സാരമായ ഒരു സ്ക്രിപ്റ്റ് മതി വ്യാജചകിത്സകനു കഥ മെനയാൻ. ശാസ്ത്രീയ ചികിത്സയിലെ ഉൽപന്നങ്ങളെക്കുറിച്ചുള്ള ഭീതി അവർത്തിച്ചുകൊണ്ടിരുന്നാൽ മതി സമൂഹത്തി​​െൻറ ശ്രദ്ധപിടിച്ചുപറ്റാൻ. ഇതിലേക്ക് സാക്ഷ്യംപറയലുകാരും മാധ്യമങ്ങളും വന്നുകയറുമ്പോൾ വ്യാജചികിത്സകൻ ബ്രാൻഡ് ആയി മാറിക്കഴിയും.

എൺപതുകളിലെ വിശുദ്ധ ബ്രാൻഡ് ആയിരുന്ന എയ്‌ഡ്‌സ്‌ ചികിത്സകൻ ഉപയോഗിച്ച മാതൃക ഭിന്നമല്ല; മുഖ്യധാര മാധ്യമപ്രവർത്തകർ എയ്‌ഡ്‌സ്‌ ചികിത്സ ബ്രാൻഡ് സൃഷ്​ടിക്കുന്നതിൽ പരോക്ഷമായെങ്കിലും പങ്കുവഹിച്ചിട്ടുണ്ട്.

നിലവിലുള്ള വ്യാജചികിത്സകരുടെ ബ്രാൻഡുകളും ഇപ്രകാരം സൃഷ്​ടിച്ചതുതന്നെ. അതിനാൽ പാസിവ് പ്രചാരണങ്ങളായ ബോധവത്കരണം, ക്യാമ്പുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവ വേഗത്തിൽ ഫലം കാണുമെന്നു കരുതാൻ വയ്യ. ഇവ വളരെ സാവധാനം, വർഷങ്ങളെടുത്തു മാത്രമേ മാറ്റമുണ്ടാക്കൂ. കുറേക്കൂടി ക്രിയോന്മുഖമായ മാനേജ്‌മ​െൻറ്​ സിദ്ധാന്തങ്ങൾ ഈ വിഷയത്തിൽ കൊണ്ടുവരേണ്ടതുണ്ട്.

Tags:    
News Summary - health and fake treatment-columnist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.