ജാതിയുടെ സൂക്ഷ്മ പ്രവർത്തനങ്ങളും നിതിൻ രാജിന്‍റെ മരണവും

അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ദലിത് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളും പൊലീസ് നടപടികളും വഴിമാറുകയാണ്. മരണത്തിനുമുമ്പ് നിതിനും അതിനുശേഷം അവന്റെ കുടുംബവും സഹപാഠികളും കോളജിലെ സീനിയർ, പൂർവ വിദ്യാർഥികളും കാമറകൾക്ക് മുമ്പിൽ വിളിച്ചുപറഞ്ഞ അസ്വസ്ഥതാജനകവും ഭീതിതവുമായ ജാതീയ-വംശീയ സ്വഭാവമുള്ള വിദ്യാർഥി പീഡനങ്ങളുടെ അനുഭവ വിവരണങ്ങൾ അവഗണിക്കപ്പെടുകയും ലോൺ ആപ്പുമായി ബന്ധപ്പെട്ട ഒരു ഒറ്റപ്പെട്ട കാരണം “പൊതു” ശ്രദ്ധ നേടുന്നതുമാണ് നാം കാണുന്നത്. ശ്രദ്ധയെ വഴിതിരിച്ചു വിടാനുള്ള ഈ ഒരു ന്യൂനീകരണം തുടക്കം മുതൽതന്നെ കാണാമായിരുന്നെങ്കിലും അത് കേസ് അന്വേഷണത്തിന്റെ സ്വഭാവമായി മാറിയിരിക്കുന്നു.

ഏറ്റവും പ്രധാനമായി നാം കാണേണ്ട വസ്തുത, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, അവരുടെ കുടുംബങ്ങളുടെ തിളങ്ങുന്ന പ്രതീക്ഷകളായി നിന്ന സമർഥരായ ദളിത് കീഴാള വിദ്യാർഥികളുടെ മരണം ഒരു ഒറ്റപ്പെട്ട ദുരന്തമായി ഇനിയും തള്ളിക്കളയാൻ കഴിയില്ല എന്നതാണ്. തീർച്ചയായും ഇത് 'ഘടനാപരമായ ഒരു കൊലപാതക പരമ്പരയിലെ” ഏറ്റവും അവസാനത്തെ സംഭവം ആണ്. ഇതിനെ എന്തെങ്കിലും ഒരു വ്യക്തിപരമായ പരാജയമായോ പ്രതിസന്ധിയായോ വീഴ്ചയായോ കാണുന്നത് ജാതിസമൂഹം നിർമിച്ചെടുക്കുന്ന കുറ്റകരമായ ആഖ്യാനത്തിൽ പങ്കുചേരൽ ആണ്.

നിതിൻ നേരിട്ടത് വെറുമൊരു വിവേചനമല്ല, മറിച്ച് ജാതിയുടെ'ശ്രേണീബദ്ധമായ അവഹേളനത്തിന്റെ' (graded humiliation) ഒരു വ്യവസ്ഥയെയാണ്. പരസ്യമായ അവഹേളനങ്ങളും, വിവേചനപരമായ ശിക്ഷാനടപടികളും, ക്യാമ്പസിനുള്ളിലെ ദൈനംദിന ശത്രുതയും ഉൾപ്പെടുന്ന വ്യവസ്ഥാപിതമായ ജാതി വ്യവസ്ഥയുടെ അധിക്ഷേപങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മറ്റ് ചില കീഴാള മുസ്ലിം വിദ്യാർഥികളും സമാനമായി ലക്ഷ്യം വെക്കപ്പെട്ടു എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരത്വത്തിന്റെ മറവിൽ 'ബ്രാഹ്മണ്യ മേധാവിത്വം' ഉറപ്പിക്കുന്ന ഇടങ്ങളാണ് എന്ന യാഥാർഥ്യം ആണ്.

ഔദ്യോഗിക വിശദീകരണങ്ങൾ ഈ വലിയ പശ്ചാത്തലത്തെയാകെ റദ്ദാക്കിക്കൊണ്ട്, ഒരു ഓൺലൈൻ ലോണിനെച്ചൊല്ലിയുള്ള വ്യക്തിപരമായ സമ്മർദമാണ് മരണകാരണമെന്ന് വരുത്തിത്തീർക്കുന്നു. ഈ നീക്കത്തിലൂടെ അപ്രത്യക്ഷമാകുന്നത് ഈ അനീതിയുടെ ഘടന തന്നെയാണ്. സ്ഥാപനത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനായി ഇരയെത്തന്നെ കുറ്റക്കാരനാക്കുന്ന 'ഇൻസ്റ്റിറ്റ്യൂഷനൽ ഗ്യാസ്‌ലൈറ്റിങ്' ആണിത്. മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പാളിന്റെ മുറിയിൽ നടന്ന ഫോൺ പിടിച്ചെടുക്കലും ചോദ്യംചെയ്യലും വെറുമൊരു വിശദീകരണം തേടലോ അച്ചടക്ക നടപടിയോ അല്ല, മറിച്ച് ഒരു വിദ്യാർഥിയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന അല്ലെങ്കിൽ റദ്ദാക്കുന്ന ഒരു അധീശ പ്രയോഗമായിരുന്നു. ഈ വ്യവസ്ഥാപിത അക്രമത്തെ ഒരു 'ഓൺലൈൻ ലോൺ' പ്രശ്നമായി ചുരുക്കിക്കാണിക്കുന്നത് സത്യത്തെ അട്ടിമറിക്കലാണ്. ഒരു 'സാമൂഹിക കൊലപാതകത്തെ' കേവലം 'സാമ്പത്തിക ബാധ്യതയുടെ' സമ്മർദമായി മാറ്റിത്തീർക്കുന്ന 'നറേറ്റീവ് ലോണ്ടറിങ്' എന്ന് ഇതിനെ വിളിക്കാം.

ലോണിന്റെ വിഷയവുമായി ബന്ധപ്പെട്ട ഒരു ആശയവിനിമയമായിരുന്നു ആ മുറിയിൽ നടന്നത് എങ്കിൽ, അവിടെ നടക്കേണ്ടിയിരുന്നത് വെറും പത്തായിരം രൂപയുടെ ലോണിന്റെ ബാധ്യതയിൽ പ്രശ്നമോ അവഹേളനമോ അനുഭവിക്കുന്ന കീഴാള പശ്ചാത്തതലത്തിൽനിന്ന് വരുന്ന ഒരു വിദ്യാർഥിക്ക് അതിന് പരിഹാരമോ, ഏറ്റവും ചുരുങ്ങിയത് അവന് മാനസികമായ കരുത്തും പിന്തുണയും നൽകുന്ന സഹാനുഭൂതിയും ഐക്യദാർഢ്യവും നൽകുന്ന ഒരു ചർച്ചയും ഉറപ്പുമായിരുന്നു. അതിനുപകരം ആ സ്ഥാപനത്തിൽ അവൻ ഇതുവരെ പിടിച്ചുനിന്ന ഏതെല്ലാം അവഹേളനങ്ങൾക്കാണോ പാത്രമായത്, ഇനി ഒരു നിമിഷം പോലും അവന് തുടരാൻ കഴിയില്ല എന്ന നിലയിലേക്ക് തള്ളിവിട്ട, അതേ അവഹേളനങ്ങളുടെ തുടർച്ചയായിരുന്നു. അവന്റെ മരണത്തിന്റെ പെട്ടെന്നുളള കാരണം സഹാനുഭൂതിക്ക് പകരം അവന്റെ മേൽ അടിച്ചേൽപ്പിച്ച ഈ അവഹേളനത്തിന്റെ ഭാരമല്ലാതെ മറ്റെന്താണ്?

അപ്പോൾ, നിലവിൽ നടക്കുന്നത് ജാതി വിവേചനത്തിന്റെ പതിവ് രീതികളുടെ ആവർത്തനമാണ്. ജാതിയുടെ പ്രവർത്തനം ഇത്തരത്തിലുള്ള മായ്ച്ചുകളയലുകളിലൂടെയാണ് നടക്കുന്നത്. അത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു അസാധാരണമായ ക്രൂരതയല്ല, മറിച്ച് കീഴാള ജീവിത സാധ്യതകളെ തകർക്കുന്ന ഒരു സമ്പൂർണ സാമൂഹ്യ പരിസരമാണ്. ഒരാളുടെ ജീവിതസാധ്യതകളെയാകെ ക്രമീകരിക്കുന്ന ഒരു വ്യവസ്ഥയാണ്.

പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അധിക്ഷേപം എന്നത് ഒരു നിശ്ചിത സമയത്തുമാത്രം സംഭവിക്കുന്നതല്ല; അത് അനുദിനം കുന്നുകൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ക്ലാസ് മുറികളിലെ 'യോഗ്യത' (മെറിറ്റ്) വാദങ്ങൾ ഉപയോഗിച്ചുള്ള പരിഹാസമായും, ആഭ്യന്തര പരീക്ഷകളിലെയും മാർക്കിങ്ങിലെയും പക്ഷപാതമായും, അച്ചടക്ക നടപടികളിലെ വിവേചനമായും അത് പ്രകടമാകുന്നു. വിദ്യാഭ്യാസത്തിൽനിന്നുള്ള പുറന്തള്ളപ്പെടൽ, തൊഴിലില്ലായ്മ, ഭൂരഹിതാവസ്ഥ, ആരോഗ്യരംഗത്തെ അവഗണന, ഭരണകൂട വിവേചനങ്ങൾ, സാമൂഹ്യ, സാംസ്കാരിക മൂലധനത്തിന്റെ അഭാവം എന്നിവയിലെല്ലാം ഈ ഘടനാപരമായ അനീതി ദൃശ്യമാണ്. പൊലീസ് മർദനത്തിനും കസ്റ്റഡി പീഡനത്തിനും ഇരയാകാനുള്ള സാധ്യതകളെപ്പോലും ഇത് നിർണയിക്കുന്നു. കടബാധ്യതയോ രോഗമോ അക്കാദമിക് പരാജയങ്ങളോ പോലുള്ള 'വ്യക്തിപരമായ' പ്രതിസന്ധികൾപോലും ഈ അസമത്വത്തിന്റെ പശ്ചാത്തലത്തിലാണ് അനുഭവിക്കപ്പെടുന്നത്. അംബേദ്കർ നിരീക്ഷിച്ചതുപോലെ, ജാതി എന്നത് 'ശ്രേണീകൃതമായ അസമത്വമാണ്'; അത് ഒരാൾ എങ്ങനെ ജീവിക്കണമെന്നു മാത്രമല്ല, അയാൾ എങ്ങനെ ദുരിതമനുഭവിക്കണമെന്നും, അയാളെ സമൂഹം എങ്ങനെ കാണണമെന്നും തീരുമാനിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി നിർമിക്കപ്പെട്ട ഒരു 'സമ്പൂർണ അരക്ഷിതാവസ്ഥ'യുടെ വലയം, ജീവിതത്തിന്റെ ഓരോ ഘട്ടവും ഇങ്ങനെ മുൻകൂട്ടി നിശ്ചയിക്കുന്നു.

അങ്ങനെ ഈ വിദ്യാർഥികൾക്ക് അധിക്ഷേപം എന്നത് ജീവിതത്തിൽ 'കുമിഞ്ഞു കൂടിയ മുറിവുകൾ' (accumulated trauma) ആണ്. ഒർലാൻഡോ പാറ്റേഴ്സൺ വിവരിക്കുന്ന 'സാമൂഹിക മരണം' (social death) എന്ന അവസ്ഥയാണിത്. സ്ഥാപനത്തിനുള്ളിൽ ശരീരമുണ്ടാകുമെങ്കിലും, ബഹുമാനവും പദവിയും നിഷേധിക്കപ്പെട്ട് അവർ നിരന്തരം സാമൂഹ്യ മരണത്തിന് വിധേയമാക്കപ്പെടുന്നു. അപ്പോഴും അവരുടെ ആസന്ന മരണത്തിന്റെ ഈ അവസ്ഥ അവർക്കിത് നൽകുന്ന ലോകത്തിന് അദൃശ്യമായി നിൽക്കുന്നു. ആഭ്യന്തര മൂല്യനിർണയങ്ങളിലെ പക്ഷപാതമായും, “മെറിറ്റോക്രസിയുടെ” പബ്ലിക് ഷെയ്മിങ്ങും ഒക്കെ ചേർന്ന് അക്കാദമിക് കടമ്പകളിലെ 'സ്ലോ പോയിസണിങ്' ആയി ഇത് പ്രവർത്തിക്കുന്നു. 'യോഗ്യത' എന്ന വാദം പലപ്പോഴും കീഴാള വിദ്യാർഥികളെ സ്ഥാപനങ്ങളിൽനിന്ന് പുറന്തള്ളാനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നു. ദേശീയതലത്തിലുള്ള പല കണക്കുകളും ഈ ഘടനാപരമായ അനീതിയെ ശരിവെക്കുന്നു.

പ്രഫഷണൽ കോഴ്സുകളിൽ ദളിത്-കീഴാള വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും ദശാബ്ദങ്ങളായി ഒരു പരിഹാരവുമില്ലാതെ തുടരുന്നു. ഇത് നടക്കുന്നത് അവരുടെ “കഴിവുകേട്” കൊണ്ടല്ല, മറിച്ച് സ്ഥാപനങ്ങളിലെ ശത്രുതാപരമായ അന്തരീക്ഷം മൂലമാണെന്ന് തൊറാട്ട് കമ്മിറ്റി റിപ്പോർട്ട് പറഞ്ഞിട്ടുണ്ട്. സവർണർക്ക് സാമ്പത്തികവും സാമൂഹ്യവും സ്ഥാപനപരവും സാംസ്കാരികവുമായ സുരക്ഷാകവചങ്ങൾ ഉള്ളപ്പോൾ, ദളിത് കുടുംബങ്ങൾ 'സാമ്പത്തിക ദുർബലത' നേരിടുന്നു. കടം തന്നെ ഇവിടെ ഒരു അച്ചടക്ക ആയുധമായാണ് പ്രവർത്തിക്കുന്നത്. അങ്ങനെ ഏതാനും ആയിരം രൂപയുടെ തുച്ഛമായ കടബാധ്യത പോലും ജീവിതം തകർക്കുന്ന അപമാനത്തിന്റെ ഘടകമായി മാറുന്നു.

നിരന്തരമായ സാമൂഹിക സമ്മർദവും വിവേചനവും മൂലം ദളിതരുടെ ആയുർദൈർഘ്യം തന്നെ മറ്റുള്ളവരേക്കാൾ കുറയുന്നു എന്നത് പ്രാഥമികമായ ഒരു അന്വേഷണം പോലും തെളിയിക്കും. കേരളത്തിൽ ഇതിന്റെ മറുപുറം കൂടെ കാണേണ്ടതുണ്ട്. സവർണ ദുരിതങ്ങളെ സാർവത്രികവൽക്കരിക്കാൻ നമുക്ക് പ്രത്യേക കഴിവുണ്ട്. കേരളീയ പൊതുമണ്ഡലത്തിന്റെ കാപട്യം അപ്പോൾ കൂടുതൽ വ്യക്തമാകൂം.

ഒരു വിപരീത താരതമ്യം ഇവിടെ പ്രസക്തമാണ്. സമാനമായ ഒരു പ്രതിസന്ധി ഒരു സവർണ വിദ്യാർഥിയാണ് നേരിടുന്നതെങ്കിൽ (അങ്ങനെ ഒരു സാധ്യത ഭാവനാത്മകം ആണെങ്കിലും), അയാളുടെ ദുരിതത്തെ കേവലം ഒരു വ്യക്തിപരമായ പരാജയമായി കേരളത്തിലെ പൊതുസമൂഹം ചുരുക്കിക്കാണില്ല. മാധ്യമങ്ങളിലൂടെയും സാഹിത്യത്തിലൂടെയും സിനിമ നാടകം പോലുള്ള സാംസ്കാരിക ഉൽപാദനങ്ങളിലൂടെയും സവർണ “വേദനകളെ” സാർവത്രികവൽക്കരിക്കാനും അതിനെ ഒരു വലിയ സാമൂഹിക പ്രശ്നമായി മാറ്റാനും കേരളത്തിന്റെ സാംസ്കാരിക, പൊതു മണ്ഡലത്തിന് കഴിഞ്ഞിട്ടുണ്ട്. 'മുന്നാക്ക സംവരണം' (EWS) എത്ര പെട്ടെന്നാണ് ഇവിടെ സ്വാഭാവികമായ ഒന്നായി അംഗീകരിക്കപ്പെട്ടത് എന്നത് ഇതിന് തെളിവാണ്. എന്നാൽ ദളിതരുടെ ദുരിതങ്ങളും അവസര അസമത്വങ്ങളും വ്യക്തിപരമായ പരാജയങ്ങളായി മുദ്രകുത്തപ്പെടുന്നു. അവരുടെ വേദനകൾക്ക് പരിഹാരം ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇവിടെ 'സെക്ടേറിയൻ' അല്ലെങ്കിൽ 'സ്വത്വ രാഷ്ട്രീയം' എന്ന മുദ്ര കുത്തപ്പെടുന്നു. ഗോപാൽ ഗുരു നിരീക്ഷിച്ചതുപോലെ, സവർണ ജീവിതങ്ങൾക്ക് സഹാനുഭൂതി ലഭിക്കാനുള്ള സ്വാഭാവിക അവകാശമുണ്ട്, എന്നാൽ മറ്റുള്ളവർ തങ്ങളുടെ വേദന യഥാർഥമാണെന്ന് തെളിയിക്കാൻ പോലും കഠിനമായി പോരാടേണ്ടി വരുന്നു.

ഇസ്ലാമോഫോബിയയുടെ കടന്നു വരവ്

ഈ ഘടനാപരമായ ജാതീയതയുടെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഇസ്‌ലാമോഫോബിയ (islamophobia) എന്ന വശത്തെ കൂടി വിശകലനം ചെയ്യാൻ നാം തയാറാകേണ്ടതുണ്ട്. നിതിന്റെ സഹോദരി വാർത്ത ചാനലുകൾക്ക് നൽകിയ വിവരങ്ങളിൽ ഈ സ്ഥാപനത്തിൽ മുസ്ലീം വിദ്യാർഥികൾ നേരിട്ട വിവേചനങ്ങൾ കൂടി ഊന്നിപ്പറഞ്ഞിരുന്നു. എന്നാൽ ചില മാധ്യമങ്ങൾ അത് അവഗണിക്കുകയും ഈ സ്ഥാപനം ഒരു മുസ്ലിം മാനേജ്മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം ഉയർത്തുകയും ചെയ്തു. ഉടൻതന്നെ ചില ഹിന്ദുത്വ സമൂഹ മാധ്യമ ലോബികൾ ചില മുസ്ലിം വിരുദ്ധ പ്രചരണങ്ങൾ ആരംഭിച്ചു. സ്ഥാപനത്തിന്റെ അംഗീകാരം എടുത്തുകളയണം എന്ന ആവശ്യവും ഉയർന്നു. എന്നാൽ സമരം ചെയ്യുന്ന വിദ്യാർഥികളും ദളിത് സാമൂഹ്യപ്രവർത്തകരും ഈ “ആരോപണ സ്ഥാനചലന” (blame displacement) ശ്രമങ്ങളെ പ്രതിരോധിച്ചതിനാൽ ഈ ശ്രമം വലിയ രീതിയിൽ വിജയം കണ്ടില്ല.

എന്നാലും പൊതു സമൂഹത്തിൽ നിലനിൽക്കുന്ന ഈ ആഖ്യാന വ്യതിയാനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഹിന്ദുത്വ ഗ്രൂപ്പുകളും മാധ്യമങ്ങളിലെ ഒരു വിഭാഗവും ഈ വിഷയത്തെ ഒരു "മുസ്ലിം സ്വാശ്രയ സ്ഥാപനത്തിന്റെ" പ്രശ്നമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് സത്യം പുറത്തുകൊണ്ടുവരാനല്ല, പകരം യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള ബോധപൂർവമായ വഴിതിരിച്ചുവിടലാണ്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ഉള്ളവർക്കാണ് സർവ്വ അധികാരവും എന്ന തെറ്റായ ധാരണയിൽ എത്തിക്കാൻ വേണ്ടിയാണ് ഈ വാദം ഉയരുന്നത്. എന്നാൽ ഈ കേസിൽ പുറത്തുവരുന്ന സാക്ഷ്യപ്പെടുത്തലുകൾ വിരൽചൂണ്ടുന്നത് ഇതിന് വിപരീതമായൊരു യാഥാർഥ്യത്തിലേക്കാണ്.

വിദ്യാർഥികൾക്കോ കുടുംബങ്ങൾക്കോ മാനേജ്‌മെന്റിനെ നേരിട്ട് സമീപിക്കാൻ പോലും സാധിച്ചിരുന്നില്ല. മറിച്ച്, സ്ഥാപനത്തിന്റെ ദൈനംദിന അധികാരം മുഴുവൻ കേന്ദ്രീകരിക്കപ്പെട്ടിരുന്നത് സവർണരായ പ്രഫസർമാരിലും അക്കാദമിക് അഡ്മിനിസ്ട്രേറ്റർമാരിലുമാണ്. മൂല്യനിർണയം, അച്ചടക്ക നടപടികൾ, വിദ്യാർഥികളുടെ വ്യക്തിജീവിതം എന്നിവയിലൊക്കെ ഇവർക്ക് ഏകപക്ഷീയമായ അധികാരമുണ്ടായിരുന്നു. ഇവിടെ ഔദ്യോഗിക ഉടമസ്ഥതയും പ്രായോഗിക അധികാരവും തമ്മിലുള്ള വേർതിരിവ് വ്യക്തമാണ്. സ്ഥാപനത്തിന്റെ "ന്യൂനപക്ഷ പദവി" എന്നത് യഥാർഥ അധികാരകേന്ദ്രങ്ങളായ സവർണ മേധാവിത്വത്തെ മറയ്ക്കാനുള്ള ഒരു പുറംചട്ട മാത്രമായി മാറുന്നതാണ് നാം കണ്ടത്.

ഇത്തരമൊരു ഭൗതിക സാഹചര്യത്തിൽ, പല ന്യൂനപക്ഷ സ്ഥാപനങ്ങളും 'മുൻകൂർ വിധേയത്വ' (anticipatory compliance) മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയമായ ആക്രമണങ്ങളിൽ നിന്നും സാമൂഹികമായ വേട്ടയാടലുകളിൽനിന്നും സ്വയം സംരക്ഷിതരാവാൻ വേണ്ടി ഈ സ്ഥാപനങ്ങൾ സവർണ രക്ഷാധികാരികളെ കൂടുതൽ തീവ്രമായി ആശ്രയിക്കുന്നു. ഇതിന്റെ ഫലമായി അധികാരശ്രേണികളോടുള്ള ചെറുത്തുനിൽപിന് പകരം അതിന്റെ പുനരുൽപാദനമാണ് സംഭവിക്കുന്നത്. സ്ഥാപനം ന്യൂനപക്ഷ പദവിയിലുള്ളതാണെങ്കിലും, മുസ്ലിം വിദ്യാർഥികൾ റമദാൻ മാസത്തിൽ വ്രതമെടുക്കുന്നതിനും മതപരമായ വസ്ത്രധാരണത്തിനും ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനും നിരന്തരമായ പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നത് ഇതുകൊണ്ടാണ്. ഒരു വിദ്യാർഥി അവളുടെ വേഷത്തിന്റെ പേരിൽ “തീവ്രവാദി” എന്നധിക്ഷേപിക്കപ്പെട്ടതും, റമദാൻ വ്രതം എടുത്ത മുസ്ലീം വിദ്യാർഥികൾ നോമ്പ് മുറിക്കാൻ പ്രേരിപ്പിക്കപ്പെട്ടതും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

ഫ്രാൻസ് ഫാനൻ (frantz fanon) നിരീക്ഷിച്ചതുപോലെ, അധിനിവേശ സ്വഭാവമുള്ള വ്യവസ്ഥകൾ നിലനിൽക്കുന്നത് നേരിട്ടുള്ള നിയന്ത്രണത്തിലൂടെ മാത്രമല്ല, അധികാരത്തിന്റെ യുക്തികളെ പല രീതിയിൽ പരോക്ഷമായി അടിച്ചേൽപ്പിക്കുന്നതിലൂടെയുമാണ്. ഇവിടെ ഇസ്‌ലാമോഫോബിയ സ്ഥാപനത്തിന്റെ "ന്യൂനപക്ഷ” പദവിയെ മറികടക്കുന്ന ഒന്നാണ്. ഇസ്ലാമോഫോബിയ ഈ സ്ഥാപനങ്ങൾക്ക് നൽകുന്ന പരിമിതികളെയും, അങ്ങനെ അവ എത്രത്തോളം സവർണ മേധാവിത്വത്തിന് കീഴിലാണെന്നുമാണ് ഇത് വെളിപ്പെടുത്തുന്നത്.

ഇത് 'വ്യവസ്ഥാപിതമായ ശിക്ഷാരാഹിത്യത്തെ' (institutionalized impunity) കൂടുതൽ വ്യക്തമാക്കുന്നു. അധികാരം സവർണ മേധാവിത്വവുമായി ചേർന്നുനിൽക്കുമ്പോൾ, ഉത്തരവാദിത്തം ചോദിക്കാനുള്ള സംവിധാനങ്ങളെല്ലാം നിഷ്ഫലമാകുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ മാനേജ്‌മെന്റിനെ ലഭ്യമല്ല; മാനേജ്‌മെന്റിന് സ്ഥാപനത്തിനുള്ളിലെ ദൈനംദിന അധികാരത്തിന്മേൽ നിയന്ത്രണമില്ല. അധികാരം പ്രയോഗിക്കുന്നവർക്കാകട്ടെ യാതൊരു ശിക്ഷാഭയവുമില്ല. ജാതീയതയും ഇസ്‌ലാമോഫോബിയയും ഇവിടെ പരാതിപ്പെടാൻ പോലും ഇടമില്ലാത്ത ദൈനംദിന നടപടിക്രമങ്ങളായി മുന്നോട്ട് പോകുന്നു. ഇവിടെ കാണുന്നത് ചില സാമൂഹ്യ വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വേട്ടയാടാനും, ആക്രമികൾക്ക് യതൊരു പരിക്കുമില്ലാതെ രക്ഷപ്പെടാനും സാധിക്കുന്ന തരത്തിൽ അധികാരം ക്രമീകരിക്കപ്പെട്ട ഒരു അവസ്ഥയാണ്.

നിതിന്റെ മരണത്തിലെ ഘടനാപരമായ ജാതിവിവേചനത്തെ അവഗണിക്കുന്നത് വ്യവസ്ഥാപിതമായ അതിക്രമങ്ങളെ മായ്ച്ച് കളയുന്ന പ്രക്രിയയിൽ പങ്കുചേരലാണ്. വ്യവസ്ഥാപിതമായ കശാപ്പുകളെ വെറും ദുഃഖപ്രകടനങ്ങൾ ആക്കി മാറ്റുന്ന കാപട്യം ആണത്. ഒരു ജാതിസമൂഹത്തിൽ 'നിഷ്പക്ഷത' എന്നത് അക്രമത്തിന്റെ മറ്റൊരു രൂപമാണ്. നിതിൻ മരിച്ചത് ഒരു ലോൺ മൂലമല്ല; മറിച്ച്, പാർശ്വവൽക്കരിക്കപ്പെട്ടവരെ തളർത്തി ഇല്ലാതാക്കുന്ന, അവർക്ക് സഹാനുഭൂതിയും മനുഷ്യപദവിയും നിഷേധിക്കുന്ന ശ്വാസം മുട്ടിക്കുന്ന ഒരു ഗ്യാസ് ചേംബർ ആയി നമ്മുടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചതു കൊണ്ടാണ്.

Tags:    
News Summary - The subtle workings of caste and the death of Nitin Raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-05 07:39 GMT