അസദുദ്ദീൻ ഉവൈസിയും ഇംതിയാസ്​ ജലീലും

ശാഹീൻബാഗി​െൻറ സീമാഞ്ചൽ വിജയം

എൻ.ഡി.ടി.വി റിപ്പോർട്ടറായിരുന്ന സയ്യിദ് ഇംതിയാസ് ജലീലിനെ മഹാരാഷ്​ട്രയിലെ ഔറംഗാബാദിൽനിന്ന് ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമി​െൻറ എം.പിയാക്കി ലോക്സഭയിലേക്ക് ആദ്യ സമ്മേളനത്തനെത്തുകയാണ്​. കൂട്ടിക്കൊണ്ടുവരുന്ന പാർട്ടി നേതാവ്​ അസദുദ്ദീൻ ഉവൈസിയെ പാർലമെൻറ് മന്ദിരത്തിനുമുന്നിൽ വളഞ്ഞ മാധ്യമപ്രവർത്തകരോട് ഇനിയും ലക്ഷ്യംവെക്കുന്ന വ്യാപനത്തെക്കുറിച്ചാണ്​ അദ്ദേഹം സംസാരിച്ചത്. ബിഹാറിലും ബംഗാളിലും യു.പിയിലുമെല്ലാം പ്രവർത്തനം വ്യാപിപ്പിക്കുമെന്നു പറഞ്ഞ ഉവൈസി കേരളത്തിലേക്കും അസമിലേക്കും വരില്ലെന്നു കൂടി പറഞ്ഞു. മുസ്​ലിംകളെ രാഷ്​ട്രീയമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്നും കേരളത്തിൽ മുസ്​ലിംലീഗും അസമിൽ ആൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടും രാഷ്​ട്രീയമായി മുസ്​ലിംകളെ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ അവിടെ പോകേണ്ട കാര്യമില്ലെന്നും ഉവൈസി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്​ അസമിലും ബംഗാളിലും പോയിരുന്നതിനാൽ അപ്പറഞ്ഞതിൽ അവിശ്വസിക്കാനൊന്നുമില്ലായിരുന്നു. 2020ൽ ബിഹാറിലെയും 2021ൽ പശ്ചിമബംഗാളിലെയും നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ്​ പ്രയോജനപ്പെടുത്തിയ ഉ​ൈവസി അസമിലേക്ക്​ എത്തിനോക്കിയതേയില്ല. മുസ്​ലിംകളുടെ രാഷ്​ട്രീയസംഘാടനത്തെയും സ്വന്തം പാർട്ടിയുടെ ദേശീയ വ്യാപനത്തെയും സംബന്ധിച്ച്​ ഡൽഹിയിൽ സമാനമാെയാരു സംസാരം കേട്ടത് മുസ്​ലിംലീഗ് നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയിൽ നിന്നായിരുന്നു. കേരളരാഷ്​ട്രീയത്തിലൊതുങ്ങിയിരുന്ന കുഞ്ഞാലിക്കുട്ടി ഇ. അഹമ്മദിെൻറ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മലപ്പുറത്തുനിന്ന് ജയിച്ചുവന്ന സമയം. ലീഗി​െൻറ ദേശീയനേതാക്കളുടെ നേതൃയോഗം ഡൽഹിയിലെ കോൺസ്​റ്റിറ്റ്യൂഷൻ ക്ലബിൽ ചേർന്ന ശേഷം മുസ്​ലിംലീഗിനുള്ള വമ്പിച്ച സാധ്യതകളെ കുറിച്ച് പറഞ്ഞ അദ്ദേഹം പ്രവർത്തനം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചെന്നും ഇതിനായി വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുമെന്നും പ്രഖ്യാപിച്ചു.

ഗോവയിലെ ദേശീയ നേതൃയോഗത്തിൽ അതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നും ബാക്കി വിശദാംശം അപ്പോഴാകാമെന്നും അദ്ദേഹം നേരിട്ടും പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ വരുന്നതിനും മുമ്പ് ഉത്തരേന്ത്യയുടെ വിവിധ പിന്നാക്ക മുസ്​ലിം പ്രദേശങ്ങളിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ മുസ്​ലിംലീഗ് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടായിരുന്നു. മുസ്​ലിം ലീഗി​െൻറ വ്യാപനംകൂടി ലക്ഷ്യമിട്ടുള്ള അത്തരം പ്രവർത്തനങ്ങൾക്ക് അവിടങ്ങളിൽ ലഭിച്ച സ്വീകാര്യത, ആ പ്രദേശങ്ങൾ അനുഭവിക്കുന്ന ഒരു മുസ്​ലിം രാഷ്​ട്രീയനേതൃത്വത്തിെൻറ ശൂന്യത പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഒരേ തട്ടകത്തിലിറങ്ങിയ മുസ്​ലിംലീഗും മജ്​ലിസും വ്യാപനത്തിനായി ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ തുടങ്ങിയ സംസ്ഥാനങ്ങളിൽപ്പെട്ടതായിരുന്നു ഝാർഖണ്ഡും ബിഹാറും ബംഗാളുമൊക്കെ.

മുസ്​ലിംലീഗിെൻറ പാത്തും പതുങ്ങിയുമുള്ള രാഷ്​ട്രീയ പ്രവർത്തനത്തിനിടയിലാണ് ഉവൈസി ചടുലമായ നീക്കംകൊണ്ട് സീമാഞ്ചൽ പിടിച്ചത്. മജ്​ലിസിനും ബിഹാറിൽ അരങ്ങേറ്റം അത്ര അനായാസമായിരുന്നില്ല. ആദ്യ തെരഞ്ഞെടുപ്പിൽ കാര്യമായൊന്നും ചെയ്യാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഈ തെരഞ്ഞെടുപ്പോടെ കഥ മാറി. ഇന്നിപ്പോൾ ബിഹാറിലെ മുസ്​ലിംസ്ഥാനാർഥികൾക്ക് ജയിക്കാൻ കഴിയുന്ന പാർട്ടി മേൽവിലാസമാക്കി മജ്​ലിസിനെ മാറ്റിയതുതന്നെയാണ് ഉവൈസിയുെട രാഷ്​​ട്രീയവിജയം. ഒരു ടിക്കറ്റിനായി കോടികളുമായി കോൺഗ്രസിനും ആർ.ജെ.ഡിക്കും ജെ.ഡി.യുവിനും പിറകെ നടന്നിരുന്നവർക്ക് ഇന്ന് അതുപോലൊരു മുഖ്യധാരാ പാർട്ടിയായി മജ്​ലിസ് മാറി.

അവസരമറിഞ്ഞു രാഷ്​ട്രീയം കളിക്കുന്നതിൽ അസദുദ്ദീൻ ഉവൈസിക്കുള്ള കഴിവ് തെലങ്കാന സമരകാലത്ത് കണ്ടതാണ്. പാർലമെൻറിനകത്ത് ഒരേ പാർട്ടിക്കാർ ചേരിതിരിഞ്ഞടിച്ച് സഭക്കുള്ളിൽ നടക്കാൻ പാടില്ലാത്തതുപോലും നടന്നിട്ടും ഹൈദരാബാദുകാരനായ ഉവൈസി രണ്ടു പക്ഷത്തും നിന്നില്ല. തെലങ്കാന യാഥാർഥ്യമായതോടെ ചന്ദ്രശേഖർ റാവുവിനൊപ്പം മുന്നണിയായി മത്സരിക്കുകയും ചെയ്തു. ത​െൻറ പാർട്ടി ഒരു എൻ.ജി.ഒ അല്ലെന്നും തെരഞ്ഞെടുപ്പ് രാഷ്​ട്രീയരംഗത്താണ്​ തങ്ങളുടെ സ്​ഥാനമെന്നുമുള്ള ലളിതസത്യമാണ് ഉവൈസി പ്രകടിപ്പിക്കുന്ന പ്രായോഗികരാഷ​​്ട്രീയം. മുസ്​ലിം സമുദായത്തിനകത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ആയിരക്കണക്കിന് എൻ.ജി.ഒകളുണ്ട്. അതേസമയം, അവർക്ക് രാഷ്​ട്രീയ ശാക്തീകരണത്തിെൻറ കാര്യത്തിലാണ് നാഥനില്ലാത്തത്. ആ ശൂന്യതയിലാണ്​ ഹിന്ദുത്വരാഷ്​ട്രീയത്തി​െൻറ തിരതള്ളലിനെതിരെ ചിറകെട്ടാനുള്ള ഉവൈസിയുടെ ശ്രമം.

ബി.ജെ.പി ആധിപത്യമുള്ളിടത്ത് മുസ്​ലിംകൾ നിവൃത്തികേടുകൊണ്ടുകൂടിയാണ്​ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് വോട്ടു ചെയ്തുവരുന്നത്. എന്നാൽ, തങ്ങൾക്ക്​ വോട്ടു കുത്തുകയല്ലാതെ മുസ്​ലിംകൾക്ക് മറ്റൊരു നിവൃത്തിയുമില്ലെന്ന ധൈര്യമാണ്​ മറുഭാഗത്ത്. എന്നിട്ട്, തങ്ങളെ ദേശവിരുദ്ധരെന്ന് ബി.ജെ.പി വിളിക്കുമെന്ന് ഭയന്ന് അവരെല്ലാം കൂടുതൽ വലതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുകയും മുസ്​ലിം പ്രശ്നങ്ങളിൽ ക്രൂരമായി മൗനം പാലിക്കുകയും ചെയ്തു. ശാഹീൻ ബാഗ് ഇന്ത്യൻ മുസ്​ലിംകളിലുണ്ടാക്കിയ രാഷ്്ട്രീയ നവജാഗരണത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തി മുഖ്യധാരാകക്ഷികൾ ഇറങ്ങിപ്പോയ ആ മതേതര ഇടത്തിൽ കയറിനിൽക്കുകയാണിപ്പോൾ ഉവൈസി ചെയ്തത്.

നരേന്ദ്രമോദി സർക്കാർ ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ മുഖ്യധാരാ രാഷ്​ട്രീയ സംഘടനകളെയും പരമ്പരാഗത മതസംഘടനകളെയും ഒന്നും കാത്തുനിൽക്കാതെയാണ് മുസ്​ലിംസ്ത്രീകളും ചെറുപ്പക്കാരുമടങ്ങുന്ന സമുദായത്തിലെ പുതുനിര രംഗത്തുവന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശാഹീൻ ബാഗുകൾ തീർത്തത്. രാജ്യത്തെ പ്രതിപക്ഷ രാഷ്​ട്രീയത്തിൽ മുസ്​ലിംകൾ തങ്ങളെ സ്വയം അടയാളപ്പെടുത്തിയ സമരമുന്നേറ്റമായിരുന്നു 'ശാഹീൻ ബാഗ്'. സി.എ.എക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെ രാജ്യവ്യാപകമായി ഉയർന്ന ആവേശവും ഊർജവും അതേയളവിൽ അലയടിച്ച പ്രദേശമാണ് സീമാഞ്ചൽ. അതിനാൽ തന്നെ അവർക്കുമുന്നിൽ വരുന്നവരിൽ ഈ മൂന്ന് കാര്യങ്ങൾ പറയുന്നതാരാണെന്നും അതേ കുറിച്ച് ബോധപൂർവം മിണ്ടാതിരിക്കുന്നതാരാണെന്നും ഈ തെരഞ്ഞെടുപ്പിലും അവർ സാകൂതം വീക്ഷിച്ചു. എന്നാൽ, പ്രകടന പത്രികകളിൽ പോയിട്ട് തെരഞ്ഞെടുപ്പ് റാലികളിൽപോലും പൗരത്വപ്രതിസന്ധി ഒരു വിഷയമാക്കാൻ തേജസ്വി യാദവ് അടക്കമുള്ള നേതാക്കൾ തയാറായില്ല. മറുഭാഗത്ത് പൗരത്വത്തിെൻറ ആധി മാറ്റാൻ ഒപ്പമുണ്ടാകുമെന്ന് ബിഹാറിലെ ഓരോ തെരഞ്ഞെടുപ്പു റാലിയിലും വന്ന് പ്രസംഗിച്ച അസദുദ്ദീൻ ഉവൈസി ലോക്സഭയിൽ അത് വലിച്ചുകീറിയത് ഓർമിപ്പിച്ചല്ലാതെ പ്രസംഗം അവസാനിപ്പിച്ചതുമില്ല.

ശാഹീൻബാഗ് ഇന്ത്യൻ മുസ്​ലിംകളുടെ പുതുമുന്നേറ്റത്തിന് വഴിവെക്കുമെന്ന് മുൻകൂട്ടി കണ്ട് അതിന് തടയിടാനായിരുന്നല്ലോ അതിന് നായകത്വം വഹിച്ച നേതൃനിരയെ ഒന്നടങ്കം ജയിലിലടച്ചത്. എന്നിട്ടും 'ശാഹീൻബാഗ്' സമരത്തിലൂടെ തങ്ങൾ ആർജിച്ച സ്വയം നിർണയാവകാശം സീമാഞ്ചലിലെ ജനത രാജ്യത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. ഭൂരിപക്ഷ വേലിയേറ്റത്തിനുമുന്നിൽ തലയുയർത്തിപ്പിടിച്ച് സ്വന്തം കാലിൽ നിൽക്കുക എന്ന മൗലികമായ സന്ദേശം സീമാഞ്ചലിലൂടെ രാജ്യത്തിന് നൽകി ഇന്ത്യൻ പൊതുജീവിതത്തിലെ നിർണായകശക്തിയാകാനുള്ള നിശ്ചയം ​ പ്രഖ്യാപിക്കുകകൂടിയാണ് അസദുദ്ദീൻ ഉവൈസി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.