പുകച്ചുതള്ളരുത്​ ജീവിതം

ഓരോ തവണ സിഗരറ്റ് കത്തിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ചെറിയ പങ്ക് എരിഞ്ഞുതീരുകയാണ്. പുകയില വിരുദ്ധദിനം പുകവലി നിർത്താനുള്ള ദിനം കൂടിയാണ്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ അത് സാധ്യമാണ്. പുകവലി നിർത്തുമ്പോൾ ജീവിതത്തെ തിരികെപ്പിടിക്കുകയാണ്. കാൻസർ, ഹൃദയസ്​തംഭനം, സ്​ട്രോക്ക്​ തുടങ്ങിയവ വരാനുള്ള സാധ്യത കുറക്കുന്നു. മെച്ചപ്പെട്ട രീതിയിൽ ശ്വസിക്കാൻ കഴിയുന്നു. ഭക്ഷണത്തിന് രുചികിട്ടുന്നു. ശരീര ദുർഗന്ധം മാറുന്നു. ചുരുക്കത്തിൽ പുതുജീവിതമാണ്​ ലഭിക്കുക

ആത്മഹത്യ ചെയ്യാനുള്ള മികച്ച മാർഗമാണ്​ സിഗരറ്റ് എന്ന കുർട്ട്വൊ നെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 80 ലക്ഷം പേരാണ്​ വർഷംതോറും പുകവലിമൂലം മരിക്കുന്നത്​. അതായത്, ഓരോ സെക്കൻഡിലും ശരാശരി ഒരാൾവീതം. ഇന്ത്യയിൽ ഓരോ വർഷവും എട്ടു ലക്ഷത്തിലേറെ പേർ പുകയിലമൂലം മരിക്കുന്നുണ്ട്.

ആകെ ഉണ്ടാകുന്ന കാൻസറിന്റെ 40 ശതമാനവും പുകയില മൂലമാണ്​. കേരളത്തിൽ പ്രതിവർഷം 25,000 പേർക്ക് പുതുതായി കാൻസർ ബാധയുണ്ടാകുന്നു. കേരളത്തിൽ ഇപ്പോൾ ശ്വാസകോശ രോഗികൾ 12 ലക്ഷമുണ്ട്. 87 ശതമാനം ശ്വാസകോശാർബുദങ്ങൾക്കും കാരണം പുകവലിയാണ്.

ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ടും അല്ലാതെയും ബാധിക്കുന്നു. ചുമയിൽ ആരംഭിച്ച് തൊണ്ടയിലെ അസ്വസ്​ഥതക്കൊപ്പം വായ്നാറ്റത്തിനും വസ്​ത്രങ്ങളിലെ ദുർഗന്ധത്തിനും പല്ലിന്റെ നിറവ്യത്യാസത്തിനും ഇത് കാരണമാകുന്നു.

കാലക്രമേണ ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, അൾസർ, ബ്രോങ്കൈറ്റിസ്​, ന്യൂമോണിയ, സ്​ട്രോക്ക്, പലതരത്തിലുള്ള അർബുദങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ കൂടുതൽ ഗുരുതരമായ അവസ്​ഥകളുണ്ടാകും. പുകവലിക്കുന്നവരെപ്പോലെ പുകവലിക്കാർക്കൊപ്പം നിൽക്കുന്നവർക്കും രോഗബാധക്ക്​ സാധ്യതയുണ്ട്.

പുകവലിക്കുന്നവർ പുറത്തേക്ക് ഊതിവിടുന്ന പുകയിൽ 4000ത്തിലധികം രാസപദാർഥങ്ങളുണ്ട്. ഇതിൽ 40 എണ്ണം കാൻസർ ഉണ്ടാക്കുന്നവയാണ്. വീട്ടിലെ മുതിർന്നവരുടെ പുകവലി കുഞ്ഞുങ്ങളിൽ വിട്ടുമാറാത്ത ചുമ, വലിവ്, ന്യൂമോണിയ, ജലദോഷം, ടോൺസിലൈറ്റിസ്​, ചെവിവേദന, വയറുവേദന എന്നിവയുണ്ടാക്കും. പുകവലി പ്രത്യുല്പാദനക്ഷമത കുറക്കുന്നു. പുരുഷവന്ധ്യത സൃഷ്ടിക്കുന്നു.

സ്​ഥിരമായി പുകവലിക്കുന്നവർക്ക്​ ടൈപ്​ 2 പ്രമേഹം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ 30-40 ശതമാനം കൂടുതലാണ്. വൃക്കരോഗം, കാലുകളിലേക്കുള്ള രക്​തപ്രവാഹം തടസ്സപ്പെടൽ, അന്ധത, നാഡീക്ഷതം എന്നിവയും ഉണ്ടാകും. പുകയിലയുടെ ഉപയോഗം വിഷാദം, സ്​കിസോഫ്രീനിയ എന്നീ മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.

പുകവലി ഉപയോഗം തിമിരത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് റെറ്റിനയുടെ പ്രവർത്തനത്തിൽ മാറ്റംവരുത്തുകയും നേത്ര കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഇന്റർനാഷനൽ എജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്നെസ്​ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഓരോ തവണ സിഗരറ്റ് കത്തിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ചെറിയ പങ്ക് എരിഞ്ഞുതീരുകയാണ്. പുകയില വിരുദ്ധദിനം പുകവലി നിർത്താനുള്ള ദിനം കൂടിയാണ്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ അത് സാധ്യമാണ്. പുകവലി നിർത്തുമ്പോൾ ജീവിതത്തെ തിരികെപ്പിടിക്കുകയാണ്.

കാൻസർ, ഹൃദയസ്​തംഭനം, സ്​ട്രോക്ക്​ തുടങ്ങിയവ വരാനുള്ള സാധ്യത കുറക്കുന്നു. മെച്ചപ്പെട്ട രീതിയിൽ ശ്വസിക്കാൻ കഴിയുന്നു. ഭക്ഷണത്തിന് രുചികിട്ടുന്നു. ശരീര ദുർഗന്ധം മാറുന്നു. ചുരുക്കത്തിൽ പുതുജീവിതമാണ്​ ലഭിക്കുക. പുകവലി നിർത്താം, പുതിയ മനുഷ്യനാകാം.

Tags:    
News Summary - world no tobacco day- Don't smoke life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.