പുതിയ കേരളം, പുതിയ സാക്ഷരത

2015ൽ ഐക്യരാഷ്​ട്രസഭ അംഗീകരിച്ച സുസ്​ഥിര വികസനലക്ഷ്യങ്ങളിലൊന്നാണ്​ ഗുണനിലവാരമുള്ള വിദ്യാഭ്യാസം. അതി​​​െൻറ ഭാഗമാണ്​ സാക്ഷരത. അതനുസരിച്ച് 2030 എത്തുമ്പോഴേക്കും ലോകത്ത് യുവാക്കൾ പൂർണമായും മുതിർന്നവർ ഭൂരിഭാഗവും സാക്ഷരരായിരിക്കണം. ഈ ലക്ഷ്യം അസാധ്യമല്ലെങ്കിലും ശ്രമകരമാണ്. ഇതുമായി ബന്ധപ്പെട്ട സ്​ഥിതിവിവരക്കണക്കുകൾ അത്രമാത്രം ഭീതിദമാണ്. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ട പ്രായത്തിലുള്ള 57 ദശലക്ഷം കുട്ടികൾക്ക് സ്​കൂളിൽ പോകാനാവുന്നില്ല. ഇവരിൽ 50 ശതമാനവും സംഘർഷബാധിത മേഖലകളിലാണ്. 617 ദശലക്ഷം യുവാക്കൾ ഗണിതം സംബന്ധിച്ച അടിസ്​ഥാന ധാരണപോലുമില്ലാത്തവരും നിരക്ഷരരുമാണ്.

14 വയസ്സുവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്ന ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ, വിദ്യാഭ്യാസം അവകാശമാണെന്ന നിലയിൽ അനുഭവിക്കാൻ ഇന്നും നമ്മുടെ കുട്ടികൾക്ക് കഴിയുന്നില്ല. 2009ൽ വിദ്യാഭ്യാസ അവകാശ നിയമം രൂപവത്​കരിച്ചുവെങ്കിലും സാർവത്രികമായി പ്രാഥമിക വിദ്യാഭ്യാസം നടപ്പായിട്ടില്ല. 62.1 ദശലക്ഷം കുട്ടികൾ സ്​കൂളിൽ പോകുന്നില്ല. ഏഴു വയസ്സിനു മുകളിലുള്ള കുട്ടികളിൽ 27 ശതമാനം നിരക്ഷരരാണ്. 15 വയസ്സിനു മുകളിലുള്ളവർക്കിടയിൽ നിരക്ഷരത 30.7 ശതമാനമാണ്.പലതരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ വിദ്യാഭ്യാസത്തിന് തുല്യാവസരം ലഭ്യമാകുകയില്ല. ഭൂവുടമ സമ്പ്രദായം നിലനിൽക്കുന്നതും ജാതീയ ഉച്ചനീചത്വങ്ങൾ അവസാനിക്കാത്തതും ഭൂപരിഷ്കരണം നടപ്പാക്കാത്തതും മൂലധനശക്​തികളുടെ മേൽക്കൈയും ഇന്ത്യയിൽ സാർവത്രികമായ വിദ്യാഭ്യാസത്തിനും സമ്പൂർണ സാക്ഷരതക്കും തടസ്സം സൃഷ്​ടിക്കുന്ന അടിസ്​ഥാന ഘടകങ്ങളാണ്.

ഇന്ത്യൻ സംസ്​ഥാനങ്ങളിൽ വിദ്യാഭ്യാസത്തിൽ പൊതുവിലും സാക്ഷരതയിൽ വിശേഷിച്ചും സുപ്രധാന സ്​ഥാനമാണ് കേരളത്തിനുള്ളത്. രാജ്യത്ത് ആദ്യമായി സമ്പൂർണ സാക്ഷരത നേടുന്ന സംസ്​ഥാനം കേരളമാണ്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച ജനകീയ യജ്ഞമാണ് 1991ൽ കേരളത്തെ ആ നേട്ടത്തിന് അർഹമാക്കിയത്. രണ്ടര പതിറ്റാണ്ടിനുശേഷവും ആ നേട്ടം നിലനിർത്തുന്നു. 2011ലെ സെൻസസ്​ അനുസരിച്ച് 93.94 ശതമാനമാണ് കേരളത്തി​​െൻറ സാക്ഷരത.

നിരക്ഷരതയുടെ മേഖലകൾ അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാൻ സർക്കാർ വിവിധ പദ്ധതികൾ സാക്ഷരത മിഷനിലൂടെ നടപ്പാക്കിവരുന്നു. ആദിവാസി, തീരദേശം, പട്ടികജാതി എന്നീ മേഖലകൾക്ക് പ്രധാന ഉൗന്നൽ നൽകിക്കൊണ്ടുള്ള സാക്ഷരത തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കേരളത്തിൽ അതിഥിതൊഴിലാളികളെന്ന നിലയിൽ പരിഗണിക്കപ്പെടുന്ന ഇതര സംസ്​ഥാന തൊഴിലാളികൾക്കായി പ്രത്യേക സാക്ഷരത പദ്ധതിയും നിലവിലുണ്ട്. സമൂഹത്തിൽ അദൃശ്യരായി കഴിയേണ്ടിവന്നിരുന്ന ട്രാൻസ്​ജെൻഡർ വിഭാഗത്തിനായി സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികളോടൊപ്പം അവർക്കുവേണ്ടി തുടർവിദ്യാഭ്യാസ പരിപാടിയും നടപ്പാക്കുന്നുണ്ട്. എല്ലാ വിഭാഗത്തി​​​െൻറയും വിദ്യാഭ്യാസ പുരോഗതി സാമൂഹികമുന്നേറ്റത്തിന് അനിവാര്യമാണെന്നാണ്​ സർക്കാറി​​​െൻറ കാഴ്ചപ്പാട്​.

സാക്ഷരതയെന്നാൽ ഒരു നിശ്ചിത ഭാഷയിൽ എഴുതാനും വായിക്കാനും കണക്കു കൈകാര്യം ചെയ്യാനുമുള്ള ശേഷി എന്നാണ്. അത്തരമൊരു പരിമിതാർഥത്തിൽ ഒതുങ്ങുന്നതല്ല സാക്ഷരത. വ്യത്യസ്​ത സന്ദർഭങ്ങളിൽ ആശയവിനിമയം, തിരിച്ചറിവ്, മനസ്സിലാക്കൽ, വ്യാഖ്യാനിക്കൽ തുടങ്ങിയവക്കുള്ള കഴിവ് സാക്ഷരതയിലൂടെ നേടാനാവണം. ഒരു വ്യക്​തിയുടെ അറിവും ശേഷിയും വികസിപ്പിക്കാനും സമൂഹത്തി​​​െൻറ വികസനപ്രക്രിയയിൽ വ്യക്​തിയെ പൂർണമായും പങ്കാളിയാക്കാനും സാക്ഷരതയിലൂടെ കഴിയണം. ഇന്ത്യയിൽ ഒരു വ്യക്​തി സാക്ഷരനാ/യാവുന്നതിലൂടെ സാമൂഹികാവബോധവും ഭരണഘടനാപരമായ അവകാശബോധവുമുള്ള പൗരനാ/യായി മാറാൻ കഴിയണം. മാനവികത തന്നെയാവണം സാമൂഹികാവബോധത്തിന് അടിസ്​ഥാനം.

കേരളം മഹാപ്രളയത്തി​​​െൻറ ദുരന്തമുഖത്ത് നിൽക്കുമ്പോഴാണ് ഇത്തവണ ലോക സാക്ഷരത ദിനം എത്തുന്നത്. സാക്ഷരതയിലെ മികച്ച അവസ്​ഥ ഈ ദുരന്തത്തെ അതിജീവിക്കുന്നതിൽ കേരളത്തിന് സഹായകമായി. അതാവട്ടെ, കേരളത്തി​​െൻറ നവോത്ഥാന പാരമ്പര്യത്തി​​​െൻറ തുടർച്ചയാണ്. അനൗപചാരിക വിദ്യാഭ്യാസം ജനകീയ സംരംഭമായാണ് കേരളത്തിൽ ആരംഭിച്ചത്. അത് തുടങ്ങുന്നത് നവോത്ഥാനകാലത്തോടെയാണ്. നവോത്ഥാനകാലത്തെ സാമൂഹിക പരിഷ്കരണശ്രമങ്ങൾ വിപുലമായ ഒരു വിദ്യാഭ്യാസ പ്രക്രിയതന്നെയായിരുന്നു.പിന്നീട് കേരളം കണ്ട ഏറ്റവും പ്രധാനപ്പെട്ട ജനകീയ സംരംഭം സമ്പൂർണ സാക്ഷരത യജ്ഞമാണ്. ജനകീയാസൂത്രണവും കേരളത്തിൽ വിജയിച്ചത് ജനകീയ യജ്ഞമായാണ്. അതായത്, ജനകീയമായ ഇടപെടലും ഒരുമിച്ചുനിന്നുള്ള പ്രവർത്തനങ്ങളും കേരളത്തി​​​െൻറ സാമൂഹികബോധത്തിൽ അന്തർലീനമാണ്. ഈ ബോധമാണ് പ്രളയകാലത്ത് ഓരോ അവസരത്തിലും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകൾക്കനുസരിച്ച്, ഒരുമിച്ചുനിന്ന് പ്രളയത്തോട് പോരാടി അതിജീവിക്കാൻ കേരളത്തിന് സഹായകമായത്.

ദുരന്തപ്രതിരോധത്തിന് പ്രാപ്തമായൊരു സാമൂഹികബോധം അടിസ്​ഥാനപരമായി സൃഷ്​ടിക്കപ്പെടണം. അത് ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസപ്രക്രിയയിലൂടെ മാത്രമേ സാധ്യമാവൂ. നിയമങ്ങൾ നിലവിലുണ്ടെങ്കിലും പ്രയോജനപ്പെടുത്താൻ കഴിയാത്തവിധം അവയെക്കുറിച്ചുള്ള അറിവില്ലായ്മ നിലനിൽക്കുന്നതുപോലെ, ദുരന്തപ്രതിരോധമാർഗങ്ങൾ രൂപപ്പെടുത്തുകയും അവ പ്രയോജനപ്പെടുത്താൻ അറിയാത്ത അവസ്​ഥ ഉണ്ടാവുകയും ചെയ്യരുത്. അടിസ്​ഥാനപരമായി ഓരോ വ്യക്​തിയും കുടുംബവും ശ്രദ്ധിക്കേണ്ട മാലിന്യസംസ്​കരണം, ജല​േസ്രാതസ്സുകളുടെ പരിപാലനം, കാലാവസ്​ഥക്കനുസൃതമായ മുൻകരുതലുകൾ, രോഗപ്രതിരോധം സംബന്ധിച്ച അറിവുകൾ തുടങ്ങിയവ പ്രയോഗക്ഷമമായ അറിവുകളായി മാറണം. ആ നിലയിലേക്ക് സാക്ഷരതയുടെ അർഥതലം കേരളത്തി​​​െൻറ പുതിയ സാഹചര്യത്തിൽ വികസിക്കണം.

കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ഡയറക്ടറാണ് ലേഖിക

Tags:    
News Summary - world literacy day- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT