വാളയാറിൽ തിരുത്തണമെങ്കിൽ...

വാളയാറിലെ ദലിത് സഹോദരികളായ രണ്ടു പെൺകുട്ടികളുടെ കൊലപാതകകേസുകളിൽ സർക്കാർ തിരുത്തുമെന്നു പറയുമ്പോൾ മൂടിപ്പുതപ്പിക്കുന്നത് അധികാരത്തി​​​െൻറ പിൻബലത്തിൽ നടന്ന കേസി​​​െൻറ ആസൂത്രിത അട്ടിമറിയാണ്. നീതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് ജനം ഇനി വിശ്വസിക്കണമെങ്കിൽ രണ്ടു നടപടികൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണം. ത​​​െൻറ സർക്കാറി​​​െൻറ കീഴിൽ 33 മാസത്തിലേറെ നടന്ന കേസന്വേഷണവും തെളിവെടുപ്പും അട്ടിമറിക്കപ്പെട്ടതിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം, കേസി​​​െൻറ പുനരന്വേഷണം ഒട്ടും വൈകാതെ സി.ബി.ഐയെ ഏൽപിക്കണം. പൊലീസും േപ്രാസിക്യൂഷനും കുട്ടികളുടെ അമ്മ ആവർത്തിക്കുംപോലെ ‘അരിവാൾ പാർട്ടിക്കാ’രും ചേർന്ന് അട്ടിമറിച്ച ഈ കേസിൽ സർക്കാറിന് ഇതല്ലാതെ മറ്റൊരു മാർഗമില്ല.

നിയമം നിയമത്തി​​​െൻറ വഴിക്കുപോകുമെന്ന ഈ സർക്കാറി​​​െൻറ നയപ്രഖ്യാപനം വഴിനീളെ തടഞ്ഞ് കേസ്​ അട്ടിമറിച്ചതാണെന്ന് കോടതിവിധിയും മാധ്യമവാർത്തകളും അക്കമിട്ട് നിരത്തിക്കഴിഞ്ഞു. ആധികാരികമായ ആ വസ്​തുതയുടെ ഒരു നഖചിത്രം നോക്കുക: 2017 ജനുവരി 13ന് വൈകീട്ട്​ 6.30ന് 11 വയസ്സുള്ള മൂത്ത പെൺകുട്ടി ഒറ്റമുറി വീടി​​​െൻറ ​ൈകയെത്താ ഉയരത്തിലുള്ള കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ നഖക്ഷതവും പരിക്കുമേറ്റ് കാണപ്പെടുന്നു. മുറിയിൽനിന്ന് മുഖംമൂടി ധരിച്ച രണ്ടുപേർ പുറത്തുകടന്നുപോയത് കണ്ടത് പേടിച്ചരണ്ട് ഒളിച്ചുനിന്ന ഒമ്പതു വയസ്സുകാരി അനുജത്തി അമ്മയോടും പൊലീസിനോടും പറയുന്നു. കേസിലെ ഏക ദൃക്സാക്ഷിയായ ഒമ്പതു വയസ്സുകാരിയുടേയോ അമ്മയുടേയോ മൊഴികൾ രേഖപ്പെടുത്തിയില്ല.

പോസ്​റ്റ്​മോർട്ടം നടത്തിയ പൊലീസ്​ സർജൻ മൂത്ത പെൺകുട്ടി പീഡനത്തിന്​ഇരയായിരുന്നെന്ന്​ രേഖപ്പെടുത്തിയിട്ടും പൊലീസ്​ ആവഴി പോയില്ല. പോസ്​റ്റ്​മോർട്ടത്തിലെ വെളിപ്പെടുത്തൽ പെൺകുട്ടിയുടെ കുടുംബത്തിൽനിന്ന്​ മറച്ചു. ദൃക്സാക്ഷിയായ അനുജത്തിയെ 52ാം ദിവസം പ്രതികൾ പീഡിപ്പിച്ച് വീട്ടിനകത്ത് കെട്ടിത്തൂക്കി. മൂത്തകുട്ടിയെ ഒരാൾ പീഡിപ്പിക്കുന്നത്​ കണ്ടെന്ന അമ്മയുടെ ആവർത്തിച്ച പരാതിയെ തുടർന്ന് പ്രതിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തെങ്കിലും അരിവാൾ പാർട്ടിക്കുവേണ്ടി രാത്രിതന്നെ വിട്ടയച്ചു. പാർട്ടി പ്രവർത്തകർ പ്രതികളായ കേസുകളിലെല്ലാം പാലക്കാട് ജില്ല കോടതിയിൽ ഹാജരാകുന്ന അഭിഭാഷകനാണ് വാളയാർ കേസിലെ പ്രതികളെ രക്ഷിക്കാൻ കോടതിയിലെത്തിയത്. ഇദ്ദേഹത്തെ പാലക്കാട് ജില്ല ശിശുക്ഷേമ സമിതി അധ്യക്ഷനാക്കി സർക്കാർ പിന്നീട് ആദരിച്ചു! കേസ്​ വിധി വന്നതിനെതുടർന്ന് നിയമനം വിവാദമായപ്പോൾ ആദ്യം ന്യായീകരിച്ച സാമൂഹികക്ഷേമ മന്ത്രി അടുത്തദിവസം അഭിഭാഷകനെ നീക്കി.

‘മൺകിടക്കയിൽ ആരുംകാണാതെ
പുതപ്പിച്ചു പോരുമ്പോൾ, പിടഞ്ഞവൾ
വരുമോ ആരെങ്കിലും കുഴിമാന്താനിങ്ങും’
-റഫീഖ് അഹമ്മദ് കണ്ണീരും നിരാശയും ചാലിച്ചെഴുതിയ അതേ അവസ്ഥയിൽതന്നെയാണ് കേരളം എൽ.ഡി.എഫ് ഭരണത്തിലും തുടരുന്നതെന്ന്​ വാളയാർ വെളിപ്പെടുത്തുന്നു. ഇപ്പോൾ കേരളത്തിൽ ജനാധിപത്യ ഭരണക്രമം മരിച്ചുമരവിച്ച് മണ്ണുപുതച്ച് കിടക്കുകയാണെന്ന് ഇൗ വിധിയോടെ രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു.

പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരങ്ങളെ അധികാരത്തി​​​െൻറ പിൻബലവും കൈക്കരുത്തുമുള്ളവർ പീഡിപ്പിച്ചു കൊന്നുതള്ളിയിട്ട് ഈ ‘പോക്സോ കേസി’ൽ തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ പരമ്പരാഗത ബലാത്സംഗ കേസുകളിലെന്നപോലെ വിട്ടയച്ചു. വാളയാർ സംഭവം ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തു നിലനിൽക്കുന്ന ഭയാനക അവസ്ഥയുടെ തുടക്കവും തുടർച്ചയുമാണ്.
സർക്കാർ പ്രത്യേകം സംരക്ഷിക്കേണ്ട പട്ടികവിഭാഗത്തിൽപെട്ട ഒരമ്മയുടെയും പിഞ്ചുബാലികമാരുടെയും ഈ ദുരന്തം ഇപ്പോൾ രാജ്യത്തി​​​െൻറയാകെ തേങ്ങലും കണ്ണീരുമാണ്. സമൂഹത്തിൽ അതി​​​െൻറ പ്രതികരണവും പ്രത്യാഘാതവും എന്തെന്ന് മനസ്സിലാക്കണമെങ്കിൽ ഡോ. മായ എസ്​ ഇതേക്കുറിച്ചെഴുതിയ ലേഖനത്തി​​​െൻറ അവസാന വാചകമെങ്കിലും വായിക്കണം: ‘പെൺകുട്ടികളെ പ്രസവിക്കേണ്ട എന്ന് കേരളത്തിലെ സ്​ത്രീകൾ തീരുമാനിക്കേണ്ടിവരും’ എന്ന പ്രഖ്യാപനം.

രണ്ടു മരണങ്ങളും കേസി​​​െൻറ അട്ടിമറിയും നടന്നത് പട്ടികജാതി/വർഗ-നിയമ മന്ത്രിയുടെ നാട്ടിലാണ്. നിയമമന്ത്രിയുടെ േപ്രാസിക്യൂട്ടറാണ് ഇരകൾക്കുവേണ്ടി കോടതിയിൽ ഹാജരായി പ്രതികൾക്കെതിരെ തെളിവില്ലെന്നു വിധിയെഴുതാൻ കോടതിയെ സഹായിച്ചത്. കിളിക്കൂടു തകർക്കുംപോലെ കേസ്​ തകർത്ത ശേഷം ഇരകൾക്ക്​ നീതി നടപ്പാക്കാനുള്ള നടപടികൾ മുഖ്യമന്ത്രിയും സർക്കാറും സ്വീകരിക്കുമെന്ന് ന്യായീകരിക്കാൻ ശ്രമിക്കുന്നവരോട് ചോദിക്കേണ്ടിവരുന്നു: നടക്കാൻ പാടില്ലാത്ത, അവിശ്വസനീയമായ ഒരു അട്ടിമറിയിലൂടെ നീതി തടഞ്ഞതി​​​െൻറ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിയും വകുപ്പു മന്ത്രിമാരും ഏറ്റെടുക്കേണ്ടേ? സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് നീതി അട്ടിമറിച്ചത്. സർക്കാറാണോ പാർട്ടിയാണോ വീഴ്ച വരുത്തിയതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് പാലക്കാട് സി.പി.എം ജില്ല കമ്മിറ്റിയാണ്. 52 ദിവസങ്ങളുടെ ഇടവേളയിൽ നടന്ന രണ്ട് കൊലപാതകങ്ങളും അട്ടിമറിക്കപ്പെട്ടത് സർക്കാറി​​​െൻറ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ അറിയിച്ചില്ലെന്നാണോ? പൊലീസിനെക്കാളും വിപുലമായ സംഘടന ശൃംഖലകളുള്ള സി.പി.എമ്മി​​​െൻറ സംവിധാനത്തിൽനിന്ന് പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ഈ ദീർഘകാല അട്ടിമറിയുടെ ഒരു വിവരവും ലഭിച്ചില്ലെന്നോ? ലഭിച്ചാലും ഇല്ലെങ്കിലും അതി​​​െൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കുട്ടികളുടെ കുടുംബത്തോടും ജനങ്ങളോടും അവർ മാപ്പുപറയണം. എങ്കിലേ അവരുടെ സത്യസന്ധതയിലും ആത്മാർഥതയിലും ഇനി ജനങ്ങൾക്ക് വിശ്വാസമുണ്ടാകൂ.

പുനരന്വേഷണമോ സി.ബി.ഐ അന്വേഷണമോ ഏതു വേണമെങ്കിലും ആകാമെന്ന്​ മുഖ്യമന്ത്രി പറയുന്നത് നിയമസഭ സമ്മേളനത്തിനു​ മുന്നിലായതുകൊണ്ട്​ മാത്രമാണ്. നിയമസഭ ചേരുമ്പോഴും തെരഞ്ഞെടുപ്പുകൾക്കു മുന്നിലെത്തുമ്പോഴും മാത്രം നീതി ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുന്ന ഈ ശൈലി ജോർജ് ഓർവലി​​​െൻറ ‘1984’ എന്ന വിഖ്യാത പുസ്​തകത്തിലെ ‘സത്യത്തി​​​െൻറ മന്ത്രാലയ’ത്തെയും ‘വല്യേട്ടൻ നിങ്ങളെ ശ്രദ്ധിക്കുന്നു’ എന്ന മുന്നറിയിപ്പിനെയും ഓർമിപ്പിക്കുന്നു. 1949ൽ ഓർവൽ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച അത്തരമൊരു അപകട രാഷ്​ട്രീയ-ഭരണാവസ്ഥയിലാണോ കേരളജനത ഇന്ന് ജീവിക്കുന്നതെന്ന് ഉത്​കണ്ഠപ്പെടേണ്ടി വരുന്നു. കാരണം, സർക്കാർ ഇവിടെ നിങ്ങൾക്കൊപ്പമാണെന്ന് പരസ്യം ചെയ്യുകയും അരിവാൾ പാർട്ടിക്കാരായ കൊലയാളികൾക്കും പ്രതികൾക്കും ഒപ്പമാണെന്ന് ഓരോ ദിവസവും തെളിയിക്കുകയും ചെയ്യുന്നു! അങ്ങനെയല്ലെന്ന് മറിച്ചു തെളിയിക്കാൻ അവസാന അവസരമാണ് ഭരണത്തി​​​െൻറ നാലാം വർഷത്തിലൂടെ കടന്നുപോകുന്ന പിണറായി സർക്കാറിന് വാളയാർ കേസ്​ നൽകുന്നത്.

Tags:    
News Summary - walayar article appukkuttan vallikkunnu -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.