പ്രഫ. ടി.കെ ഉമ്മൻ ജസ്റ്റിസ് രജീന്ദർ സച്ചാറിനൊപ്പം
അരനൂറ്റാണ്ടിലേറെ നീണ്ട അക്കാദമിക-ഗവേഷണ ജീവിതത്തിലൂടെ സമൂഹത്തെ വ്യാഖ്യാനിക്കുകയും അതിന്റെ സത്യങ്ങളെയും അസമത്വങ്ങളെയും സാധ്യതകളെയും ഊന്നിപ്പറയാൻ (Accentuate) ശ്രമിക്കുകയും ചെയ്ത രാജ്യത്തെ പ്രമുഖ സമൂഹശാസ്ത്രജ്ഞനും ചിന്തകനുമായ പ്രഫ. ടി.കെ. ഉമ്മൻ വിടപറഞ്ഞിരിക്കുന്നു. Accentuate എന്ന വാക്ക് ഇവിടെ ബോധപൂർവം എടുത്തെഴുതിയതാണ്, പ്രഫ. ഉമ്മന്റെ ഏറ്റവും പ്രിയപ്പെട്ട വാക്കായിരുന്നു അത്. അദ്ദേഹം ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അധ്യാപകനായിരിക്കെ ഒരു വിദ്യാർഥി പ്രഫസറുടെ പ്രിയപ്പെട്ട വാക്ക് ഉത്തരക്കടലാസിൽ പലയിടങ്ങളിൽ പ്രയോഗിച്ചു.
അധ്യാപകൻ തന്നിൽ സംപ്രീതനാകുമെന്നും ഉയർന്ന ഗ്രേഡ് ലഭിക്കുമെന്നും പ്രതീക്ഷിച്ച ശിഷ്യന് ലഭിച്ചത് ബി പ്ലസ് മാത്രം. ആവലാതി പറയാൻ വന്ന വിദ്യാർഥിയോട് പ്രഫസർ ശാന്തനായി ചോദിച്ചു: ‘‘ഈ വാക്ക് തലങ്ങും വിലങ്ങും ഉപയോഗിച്ചതുകൊണ്ട് ഉയർന്ന മാർക്ക് കിട്ടുമെന്ന് നീ കരുതിയോ?’’ അദ്ദേഹം ആ വിദ്യാർഥിയെ അവഗണിച്ചുവിട്ടില്ല; മറിച്ച് ആത്മാർഥമായ അധ്വാനമാണ് തന്ത്രങ്ങളേക്കാൾ വലുതെന്ന് പറഞ്ഞു ബോധ്യപ്പെടുത്തി. അന്നത്തെ വിദ്യാർഥി ഇന്നൊരു പ്രഫസറാണ്.
മറ്റുള്ളവർ അവ്യക്തമാക്കാൻ ആഗ്രഹിച്ച യാഥാർഥ്യങ്ങളെ ലോകത്തിന് മുന്നിൽ വ്യക്തമാക്കുക എന്നതായിരുന്നു പ്രഫസർ ഉമ്മന്റെ ബൗദ്ധിക ദൗത്യം. ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ പഠിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നിയോഗിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായ കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു പ്രഫ. ഉമ്മൻ. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളുടെ അവസ്ഥ ദലിതരെപ്പോലെ പതിതമാണെന്ന വസ്തുത ഈ റിപ്പോർട്ടിലൂടെയാണ് ആധികാരികമായി പുറത്തുവന്നത്.
റിപ്പോർട്ടിലെ തെളിവുകൾ രാഷ്ട്രീയ ചർച്ചകളുടെ ദിശ മാറ്റി. മുസ്ലിംകൾ അനർഹമായ വിഹിതം കൈപ്പറ്റുന്നു എന്ന ആഖ്യാനങ്ങൾ തെറ്റാണെന്ന് ഡാറ്റകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടു. ചില നിരീക്ഷകർ ഈ റിപ്പോർട്ടിനെ ‘ഇന്ത്യൻ മുസ് ലിംകളുടെ മാഗ്നാകാർട്ട' എന്നാണ് വിശേഷിപ്പിച്ചത്. റിപ്പോർട്ടിന്റെ കരട് തയ്യാറാക്കുന്നതിൽ പ്രഫ. ഉമ്മൻ വഹിച്ച പങ്ക് നിർണായകമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവന പരിഗണിച്ച് രാജ്യം2008ൽ പത്മഭൂഷൺ നൽകി ആദരിച്ചു.
സെറാംപൂർ യൂനിവേഴ്സിറ്റി ഇന്ത്യയിലെ തിയോളജിക്കൽ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചത് പ്രഫ. ഉമ്മനെയും പ്രഫ. ഹണ്ടർ പി. മാബ്രിയെയുമാണ്. അദ്ദേഹം തയ്യാറാക്കിയ ചോദ്യാവലിക്ക് 42,000 പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ഡാറ്റ ഉപയോഗിച്ച് രണ്ടു വാല്യങ്ങളായി അദ്ദേഹം രൂപപ്പെടുത്തിയ റിപ്പോർട്ട്-The Christian Clergy in India: Social Structure and Social Roles ഇന്നും ഈ മേഖലയിലെ പ്രധാന റഫറൻസാണ്.
‘ടൈംസ് ഓഫ് ഇന്ത്യ’യുടെ എഡിറ്റോറിയൽ പേജുകളിൽ ഉമ്മൻ സർ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. മതേതരത്വം നേരിടുന്ന ഭീഷണികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഒരേ സമയം അക്കാദമിക് ഗൗരവമുള്ളതും എന്നാൽ സാധാരണക്കാർക്ക് മനസ്സിലാകുന്നതുമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തെ ‘ഇന്ത്യൻ എക്സ്പ്രസി'ൽ എഴുതാൻ ക്ഷണിച്ചപ്പോൾ, ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ദീർഘകാല ബന്ധത്തിന് അത് കോട്ടം തട്ടിക്കുമെന്ന ആശങ്കയാൽ അത് സ്നേഹപൂർവ്വം നിരസിച്ചു.
മികച്ചൊരു പ്രസംഗകൻ കൂടിയായിരുന്ന പ്രഫ. ഉമ്മൻ ഒരിക്കൽ ദ്വാരകയിലെ മാർത്തോമ്മാ ചർച്ച് സർവീസിൽ വിദ്യാർഥികളോട് സംസാരിക്കവെ പറഞ്ഞു: ‘‘നിങ്ങൾ നായ്ക്കളെപ്പോലെ ആകണം’’. കേട്ടുനിന്നവർ ഒന്ന് ഞെട്ടിയെങ്കിലും അദ്ദേഹം അത് വിശദീകരിച്ചു: നായകൾ അമിതമായി ഉറങ്ങില്ല; ഉറക്കത്തിലും അവ ജാഗ്രതയുള്ളവരായിരിക്കും. വിദ്യാർഥികളും അത്തരത്തിൽ ജാഗ്രതയുള്ളവരായിരിക്കണം, വിശ്രമിക്കാമെങ്കിലും ഒരിക്കലും അലസരാകരുത്.
മതപരമായ സ്വത്വത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനെയാണ് അദ്ദേഹം വർഗീയത (Communalism) എന്ന് നിർവ്വചിച്ചത്. വർഗീയതയുടെ ആറ് തലങ്ങളെക്കുറിച്ച് (Assimilationist, Welfarist, Retreatist, Retaliatory, Separatist, Secessionist) അദ്ദേഹം നൽകിയ വിശദീകരണം ഇന്നും പ്രസക്തമാണ്. അദ്ദേഹത്തിന്റെ ആദ്യ പിഎച്ച്ഡി വിദ്യാർഥിയും പിൽകാലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് സ്ഥാപകനുമായ ഡോ. ജോർജ് മാത്യുവിന്റെ ഗവേഷണ വിഷയം തന്നെ ‘കേരളത്തിലെ മതേതരത്വവും വർഗീയതയും’ എന്നതായിരുന്നു.
ഈ മാസമാദ്യം മറ്റൊരു പ്രമുഖ സോഷ്യോളജിസ്റ്റ് ആന്ദ്രേ ബെറ്റെല്ലെ വിടപറഞ്ഞിരുന്നു. പ്രഫ. ഉമ്മന്റെ വിയോഗത്തോടെ ഇന്ത്യക്ക് മറ്റൊരു ബൗദ്ധിക കരുത്ത് കൂടി നഷ്ടമായിരിക്കുന്നു.ബൗദ്ധിക മികവിനൊപ്പം ധാർമികമായ ആർജ്ജവവും കാത്തുസൂക്ഷിച്ച ഒരു വലിയ പ്രതിഭയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
അസമത്വം, മതേതരത്വം, സ്വത്വം, പൗരത്വം എന്നിവയെക്കുറിച്ചുള്ള സത്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് (Accentuating) ഇന്ത്യയെ സ്വയം തിരിച്ചറിയാൻ അദ്ദേഹം സഹായിച്ചു. ബൈബിൾ വചനം ഓർമ്മിപ്പിക്കുന്നത് പോലെ: ‘‘നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.’’ (സങ്കീർത്തനം 112:6)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.