ഓണ്‍ലൈന്‍ അധ്യാപനം അർഥവത്താക്കാൻ

ഇരുപതാം നൂറ്റാണ്ടില്‍ ജീവിതത്തി​െൻറ സമസ്ത മേഖലകളിലും ഇൻറര്‍നെറ്റി​െൻറ ഉപയോഗം വ്യാപിച്ചതോടെ വിദ്യാഭ്യാസ പ്രക്രിയയുടെ എല്ലാ തലങ്ങളിലും വിവര വിജ്ഞാന സാങ്കേതികവിദ്യ ഗണ്യമായിതന്നെ ഉപയോഗത്തില്‍ വന്നു. രാഷ്​ട്രീയവും സാമ്പത്തികവുമായ ഒട്ടനവധി കാരണങ്ങളാൽ ഇന്ത്യയില്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ വിവര സാങ്കേതിക വിദ്യകളുടെ ഉപയോഗവും വ്യാപനവും വളരെ മന്ദഗതിയിലായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ക്ലാസ്മുറികള്‍ ലോകത്ത് നടക്കുന്ന വൈജ്ഞാനിക സാങ്കേതിക വിപ്ലവങ്ങള്‍ക്ക് വാതില്‍ തുറക്കാതെ കിടന്നു.

സാമൂഹിക ജീവിതത്തിലെ എല്ലാ മേഖലയിലും 'ഓണ്‍ലൈന്‍' വ്യവഹാരങ്ങള്‍ നടക്കുമ്പോള്‍ ഒരുകൂട്ടം അധ്യാപകര്‍ 'അണ്ടര്‍ ലൈന്‍' രീതികളില്‍തന്നെ ഉറച്ചുനിന്നു. അതിനാല്‍ പഠിതാവി​െൻറ (ഡിജിറ്റല്‍ നേറ്റിവ്) പഠനരീതിയും അധ്യാപക​െൻറ (ഡിജിറ്റല്‍ മൈഗ്രൻറ്​) അധ്യാപനരീതിയും പരസ്​പരബന്ധമില്ലാതായി. ബോധനപ്രക്രിയ കാലഹരണപ്പെട്ടു. വിദ്യാഭ്യാസ പ്രക്രിയ ഡിജിറ്റല്‍ വിപ്ലവത്തിലൂടെ കടന്നുപോകു​േമ്പാഴും അധ്യാപകരിലുള്ള ഒരുതരം നിഷ്​ക്രിയത്വം ഈ ചലനം മന്ദീഭവിക്കാന്‍ കാരണമായി. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയും 'ഓഫ്‌ലൈന്‍-ഓണ്‍ലൈന്‍ സിംബയോസിസി'ലൂടെയുള്ള സമ്മിശ്ര രീതികളും ഇന്ത്യന്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ ചിലയിടങ്ങളില്‍ മാത്രം ഒതുങ്ങിനിന്നു.

സാങ്കേതിക വിദ്യയിലൂന്നിയ സമ്മിശ്ര പഠനസംസ്‌കാരം വിദ്യാർഥികളിലും തങ്ങളില്‍തന്നെയും വളര്‍ത്തിയെടുക്കുന്നതിന്​ അധ്യാപക സമൂഹത്തെ സജ്ജമാക്കുന്നതിലുണ്ടായ പരാജയമാണ് കോവിഡ്​ കാലത്ത്​ പഠനരീതി മാറിയപ്പോഴുണ്ടായ താളപ്പിഴകൾക്കു കാരണം. കോവിഡാനന്തര കാലഘട്ടത്തില്‍ പൂര്‍ണമായി വിദ്യാഭ്യാസ രീതിയില്‍ പഴയ സാമ്പ്രദായിക രീതികള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിലവിലെ ഓണ്‍ലൈന്‍ പഠനരീതിയുടെ പശ്ചാത്തലത്തില്‍ പഠനം എങ്ങനെ ഫലപ്രദമാക്കാമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഓണ്‍ലൈന്‍ പഠനം വെറും ഒരു പാഠഭാഗം ഏതെങ്കിലും സാങ്കേതിക വിനിമയ ചാലകത്തിലൂടെ വിതരണം ചെയ്യപ്പെടുക എന്ന അർഥത്തില്‍ മാത്രം വായിക്കപ്പെടുമ്പോള്‍ പഠിതാവ് പഠനപ്രക്രിയയില്‍ കേന്ദ്രബിന്ദു അല്ലാതായിത്തീരുകയും പഠന പ്രക്രിയ ഒരു 'ഓണ്‍ലൈന്‍ ഡിസ്‌പൊസിഷന്‍' മാത്രമാവുകയും ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന്​ ഒരു കുട്ടിക്ക് കിട്ടാവുന്ന പരസഹസ്രം അനൗപചാരികാനുഭവങ്ങള്‍ അന്യമായിപ്പോയ വര്‍ത്തമാന പശ്ചാത്തലം ഇതോടുചേര്‍ത്ത് വായിക്കേണ്ടതാണ്. അതിനാൽ ഒരു അധ്യാപകന്​ കിലോമീറ്ററുകള്‍ക്കപ്പുറം വീട്ടിലിരിക്കുന്ന പഠിതാവിനെ എത്രമാത്രം ഈ പ്രക്രിയയില്‍ വ്യാപൃതനാക്കാന്‍ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോധന പ്രക്രിയയുടെ വിജയം. അധ്യാപക​െൻറ പ്രഥമ കര്‍ത്തവ്യമാണ്​ പ്രചോദനം. പല സ്‌കൂളുകളും/കോളജുകളും അധ്യാപകനെയും വിദ്യാർഥിയെയും പരസ്പര ആശയവിനിമയത്തിന് സാധ്യമാക്കുന്ന സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് വിരളമാണെന്നിരിക്കെ ഈ കർത്തവ്യം അധ്യാപകന് വലിയൊരു പ്രതിബന്ധമായി നിലകൊള്ളുന്നു. താന്‍ നല്‍കുന്ന പാഠഭാഗങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ലക്ഷ്യങ്ങള്‍ പഠിതാവ് കൈവരിച്ചോ എന്നും ത​െൻറ ബോധനരീതി ശരിയായിരുന്നോ എന്നും മനസ്സിലാക്കാനുള്ള വിദ്യാർഥികളുടെ പ്രതികരണങ്ങള്‍ സ്വീകരിക്കല്‍ വലിയൊരു ദൗത്യമായി കാണേണ്ടതുണ്ട്.

വിനിയോഗിക്കുന്ന ഓണ്‍ലൈന്‍ ബോധന പ്രക്രിയ ഫലപ്രാപ്തിയിലെത്തിക്കാന്‍ അധ്യാപകർ ശ്രദ്ധിക്കേണ്ട ചില നിര്‍ദേശങ്ങൾ പങ്കുവെക്കുന്നു. വിവരണങ്ങളുടെ പ്രേഷണം എന്നതിലുപരി വിദ്യാർഥികളുടെ പഠന ​ൈനപുണികള്‍ ജ്വലിപ്പിക്കുന്നതിൽ ഊന്നല്‍ നല്‍കുക. പഠനപ്രക്രിയയുടെ എല്ലാ തലങ്ങളിലും പരമാവധി വിദ്യാർഥികളെ വ്യാപൃതരാക്കാന്‍ ശ്രമിക്കുക. ഓണ്‍ലൈൻ പഠനത്തോട് പോസിറ്റിവ് മനോഭാവം വളര്‍ത്തുക. ഓണ്‍ലൈന്‍ പഠനത്തി​െൻറ അനന്ത സാധ്യതയിലേക്ക് വെളിച്ചം വീശുകയും അപകട സാധ്യതകളെക്കുറിച്ച് ശക്തമായ താക്കീത്​ നല്‍കുകയും ചെയ്യുക. പഠനശേഷം പാഠഭാഗത്തിലൂടെ സ്വയം മനോവ്യാപാരം നടത്താന്‍ പഠിതാക്കളെ പ്രേരിപ്പിക്കുക. വ്യത്യസ്​ത വീക്ഷണകോണുകളെ പ്രോത്സാഹിപ്പിക്കുക. പഠനപ്രക്രിയയെ വീടും പരിസരവുമായി ബന്ധപ്പെടുത്തിയുള്ള പ്രതികരണങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുക. ജീവിതഗന്ധിയായി പാഠഭാഗങ്ങള്‍ അവതരിപ്പിക്കുകയും തുടര്‍ പ്രക്രിയകള്‍ നല്‍കുകയും ചെയ്യുക. സര്‍വോപരി ഓണ്‍ലൈന്‍ പഠനരീതി കേവലം പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണമല്ലെന്ന് തിരിച്ചറിവ് അധ്യാപകരില്‍ രൂഢമൂലമാകേണ്ടതുണ്ട്.

സാങ്കേതികവത്​കരണത്തി​െൻറ സമൂലമായ പ്രയോജനം സമൂഹത്തിലെ പ്രാന്തവത്​കരിക്കപ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകുന്ന തരത്തിലുള്ള സമീപനം സര്‍ക്കാര്‍, സര്‍ക്കാറിതര മെഷിനറികളില്‍നിന്നുണ്ടാവേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ആശയപരവും പ്രായോഗികവുമായ ചാലകശക്തിയായി വര്‍ത്തിക്കുകയാണ് അധ്യാപക സമൂഹം ഇന്ന്​ ഏറ്റെടുക്കേണ്ട പ്രഥമവും പ്രധാനവുമായ ലക്ഷ്യം.

(കാസർകോട്​ കേരള കേന്ദ്ര സര്‍വകലാശാലയിലെ പ്രഫസറും ഡീനുമാണ്​ ലേഖകൻ)
Tags:    
News Summary - To make sense of online teaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.