ഒമ്പതര വര്‍ഷത്തെ ഭരണത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥ. സര്‍ക്കാറിന്റെ ധൂര്‍ത്തും അഴിമതിയും ഭരണത്തില്‍ ശ്രദ്ധയില്ലായ്മയുമാണ് ഇത്തരം ഒരു ദുരവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്. ഈ ജനവിരുദ്ധ സര്‍ക്കാറിന്റെ തെറ്റുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്ന കുറ്റപത്രവും അധികാരത്തില്‍ എത്തിയാല്‍ പ്രതിസന്ധി മറികടക്കാന്‍ യു.ഡി.എഫ് എന്ത് ചെയ്യുമെന്നത് വ്യക്തമാക്കുന്ന, ദീര്‍ഘവീക്ഷണത്തോടെയുള്ള ബദല്‍ പദ്ധതികളും പരിപാടികളും ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികയും പുറത്തിറക്കിയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പൊതുജനാരോഗ്യം, തെരുവ് നായ ശല്യം, മാലിന്യ നിർമാര്‍ജനം ഉള്‍പ്പെടെ പ്രധാന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മാനിഫെസ്റ്റോയിലുണ്ട്. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പത്തിന് അനുസൃതമായി യഥാര്‍ഥ അധികാര വികേന്ദ്രീകരണത്തിനാണ് യു.ഡി.എഫ് ഊന്നല്‍ നല്‍കുന്നത്.
അതിദരിദ്രര്‍ ഇല്ലാത്ത കേരളം എന്ന പി.ആര് പരിപാടിയല്ല സംസ്ഥാനത്തിന് ആവശ്യം. ദാരിദ്ര നിര്‍മാര്‍ജനം ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ 2002ല്‍ നടപ്പാക്കിയ ആശ്രയ പദ്ധതി പുനരാരംഭിക്കും. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കിയെന്ന പ്രഖ്യാപനത്തില്‍ ഈ സര്‍ക്കാര്‍ പരിഗണിച്ചത് 64,000ത്തോളം പേരെ മാത്രമാണ്. എന്നാല്‍, മഞ്ഞ റേഷന്‍ കാര്‍ഡുകളുടെ ഗുണഭോക്താക്കള്‍ മാത്രം സംസ്ഥാനത്ത് 5.91 ലക്ഷം പേരുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാകും ആശ്രയ പദ്ധതി നടപ്പാക്കുന്നത്. ഒരാള്‍ പോലും വിശന്നിരിക്കാന്‍ പാടില്ലെന്ന ലക്ഷ്യം യാഥാർഥ്യമാക്കാന്‍ കര്‍ണാടയില്‍ കോണ്‍ഗ്രസ് വിജയകരമായി നടപ്പാക്കിയ ഇന്ദിര കാന്റീന് കേരളത്തിലും നടപ്പാക്കും.
ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ മേഖലയെ ഈ സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ അവസ്ഥ അതിദയനീയം. ചികിത്സക്ക് എത്തുന്നവര്‍ മരുന്നും സൂചിയും എന്തിന് പഞ്ഞി പോലും വാങ്ങിക്കൊണ്ട് ചെല്ലേണ്ട അവസ്ഥ.
2024ല്‍ മാത്രം സംസ്ഥാനത്ത് 3.16 ലക്ഷം പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. മാംസം ഉള്‍പ്പെടെ മാലിന്യത്തിന്റെ സംസ്കരണത്തിലെ പ്രശ്നമാണ് ഇതിനു പ്രധാന കാരണം. ഇതിനുവേണ്ടി പ്ലാസ്മ ടെക്നോളജി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളാണ് മാനിഫെസ്റ്റോ മുന്നോട്ടു വെക്കുന്നത്.
ഭവനരഹിതര്‍ക്കായി അഞ്ചുവര്‍ഷംകൊണ്ട് നാലര ലക്ഷം വീടുകള്‍ നിർമിച്ച സര്‍ക്കാറായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. ഒമ്പതര വര്‍ഷംകൊണ്ട് 4,71,442 വീടുകളാണ് പിണറായി സര്‍ക്കാറിന് നിർമിക്കാനായത്. ഭവന പദ്ധതിയില്‍ അഞ്ചുലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷംകൊണ്ട് വീടുകള്‍ നല്‍കുമെന്നാണ് യു.ഡി.എഫ് വാഗ്ദാനം. ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ് നല്‍കുമെന്നതാണ് മറ്റൊരു പദ്ധതി. സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ അവരുടെ പ്രതിമാസ വേതനം മാസം 21,000 രൂപയാക്കുമെന്നതില് സംശയമില്ല. കേരള സമൂഹത്തിലെ ഏറ്റവും വലിയ ആപത്തായി നിലനില്‍ക്കുന്ന മയക്കുമരുന്ന് ഇല്ലാതാക്കാനും നിരവധി പദ്ധതികളുണ്ട്. പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ച് ലോക്കല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റുകള്‍ സംഘടിപ്പിക്കും.
ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതില്‍പ്പടിയും ദ്വാരപാലകശില്പങ്ങളും മോഷ്ടിച്ച കേസില്‍ സി.പി.എം നേതാക്കളും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരുമായ എ. പത്മകുമാറും എന്‍. വാസുവും ജയിലില്‍ കിടക്കുകയാണ്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുടെ പിന്നില്‍ ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടവരെക്കാള്‍ പ്രധാനപ്പെട്ട വന്‍തോക്കുകള്‍ ഉണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ആ വന്‍തോക്കുകള്‍. അവരെ ചോദ്യം ചെയ്യേണ്ട സമയമാണിത്. എന്നാല്‍, തെരഞ്ഞെടുപ്പായതുകൊണ്ട് അതു വൈകിപ്പിക്കാന്‍ എസ്.ഐ.ടിക്കു മേല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മര്‍ദം ചെലുത്തുകയാണ്. ശബരിമലയിലെ അയ്യപ്പനെ പോലും കൊള്ളയടിക്കുന്ന മാഫിയാ സംഘമായി സര്‍ക്കാര്‍ മാറിയത് അമ്പരപ്പോടെയാണ് കേരളം നോക്കിക്കാണുന്നത്. കൊള്ളസംഘത്തിനുള്ള തിരിച്ചടിയും ഈ തെരഞ്ഞെടുപ്പിലുണ്ടാകും.
അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണ ജനങ്ങളാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ രണ്ടുരൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഇനത്തില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയും 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. അതില്‍ പല സാധനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വര്‍ധിപ്പിച്ചത്.. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. എട്ട് മാസമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന്.
ദേശീയപാത തകര്‍ന്നു വീഴുന്നത് കേരളത്തില്‍ പതിവ് സംഭവമായി. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. നൂറ്റിഅമ്പതോളം സ്ഥലത്ത് ദേശീയപാത നിർമാണത്തില്‍ പാളിച്ചകളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറിന് ഒരു പരാതിയും ഇല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുകളിക്കുകയാണ്. മോദിയുടെയും അമിത്ഷായുടെയും മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്നയാളാണ് പിണറായി വിജയന്. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ പിണറായി വിജയന് ഒപ്പിടും. അതാണ് പി.എം ശ്രീയില്‍ കണ്ടത്. ആരും അറിയാതെ കേരളത്തില്‍ ലേബര്‍ കോഡിന്റെ കരട് ചട്ടമുണ്ടാക്കിയതും സി.പി.എം- ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ വേരോട്ടമില്ല. അവര്‍ക്ക് ഇടമുണ്ടാക്കി കൊടുക്കുന്ന പണിയാണ് സി.പി.എം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
തകര്‍ന്നടിഞ്ഞ കേരളത്തെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച് മത നിരപേക്ഷതക്ക് അല്പംപോലും പോറല്‍ ഏല്ക്കാതെ ആ ദൗത്യം യു.ഡി.എഫ് നിറവേറ്റും. അഴിമതിയുടെ പടുകുഴിയില്‍ വീണ സംസ്ഥാന സര്‍ക്കാറിനും വര്‍ഗീയ രാഷ്ട്രീയം പറയുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും എതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.