രാഷ്ട്രീയ തിയറ്ററായി മാറുന്ന മഹാരാജ്യം

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ സർക്കാറുകൾ അധികാരമേറ്റ് ഭരണം തുടങ്ങിയതോടെ, തെരഞ്ഞെടുപ്പ് കോലാഹലങ്ങൾക്ക് ശേഷം നാട് ശാന്തതയിലേക്ക് മടങ്ങുകയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ യഥാർഥത്തിൽ, ഇത് അടുത്ത രാഷ്ട്രീയ ധ്രുവീകരണത്തിന് മുന്നോടിയായുള്ള വെറുമൊരു ഇടവേള മാത്രമാണ്; കാരണം, ഇന്നത്തെ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നില്ല.

2027-ൽ നിയമസഭാ കാലാവധി പൂർത്തിയാകുന്ന ഏഴ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾത്തന്നെ അണിയറയിൽ സജീവമാണ്. പല നിലക്കും അതിനിർണായകമായ ഉത്തർപ്രദേശും അതിൽ ഉൾപ്പെടുന്നതിനാൽ വരാനിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ‘മഹാപോരാട്ട വീര്യം’ നിറഞ്ഞ മറ്റൊരു വർഷമാണ്. രാഷ്ട്രീയ നിലപാടുകൾ ഉറപ്പിക്കുന്നതിനും, ആഖ്യാനങ്ങൾ ചമയ്ക്കുന്നതിനും വോട്ടർമാരെ സ്വാധീനിക്കുന്നതിനുമുള്ള നീണ്ടൊരു ഘട്ടത്തിന് സാക്ഷിയാകാൻ നാം ഇപ്പോൾത്തന്നെ സജ്ജരാകേണ്ടതുണ്ട്. ഇന്ത്യ ഇപ്പോൾ ഇടക്കിടെ വോട്ട് ചെയ്യുന്ന ഒരു രാജ്യം മാത്രമല്ല; മറിച്ച് ഇടവേളകളില്ലാതെ നിരന്തരം പ്രചാരണം നടത്തുന്ന രാജ്യമാണ്.

2014-ന് ശേഷം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിലുണ്ടായ വലിയ പുനഃക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ വേണം ഈ മാറ്റത്തെ വിലയിരുത്താൻ. 2014-ൽ ബി.ജെ.പി കേന്ദ്രത്തിൽ 282 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസ് വെറും 44 സീറ്റുകളിലേക്ക് ഒതുങ്ങി- പാർലമെന്ററി ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ തകർച്ചയായിരുന്നു അത്. എങ്കിൽപ്പോലും, ആ ഘട്ടത്തിൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ ഭരണം കോൺഗ്രസിനായിരുന്നു.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ആ സ്വാധീനമേഖല ചുരുങ്ങി. ഇന്ന് കോൺഗ്രസ് തനിച്ച് ഭരിക്കുന്നത് കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും, മുഖ്യ കക്ഷിയായി കേരളത്തിലും ചെറുഘടകകക്ഷിയായി തമിഴ്‌നാടിലും മാത്രമാണ്. നേരെമറിച്ച്, 2014-ൽ നേരിട്ടോ സഖ്യങ്ങളിലൂടെയോ ഏഴോ എട്ടോ സംസ്ഥാനങ്ങളിൽ മാത്രം അധികാരമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇന്ന് 17 സംസ്ഥാനങ്ങളിൽ നേരിട്ട് ഭരണമുണ്ട്; വിശാല എൻ.ഡി.എ സഖ്യം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭരണം കൈയാളുന്നു.

ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഇത്തരം മാറ്റങ്ങൾ സ്വാഭാവികമാണ്. എങ്കിലും, ഈ പാത നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘‘കോൺഗ്രസ് മുക്ത ഭാരതം’’ എന്ന കൃത്യമായി ആസൂത്രണം ചെയ്ത് പ്രഖ്യാപിച്ച തന്ത്രത്തിന്റെ ഭാഗമാണെന്ന് കാണാം. 2013 ജൂണിൽ ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ആദ്യമായി ശക്തമായി ഉന്നയിക്കപ്പെട്ട ഈ ആശയം, കഴിഞ്ഞ 13 വർഷത്തിനിടയിൽ അധികാരത്തിന്റെ ഘടനാപരമായ ഏകീകരണമായി പരിവർത്തനം ചെയ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ ആവർത്തിച്ചത്, ബി.ജെ.പി രാജ്യത്ത് ‘ഏകഛത്രാധിപത്യ ഭരണം’ എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നാണ്. ഇത് വെറുമൊരു തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല; മറിച്ച് ഒരു ഫെഡറൽ ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കേന്ദ്രീകരണമാണ്.

ആഖ്യാന നിർമിതികൾക്ക് അവസാനമില്ല

വോട്ടർമാരെ നിരന്തരമായ രാഷ്ട്രീയ സജീവതയിൽ നിലനിർത്താൻ, ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്രയോ മുമ്പ് തന്നെ ചില പ്രത്യേക വിഷയങ്ങൾ കണ്ടെത്തുകയും അവ ടെലിവിഷൻ സ്റ്റുഡിയോകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും നിരന്തരം ചർച്ചയാക്കി ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ത്തിയിറക്കുകയും ചെയ്യുന്നു.

പശ്ചിമ ബംഗാളിൽ നടന്ന കാര്യങ്ങൾ ഈ രീതിയെ എളുപ്പം മനസ്സിലാക്കിത്തരും. തെരഞ്ഞെടുപ്പ് അടുക്കുന്നതിന് ഏറെ മുമ്പ് തന്നെ, അവിടെ രാഷ്ട്രീയ ചർച്ചകൾ മുഴുവനും അനധികൃത നുഴഞ്ഞുകയറ്റത്തെക്കുറിച്ചാക്കി മാറ്റിയിരുന്നു. ആർ.ജി കർ മെഡിക്കൽ കോളജ് പീഡന-കൊലപാതക സംഭവത്തെത്തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങളും അഴിമതി ആരോപണങ്ങളും സോഷ്യൽ മീഡിയ ലോകത്ത് നിരന്തരം ചർച്ച ചെയ്യപ്പെട്ടു. പലപ്പോഴും യാഥാർഥ്യങ്ങളും രാഷ്ട്രീയ നിർമിതികളും തമ്മിലെ അതിർവരമ്പുകൾ ഇതിൽ ഇല്ലാതായി. കേരളത്തിലും അസമിലും വ്യത്യസ്ത രീതികളിൽ സമാനമായ ആശയനിർമിതികൾ നടന്നിട്ടുണ്ട്. ഇത്തരമൊരു സംവിധാനത്തിൽ, തെരഞ്ഞെടുപ്പ് എന്നത് വളരെ നീണ്ട ഒരു രാഷ്ട്രീയ പ്രക്രിയയുടെ ഏറ്റവും ഒടുവിലത്തെ ഘട്ടം മാത്രമാണ്.

തെരഞ്ഞെടുപ്പുകളുടെ ദേശീയവത്കരണം

പ്രാദേശിക, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകൾ പോലും ഇന്ന് കൂടുതലായി ദേശീയ നറേറ്റീവുകളിലൂടെയാണ് (ഹിന്ദുത്വം, ദേശീയത, കുടിയേറ്റം, അസ്തിത്വം) അവതരിപ്പിക്കപ്പെടുന്നത്. ഇത് വെറുമൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല; മറിച്ച് ബോധപൂർവമായ രാഷ്ട്രീയ ശൈലിയാണ്. മഹാരാഷ്ട്ര, ഡൽഹി,ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ നഗരസഭാ തെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി മോദി തന്നെയായിരുന്നു പ്രചാരണത്തിന്റെ പ്രധാന മുഖം.കഴിഞ്ഞ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ, നഗര ഭരണത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, സാംസ്കാരിക ദേശീയത, അനധികൃത കയ്യേറ്റങ്ങൾ, പ്രത്യയശാസ്ത്രപരമായ ചേരിതിരിവുകൾ എന്നിവയാണ് കേന്ദ്ര ബി.ജെ.പി നേതാക്കൾ പ്രധാനമായും ഉയർത്തിക്കാട്ടിയത്.

ഇത് അടിസ്ഥാനപരമായ ഒരു ഭരണഘടനാ ചോദ്യം ഉയർത്തുന്നു: പ്രാദേശിക ജനവിധികൾ നിരന്തരം ദേശീയ നറേറ്റീവുകൾക്ക് കീഴിൽ അമർന്നുപോകുമ്പോൾ ഫെഡറലിസത്തിന് എന്ത് സംഭവിക്കും?ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് കേന്ദ്രം, സംസ്ഥാനം, തദ്ദേശസ്ഥാപനങ്ങൾ എന്നിങ്ങനെ ഒരു ത്രിതല ജനാധിപത്യ സംവിധാനമാണ്. അവയിൽ ഓരോന്നിനും വ്യക്തമായ അധികാരപരിധികളും ഉത്തരവാദിത്തങ്ങളും രാഷ്ട്രീയ ബാധ്യതകളുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദേശീയ ജനഹിതപരിശോധനയായി മാറ്റപ്പെടുമ്പോൾ, ഈ മൂന്ന് തട്ടുകളായുള്ള ഘടന ഇല്ലാതാകാൻ തുടങ്ങുന്നു. പ്രാദേശിക ഭരണത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നു, സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം രാഷ്ട്രീയമായി ദുർബലപ്പെടുന്നു, വോട്ടറുടെ തെരഞ്ഞെടുപ്പ് കേന്ദ്രീകൃതമായ ഒരു പ്രത്യയശാസ്ത്ര കണ്ണടയിലൂടെ മാത്രമായി പരിമിതപ്പെടുന്നു.രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും നേരിട്ടാണ് നേതൃത്വം നൽകുന്നത്. ഇത് രാഷ്ട്രീയ തന്ത്രങ്ങൾക്കപ്പുറം ഭരണഘടനാപരമായ ഔചിത്യത്തിന്റെ പരിധിയിലേക്ക് കടക്കുന്ന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഭരണഘടനാപരമായ സത്യപ്രതിജ്ഞ പ്രകാരം പ്രധാനമന്ത്രി പദവിയിലിരിക്കുന്നയാൾ വെറുമൊരു പാർട്ടി നേതാവ് മാത്രമല്ല, മറിച്ച് ഒരു പരിധിവരെ ഭരണഘടനാപരമായ നിഷ്പക്ഷത പുലർത്തേണ്ട കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് തലവൻ കൂടിയാണ്. രാഷ്ട്രീയ പ്രചാരണം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെങ്കിലും, എല്ലാ തെരഞ്ഞെടുപ്പുകളിലും-അത് സംസ്ഥാന തെരഞ്ഞെടുപ്പാകട്ടെ, മുനിസിപ്പൽ തെരഞ്ഞെടുപ്പാകട്ടെ-പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നത് പ്രധാനമന്ത്രിയുടെ പദവിയും ഒരു രാഷ്ട്രീയ പാർട്ടിയുടെ താൽപര്യങ്ങളും തമ്മിലുള്ള വ്യത്യാസത്തെ ഇല്ലാതാക്കാൻ ഇടയാക്കും. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് മാത്രം അവകാശപ്പെട്ട രാഷ്ട്രീയ പോരാട്ട മേഖലകളിലേക്ക് ദേശീയ അധികാരം എങ്ങനെ കടന്നുകയറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന വൈരുധ്യം

ഈ പശ്ചാത്തലത്തിൽ വേണം “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്” എന്ന വാദത്തെ പരിശോധിക്കാൻ. 2024 ഡിസംബറിൽ അവതരിപ്പിച്ച 129-ാമത് ഭരണഘടനാ ഭേദഗതി ബിൽ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്താൻ ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾ, ഭരണപരമായ അമിതഭാരം, വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് എന്നിവ കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്ത് നിരന്തരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം നിലനിർത്തുന്ന അതേ ശക്തികൾ തന്നെയാണ് അതിനുള്ള പരിഹാരമായി ഈ നിർദ്ദേശത്തെ മുന്നോട്ടുവെക്കുന്നത് എന്നതാണ് ഇതിലെ വൈരുധ്യം.

കാര്യക്ഷമത എന്ന വാദം ആകർഷകമാണെങ്കിലും, രാഷ്ട്രീയ അധികാരം വികേന്ദ്രീകൃതവും പ്രാദേശികമായി ഉത്തരം പറയാൻ ബാധ്യസ്ഥവുമായിരിക്കണം എന്ന ഇന്ത്യൻ ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വത്തെ അത് അവഗണിക്കുന്നു. തെരഞ്ഞെടുപ്പുകളുടെ ആവർത്തനം കുറയ്ക്കാൻ ഒരുപക്ഷേ ഈ ഒരുമിച്ചുള്ള രീതിക്ക് കഴിഞ്ഞേക്കാം, എന്നാൽ അത് തെരഞ്ഞെടുപ്പുകളെ കൂടുതൽ ദേശീയവൽക്കരിക്കുകയും പ്രാദേശിക ശബ്ദങ്ങളെയും പ്രശ്നങ്ങളെയും കൂടുതൽ പാർശ്വവൽക്കരിക്കുകയും ചെയ്യും.

ഇടവേളകളില്ലാത്ത ജനാധിപത്യം

ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത അതിന്റെ വ്യാപ്തിയും വൈവിധ്യവും ജനപങ്കാളിത്തവുമാണ്. അടിക്കടി നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഈ ജനാധിപത്യത്തിന്റെ ഊർജ്ജസ്വലതയുടെ തെളിവാണ്. എന്നാൽ ഇടയ്ക്കിടെ വോട്ട് ചെയ്യുന്ന ഒരു ജനാധിപത്യവും, എപ്പോഴും പ്രചാരണം മാത്രം നടത്തുന്ന ഒരു ജനാധിപത്യവും തമ്മിൽ കൃത്യമായ വ്യത്യാസമുണ്ട്.

എല്ലാ തെരഞ്ഞെടുപ്പുകളും ഒരേ തരത്തിലുള്ള വിഷയങ്ങൾ മുൻനിർത്തി, കേന്ദ്രീകൃത നേതൃത്വത്തിന് കീഴിൽ ഒരു ദേശീയ പോരാട്ടമായി മാറുമ്പോൾ ഫെഡറൽ സന്തുലിതാവസ്ഥ തകരാൻ തുടങ്ങുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലെ വ്യത്യാസം ഇല്ലാതാകുന്നു. പ്രാദേശിക രാഷ്ട്രീയ ഇടപെടലുകൾക്കുള്ള ഇടം ചുരുങ്ങുന്നു. പൗരജനങ്ങൾ നിരന്തരമായ രാഷ്ട്രീയ ഉപഭോഗത്തിന്റെ ഒരു അവസ്ഥയിലാകുന്നു; അവിടെ ആഴത്തിലുള്ള ചിന്തകൾക്ക് പകരം പെട്ടെന്നുള്ള വൈകാരിക പ്രതികരണങ്ങൾ വരുന്നു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകൾ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ നിരന്തരമായ ആശയപ്രചാരണങ്ങളാൽ സ്വാധീനിക്കപ്പെടുന്നു.ഒടുക്കം, സംസ്ഥാനങ്ങളുടെ ഒരു യൂനിയൻ എന്നതിനപ്പുറം വലിയൊരു രാഷ്ട്രീയ തിയറ്ററായി മാറുകയാണ് ഇന്ത്യാ മഹാരാജ്യം.

Tags:    
News Summary - The kingdom is turning into political theater.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.