ഡോ. സി.വി. രാമൻ പരീക്ഷണശാലയിൽ

ഇ​ന്ന് ദേ​ശീ​യ ശാ​സ്ത്ര​ദി​നം ഇ​രു​ൾ നീ​ങ്ങ​ട്ടെ, പ്രകാശം പരക്കട്ടെ

1928 ഫെ​ബ്രു​വ​രി 28: കൊ​ൽ​ക്ക​ത്ത​യി​ലെ ഒ​രു കൊ​ച്ചു പ​രീ​ക്ഷ​ണ​ശാ​ല. എ​ല്ലാം കൂ​ടി ഏ​ക​ദേ​ശം 400 രൂ​പ വി​ല​വ​രു​ന്ന മെ​ർ​ക്കു​റി ആ​ർ​ക്ക് വി​ള​ക്കും ചെ​റി​യ സ്പെ​ക്ട്രോ​ഗ്രാ​ഫും ഉ​പ​യോ​ഗി​ച്ച് സി.​വി. രാ​മ​ൻ ഒ​രു ത​ക​ർ​പ്പ​ൻ ചോ​ദ്യം ചോ​ദി​ച്ചു: വെ​ളി​ച്ചം ഒ​രു വ​സ്തു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ അ​തി​ൽ എ​ന്ത് സം​ഭ​വി​ക്കു​ന്നു?

അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ചു, ക​ണ്ടെ​ത്തി. പ്ര​കാ​ശ​ത്തി​ന്റെ ത​രം​ഗ​ദൈ​ർ​ഘ്യ​ത്തി​ൽ സൂ​ക്ഷ്മ​മാ​യ മാ​റ്റം സം​ഭ​വി​ക്കു​ന്നു. ഇ​താ​ണ് ഇ​ന്ന് നാം ​വി​ളി​ക്കു​ന്ന രാ​മ​ൻ പ്ര​ഭാ​വം (Raman Effect). അ​ന്ന് അ​ത് മൗ​ലി​ക ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ലെ ഒ​രു കൗ​തു​ക​മാ​യി​രു​ന്നു. ഇ​ന്ന് അ​ത് ന​മ്മു​ടെ ജീ​വി​ത​ത്തി​ന്റെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ നി​ർ​ണ്ണാ​യ​ക​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​യി വി​ക​സി​ച്ചി​രി​ക്കു​ന്നു.

400 രൂ​പ​യു​മാ​യി ആ​രം​ഭി​ച്ച ചോ​ദ്യ​ത്തി​ന്റെ പ്ര​യോ​ഗ​വ്യാ​പ്തി ഇ​ന്ന് കോ​ടി​ക​ൾ വി​ല​വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. ശാ​സ്ത്രം ജീ​വി​ത​ത്തെ സ്പ​ർ​ശി​ക്കു​ന്ന ചി​ല പ്ര​ധാ​ന മേ​ഖ​ല​ക​ൾ-​ഇ​ന്ന് രാ​മ​ൻ സ്പെ​ക്ട്രോ​സ്കോ​പ്പി:

കോ​ഴി​മു​ട്ട ലിം​ഗ​നി​ർ​ണ​യം: കോ​ഴി​മു​ട്ട വി​രി​യു​ന്ന​തി​ന് മു​മ്പ് കു​ഞ്ഞ് പെ​ണ്ണോ ആ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ രാ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തി​ലൂ​ടെ ആ​ൺ​കു​ഞ്ഞു​ങ്ങ​ളെ വി​രി​ഞ്ഞ​ശേ​ഷം കൊ​ന്നൊ​ടു​ക്കു​ന്ന ക്രൂ​ര​ത ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ന്നു. ശാ​സ്ത്രം ഇ​വി​ടെ കാ​രു​ണ്യ​പ​ര​മാ​യ നൈ​തി​ക മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി.

ഫോ​റ​ൻ​സി​ക് ശാ​സ്ത്രം: ര​ക്ത​ക്ക​റ​ക​ൾ, മ​യ​ക്കു​മ​രു​ന്നു​ക​ൾ, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ, പ്ലാ​സ്റ്റി​ക് ക​ണ​ങ്ങ​ൾ, സൂ​ക്ഷ്മ ഫൈ​ബ​ർ തെ​ളി​വു​ക​ൾ എ​ന്നി​വ​യു​ടെ രാ​സ​ഘ​ട​ന നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. കു​റ്റാ​ന്വേ​ഷ​ണം കൂ​ടു​ത​ൽ കൃ​ത്യ​വും ശാ​സ്ത്രീ​യ​വു​മാ​യി.

അ​ർ​ബു​ദ നി​ർ​ണ​യ​വും ശ​സ്ത്ര​ക്രി​യ​യും: ട്യൂ​മ​ർ കോ​ശ​ങ്ങ​ളെ​യും ആ​രോ​ഗ്യ​കോ​ശ​ങ്ങ​ളെ​യും ത​മ്മി​ൽ വേ​ർ​തി​രി​ച്ച​റി​യാ​ൻ രാ​മ​ൻ സ്പെ​ക്ട്രോ​സ്കോ​പ്പി സ​ഹാ​യി​ക്കു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ട്യൂ​മ​റി​ന്റെ അ​തി​ർ​ത്തി കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​സ്ത്ര​ക്രി​യ​ക​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കു​ന്നു.

ഔ​ഷ​ധ വ്യ​വ​സാ​യം: മ​രു​ന്നു​ക​ളു​ടെ രാ​സ​ഘ​ട​ന കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും വ്യാ​ജ​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്താ​നും രാ​മ​ൻ സം​വി​ധാ​നം സ​ഹാ​യി​ക്കു​ന്നു. മ​രു​ന്ന് നി​ർ​മ്മാ​ണ​ത്തി​ലെ ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണം ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു.

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം: ചൊ​വ്വ​യി​ലേ​ക്കു​ള്ള റോ​വ​റു​ക​ളി​ൽ പാ​റ​ക​ളി​ലെ ജൈ​വ​ചി​ഹ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ രാ​മ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജീ​വ​ന്റെ സൂ​ച​ന​ക​ൾ തേ​ടി​യു​ള്ള മ​നു​ഷ്യ​ന്റെ യാ​ത്ര​യി​ൽ രാ​മ​ൻ പ്ര​ഭാ​വം ഒ​രു പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ്.

പ​രി​സ്ഥി​തി നി​രീ​ക്ഷ​ണം: ജ​ല​മ​ലി​നീ​ക​ര​ണം, മൈ​ക്രോ​പ്ലാ​സ്റ്റി​ക് ക​ണ​ങ്ങ​ൾ, വ്യാ​വ​സാ​യി​ക മാ​ലി​ന്യ​ങ്ങ​ളു​ടെ രാ​സ​ഘ​ട​ന എ​ന്നി​വ വേ​ഗ​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യാ​ൻ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു.

ഒ​രു അ​ടി​സ്ഥാ​ന ഭൗ​തി​ക​ശാ​സ്ത്ര ക​ണ്ടെ​ത്ത​ൽ ഇ​ന്ന് ജീ​വ​ൻ, നീ​തി, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, ബ​ഹി​രാ​കാ​ശം, പ​രി​സ്ഥി​തി തു​ട​ങ്ങി സ​ക​ല മേ​ഖ​ല​ക​ളെ​യും സ്പ​ർ​ശി​ക്കു​ന്നു.

1930-ൽ ​രാ​മ​ന് നോ​ബ​ൽ സ​മ്മാ​നം ല​ഭി​ച്ചു. അ​തി​നു​ശേ​ഷം ഏ​ക​ദേ​ശം നൂ​റ് വ​ർ​ഷ​മാ​യി ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ലോ ര​സ​ത​ന്ത്ര​ത്തി​ലോ ഇ​ന്ത്യ​യി​ൽ നി​ന്ന് മ​റ്റൊ​രു നോ​ബ​ൽ സ​മ്മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ന​മ്മു​ടെ രാ​ജ്യ​ത്ത് പ്ര​തി​ഭ​ക​ളി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല ഇ​ത്. വി​ക​സി​ത രാ​ഷ്ട്ര​ങ്ങ​ൾ അ​വ​രു​ടെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പ്പാ​ദ​ന​ത്തി​ന്റെ (GDP) 2-4 ശ​ത​മാ​നം ഗ​വേ​ഷ​ണ​ത്തി​നാ​യി നി​ക്ഷേ​പി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ അ​ത് ഏ​ക​ദേ​ശം 0.7 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

ഈ ​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ​യും ശാ​സ്ത്ര​ത്തെ​യും സ്നേ​ഹി​ക്കു​ന്ന ഓ​രോ​രു​ത്ത​രും ചോ​ദി​ക്കേ​ണ്ട​തു​ണ്ട്: ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് ന​മു​ക്ക് മ​തി​യാ​യ നി​ക്ഷേ​പ​മു​ണ്ടോ? ന​മ്മു​ടെ ഗ​വേ​ഷ​ണ സ്വാ​ത​ന്ത്ര്യം പ​ര്യാ​പ്ത​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടോ? പ​രാ​ജ​യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്ന ഒ​രു സ്ഥാ​പ​ന​സം​സ്കാ​രം ന​മു​ക്കു​ണ്ടോ? ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള ഗ​വേ​ഷ​ണ ശൃം​ഖ​ല​ക​ൾ വി​ക​സി​ച്ചി​ട്ടു​ണ്ടോ?

“ശാ​സ്ത്ര​ത്തി​ൽ സ്ത്രീ​ക​ൾ: വി​ക​സി​ത ഭാ​ര​ത​ത്തി​ന് പ്ര​ചോ​ദ​നം” എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ശാ​സ്ത്ര​ദി​ന പ്ര​മേ​യം. സി.​വി. രാ​മ​ന്റെ കാ​ല​ത്ത് സ്ത്രീ​ക​ളു​ടെ ശാ​സ്ത്ര​പ​ങ്കാ​ളി​ത്തം പ​രി​മി​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന്, വി​ക​സി​ത ഭാ​ര​തം സൃ​ഷ്ടി​ക്കാ​ൻ ന​മ്മു​ടെ പ​കു​തി​യോ​ളം വ​രു​ന്ന ബൗ​ദ്ധി​ക​ശേ​ഷി​യെ മാ​റ്റി​നി​ർ​ത്താ​നാ​വി​ല്ല. സ്ത്രീ​ക​ളു​ടെ പൂ​ർ​ണ്ണ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര മൂ​ല​ധ​നം അ​പൂ​ർ​ണ്ണ​മാ​യി​രി​ക്കും.

രാ​മ​ൻ പ്ര​കാ​ശ​ത്തി​ന്റെ ഭൗ​തി​ക സ്വ​ഭാ​വം പ​ഠി​ച്ചു. പ​ക്ഷേ, ശാ​സ്ത്ര​ത്തി​ന്റെ ദൗ​ത്യം കേ​വ​ലം പ്ര​കാ​ശ​ത്തെ അ​ള​ക്ക​ൽ മാ​ത്ര​മ​ല്ല, അ​ന്ധ​കാ​രം നീ​ക്കു​ക കൂ​ടി​യാ​ണ്. അ​ജ്ഞാ​നം അ​ന്ധ​കാ​ര​മാ​ണ്, അ​സ​മ​ത്വം അ​ന്ധ​കാ​ര​മാ​ണ്, അ​ല്പ​നി​ക്ഷേ​പം അ​ന്ധ​കാ​ര​മാ​ണ്. സ​ങ്കു​ചി​ത ചി​ന്ത​ക​ൾ കൊ​ടി​യ അ​ന്ധ​കാ​ര​മാ​ണ്.

അ​തി​നെ നീ​ക്കം ചെ​യ്യാ​ൻ ശാ​സ്ത്രം വെ​ളി​ച്ച​മാ​ക​ണം; എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ചി​ന്ത​ക​ൾ വെ​ളി​ച്ച​മാ​ക​ണം; ദീ​ർ​ഘ​കാ​ല നി​ക്ഷേ​പ​ങ്ങ​ളും ധീ​ര​മാ​യ ചോ​ദ്യ​ങ്ങ​ളും വെ​ളി​ച്ച​മാ​ക​ണം.

“ത​മ​സോ മാ ​ജ്യോ​തി​ർ​ഗ​മ​യ” - ഇ​ത് വെ​റു​മൊ​രു മ​ന്ത്ര​മ​ല്ല, ന​മു​ക്ക് മു​ന്നോ​ട്ട് നീ​ങ്ങാ​നു​ള്ള ഉ​റ​ച്ച പ്ര​തി​ജ്ഞ​യാ​ണ്.

(ആ​ണ​വ ശാ​സ്ത്ര​ജ്ഞ​നാ​യ ലേ​ഖ​ക​ൻ ഭാഭാ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്റ​റി​ലെ മാ​ധ്യ​മ വി​ഭാ​ഗം മു​ൻ മേ​ധാ​വി​യാ​ണ്) 

Tags:    
News Summary - Today is National Science Day. May the darkness disappear and the light spread.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.